ADVERTISEMENT

നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് ഏറ്റവും വലിയ ചാലകശക്‌തിയാകേണ്ടതു റെയിൽ വികസനമാണെങ്കിലും അവഗണനയുടെ പാളങ്ങളിലൂടെ സഞ്ചരിക്കാനാണു കേരളത്തിന്റെ തുടർവിധി. കേരളത്തിലെ പ്രധാന പദ്ധതികളെല്ലാം തഴഞ്ഞ കേന്ദ്ര ബജറ്റിൽ റെയിൽവേ വിഹിതത്തിലും കാര്യമായി ഒന്നുമില്ലെന്നത് ഇക്കാര്യം വിളിച്ചുപറയുന്നു. 1085 കോടി രൂപയാണ് കേരളത്തിനുള്ള ആകെ വിഹിതം.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തോടു മാത്രമാണ് ഇത്രയും കടുത്ത അവഗണനയെന്നതു ശ്രദ്ധേയമാണ്. ആന്ധ്രപ്രദേശിന് 7032 കോടിയും തെലങ്കാനയ്ക്ക് 3048 കോടിയും നൽകിയിട്ടുണ്ട്; തമിഴ്നാടിന് 3865 കോടിയും കർണാടകയ്ക്ക് 6091 കോടിയും. ന്യായമായും ലഭിക്കേണ്ട ബജറ്റ് സഹായം പോലും കേരളത്തിനു നിരാകരിക്കപ്പെടുന്നതാണു പ്രതിഷേധത്തിന് ഇടയാക്കുന്നത്.

ചിങ്ങവനം–ഏറ്റുമാനൂർ പാത ഇരട്ടിപ്പിക്കാൻ 65.82 കോടി രൂപയും തിരുവനന്തപുരം–കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനു 393.5 കോടി രൂപയുമാണു പ്രധാന വിഹിതങ്ങൾ. 2700 കോടിയോളം രൂപ ചെലവു കണക്കാക്കുന്ന എറണാകുളം–അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് 21 കോടി രൂപയാണ് ഈ വർഷം നൽകിയിരിക്കുന്നത്. അരൂർ പാലത്തിനു മാത്രം 100 കോടിയിലേറെ ചെലവു വരുമെന്നിരിക്കെ 21 കോടി ഒന്നിനും തികയില്ല. ഭൂമിയേറ്റെടുക്കാൻ 510 കോടി രൂപ കഴിഞ്ഞ വർഷം അനുവദിച്ച പദ്ധതിക്കാണ് ഈ ഗതികേട്. പദ്ധതിയുടെ അന്തിമ എസ്റ്റിമേറ്റിന് ഇനിയും അംഗീകാരം കിട്ടിയിട്ടില്ല.

ഗുരുവായൂർ–തിരുനാവായ, നേമം ടെർമിനൽ, ഷൊർണൂർ യാഡ് റീമോഡലിങ്, എറണാകുളം–ഷൊർണൂർ മൂന്നാം പാത, എറണാകുളം–പൂങ്കുന്നം സെക്‌ഷനിൽ ഓട്ടമാറ്റിക് സിഗ്‌നലിങ്, പാലക്കാട് കോച്ച് ഫാക്ടറി തുടങ്ങിയ പദ്ധതികളൊന്നും അടുത്തകാലത്തെങ്ങും നടക്കുന്ന ലക്ഷണമില്ല. ശബരി പദ്ധതിക്കും ഗുരുവായൂർ–തിരുനാവായ പദ്ധതിക്കും പാലക്കാട് കോച്ച് ഫാക്ടറിക്കും ടോക്കൺ തുകയായി 1000 രൂപ മാത്രമാണുള്ളത്.

railway-coaches

എംപിമാർ ട്രെയിനുകളാവശ്യപ്പെടുമ്പോൾ അവ കൈകാര്യം ചെയ്യാൻ ടെർമിനലുകളില്ലെന്നാണു റെയിൽവേയുടെ പതിവു മറുപടി. എന്നാൽ, അത്തരം അടിസ്ഥാന പദ്ധതികൾക്കു ബജറ്റിൽ കാര്യമായ പരിഗണന ലഭിച്ചിട്ടില്ല. കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ മാർച്ചിൽ പൂർത്തിയാകും. തുടർന്ന് പുതിയ ട്രെയിനുകൾ ലഭിക്കണമെങ്കിൽ ട്രെയിൻ സ്വീകരിക്കാനും അറ്റകുറ്റപ്പണി നടത്താനുമുള്ള സൗകര്യം തിരുവനന്തപുരത്ത് ഉണ്ടാകേണ്ടതുണ്ട്. അടിയന്തരാവശ്യമാണെങ്കിലും ബജറ്റ് ഇതു കണ്ടിട്ടില്ല. 117 കോടി രൂപ ചെലവു കണക്കാക്കിയ നേമം ടെർമിനലിന് ഈ വർഷവും അംഗീകാരമില്ല. 2019 മാർച്ചിൽ തറക്കല്ലിട്ട ഈ പദ്ധതിയുടെ എസ്റ്റിമേറ്റിനാണ് ഇപ്പോഴും അംഗീകാരമില്ലാത്തത്. കൊച്ചുവേളി പ്ലാറ്റ്ഫോം നിർമാണത്തിന് 25 കോടിയും പാലക്കാട്ട് ട്രെയിൻ അറ്റകുറ്റപ്പണി സൗകര്യം ഒരുക്കാൻ 19 കോടിയും ഉൾപ്പെടെ 44 കോടി രൂപ വേണ്ടിടത്തു നീക്കിവച്ചത് നാമമാത്രമായ തുകയാണ്.

അവഗണനയുടെ അനുഭവപാഠങ്ങൾ മുന്നിൽവച്ച്, റെയിൽവേ പദ്ധതികൾ നിരീക്ഷിക്കാനും യഥാസമയം കൃത്യമായി ഇടപെടാനും കേരളം ഇനിയെങ്കിലും സ്ഥിരം സംവിധാനം ഒരുക്കണം. കേരളത്തിലെ റെയിൽവേ വികസനത്തിന് ഇത്തവണയുമുണ്ടായ അവഗണന, സംസ്ഥാന സർക്കാരും നമ്മുടെ ജനപ്രതിനിധികളും ഒരുമിച്ചുനിന്നു പോരാടേണ്ടതിന്റെ ആവശ്യകത വീണ്ടും ഓർമിപ്പിക്കുന്നു. സ്വന്തം മണ്ഡലത്തിലെ വിഷയങ്ങൾക്കുപരിയായി, കേരളത്തിന്റെ സമഗ്ര റെയിൽവേ വികസനം ലക്ഷ്യമിട്ടു പ്രവർത്തിക്കാൻ എംപിമാർ തയാറാകണം. ബജറ്റിനു മുന്നോടിയായുള്ള യോഗത്തിലെങ്കിലും ചെറിയ ആവശ്യങ്ങൾ തൽക്കാലം മാറ്റിവച്ച്, കൊച്ചുവേളി പ്ലാറ്റ്ഫോം നിർമാണത്തിനും നേമം ടെർമിനലിനും എറണാകുളം–പൂങ്കുന്നം സെക്‌ഷനിലെ ഓട്ടമാറ്റിക് സിഗ്‌നലിങ് പോലെ നിർണായകമായ പദ്ധതികൾക്കും വേണ്ടി അവർ ഒരേ സ്വരത്തിൽ ശബ്ദമുയർത്തണമായിരുന്നു.

English Summary: Major railway projects in Kerala have been omitted in this budget

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com