സ്വജനപക്ഷപാതത്തിനു പണ്ടേ കുപ്രസിദ്ധിയാർജിച്ചിട്ടുണ്ട് യൂണിവേഴ്സിറ്റി നിയമനങ്ങൾ: എതിരൻ കതിരവൻ
Mail This Article
∙എതിരൻ കതിരവൻ: ചെറുപ്പക്കാർ കേരളം വിട്ടുപോകുന്നതിന്റെ കാരണങ്ങളിൽ പ്രധാനം, ജോലി കിട്ടാനുള്ള മാനദണ്ഡം സ്വാധീനം ആണെന്നുള്ളതാണ്. ചുരുങ്ങിയ ഇടങ്ങളിലല്ലാതെ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ പ്രവേശിക്കണമെങ്കിൽ ഭരണകൂടത്തിന്റെ സ്വാധീനം മാത്രമല്ലാതെ പാർട്ടി സ്വാധീനവും ആവശ്യമാണ് സ്വജനപക്ഷപാതത്തിനു പണ്ടേ കുപ്രസിദ്ധിയാർജിച്ചിട്ടുണ്ട് യൂണിവേഴ്സിറ്റി നിയമനങ്ങൾ.
∙സി.ആർ.പരമേശ്വരൻ: കക്ഷിരാഷ്ട്രീയം കേരളത്തിൽ ജെല്ലിക്കെട്ടുപോലെ മാരകമായ വിനോദവും അന്ധവിശ്വാസവുമാണ്. തങ്ങൾ വിശ്വസിക്കുന്ന തസ്കരസംഘങ്ങൾക്കു പിറകെ ന്യായീകരിച്ച് ന്യായീകരിച്ച് അവർ മുന്നോട്ടുപോകും. അതിനർഥം എതിർകക്ഷിക്കാരനോടു നിരുപാധികമായ വെറുപ്പ് എന്നുമാണ്. താന്താങ്ങളുടെ മണ്ഡലങ്ങളിൽ വിശ്രുതരായ മമ്മൂട്ടിയും മോഹൻലാലും യേശുദാസും അവരുടെ കക്ഷിരാഷ്ട്രീയ ചായ്വെങ്ങാൻ പുറത്തു പറഞ്ഞാൽ അവരുടെ പ്രവർത്തനമണ്ഡലങ്ങളിൽ പോലും അവർ എതിരാളികൾക്കു വട്ടപ്പൂജ്യമാവും.
∙ അമിതാബ് ഘോഷ്: എന്റെയും എനിക്കു മുൻപുള്ളവരുടെയും തലമുറയിൽപെട്ട ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാർ പ്രാദേശിക ഭാഷകൾകൂടി അറിയുന്നവരായിരുന്നു. എനിക്കു ബംഗാളി ഭാഷ അറിയാം. എ.കെ.രാമാനുജൻ, ഗിരീഷ് കർണാട് എന്നിവരെല്ലാം അക്കൂട്ടത്തിൽപെട്ടതാണ്. എന്നാൽ, പുതുതലമുറയിൽപെട്ടവർ ഇംഗ്ലിഷ് മാത്രമറിയുന്നവരാണ്. അതിന്റേതായ പ്രശ്നങ്ങൾ അവരുടെ എഴുത്തുകളിലുണ്ട്.
∙ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: യഥാർഥത്തിൽ എഴുത്തുകാരൻ കാലത്തിന്റെ ഒരു ഉപകരണം മാത്രമാണ്. ഈ ലോകത്തിലെ ഏറ്റവും ശക്തിയുള്ള വാക്ക് എന്ന ഉപകരണത്തെ കയ്യാളുന്ന ഒരാളെയാണ് അതു തേടുന്നത്. ഞാൻ, എന്റെ കഥ, എന്റെ കവിത, എന്റെ നോവൽ, എന്റെ പുസ്തകം, എന്റെ അവാർഡ് എന്നീ നിലവിളികളുടെ ചപ്പുചവറുകളിൽനിന്നല്ല അതുണ്ടാകുന്നത്. കാലത്തിന്റെ സംസാരശേഷിയാണത്.
∙എൻ.ഇ.സുധീർ: മലയാളത്തിലെ പുതിയ എഴുത്തുകാർ മുൻപത്തെക്കാൾ അസഹിഷ്ണുതയുള്ളവരും വിമർശനവിമുഖരുമായി കാണപ്പെടുന്നു. അവർ പലപ്പോഴും സാഹിത്യ ഫാഷിസ്റ്റുകളായി പെരുമാറുന്നു. അതുകൊണ്ടുതന്നെ അവരുടെ ഭാവനയിൽ സ്വാതന്ത്ര്യാഭിനിവേശത്തിന്റെയും സൗന്ദര്യാനുഭൂതിയുടെയും പുതിയ മിന്നലാട്ടങ്ങൾ കാണാനില്ല. പരീക്ഷണങ്ങൾ എപ്പോഴും മാസ്റ്റേഴ്സിനുള്ളതാണ്. അടിസ്ഥാനബോധ്യം വന്നവർക്കുള്ളതാണ്. കലയെ, സാഹിത്യത്തെ പൂർണമായും ഉൾക്കൊള്ളാത്തവർ പരീക്ഷണങ്ങൾക്കു മുതിർന്നാൽ അവ ജുഗുപ്സ ഉളവാക്കുന്നവയായി മാറും.
