ADVERTISEMENT

ഇമ്രാൻ ഖാന്റെ ആസന്നമായ പതനം അടിവരയിടുന്നത് ഒറ്റക്കാര്യത്തിനാണ്: പാക്ക് രാഷ്ട്രീയത്തിന്റെ പൂർണ നിയന്ത്രണം സൈന്യത്തിനു തന്നെയാണ്. ഇമ്രാനെ വാഴിച്ചതും സൈന്യം, ഇപ്പോൾ വീഴ്ത്തുന്നതും സൈന്യം

പ്രധാനമന്ത്രിക്കസേര ഒഴിയേണ്ടി വരുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും ഇറങ്ങിപ്പോകാൻ ഇമ്രാൻ ഖാൻ ഒട്ടും സന്നദ്ധനല്ല. പിടിച്ചുനിൽക്കാനുള്ള അവസാനവട്ട ശ്രമങ്ങളിലാണ് അദ്ദേഹം. അതിന്റെ ഭാഗമായി, മൂന്നു വർഷം പിന്നിട്ട തന്റെ സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനകൾക്കു പിന്നിൽ ഒരു വിദേശശക്തിയാണെന്ന (അമേരിക്ക) ആരോപണവും അദ്ദേഹം കഴിഞ്ഞദിവസങ്ങളിൽ ഉന്നയിച്ചു. പക്ഷേ, അതുകൊണ്ടൊന്നും ഫലമില്ലാത്ത സ്ഥിതിയിലേക്കു കാര്യങ്ങൾ എത്തിക്കഴിഞ്ഞു. 

സൈനിക അനുഗ്രഹം

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫും (പിടിഐ) അധികാരത്തിലേറിയതു പാക്ക് സൈന്യത്തിന്റെ ആശീർവാദത്തോടെയാണെന്നത് ഒരു രഹസ്യമല്ല. രാജ്യത്തെ പരമ്പരാഗത രാഷ്ട്രീയ ശക്തികളായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിക്കും (പിപിപി) പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസിനും (പിഎംഎൽ–എൻ) ബദലായി ഒരു കക്ഷിയെ സൈന്യം തിരയുകയായിരുന്നു.  ഇമ്രാൻ ഖാനെ വിധേയനും സ്വീകാര്യനുമായി സൈന്യം കണ്ടു. സൈനിക നേതൃത്വം രഹസ്യാന്വേഷണ ഏജൻസിയായ ഇന്റർ സർവീസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) സഹായത്തോടെ ഇമ്രാൻ ഖാനെ അധികാരത്തിലേറ്റാനുള്ള അണിയറ പ്രവർത്തനങ്ങളും നടത്തി.

Pakistan's Prime Minister Imran Khan, right, Army Chief General Qamar Javed Bajwa, attend a military parade to mark Pakistan National Day in Islamabad, Pakistan, Wednesday, March 23, 2022. Pakistanis celebrated their National Day on Wednesday with a military parade in the capital, Islamabad, showcasing this Islamic nation's elite army units and high-tech weaponry, including short, medium, and long-range missiles, tanks, fighter jets and other hardware. AP/PTI(AP03_23_2022_000203A)
പാക്ക് കരസേനാമേധാവി ജനറൽ ഖമർ ജാവേദ് ബജ്‍വയ്ക്കൊപ്പം ഇമ്രാൻ ഖാൻ കഴിഞ്ഞയാഴ്ച സൈനിക പരേഡിൽ പങ്കെടുത്തപ്പോൾ. ചിത്രം:എപി

മധുവിധു രണ്ടുവർഷം

സൈന്യവുമായുള്ള ഇമ്രാൻ ഖാന്റെ സ്നേഹം രണ്ടു വർഷം നീണ്ടു. സൈന്യവും സർക്കാരും തമ്മിൽ ഏറ്റവും മികച്ച ബന്ധമാണുള്ളതെന്നും ഇമ്രാൻ ഖാൻ പാക്കിസ്ഥാൻ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയാണെന്നും അക്കാലത്ത് ബാങ്കോക്കിൽ നടന്ന സമ്മേളനത്തിനിടെ, റിട്ട. പാക്ക് ജനറൽമാർ പറഞ്ഞതു ഞാൻ ഓർമിക്കുന്നു. അവർ തമാശരൂപേണ ഇങ്ങനെയും പറഞ്ഞു: ‘‘ പാക്കിസ്ഥാനിൽ രണ്ട് അധികാര കേന്ദ്രങ്ങളുണ്ടെന്നാണല്ലോ നിങ്ങൾ ഇന്ത്യക്കാരുടെ സ്ഥിരം പരാതി. അതിനാൽ, അവരിൽ ആരോടു  സംസാരിക്കണമെന്നു നിങ്ങൾക്ക് അറിയില്ലെന്നും. ആ ധർമസങ്കടം ഇനിയില്ല; നിങ്ങൾക്ക് ഇമ്രാൻ ഖാനോടു ധൈര്യമായി സംസാരിക്കാം. റാവൽപിണ്ടിയിൽ (പാക്ക് സൈനിക ആസ്ഥാനം) ആ സന്ദേശമെത്തിക്കൊള്ളും’’.  അവർക്കു തെറ്റിപ്പോയി. ആ സംവിധാനം രണ്ടു വർഷമേ സുഗമമായി പ്രവർത്തിച്ചുള്ളൂ. 

