ADVERTISEMENT

കോവിഡ് ഭീതി പൂർണമായും വിട്ടകന്നാൽ രാജ്യാന്തരയാത്രകൾ വീണ്ടും സജീവമാകുന്ന വർഷമാകും 2022. യാത്രാവിലക്കുകൾ മൂലം കൂടുതൽ സമയവും കേരളത്തിൽ തന്നെയായപ്പോൾ, ‘ലോകം ചുറ്റിയ ഈ മലയാളികൾക്കു’ കൂട്ടുണ്ടായിരുന്നതു വിദേശയാത്രകളുടെ ഓർമകൾ. അതിൽ ഏറ്റവും മോഹിപ്പിച്ച സ്ഥലങ്ങളിലൊന്നു കേരളത്തിലേക്കു പറിച്ചുനടാൻ അവസരം കിട്ടിയാൽ അതേതായിരിക്കും?

ബെന്ന‍ിസെ ഹൗസ് ഹോട്ടൽസ്, നവോഷിമ: ബോസ് കൃഷ്ണമാചാരി

ജപ്പാനിലെ നവോഷിമയിൽ പല ദ്വീപുകളിലായി വ്യാപിച്ചു കിടക്കുന്നൊരു ഹോട്ടലുണ്ട്. ബെന്ന‍ിസെ ഹൗസ് ഹോട്ടൽസ് എന്നാണ് പേര്. നാലു കെട്ടിടങ്ങളിലായി ആകെ 65 മുറികൾ. പണ്ട്, ആ ദ്വീപുകൾ പ്രദേശത്തെ മാലിന്യങ്ങൾ കൊണ്ടുതള്ളുന്ന സ്ഥലമായിരുന്നു. തെത്സുഹികോ ഫുക്കുടാക്കെ എന്ന വ്യവസായി സ്ഥലം ഏറ്റെടുത്തു മനോഹരമായൊരു ടൂറിസം കേന്ദ്രമാക്കി വളർത്തി. മനോഹരമായ മ്യൂസിയങ്ങൾ, കലാപ്രദർശനത്തിനുള്ള ഇടങ്ങൾ എന്നിവയുൾപ്പെടെ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണത്. ഒരു ഹോട്ടൽ എന്നതിനെക്കാൾ സമകാല‍ിക കലയുടെ വലിയൊരു പ്രദർശനവേദി കൂടിയായി ആ ദ്വീപസമൂഹങ്ങളെ മാറ്റിയിരിക്കുകയാണ്. മ്യൂസിയങ്ങൾക്കുള്ളിൽ താമസിക്കുന്നതുപോലൊരു അന‍ുഭൂതി ഹോട്ടൽ സമ്മാനിക്കും. വളരെ ശാന്തമായ പ്രദേശം, ചുറ്റും കടൽ, വിശാലമായ സൈക്ലിങ് ഏരിയ. അങ്ങനെയുള്ള എല്ലാ സൗകര്യങ്ങളും.

shashi
ശശി തരൂർ, ബെർലിൻ

സംസ്കാരങ്ങളുടെ ഭവനം, ബെർലിൻ: ശശി തരൂർ

ജർമൻ തലസ്ഥാനമായ ബെർലിനിലെ ടിയർഗാർട്ടൻ പാർക്കിലുള്ള ലോക സംസ്കാരങ്ങളുടെ ഭവനം (The Haus der Kulturen der Welt (HKW), or House of the World's Cultures) എന്റെ മനസ്സിൽ മിഴിവോടെ നിൽക്കുന്ന സ്ഥലമാണ്. 1995ൽ അവിടെ ഒരു പരിപാടിയിൽ‍ സംസാരിക്കാനുള്ള അവസരം കിട്ടി. പിന്നീടും ഒന്നു രണ്ടു തവണ അവിടെപ്പോവുകയും ചെയ്തു. 1987ൽ നവീകരിച്ച ഈ കേന്ദ്രം സമകാലിക കലയുടെയും സംസ്കാരത്തിന്റെയും ഒരു പ്രദർശനശാലയാണ്. കലാപ്രദർശനങ്ങളും നാടക,നൃത്ത അവതരണങ്ങളും സംഗീതസദസ്സുകളും സാഹിത്യകൂട്ടായ്മകളും അക്കാദമിക് കോൺഫറൻസുകളും അവിടെ നടക്കാറുണ്ട്. പ്രശസ്തമായ ട്രാൻസ്മിഡിയേൽ ആർട് ആൻഡ് ഡിജിറ്റൽ ഫെസ്റ്റിവൽ, ബെർലിൻ ഡോക്യുമെന്ററി ഫോറം എന്നിവയുടെയെല്ലാം പ്രധാന വേദികളിലൊന്നാണിത്. 

