തെളിയുമോ ജലരേഖ?
Mail This Article
അനേകരെ കുടിയൊഴിപ്പിക്കേണ്ടിവരുന്ന, കോടികൾ ചെലവഴിക്കേണ്ട സിൽവർലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ, 5300 കോടി രൂപ മാത്രം ചെലവു പ്രതീക്ഷിക്കുന്ന കോവളം–ബേക്കൽ ജലപാത നിർമാണം ഇഴഞ്ഞുനീങ്ങുന്നു. ജലഗതാഗതത്തിനും ചരക്കുനീക്കത്തിനും മാത്രമല്ല, വിനോദസഞ്ചാരമേഖലയ്ക്കും വൻ സാധ്യതയൊരുക്കുന്ന പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതിയെന്ത്?
മൂന്നു വർഷത്തിനകം പൂർത്തിയാക്കുമെന്ന് 2017ൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച കോവളം–ബേക്കൽ ജലപാതയുടെ നിർമാണം ആദ്യഘട്ടത്തിനുശേഷം കിതയ്ക്കുകയാണ്. 2025ൽ പൂർത്തിയാക്കുമെന്നാണ് ഒടുവിൽ നൽകിയ വാഗ്ദാനം. അതു നടപ്പായാൽ ചെലവു കുറഞ്ഞതും പ്രകൃതിസൗഹൃദവുമായ യാത്രാമാർഗമാണു യാഥാർഥ്യമാവുക. തിരുവനന്തപുരം ജില്ലയിലെ കോവളത്തുനിന്നു കാസർകോട് ജില്ലയിലെ ബേക്കൽ വരെ നീളുന്നതാണു പാത. ദേശീയ ജലപാതയിലൂടെയും നിലവിലുള്ള പുഴകളും കനാലുകളും നവീകരിച്ചും ആവശ്യമായിടത്തു പുതിയ കനാൽ നിർമിച്ചും ഒൻപതു ജില്ലകളിലൂടെയാണു ജലപാത കടന്നുപോകുന്നത്. കേരളത്തിന്റെ തെക്ക്–വടക്ക് 620 കിലോമീറ്ററാണു പൂർണമായും ജലമാർഗം സഞ്ചരിക്കാനാവുക.
ജലപാതയുടെ ഭാഗമായി ഭൂമിയേറ്റെടുക്കലിനും പുനരധിവാസത്തിനുമായി 1163.03 കോടി രൂപയുടെ പദ്ധതികൾക്കു സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. കോഴിക്കോട് കനാൽ വികസനത്തിനുള്ള 1180 കോടി രൂപയുടെയും പാർവതി പുത്തനാർ കനാൽ വികസനത്തിനുള്ള 183 കോടി രൂപയുടെയും പദ്ധതികൾ ഭരണാനുമതിക്കായി കിഫ്ബിയുടെ മുൻപിലുണ്ട്. കോഴിക്കോട് കനാൽ വികസനത്തിനു കിഫ്ബിയിൽനിന്നു പണമെടുക്കാൻ മന്ത്രിസഭാ യോഗം അനുമതിയും നൽകി. ഫണ്ട് ലഭിക്കുന്നതോടെ നിശ്ചയിച്ച സമയത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാകുമെന്നു സർക്കാർ കരുതുന്നു. എന്നാൽ സ്ഥലമേറ്റെടുക്കലും പുനരധിവാസവും ചിലയിടങ്ങളിലെങ്കിലും ഇതിനു തടസ്സമാകുന്നുണ്ട്.
കോവളം–ബേക്കൽ ജലപാത ആകെ ദൂരം 620 കിലോമീറ്റർ
കടന്നു പോകുന്ന ജില്ലകൾ: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്
നിലവിൽ യാത്രായോഗ്യം 520 കിലോമീറ്ററെന്ന് സർക്കാർ അവകാശവാദം. ഇതിൽത്തന്നെ പലയിടങ്ങളിലും യാത്രയ്ക്ക് തടസ്സങ്ങളേറെ.ദേശീയ ജലപാത 3ൽ ഉൾപ്പെടുന്നത്: കൊല്ലം– കോഴിക്കോട് ഭാഗം. ദൂരം 328 കിലോമീറ്റർ
പുതുതായി കനാൽ നിർമിക്കേണ്ടത് 32 കിലോമീറ്റർ
ആദ്യഘട്ടം സമർപ്പിച്ചത്: 2021 ഫെബ്രുവരിയിൽ
രണ്ടാം ഘട്ടം പൂർത്തിയാക്കേണ്ടത് 2022ൽ
മൂന്നാം ഘട്ടം പൂർത്തിയാക്കേണ്ടത് 2025ൽ
ചെലവ്
ആദ്യഘട്ടം 300 കോടി
രണ്ടാം ഘട്ടം 2000 കോടി
മൂന്നാം ഘട്ടം 3000 കോടി
ജലപാത വികസിപ്പിക്കുമ്പോൾ
40 മീറ്റർ വീതി, 2.2 മീറ്റർ ആഴം
ജലപാത വഴി വരുന്ന നേട്ടങ്ങൾ
റോഡ് വികസിപ്പിക്കുന്നതിനു വേണ്ടിവരുന്നതിന്റെ നാലിലൊന്നു തുകയ്ക്കു ജലപാത നിർമിക്കാം. അപകടസാധ്യത കുറവ്.
