പുകഴ്ത്തിയാൽ പുറത്തുചാടുന്ന മീനുകൾ
Mail This Article
നത്തോലി ഒരു ചെറിയ മീനല്ല എന്ന സിനിമാപ്പേര് ഓർക്കുന്നവർ ഇപ്പോൾ തിരിച്ചറിയുകയാണ്, നത്തോലി മാത്രമല്ല തിരുതയും ഒരു ചെറിയ മീനല്ല. കരിമീനും ചെമ്മീനും കഴിഞ്ഞാൽ കേരളത്തിൽനിന്ന് ഇത്രയധികം വിമാനയാത്ര നടത്താൻ ഭാഗ്യം ലഭിച്ച മറ്റൊരു മീനില്ല. കൂടുതൽ യാത്ര ചെയ്തവർക്കുള്ള അവാർഡ് നൽകി തോമസ് മാഷിനെയും തിരുതയെയും ഒരുമിച്ചാണത്രേ എയർ ഇന്ത്യ ആദരിച്ചത്. അങ്ങു ഡൽഹിയിൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ വമ്പൻ സ്രാവുകളെപ്പോലും വരച്ചവരയിൽ നിർത്തിയിട്ടുണ്ട് തിരുത. തിരുതയിലൂടെ അടുക്കളയിലേക്ക്, അടുക്കളയിൽനിന്നു രാഷ്ട്രീയ അരങ്ങിലേക്ക് എന്നതാണു ഡൽഹിയിൽ മാഷ് പയറ്റിയ തന്ത്രമെന്നു മുൻപ് എതിരാളികളായിരുന്ന ഇപ്പോഴത്തെ പുത്തൻ കൂട്ടുകാരും പറയും. ആമാശയത്തിലൂടെ ഹൃദയത്തിലേക്കു കയറുന്ന രസതന്ത്രം തേവര കോളജിലെ രസതന്ത്രം അധ്യാപകനായിരുന്ന മാഷ് കുമ്പളങ്ങിയിലെ ലാബിൽ പ്രത്യേകം വികസിപ്പിച്ചെടുത്തതാണ്.
അഞ്ചുതവണ എംപിയും രണ്ടുതവണ എംഎൽഎയും കേന്ദ്രത്തിലും കേരളത്തിലും മന്ത്രിയുമായിരുന്നിട്ടും ഒടുവിൽ മാഷിന്റെ സങ്കടം മത്സ്യസമ്പത്തല്ലാതെ മറ്റൊരു സമ്പത്തും തനിക്കില്ലെന്നതാണ്! അതുകൊണ്ടാണു താനൊരു പാവം മത്സ്യത്തൊഴിലാളിയെന്ന് ഈ വൈകിയ വേളയിലെങ്കിലും ഓർമിച്ചത്.
സിപിഎം സെമിനാറിനു പോകണമെന്നു മാഷ് പറഞ്ഞപ്പോൾ, മാഷിപ്പോൾ പോകേണ്ടെന്നാണു കെപിസിസി പറഞ്ഞത്. ‘അതെന്താ ഞാൻ കൂടെ പോയാലെന്ന്’ മണിച്ചിത്രത്താഴ് സ്റ്റൈലിൽ ചോദിച്ച മാഷിന്റെയുള്ളിൽ ഉറങ്ങിക്കിടന്ന നാഗവല്ലിയെ ഹൈക്കമാൻഡും കണ്ടില്ല. ‘നീ എന്നെ പോക വിടമാട്ടേൻ’ എന്നു തമിഴിലും ‘തൂ മുച്ഛേ നഹി ജാനേ ദോഗേ’ എന്ന് അറിയാവുന്ന ഹിന്ദിയിലും കത്തെഴുതിച്ചോദിച്ചിട്ടും വഴങ്ങിയില്ല. ചെമ്മീൻ ചാടിയാൽ മുട്ടോളം, പിന്നേം ചാടിയാൽ ചട്ടീലെന്നേ കോൺഗ്രസ് കരുതിയുള്ളൂ. പക്ഷേ, ആരുടെ ചട്ടിയിലാണു ചാടേണ്ടതെന്നു താൻ തീരുമാനിച്ചോളാമെന്നു മാഷ് പറഞ്ഞതോടെ വിലക്കിനു മീൻതലയുടെ വില പോലുമില്ലാതായി. ഫ്രഞ്ച് ചാരത്തിൽനിന്നു പോലും ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്നു വന്ന മാഷിനാണോ വിലക്കിനെ പേടി?. ഉണ്ട ചോറിനു നന്ദി കാണിച്ചില്ലല്ലോ എന്നു ചോദിക്കാൻ ആർക്കുമാവില്ല. തിന്ന മീനിന്റെ കണക്ക് മാഷ് ചോദിച്ചാൽ കുടുങ്ങും. തിരുതയ്ക്കു മാർക്കറ്റിൽ 650 രൂപയാണു വില.