anju-madrid
അഞ്ജു ബോബി ജോർജ്, മഡ്രിഡ്

സ്‌പോർട്‌സ് ഹബ്, മഡ്രിഡ്: അഞ്ജു ബോബി ജോർജ്

2003ലെ ലോക ചാംപ്യൻഷിപ്പിനൊരുക്കമായി ഞാൻ പരിശീലനത്തിനു പോയതു സ്പാനിഷ് തലസ്ഥാനമായ മഡ്രിഡിലെ ഒളിംപിക് ട്രെയ്നിങ് സെന്ററിലാണ്. അമ്പരപ്പിക്കുന്നതായിരുന്നു അവിടെ ലഭിച്ച സൗകര്യങ്ങൾ. പരിശീലനത്തിനായി ഔട്ട്ഡോർ, ഇൻഡോർ സിന്തറ്റിക് ട്രാക്കുകൾ, നീന്തൽക്കുളം, വെയ്റ്റ്‌ ട്രെയ്നിങ് സൗകര്യം, റിക്കവറിക്കുള്ള പ്രത്യേക സംവിധാനങ്ങൾ. ഇതിനെക്കാളെല്ലാം പ്രധാനമായി തോന്നിയതു മറ്റൊന്നാണ്. നമ്മൾ പരിശീലനം നടത്തുമ്പോൾ, അതു രാത്രിയിലായാലും പകലായാലും, സെന്ററിലെ വിദഗ്ധർ നിരീക്ഷകരായി ഒപ്പമുണ്ടാകും. മഡ്രിഡിലെ സ്പോർട്സ് ഹബ് പോലൊരു സ്ഥലം കേരളത്തിൽ ഉണ്ടായിരുന്നെങ്കിലെന്നു  തോന്നാറുണ്ട്.

anita-mantua
അനിതാ നായർ, മാന്റുവ നഗരം, ഇറ്റലി

മാന്റുവ നഗരം, ഇറ്റലി:  അനിതാ നായർ 

മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത സ്ഥലമേതെന്നു ചോദിച്ചാൽ ഞാൻ ഇറ്റലിയിലെ മാന്റുവ എന്നു പറയും. 1997 മുതൽ, അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കുന്ന ഇടമായി മാറിയിരുന്നു മാന്റുവ. അതു നേടിക്കൊടുത്ത അപൂർവതരമായ അഭിമാനവിലാസം കൂടിയുണ്ട് മാന്റുവയ്ക്ക്. സാഹിത്യോത്സവത്തിലെ ഒരു വേദിയിൽനിന്ന് അടുത്ത വേദിയിലേക്കു കാൽനടയായി പോകാനുള്ള ദൂരം മാത്രമേയുള്ളൂ എന്നതു മറ്റൊരു ആകർഷണം. 

ഇതൊക്കെ നേരത്തെ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി നേരിട്ടറിയുന്നതു പുതിയൊരു അനുഭവമായി. പുസ്തകങ്ങൾ നിറഞ്ഞിരിക്കുന്ന ഷെൽഫുകളിൽനിന്ന് ആർക്കും ഇഷ്ടപുസ്തകം വായിക്കാനെടുക്കാം. തിരികെവയ്ക്കാം. അവിടത്തെ പെർഫ്യൂം കടകളുടെ മുതൽ അറവുശാലകളുടെ വരെ ഷോപ്പിങ് വിൻഡോയിൽ സാഹിത്യോത്സവത്തിന്റെ വിളംബരങ്ങൾ. സാഹിത്യത്തെ ആഘോഷിക്കുന്ന ഒരുകൂട്ടം വായനക്കാരും അതു സാധ്യമാക്കുന്ന ഒരു നഗരവും. എഴുത്തുകാരിയെന്ന നിലയിൽ, എനിക്കു മരിച്ച് സ്വർഗത്തിലെത്തിയ പ്രതീതിയാണു തോന്നിയത്.

suresh
ഷെഫ് സുരേഷ് പിള്ള, ടുബാക്കോ ഡോക്ക് ഹാൾ, ലണ്ടൻ

ടുബാക്കോ ഡോക്ക് ഹാൾ, ലണ്ടൻ: ഷെഫ് സുരേഷ് പിള്ള

ലണ്ടൻ നഗരത്തിലെ ടുബാക്കോ ഡോക്ക് ഹാളിൽ എല്ലാവർഷവും ഇറച്ചിയുടെ രുചിഭേദങ്ങളുമായി നടക്കുന്ന മീറ്റോപിയ എന്ന ഭക്ഷ്യമേളയുണ്ട്. 3 വർഷം മുൻപാണ് എനിക്കു മേളയിലേക്കു ക്ഷണം ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റൻപതിലേറെ ഷെഫുമാരാണ് വിഭവവൈവിധ്യങ്ങൾക്കു പിന്നിൽ. ശ്രീലങ്കയുടെ കാലുപോൾ ചിക്കനും ഗോട്ടുകോല സംബോലുമാണു ഞാൻ തയാറാക്കിയത്. ഗോട്ടുകോല നല്ല രുചിയുള്ള സലാഡുണ്ടാക്കുന്ന ഇലയാണ്. ഇലയും ചുവന്നുള്ളിയും നാരങ്ങാനീരും ഉണക്കമീനും ഉപയോഗിച്ചാണു സംബോലുണ്ടാക്കിയത്. വിക്ടോറിയൻ കാലഘട്ടത്തിലെ വലിയ അളവിൽ കച്ചവടസാധനങ്ങൾ സംഭരിച്ചുവയ്ക്കുന്ന പത്തായപ്പുരകൾക്കു സമാനമായ കെട്ടിടമാണു ടുബാക്കോ ഡോക്ക് ഹാൾ.

English Summary: 2022: New year wishes and hopes on travel 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com