ഒടുവിൽ, പിളരാൻ ശക്തിയായി
Mail This Article
കൊറോണ വൈറസിനു മാത്രമല്ല, രാഷ്ട്രീയ പാർട്ടികൾക്കും വകഭേദങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന പുതിയ നൂറ്റാണ്ടിലെ വൻ കണ്ടുപിടിത്തം അധികമാരും ശ്രദ്ധിക്കാതെ പോയതു കൊച്ചി മറൈൻ ഡ്രൈവിൽ വലിയ കമ്യൂണിസ്റ്റു പാർട്ടിയുടെ സംസ്ഥാന സമ്മേളനം അരങ്ങേറിയതുകൊണ്ടു മാത്രമാണ്. ശാസ്ത്ര ലോകത്തിന്റെയും നിരീക്ഷക ലോകത്തിന്റെയും ശ്രദ്ധ മുഴുവൻ അങ്ങോട്ടായിപ്പോയി.
അതിനു തൊട്ടുമുൻപാണ് അങ്ങു തൃശൂരിലും ഇങ്ങു തലസ്ഥാനത്തുമായി ഒരേ പ്രസ്ഥാനത്തിന്റെ രണ്ടു വകഭേദങ്ങൾ തല പൊക്കിയത്. സാക്ഷാൽ മഹാത്മാ ഗാന്ധിയെ വെല്ലുവിളിച്ചു നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്ന ശാസ്ത്രീയ സോഷ്യലിസ്റ്റ് വിപ്ലവ പ്രസ്ഥാനം ചെറുതായൊന്നു പിളരാൻ ശ്രമിച്ചു. അത്രയേയുള്ളൂ കാര്യം. മഹാത്മാഗാന്ധിയോടുപോലും ഏറ്റുമുട്ടിയ പ്രസ്ഥാനം എഴുന്നേറ്റു നിന്നു പിളരാനുള്ള ശക്തിയാർജിച്ചുവെന്നു കൂടി തെളിയിച്ച ദിവസമായിരുന്നു അത്.
കൊല്ലം നഗരത്തിൽ കഷ്ടിച്ചു മൂന്നു കിലോമീറ്റർ ചുറ്റളവിൽ കാണപ്പെടുന്ന തദ്ദേശീയ ദേശീയ ചെയർമാനും തദ്ദേശീയ ദേശീയ സെക്രട്ടറിയും തൃശൂരിലും തിരുവനന്തപുരത്തുമായി പിളർന്നു കിടക്കുന്നതു കാണാൻ തന്നെ ഒരു ചേലായിരുന്നു. സിംഹമാണോ കടുവയാണോ ശക്തിമാൻ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത പാർട്ടിയാണ്. അതുകൊണ്ടാണ്, പാർട്ടിക്കൊടിയിൽ ചാടുന്ന കടുവയെയും തിരഞ്ഞെടുപ്പു ചിഹ്നമായി ഗർജിക്കുന്ന സിംഹത്തെയും കൊണ്ടുനടക്കുന്നത്. ഉള്ളംകയ്യിൽ ഒതുങ്ങാവുന്ന എണ്ണമേയുള്ളൂവെങ്കിലും നേതാക്കളോരോന്നും എണ്ണം പറഞ്ഞ സിംഹങ്ങളോ കടുവകളോ ആണല്ലോ ആ പാർട്ടിയിൽ.
മുൻപത്തേതിനു മുൻപത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ വല്യേമ്മാൻ സീറ്റു മാത്രമല്ല, സ്ഥാനാർഥിയെയും തരാമെന്ന് ഓഫർ വച്ചപ്പോൾ ആത്മാഭിമാനം വ്രണപ്പെട്ടു കാരണഭൂതനോടു കലഹിച്ച് എകെജി സെന്ററിന്റെ പടിയിറങ്ങി ഇന്ദിരാ ഭവന്റെ വരാന്തയിൽ ചെന്നു നിൽക്കേണ്ടിവന്ന പാർട്ടിയുടെ വൈരുധ്യാത്മകം ഇന്നും മാറിയിട്ടില്ല.
മൂന്നു സെന്റ് സ്ഥലവും മുപ്പത്തിമുക്കോടി അവകാശികളുമുള്ള ഇത്തറവാടിന്റെ ഓരത്തെവിടെങ്കിലും തലചായ്ക്കാമെന്നു കരുതുമ്പോഴാണ്, കൂരയ്ക്ക് ഓല മേയും മുൻപേ മഴ വന്നത്– ദേശീയ ചെയർമാനും സംസ്ഥാന സെക്രട്ടറിയായ സ്വന്തം മോനും കൂടി വേറെയൊരു ബ്ലോക്ക് ഉണ്ടാക്കി. ദേശീയ സെക്രട്ടറിയും പരിവാരങ്ങളുമാകട്ടെ, ഒറിജിനൽ ബ്ലോക്ക് തങ്ങളാണെന്നു കട്ടായം പറഞ്ഞു. സിംഹവും കടുവയുമല്ല, ഇതിലാരാണു ‘പുപ്പുലി’യെന്ന് അങ്ങിങ്ങു മേഘാവൃതമായി കാണപ്പെടുന്ന അണികൾ സംശയിച്ചപ്പോൾ ദേശീയ ജനറൽ സെക്രട്ടറി കമ്യൂണിക്കെ പുറത്തിറക്കി; ‘സംസ്ഥാന ദേശീയ സെക്രട്ടറി’ യാണു കേരളത്തിൽ തൽക്കാലം പാർട്ടിയുടെ പുലിയും കടുവയും സിംഹവും.