മത്സ്യംകൊണ്ടു മാഷ് ബന്ധിച്ചവർ എല്ലാ പാർട്ടികളിലുമുണ്ട്. കൊച്ചിക്കായലിന്റെ അടിയിൽ കൂടിയായിരുന്നു അന്തർധാരയെന്നതിനാൽ അധികമാരും കണ്ടില്ലെന്നു മാത്രം. കുമ്പളങ്ങിയിലെ മാഷിന്റെ വീട്ടിൽ ചൂണ്ടയിടാൻ യച്ചൂരി പോലും വന്നിട്ടുണ്ട്. എന്നാൽ, ഒരു ചൂണ്ടയിലും ഇക്കാലമത്രയും മാഷ് കുരുങ്ങിയിട്ടില്ല. ഒന്നൊഴിയാതെ പദവികൾ സ്വന്തം കുളത്തിൽ തന്നെ കിട്ടുമ്പോൾ, ഇര തേടി വേറെ ചൂണ്ടയിൽ കൊത്തേണ്ട കാര്യമില്ലല്ലോ. ലോക്സഭാ സീറ്റിനു പിന്നാലെ രാജ്യസഭാ സീറ്റ് കൂടി കിട്ടാതായപ്പോഴാണു പുതിയ ചൂണ്ടയിൽ ഒന്നു കൊത്തിക്കളയാം എന്നു മാഷ് വിചാരിച്ചത്.
പുകച്ചു പുറത്തുചാടിക്കലല്ല, പുകഴ്ത്തി പുറത്തുചാടിക്കലാണ് ഇപ്പോൾ സിപിഎമ്മിന്റെ രീതി. നെഹ്റുവിയൻ പാരമ്പര്യമുള്ള നേതാവാണു മാഷെന്നു കണ്ടെത്തിയത് എം.എ.ബേബിയാണ്. കരുണാകരന്റെ വികസന കാഴ്ചപ്പാടിനെ പുകഴ്ത്തി കോടിയേരി നാവ് വായിലേക്കിട്ടിട്ടു രണ്ടാഴ്ച തികഞ്ഞിട്ടില്ല. നെഹ്റുവിന്റെ പഞ്ചവത്സര പദ്ധതി പഞ്ഞവത്സര പദ്ധതിയാണെന്നു കളിയാക്കിയവരാണ്. ജീവിച്ചിരുന്ന കാലത്തു കരുണാകരനെ കരിങ്കാലിയെന്നല്ലാതെ വിളിച്ചിട്ടുമില്ല. പാർട്ടി കോൺഗ്രസിനോടനുബന്ധിച്ചുള്ള മരണാനന്തര ബഹുമതിയായിരിക്കാം ഈ നിലപാട് മാറ്റം. പണ്ടൊരു ചരമപ്രസംഗം കേട്ടു കണ്ണുതള്ളി അമ്മ മക്കളോടു ചോദിച്ചത്രേ, ‘ആ പെട്ടിയിൽ കിടക്കുന്നതു നമ്മുടെ അപ്പൻ തന്നെയല്ലേ എന്നൊന്നു നോക്കിക്കേ മക്കളേ’ എന്ന്. അമ്മാതിരി പുകഴ്ത്തലായിരുന്നു പ്രസംഗത്തിൽ. ‘തിരുത തോമാ’ എന്നു വിളിച്ചവർ ‘നെഹ്റു തോമാ’യെന്നു മാറ്റി വിളിക്കുമ്പോൾ മാഷ് ഒന്നു കണ്ണാടി നോക്കണം, ഇതു താൻ തന്നെയാണോയെന്നു തിരിച്ചറിയാൻ. സ്ഥാപക