ചെലവു കുറഞ്ഞ ചരക്കു ഗതാഗതം. ഒരു ടൺ ചരക്കു നീക്കാൻ റോഡ് വഴി ഒരു രൂപ ചെലവാകുമ്പോൾ റെയിൽ വഴി 50 പൈസയും ജലപാത വഴി 37 പൈസയും മതിയാകും.
അറ്റകുറ്റപ്പണികൾക്ക് റോഡുകളെ അപേക്ഷിച്ച് അഞ്ചിലൊന്നു തുക മതി
പാചകവാതകം ഉൾപ്പെടെ അപകട സാധ്യതയേറിയ ഉൽപന്നങ്ങൾ സുരക്ഷിതമായി കൊണ്ടുപോകാം
ദേശീയപാതയിലെ വാഹനത്തിരക്ക് കുറയും
വിഴിഞ്ഞം മുതൽ അഴീക്കൽ വരെയുള്ള തുറമുഖങ്ങളെ ജലപാതയുമായി ബന്ധിപ്പിക്കാം
തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ ജലപാതയുമായി ബന്ധിപ്പിക്കാം.
വിനോദസഞ്ചാര മേഖലയിൽ കുതിപ്പ്
വഞ്ചിവീട് പോലെ ജലപാത കേരളത്തിന്റെ പുതിയ ആകർഷണമാകും.
ജലപാതയുടെ ഓരോ 25 കിലോമീറ്ററിലും ടൂറിസ്റ്റ് വില്ലേജുകൾ
പ്രാദേശിക ടൂറിസം വികസനത്തിലൂടെ കൂടുതൽ പേർക്കു തൊഴിൽ
റോഡ് ഗതാഗതത്തെ അപേക്ഷിച്ച് കാർബൺ ബഹിർഗമനം കുറയും,
പരിസ്ഥിതി സൗഹൃദം.
നിലവിലെ തടസ്സങ്ങൾ
പാലങ്ങൾ പൊളിക്കണം
കോട്ടപ്പുറം–കോഴിക്കോട് (ദേശീയ ജലപാത 3) 160 കിലോമീറ്റർ
കോട്ടപ്പുറം–ചാവക്കാട്: ഒരുമനയൂർ ചീർപ്പിന് വീതിയും ഉയരവുമില്ല. ഇതു പുതുക്കിപ്പണിയണം. ചാവക്കാട് പഴയ പാലം, വില്യംസ് പാലം, പുതിയറക്കടവ് പാലം, ചിങ്ങനാത്ത് നടപ്പാലം, വളയന്തോട് പാലം എന്നിവ പുതുക്കിപ്പണിയണം. ചാവക്കാട് ഭാഗത്ത് ബോട്ടിനു കടന്നു പോകാനുള്ള ആഴമില്ല. ചാവക്കാട്–പൊന്നാനി: പൊന്നാനിയിലെ 8 കിലോമീറ്റർ കനോലി കനാലിനു വീതിയും ആഴവുമില്ല. പാലങ്ങൾ പുതുക്കിപ്പണിയണം. പൊന്നാനി–കോഴിക്കോട്: പരപ്പനങ്ങാടി - താനൂർ
നഗരസഭകളെ ബന്ധിപ്പിച്ച് പൂരപ്പുഴയ്ക്കു കുറുകെയുള്ള റെയിൽവേ പാലം ഉയരം കൂട്ടി പുനർനിർമിക്കണം.
ആഴമില്ല; വീതിയും
കോഴിക്കോട്–ബേക്കൽ ( 218 കിലോമീറ്റർ)
കോഴിക്കോട്–വടകര: കല്ലായി–എരഞ്ഞിക്കൽ കനോലി കനാൽ 14 കിലോമീറ്ററിൽ ആഴവും വീതിയുമില്ല. ഡ്രജിങ് നടത്തി ചെളി നീക്കണം. അകലാപ്പുഴ–കുറ്റ്യാടിപ്പുഴ എന്നിവയെ യോജിപ്പിക്കുന്ന പയ്യോളി കനാലിന് (200 മീറ്റർ) ആഴവും വീതിയുമില്ല.
