വനിതകൾക്ക് സ്നേഹാദരം
Mail This Article
സമസ്ത മേഖലകളിലും സ്‌ത്രീമുദ്രകൾ ആഴത്തിൽ പതിയുമ്പോൾ, നേട്ടങ്ങളുടെ ചരിത്രത്താളുകളിൽ പെൺപേരുകൾ തുടരെ എഴുതപ്പെടുമ്പോൾ, ഇതുവരെ കൊട്ടിയടച്ചിരുന്ന വാതിലുകൾ വനിതകൾക്കായി തുറക്കുമ്പോൾ, സ്ത്രീശക്തിയുടെ കരുത്തുറ്റ കാഹളം രാജ്യമെങ്ങും മുഴങ്ങുകയാണ്. ആകാശംപോലും അതിർത്തിയല്ലെന്നു വിചാരിക്കുന്ന പെൺമയെ സ്നേഹാദരം അഭിവാദ്യം ചെയ്തുവേണം ഈ വനിതാദിനത്തെ വരവേൽക്കാൻ.
സ്ത്രീശക്തി ഇന്നു കൈവരിക്കാത്ത നേട്ടങ്ങളോ എത്തിച്ചേരാത്ത ഉയരങ്ങളോ ഇല്ല. സംസ്ഥാനത്തെ 14 ജില്ലകളിലെ കലക്ടർമാരിൽ 10 പേരും വനിതകളാണ്. ജസ്റ്റിസ് അന്ന ചാണ്ടിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജിയെയും ജസ്റ്റിസ് എം.ഫാത്തിമ ബീവിയിലൂടെ ആദ്യ വനിതാ സുപ്രീം കോടതി ജഡ്ജിയെയും സംഭാവന ചെയ്ത കേരള ഹൈക്കോടതിയിൽ ചരിത്രത്തിലാദ്യമായി ഇപ്പോൾ ആറു വനിതാ ജഡ്ജിമാരുണ്ടെന്നതു മറ്റൊരു വലിയ അഭിമാനം. അതേസമയം, ആറു വനിതാ അംഗങ്ങളുണ്ടായിരുന്ന ആദ്യ കേരള നിയമസഭയിൽനിന്ന് ആ പ്രാതിനിധ്യം ഇപ്പോഴത്തെ സഭയിലെ സഭയിലെ 11 പേരിൽ എത്തിയിട്ടേയുള്ളൂ. 1996ലാണ് ഏറ്റവും കൂടുതൽ വനിതാ അംഗങ്ങൾ നിയമസഭയിൽ എത്തിയത്.13 പേർ.
സ്ത്രീശാക്തീകരണവും മുന്നേറ്റവുമുണ്ടായ രാജ്യങ്ങളിലൊക്കെയും മെച്ചപ്പെട്ട സാമൂഹികസുരക്ഷയും മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളിലെ തുല്യതയും ഏറെ പ്രകടമാണെങ്കിലും ഇന്ത്യ അക്കാര്യത്തിൽ ഏറെ പിന്നിലാണെന്നതാണു വാസ്തവം. സമത്വത്തിനുവേണ്ടിയുള്ള ശ്രമങ്ങളിൽ രാജ്യത്തിന് എത്രത്തോളം മുന്നേറാനായി എന്ന ആത്മപരിശോധന ഇതോടൊപ്പം ആവശ്യമായും വരുന്നു. ലിംഗസമത്വത്തിനുവേണ്ടി നിലകൊണ്ടും രാഷ്ട്രീയ – ഭരണമേഖലകളിൽ വനിതാ പങ്കാളിത്തം വർധിപ്പിച്ചും സമത്വത്തിന്റെ പുതിയ ഇന്ത്യ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട വനിതാസംവരണ നിയമം ഇപ്പോഴും യാഥാർഥ്യമായിട്ടില്ല. വനിതകൾക്കു സമൂഹത്തിൽ അവസരസമത്വം ഉറപ്പാക്കുമ്പോഴാകും ജനാധിപത്യഭാരതം പക്വത നേടുകയെന്നതിൽ സംശയമില്ല.