നേതാവായ വിഎസിനെ ഓൺലൈനിൽ പോലും പങ്കെടുപ്പിക്കാതെ, പാർട്ടി കോൺഗ്രസിലേക്ക് ഇത്ര കഷ്ടപ്പെട്ടു കോൺഗ്രസ് നേതാവിനെ എത്തിച്ച സിപിഎമ്മും ഇടയ്ക്കൊന്നു കണ്ണാടി നോക്കുന്നതു നല്ലതാണ്. മലമുകളിൽ കുരിശേറും മുമ്പു ഗത്‌സമേനിൽ പ്രാർഥിക്കുന്ന ക്രിസ്തുവിന്റെ ചിത്രമാണു മാഷിനു വേദിയിൽ സമ്മാനിച്ചത്. ഒപ്പം കൂടിയവരാരും, കുരിശിൽ കയറുമ്പോൾ ക്രിസ്തുവിന്റെ കൂടെയുണ്ടായിരുന്നില്ലെന്നു ബൈബിൾ അറിയാവുന്ന മാഷിനു പറഞ്ഞു കൊടുക്കേണ്ടതില്ലല്ലോ.
കേരള ലൈനിലേക്ക് വളയുന്ന കേന്ദ്ര ലൈൻ
പാർട്ടിക്കൊരു രാഷ്ട്രീയ ലൈൻ ഉണ്ടാക്കാനാണു സിപിഎം പാർട്ടി കോൺഗ്രസ് നടത്തിയത്. കേന്ദ്രനേതൃത്വം ഒരു വര വരച്ചാൽ അതിനപ്പുറം പോകുമായിരുന്നില്ല അടുത്തകാലം വരെ പാർട്ടി. ഇന്നും കേന്ദ്രനേതൃത്വം ലൈൻ വരയ്ക്കാറുണ്ട്. പക്ഷേ, എവിടെ വരയ്ക്കണമെന്നു കേരള ഘടകം തീരുമാനിക്കുമെന്നു മാത്രം. സിൽവർലൈനിലെ പാർട്ടി ലൈൻ പാർട്ടി കോൺഗ്രസിൽ മാറ്റി വരയ്ക്കേണ്ടിവന്നത് അങ്ങനെയാണ്.
ആദ്യം പഠനം, പിന്നെ പദ്ധതി എന്നായിരുന്നു യച്ചൂരിയുടെ ലൈൻ. പഠനമെന്തായാലും പദ്ധതി നടക്കുമെന്ന ലൈൻ പിണറായി പ്രഖ്യാപിച്ചു. അതു പിണറായിയുടെ ആഗ്രഹമാണെന്ന്, വരച്ച ലൈനിന്റെ മുകളിൽ കൂടി യച്ചൂരി ആഞ്ഞുവരച്ചു. കേരളഘടകം കണ്ണുരുട്ടിയതോടെ മുട്ടിടിച്ച യച്ചൂരി, തന്റെ ലൈൻ വളച്ച് പിണറായിയുടെ ലൈനിൽ മുട്ടിച്ച ശേഷം പ്രഖ്യാപിച്ചു– ‘സിൽവർലൈനിൽ പാർട്ടിക്ക് ഒറ്റ ലൈൻ മാത്രം.’ സിൽവർലൈനിന്റെ അലൈൻമെന്റ് വളയ്ക്കാനും തിരിക്കാനും സമ്മതിക്കില്ലെങ്കിലും കേന്ദ്രനേതൃത്വത്തിന്റെ ലൈൻ എങ്ങോട്ടുവേണമെങ്കിലും വളയ്ക്കാൻ പിണറായിക്കു നിഷ്പ്രയാസമാകും.