വടകര–വളപട്ടണം: എരഞ്ഞോളി മുതൽ പാനൂർ വരെ 9.2 കിലോമീറ്ററും പാനൂരിനും ധർമടത്തിനും ഇടയിൽ 850 മീറ്ററും ധർമടം മുതൽ വളപട്ടണം വരെ 16 കിലോമീറ്റർ സ്ഥലം ഏറ്റെടുത്ത് കനാൽ നിർമിക്കണം. മാഹി വളപട്ടണം റീച്ചിൽ പാനൂരിനും എരഞ്ഞോളിക്കും മധ്യത്തിലായി മൂന്നര കിലോമീറ്ററോളം ഭാഗത്തെ അലൈൻമെന്റിന്റെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. പരിസ്ഥിതി ആഘാത പഠനത്തിനായി കേരള വാട്ടർവെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനെ (കെ ഡബ്ല്യുഐഎൽ) ചുമതലപ്പെടുത്തി.
വളപട്ടണം–ബേക്കൽ: വളപട്ടണം–നീലേശ്വരം ജലപാത ഗതാഗത യോഗ്യമാണ്. ചിലയിടങ്ങളിൽ ഡ്രജിങ് വേണ്ടിവരും. നീലേശ്വരം പുഴയിലെ പടന്നക്കാട് നമ്പ്യാർക്കൽ റഗുലേറ്റർ പൊളിച്ചു പണിയണം. കോട്ടക്കടവ്–മഡിയൻ (6.5 കിലോമീറ്റർ) തോട് ആഴവും വീതിയും കൂട്ടണം. നീലേശ്വരം–ചിത്താരി പുഴകളെ ബന്ധിപ്പിച്ച് കോട്ടക്കടവ് മുതൽ മഡിയൻ വരെ 6.5 കിലോമീറ്റർ ഏറ്റെടുത്ത് പുതിയ കനാൽ നിർമിക്കണം.
കൊല്ലം–കോട്ടപ്പുറം (ദേശീയ ജലപാത 3) 168 കിലോമീറ്റർ
യാത്രാ ബോട്ടുകൾക്കു തടസ്സമില്ല. കോവിഡിനെത്തുടർന്ന് ബോട്ട് സർവീസ് മുടങ്ങിയതോടെ പലയിടത്തും മണ്ണടിഞ്ഞ് ആഴം കുറഞ്ഞു. ഡ്രജിങ് പുനരാരംഭിച്ചിട്ടില്ല. കൊല്ലം സാമ്പ്രാണിക്കോടി ഭാഗത്ത് ചെളി നിറഞ്ഞ് ആഴം കുറഞ്ഞതിനാൽ ബോട്ടുകൾ കുടുങ്ങാൻ സാധ്യത. ചവറയ്ക്കടുത്ത് കോവിൽതോട്ടം മേൽപാലത്തിന് ഉയരമില്ല. വലിയ ബോട്ടുകൾക്കു കടന്നു പോകാനാകില്ല. ഇത് ഉയരം കൂട്ടി പുതുക്കിപ്പണിയണം.
കായംകുളത്തു നിന്ന് തോട്ടപ്പള്ളിയിലേക്കുള്ള ടിഎസ് കനാലിലെ തൃക്കുന്നപ്പുഴ റഗുലേറ്റർ ബ്രിജിനു വീതി കുറവാണ്. ഷട്ടറിന്റെ വീതി കുറഞ്ഞഭാഗത്തുകൂടെയാണ് നിലവിൽ ബോട്ടുകൾ പോകുന്നത്. മറുവശത്തെ ഷട്ടർ പുതുക്കിപ്പണിയാനുള്ള ജോലികൾ പാതിവഴിയിൽ.
ആലപ്പുഴ–കോട്ടപ്പുറം വരെയുള്ള ജലപാത ഗതാഗതയോഗ്യം.
ആലപ്പുഴ–എറണാകുളം–കോട്ടപ്പുറം ജലപാതയിൽ മീൻപിടിത്തക്കാരുടെ ചീനവലകൾ മൂലമുണ്ടായ തടസ്സങ്ങൾ അധികൃതർ നീക്കിയെങ്കിലും വീണ്ടും വലകൾ എത്തിത്തുടങ്ങി
തൃക്കുന്നപ്പുഴ പാലം, ചീപ്പ് എന്നിവയുടെ പുനർനിർമാണം പൂർത്തിയായില്ല.
