ചാന്ദ്രശോഭയുള്ള മഹനീയ ജീവിതം
Mail This Article
മലപ്പുറത്ത് കടലുണ്ടിപ്പുഴയോരത്തെ പാണക്കാട് ഗ്രാമത്തിലെ കൊടപ്പനയ്ക്കൽ എന്നത് ഒരു തറവാടിന്റെ പേരു മാത്രമല്ല, ഉന്നതമായൊരു സംസ്കാരത്തിന്റെ നിത്യപ്രതീകം കൂടിയാണ്. ജീവിത വഴിയിലുടനീളം വിശുദ്ധിയുടെ തൂവെണ്മ കാത്തുസൂക്ഷിച്ച, മതസൗഹാർദത്തിന്റെ കൊടിയടയാളം ഉയരത്തിൽ പറത്തിയ മഹദ്‌വ്യക്തികളെ കൊടപ്പനയ്ക്കലിൽനിന്നു കൈരളിക്കു ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയം എന്നതു സമൂഹത്തെ സംസ്കരിച്ചെടുക്കാനുള്ള ഉപാധിയാണെന്നു പ്രവൃത്തിയിലൂടെ തെളിയിച്ചവരാണ് അവർ. അവരുടെ ജീവിതം എല്ലാ തലമുറകൾക്കുമുള്ള പാഠപുസ്തകം തന്നെയാണ്. മഹനീയമായ ആ പാഠപുസ്തകത്തിലെ പ്രൗഢമായൊരു അധ്യായമാണ് ഇന്നലെ വിടപറഞ്ഞ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ.
ജീവിത നൈർമല്യത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും അദ്ദേഹം എന്നും കാത്തുസൂക്ഷിച്ചു. പാണക്കാട്ടെ പ്രശസ്തമായ പൂമുഖത്ത് ജീവിതവ്യഥകളുമായെത്തിയ ആയിരക്കണക്കിനുപേർക്ക് അദ്ദേഹം അത്താണിയായിരുന്നു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളെല്ലാം കരുതലിന്റെ ചാന്ദ്രശോഭയുള്ള ആ പൂമുഖത്ത് അപ്രസക്തമായി. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റ്, പട്ടിക്കാട് ജാമിഅ നൂരിയ്യ ജനറൽ സെക്രട്ടറി തുടങ്ങി മത-രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലയിൽ മായാത്ത സേവനമുദ്രകൾ പതിപ്പിച്ചാണു തങ്ങൾ കടന്നുപോകുന്നത്. നൂറുകണക്കിനു മഹല്ലുകളുടെ ഖാസിയും അതിലേറെ സ്ഥാപനങ്ങളുടെ കാര്യദർശിയുമായിരുന്നു അദ്ദേഹം.
പ്രവാചകൻ മുഹമ്മദ് നബിയുടെ വംശാവലിയിലേക്കു നീളുന്നതാണു പാണക്കാട് സയ്യിദ് കുടുംബത്തിന്റെ പാരമ്പര്യം. മൂന്നു നൂറ്റാണ്ടു മുൻപ് യെമനിൽ നിന്നെത്തിയവരാണു കേരളത്തിലെ പൂർവികർ. ആത്മീയതേജസ്സും ജീവിതവിശുദ്ധിയും കൊണ്ടു സമൂഹത്തിന്റെ ആദരം ഏറ്റുവാങ്ങിയ ആ കുടുംബത്തിൽ, കേരളത്തിലെ മത-രാഷ്ട്രീയ രംഗത്തെ യുഗപ്രഭാവനായിരുന്ന പാണക്കാട് പി.എം.എസ്.എ.പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനായാണു ഹൈദരലി തങ്ങളുടെ ജനനം. ചെറുപ്രായത്തിലുണ്ടായ പല ജീവിതപ്രതിസന്ധികൾകൊണ്ടുകൂടി സ്ഫുടം ചെയ്തെടുത്തതാണ് അടുപ്പക്കാരുടെ പ്രിയപ്പെട്ട ‘ആറ്റപ്പൂ’വിന്റെ ജീവിതം.