ദേശീയതലത്തിൽ ബിജെപിക്കെതിരെയുള്ള കൂട്ടായ്മയിൽ കോൺഗ്രസും വേണമെന്നതായിരുന്നു പാർട്ടി ലൈൻ. ഇത്തവണയും ഈ ലൈൻ യച്ചൂരി മുറുകെപ്പിടിച്ചെങ്കിലും കോൺഗ്രസിനോടു കൂട്ടു വെട്ടുകയെന്നതാണു കേരളഘടകത്തിന്റെ ലൈൻ. അവിടെയും യച്ചൂരിക്കു ലൈൻ വളയ്ക്കേണ്ടിവന്നു.
പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുത്തുണ്ടം തിന്നണമെന്നാണ്. തമിഴ്നാട്ടിൽ സിപിഎം സംസ്ഥാന സമ്മേളനത്തിനു ചെന്ന യച്ചൂരിയും അത്രയേ ചെയ്തുള്ളൂ. ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണെന്നു വച്ചുകാച്ചി. തമിഴ് സഖാക്കൾ യച്ചൂരിക്കും സ്റ്റാലിനും ഒരുമിച്ചുചേർത്ത് ‘വാഴ്ക തലൈവർ’ മുദ്രാവാക്യവും മുഴക്കി.
സംഗതി പാളിയതു കേരളത്തിൽ വന്നപ്പോഴാണ്. ബിജെപി വിരുദ്ധചേരിയിലെ ഏറ്റവും സ്വീകാര്യനായ ജനകീയ മുഖ്യൻ സ്റ്റാലിനാണെങ്കിൽ പിന്നെ ക്യാപ്റ്റനെന്നും കാരണഭൂതനെന്നുമൊക്കെ വിളിച്ചു പാവം പിണറായിയെ പറ്റിച്ചതെന്തിനാണ്? നരേന്ദ്രമോദിയെ പേരെടുത്തു പറഞ്ഞു വിമർശിക്കുന്നില്ലെന്നും കണ്ടാൽ കെട്ടിപ്പിടിക്കുന്നെന്നും കരുതി അദ്ദേഹം ബിജെപി വിരുദ്ധനല്ലാതാകുമോ? കൈവിട്ടു പോകുമെന്നായതോടെ, യച്ചൂരി വീണ്ടും ലൈൻ വളച്ചു. സ്റ്റാലിനെക്കുറിച്ചു താനൊന്നും പറഞ്ഞിട്ടേയില്ലെന്നായി പുതിയ ലൈൻ. മോന്തായം വളഞ്ഞാൽ എല്ലാം വളയുമെന്നു ഓർമിച്ചുമില്ല.
കെഎസ്ഇബിയിൽ തുടരുന്ന കോമഡി മത്സരം
വൈദ്യുതി ബോർഡ് ജീവനക്കാർക്കായി കെഎസ്ഇബി ഈയിടെ സ്റ്റാൻഡ് അപ് കോമഡി മത്സരം സംഘടിപ്പിച്ചിരുന്നു. ‘എന്റെ കറന്റ് ഓഫിസ് അനുഭവങ്ങൾ’ എന്നതായിരുന്നു കോമഡി അവതരിപ്പിക്കാൻ നൽകിയ വിഷയം. ഈ കോമഡി മത്സരത്തിന്റെ അവസാനറൗണ്ടാണ് ഏതാനും ദിവസങ്ങളായി കെഎസ്ഇബിയിൽ നടക്കുന്നത്.