ആഴംകൂട്ടൽ പാതിവഴിയിൽ
കോവളം–കൊല്ലം ഭാഗം (74.18 കിലോമീറ്റർ)
കോവളം മുതൽ വേളി വരെയുള്ള പാർവതി പുത്തനാറിലെ പനത്തുറ, കരിക്കകം പാലങ്ങളാണ് പ്രധാന തടസ്സം. രണ്ടു പാലങ്ങളും പൊളിച്ച് ഉയരം കൂട്ടിയാൽ മാത്രമേ ബോട്ടുകൾക്കു കടന്നു പോകാനാകൂ. കയ്യേറ്റമൊഴിപ്പിച്ചു കനാലിന്റെ ആഴവും വീതിയും വർധിപ്പിക്കണം.
വേളി മുതൽ വർക്കല വരെ ഗതാഗതയോഗ്യം
വർക്കലയിലെ 2 തുരങ്കങ്ങൾ (ശിവഗിരി, ചിലകൂർ) വഴിയാണു ജലപാത കടന്നുപോകുന്നത്. 1877, 1880 വർഷങ്ങളിൽ നിർമിച്ചതാണ് ഈ തുരങ്കങ്ങൾ. ശിവഗിരി ടണലിന്റെ നീളം 722 മീറ്റർ. ചിലകൂർ ടണൽ 350 മീറ്റർ. രണ്ടു തുരങ്കങ്ങൾക്കും 4.7 മീറ്റർ വ്യാസമുണ്ട്. തുരങ്കങ്ങൾക്കുള്ളിലെ ചെളി നീക്കി ഗതാഗതയോഗ്യമാക്കി. തുരങ്കങ്ങളിലേക്കു കയറുന്ന ഭാഗത്തും പുറത്തിറങ്ങുന്ന ഭാഗത്തും ചെളിയടിഞ്ഞ് ഗതാഗതയോഗ്യമല്ല. ഇവ നീക്കി കനാലിന്റെ ആഴം കൂട്ടാനുള്ള പ്രവൃത്തി പാതിവഴിയിൽ. വർക്കല മുതൽ കൊല്ലം വരെ ഗതാഗതയോഗ്യം. പാർവതി പുത്തനാർ, വർക്കല എന്നിവിടങ്ങളിലായി കനാൽ കയ്യേറി താമസിക്കുന്ന 1551 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും. 10 ലക്ഷം രൂപയോ ലൈഫ് പദ്ധതിയിൽ വീടോ നൽകാനാണ് സർക്കാർ തീരുമാനം. 247.2 കോടി രൂപ കിഫ്ബിയിൽ നിന്ന് അനുവദിച്ചു ആദ്യഘട്ടമായി 60 കുടുംബങ്ങളെ ഒഴിപ്പിച്ചു.
ആംസ്റ്റർഡാം മാതൃക
നെതർലൻഡ്സിലെ ആംസ്റ്റർഡാം ജലപാതകളുടെ വികസനത്തിൽ കേരളത്തിനുള്ള മികച്ച മാതൃകയാണ്. നമ്മുടെ കുട്ടനാടിനെപ്പോലെ കടൽനിരപ്പിനു താഴെയുള്ള ഭൂപ്രദേശമാണ് ആംസ്റ്റർഡാം. സഞ്ചാരികളുടെ പ്രധാന ആകർഷണം ജലപാതയിലൂടെയുള്ള സഞ്ചാരമായി മാറിക്കഴിഞ്ഞു. ആംസ്റ്റർഡാമിനെ അപേക്ഷിച്ച് എത്രയോ ഇരട്ടി വൈവിധ്യമുള്ളതാകും കേരളത്തിലെ ജലപാത. കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കോവളം, വർക്കല, അഷ്ടമുടിക്കായൽ, ആലപ്പുഴ, കുട്ടനാട്, കുമരകം, കൊച്ചി, മുസിരിസ്, കാപ്പാട്, മാഹി, കവ്വായി, മുഴപ്പിലങ്ങാടി, വളപട്ടണം, ബേക്കൽ വരെയുള്ളവയെല്ലാം ജലപാതയിലോ തൊട്ടടുത്തോ ആണ്. ഒരുപക്ഷേ, ലോകത്തൊരിടത്തും കാണാൻ കഴിയാത്ത വൈവിധ്യങ്ങളുടെ കലവറ. കായംകുളം, മുനമ്പം, കണ്ണൂർ എന്നിവിടങ്ങളിൽ കായലും കടലും ചേരുന്ന ഭാഗങ്ങളിൽ റിവർ–സീ ടെർമിനലുകൾ വഴി ഉൾനാടൻ പാതകളെയും കടൽപാതകളെയും ബന്ധിപ്പിക്കാനുള്ള സാധ്യതകളുമുണ്ട്.
നാളെ: അനുപമം, ഈ ജലഭംഗി
ഗ്രാഫിക്സ്: രോഹിത് ജോസ്
English Summary: Problems in Kovalam- Bakel waterway project