ADVERTISEMENT

അക്ഷരമാല ഇപ്പോഴും പാഠപുസ്തകങ്ങൾക്കു പുറത്തുനിൽക്കുകയാണെങ്കിലും സിപിഎം സംസ്ഥാന സമ്മേളനത്തിൽനിന്നു പുറത്തുവന്ന ഒരു വാക്കിന് അമ്പമ്പോയുടെ ഇമ്പം. 

മാടമ്പി.

കൊച്ചി മറൈൻ ഡ്രൈവ് മൈതാനത്തു മാടമ്പിയെ അഴിച്ചുവിട്ടതു മലയാളത്തിന് ഒരുപാടു കർക്കശ പദവിന്യാസങ്ങൾ സമ്മാനിച്ച പിണറായി മുഖ്യൻ തന്നെയാണ്. ചെങ്കൊടിയെന്നു കേൾക്കുമ്പോൾ ചില മാടമ്പിമാർക്ക് അലർജിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. 

കായലിൽപോലും അലകളിളക്കി മാടമ്പി പിറന്നുവീണതോടെ അണികൾ കൊച്ചിയിലെ പുസ്തകക്കടകളിലേക്കു പാഞ്ഞു; നിഘണ്ടു സംഘടിപ്പിച്ച് വാക്കിന്റെ പൊരുൾ കണ്ടെത്താൻ.

ദാ, കിടക്കുന്നു. മാടമ്പിയുടെ ഒന്നാം അർഥം: ഇടപ്രഭു. 

പൊളിറ്റ്ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലുമൊക്കെയുള്ളവരെ പ്രഭുക്കളായി കണ്ടാൽ സംസ്ഥാന കമ്മിറ്റിയംഗങ്ങളെയും സെക്രട്ടേറിയറ്റ് അംഗങ്ങളെയും ഇടപ്രഭുക്കളായി കണ്ടുകൂടേ എന്നൊരു ചോദ്യമുയരുന്നു. 

മാടമ്പിക്ക് ‘കരയിൽ പ്രധാനി’ എന്നൊരർഥമുള്ളതാണ് അണികളെ കൂടുതൽ വിഷമത്തിലാക്കുന്നത്. കരയിൽ പ്രധാനി ആര് എന്ന ചോദ്യത്തിനു കേരളക്കരയിൽ ഉത്തരം ഒന്നേയുള്ളൂ. എന്നാൽ, സെക്രട്ടേറിയറ്റിലോ സംസ്ഥാന കമ്മിറ്റിയിലോ പ്രവേശനം കിട്ടാത്തവർക്കും കരയിൽ പ്രധാനിയെന്നു വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം പാർട്ടി അനുവദിച്ചു നൽകിയിട്ടുണ്ട്. 

മാടമ്പിയോടു ചേർന്നുനടക്കുന്ന മാടമ്പ് എന്ന പദത്തിനു മേലധികാരം എന്നൊരു അർഥം കൂടിയുണ്ടെങ്കിലും മേലധികാരം ആർക്കാണെന്നു തർക്കമുണ്ടാകേണ്ട കാര്യമില്ല. 

മാടമ്പിയുടെ സ്ഥാനചിഹ്നമായി കൊണ്ടുനടക്കുന്ന വിളക്കിനും മാടമ്പി എന്നുതന്നെ പേരുള്ളതാണ് അപ്പുക്കുട്ടനെ ചിന്താക്കുഴപ്പത്തിലാക്കുന്നത്. 

കുത്തുവിളക്കുമുതൽ പാട്ടവിളക്കു വരെയുള്ള വിളക്കുകളെല്ലാം തെളിച്ചിട്ടുള്ള പ്രിയ സുഹൃത്ത് കഷ്ടകാൽജിപോലും മാടമ്പിവിളക്ക് ഇതുവരെ കണ്ടിട്ടില്ല.  വെളിവും വെളിച്ചവും എല്ലാ മാടമ്പിമാർക്കും ഉണ്ടാകട്ടെ.

Content highlights: CPM state conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com