പിതാവിന്റെയും സഹോദരന്മാരായ മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി തങ്ങളുടെയും കർമദൗത്യങ്ങളിൽ ശക്തമായ പിന്തുണയുമായാണു ഹൈദരലി തങ്ങൾ പൊതുപ്രവർത്തനം തുടങ്ങിയത്. വിദേശപഠനത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും പിതാവിന്റെ മരണമുൾപ്പെടെയുള്ള കുടുംബസാഹചര്യം പ്രതിബന്ധമായി. പിന്നീട്, ഉമറലി തങ്ങളും ശിഹാബ് തങ്ങളും ചെറിയ ഇടവേളയ്ക്കിടെ വിടപറഞ്ഞപ്പോൾ വ്യക്തിപരമായി അതു തീരാനഷ്ടവുമായി. അന്നു ശിഹാബ് തങ്ങൾ ലീഗിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു; ഉമറലി തങ്ങൾ സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്റും. ഇരുചുമതലകളും ഹൈദരലി തങ്ങൾ ചുമലിലേറ്റി.
ആവശ്യത്തിനു മൗനം പാലിക്കുക, അത്യാവശ്യത്തിനു മാത്രം സംസാരിക്കുക എന്നതായിരുന്നു ഹൈദരലി തങ്ങളുടെ ശൈലി. എന്നാൽ, അവശ്യഘട്ടങ്ങളിൽ കർക്കശക്കാരനാകാനും മടിച്ചില്ല. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുശേഷം പാർട്ടിയെ സംഘടനാപരമായി ഉടച്ചുവാർക്കുന്നതിൽ ആ നിലപാടുകൾക്കു ചെറുതല്ലാത്ത പങ്കുണ്ടായിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ലീഗ് ചരിത്രത്തിലെ വലിയ വിജയങ്ങളിലൊന്നു നേടുകയും ചെയ്തു.
പാണക്കാട് കുടുംബത്തിലെ കൈപ്പുണ്യത്തോടുള്ള സമൂഹത്തിന്റെ വിശ്വാസം അദ്ദേഹത്തെ ആയിരക്കണക്കിനു സ്ഥാപനങ്ങളുടെയും വേദികളുടെയും ഉദ്ഘാടകനാക്കി. മലപ്പുറം നഗരസഭയ്ക്കു കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സ്വന്തം സ്ഥലം വിട്ടുനൽകി സാമൂഹിക പ്രതിബദ്ധതയ്ക്കു മാതൃകയായി. ശിഹാബ് തങ്ങളുടെ പേരിൽ ബൈത്തുറഹ്മ പദ്ധതി, അശരണ രോഗികൾക്കു കൈത്താങ്ങാകാൻ സിഎച്ച് സെന്റർ, സാന്ത്വന പരിചരണ മേഖലയ്ക്കായി പൂക്കോയ തങ്ങൾ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്റർ എന്നിങ്ങനെ മുസ്‍ലിം ലീഗിനു കാരുണ്യത്തിന്റെ മേൽവിലാസം നൽകിയ ഒട്ടേറെ പദ്ധതികളുടെ പ്രചോദനം ഹൈദരലി തങ്ങളുടെ നേതൃത്വമായിരുന്നു.
കാരുണ്യത്തിന്റെ, സേവനത്തിന്റെ, സഹജീവി സ്നേഹത്തിന്റെ ഒട്ടേറെ സ്മൃതിമുദ്രകൾ അവശേഷിപ്പിച്ചാണു ഹൈദരലി തങ്ങൾ ഓർമയാകുന്നത്. അദ്ദേഹത്തിനു മലയാള മനോരമയുടെ ആദരാഞ്ജലി.
Content highlights: Panakkad hyder ali shihab thangal