ബാധ്യതയല്ല, കുട്ടികളുടെ സാധ്യത; കഴക്കൂട്ടം സൈനിക് സ്കൂളിനെ കൈവിടരുത്
Mail This Article
മലമ്പുഴ കൂമ്പാച്ചി മലയിലെ കരസേനാദൗത്യം, രക്ഷിക്കപ്പെട്ട ബാബുവുൾപ്പെടെ ആയിരങ്ങൾക്കു സൈനികസേവനത്തിനു പ്രചോദനമായി. ദൗത്യത്തിനു ചുക്കാൻ പിടിച്ച മലയാളി ലഫ്റ്റനന്റ് കേണൽ ഹേമന്ദ് രാജുൾപ്പെടെ ഒട്ടേറെ മിടുക്കരായ ഉദ്യോഗസ്ഥരുടെ സൈനികജീവിതത്തിന് അടിത്തറയിട്ട സംസ്ഥാനത്തെ ഏക സൈനിക് സ്കൂളിനെപ്പറ്റിയാണ് ഈ കുറിപ്പ്. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന തിരുവനന്തപുരം കഴക്കൂട്ടം സൈനിക് സ്കൂളിനെപ്പറ്റി.
അനേകം പ്രതിഭകൾ
1962ൽ സ്ഥാപിതമായശേഷം ഇന്നോളം കഴക്കൂട്ടം സൈനിക് സ്കൂളിൽ പഠിച്ചിറങ്ങിയ ആറായിരത്തോളം വിദ്യാർഥികളിൽ 800 പേർ സേനാവിഭാഗങ്ങളിൽ കമ്മിഷൻഡ് ഓഫിസർമാരായി. മറ്റു സംസ്ഥാനങ്ങളെക്കാൾ വളരെ ഉയർന്ന കണക്കാണിത്. കര, നാവിക സേനകളിൽ ഉപമേധാവിമാരായിരുന്നവരും മറ്റ് ഉയർന്ന തസ്തികകളിലെത്തിയവരും ഐഎഎസ്, ഐപിഎസ് ഓഫിസർമാരും ശാസ്ത്രജ്ഞരും എൻജിനീയർമാരും ഡോക്ടർമാരുമുൾപ്പെടെ പ്രതിഭകളേറെയുണ്ടു പൂർവവിദ്യാർഥികളിൽ.
സാധാരണക്കാരന് അവസരം
സായുധസേനകളിലെ ഉന്നത പദവികൾ സാധാരണക്കാരുടെ കുട്ടികൾക്കും പ്രാപ്യമാക്കുകയായിരുന്നു സൈനിക് സ്കൂളുകളുടെ ലക്ഷ്യം. സ്കൂളിലെ 90 സീറ്റുകളിലേക്കു ദേശീയതല പരീക്ഷ ജയിക്കുന്നവർക്കു സംവരണം പാലിച്ചാണു പ്രവേശനം. അർഹർക്കു കേന്ദ്ര സ്കോളർഷിപ്പുണ്ട്. എന്നാൽ, പ്രവർത്തനച്ചെലവു കണ്ടെത്താൻ ഫീസ് പലതവണ വർധിപ്പിച്ചതോടെ പഠനച്ചെലവ് വല്ലാതെ വർധിച്ചു. പ്രതിവർഷം ട്യൂഷൻ ഫീസ് മാത്രം 79,000 രൂപ വരും. സ്കോളർഷിപ്പുണ്ടെങ്കിലും 60,000 രൂപ അധികം കണ്ടെത്തണം. ഉയർന്ന ഫീസ് താങ്ങാനാകാത്തതിനാൽ ഇടത്തരക്കാർ ഇപ്പോൾ സൈനിക് സ്കൂളിലെത്തുന്നില്ല. മറ്റു സംസ്ഥാനങ്ങളെക്കാൾ അപേക്ഷകരും കുറവ്.