പാക്ക് സേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയ്ക്ക് ഇമ്രാൻ ഖാനുമായി മികച്ച ബന്ധമാണുണ്ടായിരുന്നത്. മറ്റു പല വിഷയങ്ങൾക്കുമൊപ്പം അഫ്ഗാനിസ്ഥാനിലും ഇമ്രാൻ സർക്കാരും സൈന്യവും യോജിച്ചു പ്രവർത്തിച്ചു. അവിടെ യുഎസ്– നാറ്റോ സഖ്യത്തെ തുരത്തി താലിബാനെ അധികാരത്തിലേറ്റി. എന്നാൽ, അധികാരം പിടിച്ചശേഷം അഫ്ഗാനിൽ എന്തുചെയ്യണമെന്ന കാര്യത്തിൽ താലിബാനോ പാക്കിസ്ഥാനിലെ അവരുടെ രക്ഷിതാക്കൾക്കോ ധാരണയുണ്ടായിരുന്നില്ലെന്നതു വേറെ കാര്യം. 

അഫ്ഗാനിൽ ഭരണം മുന്നോട്ടു കൊണ്ടുപോകാൻ സഹായിക്കുന്ന പിന്തുണയും സാമ്പത്തിക സഹായവും നൽകാൻ ഇതുവരെ ആരും രാജ്യാന്തര സമൂഹത്തിൽനിന്നു മുന്നോട്ടു വന്നിട്ടില്ല. ചൈനയും റഷ്യയും അവിടെ സജീവമാണ്– എന്നാൽ തിരിച്ച് എന്തെങ്കിലും കിട്ടുമെന്ന് ഉറപ്പില്ലാതെ ആർക്കും ചില്ലിക്കാശു പോലും കൊടുക്കുന്ന കൂട്ടത്തിലല്ല ചൈന. റഷ്യയാകട്ടെ യുക്രെയ്നിൽ യുദ്ധം ചെയ്യാൻപോയി വശംകെട്ടു നിൽക്കുന്നു. 

nawas
നവാസ് ഷരീഫ്, ഷഹബാസ് ഷരീഫ്

പാക്കിസ്ഥാനിലേക്കു തിരിച്ചുവരാം. രാജ്യത്തു തനിക്കുള്ള ജനപ്രീതി രക്ഷിക്കുമെന്ന പ്രതീക്ഷയിൽ ഇമ്രാൻ ഖാൻ മസിലുരുട്ടാൻ തുടങ്ങിയതോടെയാണു സൈന്യത്തിന്റ മുഖം ചുവന്നത്. ഇമ്രാന്റെ മുൻഗാമികൾക്കു സംഭവിച്ച അതേ വീഴ്ച തന്നെ. പാക്കിസ്ഥാനിൽ ഇമ്രാന്റെ ജനപ്രീതിക്ക് ഇപ്പോഴും കാര്യമായ ഇടിവൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ, റാവൽപിണ്ടിയിൽ അനഭിമതനായതോടെ ജനപ്രീതിക്കു വിലയില്ലാതായി.

എന്തായിരുന്നു ഇമ്രാൻ ഖാൻ ഒടുവിൽ ചെയ്ത കുറ്റം ? രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ തലവന്റെ നിയമനത്തിൽ തന്റെ മുദ്ര പതിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. സാങ്കേതികമായി ഐഎസ്ഐ തലവനെ നിയോഗിക്കുന്നതു പ്രധാനമന്ത്രിയാണെങ്കിലും, യഥാർഥത്തിൽ സേനാ മേധാവി നൽകുന്ന ശുപാർശയിൽ ഒപ്പുവയ്ക്കുക മാത്രമാണു പ്രധാനമന്ത്രിയുടെ റോൾ. ഈ ഒപ്പിടൽ ഇമ്രാൻ ഖാൻ വളരെ ഗൗരവത്തിലെടുത്തതാണു പ്രശ്നമായത്. ജനറൽ ബജ്‌വയ്ക്ക് അതു പിടിച്ചില്ല. അതിനാൽ പാക്ക് പാർലമെന്റായ ദേശീയ അസംബ്ലിയിലെ അവിശ്വാസപ്രമേയ നാടകം കുറച്ചുദിവസംകൂടി ഓടും. പക്ഷേ, അന്ത്യരംഗം വ്യക്തമാണ്: ഇമ്രാന്റെ അതിജീവനത്തിനു സാധ്യത തീരെയില്ല. 