അനുഭവങ്ങൾ എത്ര കണ്ടു തീവ്രമാകുമോ, അത്ര കണ്ടു തമാശയുണ്ടാക്കാനുമാകും. അതിനു വേണ്ടിയാണു ജീവനക്കാർ ചെയർമാന്റെ മുറിയിൽ അതിക്രമിച്ചു കയറി ബഹളം വച്ചതും കരിദിനമാചരിച്ചതും സമരം ചെയ്തതുമൊക്കെ. അനുഭവങ്ങൾ കുറച്ചുകൂടി തീവ്രമാക്കാൻ ഇടയ്ക്കിടെ നാട്ടുകാരുടെ കറന്റും കളഞ്ഞു. ജീവനക്കാർക്കെല്ലാമുള്ള മത്സരമാകുമ്പോൾ ചെയർമാനും പങ്കെടുക്കാമല്ലോ. അസോസിയേഷൻ നേതാക്കളെ ഒന്നിനുപിറകെ ഒന്നായി സസ്പെൻഡ് ചെയ്തുകൊണ്ട് ഓഫിസ് അനുഭവങ്ങളിൽ പരമാവധി കോമഡി കൊണ്ടുവരാൻ ചെയർമാനും ശ്രമിച്ചു. സമ്മാനം പ്രഖ്യാപിക്കുന്നതുവരെ വാശിയേറിയ മത്സരം നടക്കും.
ഇതൊന്നുമറിയാതെയാണു മന്ത്രിയെയും ചെയർമാനെയും കൊള്ളില്ലെന്നൊക്കെ മണിയാശാൻ തട്ടിവിടുന്നത്. താൻ മന്ത്രിയായിരുന്നപ്പോൾ മണി മണി പോലെ ഭരിച്ച വകുപ്പാണെന്നും മണിയാശാൻ പറയുന്നു.
അങ്ങനെ കൊള്ളാത്ത കക്ഷിയൊന്നുമല്ല കൃഷ്ണൻകുട്ടി. പേരിൽ കുട്ടിയുണ്ടെങ്കിലും ഇടഞ്ഞിട്ടുള്ളതെല്ലാം കൊമ്പൻമാരോടാണ്. പാർട്ടിയിലും പാലക്കാട് രാഷ്ട്രീയത്തിലെ ബലാബലത്തിലും എത്ര കൊമ്പൻമാരെ തറപറ്റിച്ചിരിക്കുന്നു. ചിറ്റൂരിൽ മദമിളകിയ കൊമ്പനെ ചൂണ്ടുമർമം കൊണ്ടു തളച്ചയാളാണ്. ഉന്നം തെറ്റാത്ത വെടിക്കാരനുമാണ്. നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താൻ വൈദ്യുതി വേലി കെട്ടിയതു മുതൽ തുടങ്ങുന്നു മന്ത്രിയുടെ വൈദ്യുതിബന്ധം. മദമിളകിയ കൊമ്പനെ തളച്ച വിദ്യ ഇപ്പോഴും കയ്യിലുണ്ട്. കൂടുതൽ മദം പൊട്ടിയതാർക്കെന്ന് അറിയാത്തതുകൊണ്ടു മാത്രമാണു തോക്കെടുക്കാത്തത്. എന്തായാലും തമാശകളിയും മത്സരവും കഴിയുമ്പോൾ ഒരു സമ്മാനദാനമുണ്ടാകണമെന്നു ജനം ആഗ്രഹിക്കുന്നുണ്ട്. അവരാണല്ലോ ബില്ലടയ്ക്കുന്നതും ശമ്പളം കൊടുക്കുന്നതും!
സ്റ്റോപ് പ്രസ്
കൊൽക്കത്ത പ്ലീനം നിർദേശിച്ച തെറ്റുതിരുത്തൽ വിജയിച്ചില്ലെന്നു സിപിഎം രാഷ്ട്രീയ സംഘടനാ റിപ്പോർട്ട്. ചെയ്ത തെറ്റിനല്ലേ കുമ്പസാരിക്കാനാകൂ; ചെയ്യാനിരിക്കുന്ന തെറ്റിന് അതു പറ്റില്ലല്ലോ.
English Summary: CPM Party congress 2022, Silverline project, KSEB Crisis