സാമ്പത്തിക പ്രതിസന്ധി
സ്കൂളിൽ ശമ്പളം, പെൻഷൻ എന്നിവ നൽകുന്നതും മറ്റു പ്രവർത്തനച്ചെലവുകൾക്കു പണം കണ്ടെത്തുന്നതും ഫീസും സ്കോളർഷിപ് ഉൾപ്പെടെയുള്ള കേന്ദ്രഗ്രാന്റും ഉപയോഗിച്ചായിരുന്നു. എന്നാൽ, സൈനിക് സ്കൂൾ ജീവനക്കാർ കേന്ദ്ര മാനദണ്ഡപ്രകാരം പെൻഷന് അർഹരാണെന്ന് 1988ൽ സുപ്രീം കോടതി വിധിയും തുടർന്നു ശമ്പള പരിഷ്കരണങ്ങളും വന്നതോടെ വരവിനെക്കാൾ ചെലവുയർന്നു. ഫീസ് കൂട്ടി പ്രതിസന്ധി മറികടക്കാനുള്ള ശ്രമം വിജയിച്ചില്ല. വിദ്യാർഥികളുടെ പരിശീലനത്തിൽ ശ്രദ്ധിക്കുന്നതിനു പകരം സ്കൂൾ അധികൃതർ പ്രവർത്തനഫണ്ട് സമാഹരിക്കാൻ നെട്ടോട്ടമോടുകയാണിപ്പോൾ. അധ്യാപകർക്കു ശമ്പളം കിട്ടുന്നില്ല. സ്കൂളിന്റെ ചരിത്രത്തിലാദ്യമായി അധ്യാപക സമരവുമുണ്ടായി.
ചെലവ് ഏറ്റെടുക്കണം
സ്കൂൾ നടത്തിപ്പിന് അധിക ബാധ്യതയുണ്ടാക്കുന്ന പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും സംസ്ഥാനം ഏറ്റെടുക്കണം എന്നാണു കേന്ദ്ര നിലപാട്. മഹാരാഷ്ട്ര, യുപി, രാജസ്ഥാൻ, ഹരിയാന, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ഈ ചെലവ് ഏറ്റെടുത്തു. അതിനാൽ കേരളത്തിനു മാത്രമായി ഇളവുണ്ടാകില്ല. പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരുന്ന കഴിഞ്ഞ 15 വർഷവും സംസ്ഥാനം ഇതിനു നടപടി സ്വീകരിച്ചില്ല. പ്രശ്നങ്ങളെപ്പറ്റി ധാരണയുണ്ടായിരുന്ന മുൻ മുഖ്യമന്ത്രിമാരിലൊരാൾ കേന്ദ്ര പ്രതിരോധമന്ത്രിയായിട്ടും പ്രശ്നപരിഹാരമുണ്ടായില്ല.
വേണ്ടത് ദ്രുതനടപടി
പ്രതിസന്ധി പരിഹാരത്തിനു സംസ്ഥാന സർക്കാർതന്നെ മനസ്സുവയ്ക്കണം. ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷനും വിരമിക്കൽ ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള അധികബാധ്യത ഏറ്റെടുക്കണം. മലയാളികൾക്ക് ആശ്രയമായ സ്കൂൾ നിലനിർത്തേണ്ടതു സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമായി കാണണം. 6 പതിറ്റാണ്ടു പഴക്കമുള്ള സ്കൂൾ കെട്ടിടങ്ങളുടെ നവീകരണവും വൈകരുത്. ആവർത്തിച്ചുള്ള ആവശ്യങ്ങൾക്കൊടുവിൽ സ്ഥാപനത്തിന്റെ വാർഷിക അധികച്ചെലവ് ഏറ്റെടുക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയത് അഭിനന്ദനാർഹമാണ്. അടിയന്തര നടപടിയുണ്ടാകുമെന്നും ധാരണാപത്രം ഒപ്പിട്ട് 6 കോടി രൂപയുടെ വാർഷിക അധികബാധ്യത ഏറ്റെടുക്കാമെന്നും കഴിഞ്ഞ ദിവസം സ്കൂളിലെത്തിയ മന്ത്രി വി.ശിവൻകുട്ടിയും ഉറപ്പു നൽകിയിട്ടുണ്ട്. സ്കൂളിന്റെ പ്രാധാന്യവും പ്രതിസന്ധിയുടെ സങ്കീർണതയും തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥവൃന്ദവും ഈ തീരുമാനം കാലതാമസമില്ലാതെ നടപ്പാക്കാൻ ഉണർന്നു പ്രവർത്തിക്കണം. ഒട്ടേറെ മലയാളി സൈനികോദ്യോഗസ്ഥരെ രാജ്യത്തിനു സംഭാവന ചെയ്ത സ്ഥാപനം നിലനിൽക്കേണ്ടതു സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
(കരസേന മുൻ ഉപമേധാവിയും കഴക്കൂട്ടം സൈനിക് സ്കൂളിലെ പൂർവവിദ്യാർഥിയുമാണു ലേഖകൻ)
Content highlights: Sainik School Kazhakootam