മറക്കരുതാത്ത പാഠം

ഇമ്രാൻ ഖാൻ കഥയിലെ പാഠം ഇതാണ്– പാക്കിസ്ഥാൻ ഭരിക്കുന്നതു സൈന്യമാണ്. രാഷ്ട്രീയക്കാർ വരും, പോകും. പക്ഷേ, സ്റ്റേറ്റിന്റെ രക്ഷിതാവ് സൈന്യമാണ്. അവർ ഇക്കാര്യം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഇപ്പോഴത്തെ സേനാമേധാവിയുടെ നീണ്ട കാലയളവിനിടെ, 1999ൽ ജനറൽ പർവേശ് മുഷറഫ് ചെയ്തതുപോലെ അട്ടിമറിയിലൂടെ സൈന്യം ഒരിക്കൽകൂടി അധികാരം പിടിക്കുമെന്ന ശ്രുതി കുറെക്കാലം ഉയർന്നിരുന്നു. എന്നാൽ, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യത്തിന്റെ ഭരണമേറ്റെടുക്കാൻ സൈന്യം താൽപര്യം കാട്ടിയില്ല. ഭരണം പിടിച്ചാൽ, സാമ്പത്തിക പ്രശ്നങ്ങളുടെ മുഴുവൻ പഴിയും പൊതുജനം സൈന്യത്തിനുമേൽ ചൊരിയും. പരോക്ഷമായി ഭരണം നിയന്ത്രിക്കാൻ വഴിയുള്ളപ്പോൾ അട്ടിമറിക്കു മെനക്കെടേണ്ടതില്ലെന്നാണു സൈനിക നേതൃത്വം തീരുമാനിച്ചത്. 

happymon
ഹാപ്പിമോൻ

പാക്കിസ്ഥാനിലെ മാറ്റങ്ങൾ ഇന്ത്യയെ എങ്ങനെയാണു ബാധിക്കുക? എന്റെ അഭിപ്രായത്തിൽ, ഇന്ത്യയ്ക്ക് ഇതു കാര്യമായ ഒരു പ്രശ്നവും ഉണ്ടാക്കില്ല. നവാസ് ഷരീഫിന്റെ സഹോദരനായ ഷഹബാസ് ഷരീഫാണു പ്രധാനമന്ത്രിയാകുന്നതെങ്കിൽ ഇന്ത്യയുമായുള്ള ബന്ധം അത്ര മോശമാകാനും വഴിയില്ല. കാരണം നവാസുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നല്ല ബന്ധമാണുള്ളത്. (നവാസ് ഷരീഫ് ലണ്ടനിൽ പ്രവാസത്തിലാണ്). 

എന്തായാലും, പാക്കിസ്ഥാന്റെ ഇന്ത്യാനയം രൂപപ്പെടുത്തുന്നതും നടപ്പാക്കുന്നതും സർവാധികാരികളായ പാക്ക് സൈന്യമാണ്. സേനാ മേധാവി ജനറൽ ബജ്‌വ ( 2019 ഓഗസ്റ്റിലാണ് ഇമ്രാൻ ഖാൻ അദ്ദേഹത്തിന്റെ കാലാവധി നീട്ടിക്കൊടുത്തത്) പറയാറുള്ളത് പാക്കിസ്ഥാന്റെ സാമ്പത്തിക വികാസമാണു സുപ്രധാനമെന്നാണ്. അതിന് ഇന്ത്യയുമായി സമാധാനം ഉണ്ടാകണമെന്നും. നവംബറിലാണു ബജ്‌വയുടെ കാലാവധി തീരുക. അതുവരെയെങ്കിലും പാക്കിസ്ഥാന്റെ ഇന്ത്യാനയത്തിൽ മാറ്റമുണ്ടാകില്ല.

(ജെഎൻയുവിൽ അസോഷ്യേറ്റ് പ്രഫസറാണ് ലേഖകൻ)

English Summary: Pakistan politics: Imran Khan and  Military

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com