സ്ത്രീശാക്‌തീകരണത്തിന്റെ ഇക്കാലത്ത്, വീട്ടിനകത്തായാലും തൊഴിലിടത്തിലായാലും വനിതകൾ നൽകുന്ന അമൂല്യമായ പങ്കിന് അംഗീകാരം ലഭിച്ചേതീരൂ. കുടുംബത്തിൽ സ്ത്രീ ചെയ്യുന്ന ജോലികൾക്കു പുരുഷൻ വീടിനു പുറത്തു ചെയ്യുന്ന ജോലിയുടെ അതേ മൂല്യമുണ്ടെന്നു സുപ്രീം കോടതി കഴിഞ്ഞ വർഷം പറഞ്ഞത് പുതിയ കാലത്തിനുള്ള വലിയ ഓർമപ്പെടുത്തൽതന്നെയാണ്. വീട്ടിലെ ജോലികൾ സ്ത്രീയുടെ മാത്രമല്ല, തുല്യനിലയിൽ പുരുഷന്റെകൂടി ഉത്തരവാദിത്തമാണെന്ന് എല്ലാവരും തിരിച്ചറിയുകയും വേണം. രാജ്യത്തു സ്ത്രീധന നിരോധന നിയമം പ്രാബല്യത്തിലായി ആറു പതിറ്റാണ്ടു പിന്നിട്ടിട്ടും അതു കർശനമായി നടപ്പാക്കാത്തതു നമ്മുടെ വ്യവസ്ഥിതിയുടെ അലംഭാവത്തിന്റെ നേർചിത്രമാണ്. സ്ത്രീധനത്തെ ദാമ്പത്യത്തിന്റെ ആധാരശിലയാക്കുന്ന സ്ത്രീവിരുദ്ധത പലരിലും നിലനിൽക്കുമ്പോൾ ആത്മാഭിമാനവും മൗലികാവകാശബോധവുമുള്ള നവ വനിതയുടെ നേരെയുള്ള അപമാനം തന്നെയാകുന്നു അത്.
സംസ്ഥാനത്തു വനിതകൾക്കു നേരെയുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ചു വനിതാ കമ്മിഷനിൽ 7 വർഷത്തിനിടെ റജിസ്റ്റർ ചെയ്തത് 14,927 പരാതികളാണ്. 2015 മുതൽ 2021 സെപ്റ്റംബർ 30 വരെയുള്ള ഈ കണക്കുപ്രകാരം ഗാർഹികപീഡന പരാതികളാണ് ഏറെയും. കേരളത്തിൽനിന്നു സ്ത്രീധന– ഗാർഹിക പീഡനങ്ങൾ ഇല്ലായ്മ ചെയ്യണമെങ്കിൽ സ്ത്രീയും പുരുഷനും തുല്യരാണെന്നും തുല്യനീതിയും തുല്യബഹുമാനവും അർഹിക്കുന്നവരാണെന്നുമുള്ള ബോധ്യം വ്യക്തിയിലും വീടുകളിലും സമൂഹത്തിലും ഉണ്ടാകണം. ഈ ഒറ്റദിവസത്തെ ആഘോഷംകൊണ്ടല്ല പെൺസ്വപ്‌നങ്ങളുടെ നിറവും ആഴവുമളക്കേണ്ടത്. പെൺമയുടെ സന്തോഷങ്ങളും സങ്കടങ്ങളും ചർച്ചചെയ്‌തുമാത്രം ഈ വനിതാദിനം കടന്നുപൊയ്ക്കൂടാ. ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും അതിജീവനത്തിന്റെയുമൊക്കെ മുദ്രാമുഖമായ പുതിയ വനിതയെ സമൂഹം എത്രത്തോളം തിരിച്ചറിയുന്നുണ്ട് എന്ന പ്രധാന ചോദ്യത്തിനും ഇതോടൊപ്പം നാം മറുപടി കണ്ടെത്തേണ്ടതുണ്ട്.
Content highlights: Manorama Editorial on Women's day