∙ ടി.പി.രാജീവൻ: സാഹിത്യത്തിലെ പരീക്ഷണകൃതികളെന്നു കരുതിയവ വീണ്ടും വായിച്ചപ്പോൾ തിരിച്ചറിഞ്ഞ ഒരു കാര്യം, ഒരു കാലത്ത് എന്നെ ആവേശം കൊള്ളിച്ച, ആധുനികമെന്നു കരുതിയവ ഇന്ന് എന്നോടു സംവദിക്കുന്നില്ല എന്നതാണ്. ആ കാലത്തെ പല കഥകളും കവിതകളും പ്രസരിപ്പിക്കുന്നത് ഇരുട്ടാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ഇടശേരി, ഒളപ്പമണ്ണ തുടങ്ങിയവരുടെ കൃതികളാവട്ടെ തെളിച്ചമാണു പകരുന്നത്. വൈലോപ്പിള്ളിയെയും ഒളപ്പമണ്ണയെയുമൊക്കെ മറന്ന് പടിഞ്ഞാറോട്ടുനോക്കിയിരുന്ന ഇത്രയും കാലത്തിൽനിന്നൊരു തിരിച്ചുപോക്കാണ് എനിക്കു കോവിഡ്കാലം പകർന്നുതന്നത്.
∙ ഇ.സന്തോഷ് കുമാർ: അദ്യശ്യമായൊരു വടിയുമായിട്ട് ഏതോ ഒരു വായനക്കാരൻ മുന്നിൽ നിൽക്കുന്നുവെന്ന ഭയത്തോടുകൂടിയാണ് എഴുത്തുകാർ എഴുതുന്നത്. ഏറ്റവും എളുപ്പമുള്ള പണി എഴുത്തുമേശയിൽനിന്നു മാറിനിൽക്കുക എന്നതു തന്നെയാണ്. എഴുത്ത് കഠിനമാണെന്നതിന്റെ കാരണം വായനക്കാർ വളരെ ഉന്നതമായ നിലയിലേക്കു പോയിക്കൊണ്ടിരിക്കുന്നു എന്നതു തന്നെയാണ്.
∙ സാറാ ജോസഫ്: ഭരിക്കാൻ വേണ്ടിയാണോ നമ്മൾ തുടങ്ങേണ്ടത്? ഭാര്യയെ ഭരിച്ച്, മക്കളെ ഭരിച്ച്, വാർധക്യവും രോഗവും വന്നതുകൊണ്ട് മാതാപിതാക്കളെ ഭരിച്ച്, അങ്ങനെ എല്ലാവരെയും ഭരിക്കുന്ന പൊലീസുകാരുടെ റോളിൽനിന്നു മാറാൻ പുരുഷൻ സ്വയം കുറെ വെട്ടിത്തിരുത്തലുകൾ അയാളുടെ ഉടലിലും മനസ്സിലുമൊക്കെ വരുത്തേണ്ടതുണ്ട്.
∙ ഇന്നസന്റ്: പാർട്ടിയിൽ നമ്മുടെ മകനും അതേ പ്രായത്തിലുള്ള മറ്റൊരു ചെറുപ്പക്കാരനും ഒരുമിച്ചു വളർന്നുവരുന്നു. മറ്റേ ചെറുപ്പക്കാരൻ നമ്മുടെ മകനെക്കാൾ നേതൃപാടവമുള്ള ആളാണെന്ന് തിരിച്ചറിഞ്ഞാൽ അപ്പോൾ അവനെ നമ്മളൊന്നു ചവിട്ടും. ചവിട്ടിയില്ലെങ്കിൽ അവൻ നമ്മുടെ മകനു പാരയാകും. കേരള രാഷ്ട്രീയത്തിൽ അത്തരം സംഭവങ്ങൾ ഒരുപാടു നടന്നിട്ടുണ്ട്.
∙ മുനി നാരായണപ്രസാദ്: മനുഷ്യൻ സമാധാനമായി ജീവിക്കുക എന്നതായിരിക്കണം പ്രധാനമായ ലക്ഷ്യം. ആ സമാധാനം അവരവരുടെ ഉള്ളിൽ നിന്നു കണ്ടെത്തുന്നതിനുള്ള വിദ്യാഭ്യാസമാണു ശ്രീനാരായണഗുരു അവതരിപ്പിച്ചത്. ആ വിദ്യാഭ്യാസത്തിനു നമ്മുടെ സർക്കാരുകൾ ഒരു സ്ഥാനവും ഇപ്പോൾ നൽകുന്നില്ല എന്നതാണു വാസ്തവം.
∙ പ്രഫ. എം. കുഞ്ഞാമൻ: സ്വാധീനത്തിലൂടെ ഒരാൾ അധ്യാപകനായോ വിസി ആയോ നിയമിക്കപ്പെടുമ്പോൾ, അദ്ദേഹത്തിനു യോഗ്യതയുണ്ട് എന്നു പറയുന്നത് ഒരു ന്യായീകരണമല്ല. യോഗ്യതയുള്ളയാൾ തന്നെയായിരിക്കും തിരഞ്ഞെടുക്കപ്പെടുന്നത്. പക്ഷേ, മറ്റുള്ളവരും യോഗ്യതയുള്ളവരാണ്. യോഗ്യതയുള്ളവരെ നിയമിക്കാൻ കൃത്യമായ നടപടിക്രമങ്ങളുണ്ട്. ആ നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നതാണു ചോദ്യം.