ചെയർമാനും കൂട്ടരും ഇനി അടങ്ങിയിരിക്കുമോ എന്തോ... മുന്നോട്ടുള്ള പോക്ക് ആകെ ബ്ലോക്ക് ആയി നിൽക്കുന്ന പാർട്ടി അങ്ങനെ കേരളത്തിൽ രണ്ടു തുണ്ടായി നിൽക്കുന്നതു കാണുമ്പോൾ ഒരു സംശയം, ഇനി ഈ പാർട്ടിയുടെ പേരിന്റെ കൂടെ ‘ഫോർ’ വേണോ...; വല്ല ‘ടൂ’വോ ‘ത്രീ’യോ പോരേ...?
‘മുതലാളിത്യം’ സിന്ദാബാദ്
സിപിഎം സംസ്ഥാന സമ്മേളനം കൂടി കഴിഞ്ഞതോടെ ആകെ മൊത്തം കൺഫ്യൂഷൻ. മുൻപു മുതലാളിമാരെ കണ്ടാൽ ഹാലിളകിയിരുന്ന പാർട്ടിക്ക് ഇപ്പോൾ അവർ വികസനത്തിന്റെ തേരാളികളാണ്.
മുതലാളിത്തം എന്ന വാക്കു തന്നെ അവർ വിട്ടു. പകരം മുതലാളിത്യം എന്നതായി വാക്ക്. മുതലാളിമാരോടു ലാളിത്യത്തോടെ പെരുമാറുക, അവരുടെ വേദന അകറ്റുക, അതുവഴി സഖാക്കളുടെ മൂലധനവും വികസിപ്പിക്കുക. നാട്ടിൽ എല്ലാ മൂലയിലും മൂലധനം കൂടി വരുന്ന സഖാക്കളുടെ എണ്ണം കൂടി വരികയാണ്. അവർക്കു കൃത്യമായി അറിയാം മുതലാളിത്യത്തിന്റെ അർഥം.
ബിന്ദു മന്ത്രി സഖാക്കൾക്കിടയിലെ വനിതകളെപ്പറ്റി പരിതപിച്ചു. അതോടെ ഇനി പീഡനം എന്ന വാക്കു പോലും പാർട്ടി സഹിക്കില്ലെന്ന് എല്ലാവരും ഉറപ്പിച്ചു. സംസ്ഥാന സമിതി പട്ടിക വന്നപ്പോൾ അതു കൃത്യം വ്യക്തമായി. പീഡകരെന്ന് ആരോപിതരായ രണ്ടുപേർ സമിതിയിൽ.
ഇനി കുമ്പസാരത്തിന്റെ നാളുകളാണ്. കൂത്തുപറമ്പിൽ വെടിയേറ്റു മരിച്ചവർക്കു മുടക്കമില്ലാതെ സ്മരണാഞ്ജലി. ഒപ്പം വെടിവയ്പിനു കാരണഭൂതനെന്നു സഖാക്കൾതന്നെ പറയുന്ന രാഘവനു സ്മാരകവും. ഉന്നതവിദ്യാഭ്യാസത്തിലെ വിദേശബന്ധം ആരോപിച്ചു കുട്ടിസഖാക്കൾ തല്ലിവീഴ്ത്തിയ പഴയ സ്ഥാനപതി ശ്രീനിവാസനോടു മാപ്പു പറയാൻ സഖാക്കൾ ഊഴം കാക്കുകയാണ്. വൈകാതെ അതു സംഭവിക്കും. പിന്നെയും വൈകാതെ നാട്ടുകാരോടു മുഴുവൻ മാപ്പു പറയാനുള്ള ഊഴമാകും. ആദ്യം ട്രാക്ടറിനെ എതിർത്തതിന്, കംപ്യൂട്ടർ തല്ലിപ്പൊളിച്ചതിന്, വിദേശസഹായം തരാൻ വന്നവരുടെമേൽ കരിഓയിൽ ഒഴിച്ചതിന്, എക്സ്പ്രസ് വേ ഇല്ലാതാക്കിയതിന്. ഒടുവിൽ ഇതെല്ലാം തന്നെ വേറെ രൂപത്തിൽ കൊണ്ടുവരുന്നതിന്.
മിയാ കുൾപ, മിയാ കുൾപ, മിയാ മാക്സിമ കുൾപ.
എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ
സ്റ്റോപ് പ്രസ്
കലാമണ്ഡലം വൈസ് ചാൻസലർ ഫയലുകളുമായി ഗവർണറെ കാണേണ്ട ദിവസം ഇന്ന്
കല ആർക്കുവേണ്ടിയാണെന്ന് ഇന്നറിയാം