ADVERTISEMENT

മാറിമാറി വരുന്ന മന്ത്രിസഭകളിലെ കൃഷിമന്ത്രിമാർ, കേരളത്തിൽ പച്ചക്കറിയും നെല്ലും ഉൾപ്പെടെ കാർഷികോൽപാദനം കൂടിയെന്ന് അവകാശവാദമുന്നയിക്കാറുണ്ട്. എല്ലായ്പോഴും അനുഭവം മറിച്ചാണെന്നു മാത്രം. ഓണത്തിനും മറ്റും ഹോർട്ടികോർപ് സംഭരിക്കുന്ന പച്ചക്കറിയുടെയും പഴങ്ങളുടെയും സിംഹഭാഗവും തമിഴ്നാടും കർണാടകയും പോലുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നാണ്. കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിൽനിന്നു ഗൾഫിലേക്കു പ്രതിദിനം കയറ്റുമതി ചെയ്യുന്ന 150 ടണ്ണോളം പച്ചക്കറിയുടെ 90 ശതമാനം വരുന്നതും തമിഴ്നാട്ടിൽ നിന്നുതന്നെ. 

ഇപ്പോഴിതാ കേരള വിപണി ലക്ഷ്യമിട്ടു തമിഴ്നാട് സർക്കാർ അതിർത്തി ജില്ലകളിൽ പച്ചക്കറി സംഭരണകേന്ദ്രങ്ങൾ തുറക്കുന്നു. കഴിഞ്ഞ മാർച്ചിൽ തമിഴ്നാട് കൃഷിമന്ത്രി അവതരിപ്പിച്ച കാർഷിക ബജറ്റിൽ ഇക്കാര്യം പ്രത്യേകം പറയുന്നുണ്ട്. കോയമ്പത്തൂർ, തേനി, കളിയിക്കാവിള എന്നീ അതിർത്തികളിലാണു പച്ചക്കറി സംഭരണ കേന്ദ്രങ്ങൾ വരിക. തമിഴ്നാട്ടിലെ കർഷകർക്ക് അതുകൊണ്ടുള്ള നേട്ടം മനസ്സിലാക്കിത്തന്നെയാണ് ഈ നീക്കം. കയറ്റുമതിക്കാർക്കു മാത്രമല്ല, കേരളത്തിലെ പച്ചക്കറി മൊത്തക്കച്ചവടക്കാർക്കും ഇനി ഈ കേന്ദ്രങ്ങളിൽനിന്നു നേരിട്ടു പച്ചക്കറി വാങ്ങാം. നിലവിൽ തിരുച്ചിറപ്പള്ളിയിലും തേനിയിലും നാഗർകോവിലിലും പോയി ശേഖരിക്കുന്നത് ഇനി കുറച്ചുകൂടി സൗകര്യപൂർവം അതിർത്തിയിലേക്കു വരികയാണ്.

കേരളത്തിലെ പച്ചക്കറി കയറ്റുമതി അസോസിയേഷനും ചേംബർ പ്രതിനിധികളും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ നേരിട്ടുകണ്ട് ഉന്നയിച്ച ആവശ്യത്തിന് പെട്ടെന്നുതന്നെ നടപടി ഉണ്ടാവുകയായിരുന്നു. മുഖ്യമന്ത്രിയുമായുള്ള യോഗത്തിൽ തമിഴ്നാട് ചീഫ് സെക്രട്ടറിയും കൃഷിവകുപ്പു സെക്രട്ടറിയും മറ്റും പങ്കെടുത്തു എന്നതിൽനിന്നുതന്നെ അവർ ഇക്കാര്യത്തിനു നൽകുന്ന പ്രാധാന്യം മനസ്സിലാക്കാം. ആവശ്യങ്ങളോട് ഉടൻ ക്രിയാത്മകമായി പ്രതികരിക്കുന്ന രീതി കേരളം തമിഴ്നാടിൽ നിന്നു പഠിക്കേണ്ട സ്ഥിതിയാണ്. കേരളത്തിൽ കയറ്റുമതിക്കാരുടെ പ്രശ്നങ്ങൾക്ക് ഇന്നുവരെ ഇത്രവേഗത്തിൽ പ്രതികരണം ഉണ്ടായിട്ടില്ല. കൃഷി വകുപ്പ് ഇന്നുവരെ അവരുടെ യോഗംവിളിച്ചിട്ടു പോലുമില്ല.

എന്തുകൊണ്ടു കയറ്റുമതിക്കാർ തമിഴ്നാട്ടിലേക്കു പോകുന്നു? കേരളത്തിൽ പാവയ്ക്കയും കോവയ്ക്കയും പോലും ആവശ്യത്തിനു കിട്ടാനില്ലത്രേ. കിട്ടിയാലും നിശ്ചിത ഗുണനിലവാരം ഉണ്ടാകണമെന്നില്ല. വിപണിയിലെ അനുഭവവും കൃഷി വകുപ്പിന്റെ വീരവാദങ്ങളും തമ്മിലുള്ള അന്തരം വളരെ പ്രകടം. അവകാശവാദങ്ങൾക്കിടയിലും, ഓരോ വർഷവും ആസൂത്രണ ബോർഡ് പുറത്തിറക്കുന്ന സാമ്പത്തിക അവലോകനത്തിൽ പച്ചക്കറിയുടെയും നെല്ലിന്റെയും മറ്റും ഉൽപാദനം കുറഞ്ഞു വരുന്ന കണക്കുകളുമാണുള്ളത്.

A farmer washes vegetables to be sent for sale after a harvest near a farm land along the banks of river Yamuna in New Delhi on December 22, 2021. (Photo by Sajjad HUSSAIN / AFP)
A farmer washes vegetables to be sent for sale after a harvest near a farm land along the banks of river Yamuna in New Delhi on December 22, 2021. (Photo by Sajjad HUSSAIN / AFP)

അതിർത്തികളിൽ തമിഴ്നാട് സർക്കാർ പൊതു–സ്വകാര്യ പങ്കാളിത്തത്തിലൂടെ സ്ഥാപിക്കുന്ന കാർഷികോൽപന്ന സംഭരണ കേന്ദ്രങ്ങൾകൂടി വരുന്നതോടെ കേരള വിപണി പൂർണമായി കേരള കർഷകർക്കു നഷ്ടപ്പെടുന്ന സ്ഥിതിയാവും. വിപണിയുണ്ടെങ്കിൽ, ലാഭം കിട്ടുമെങ്കിൽ, കൃഷി ചെയ്യാനും ആളുണ്ട്. പക്ഷേ, കേരളത്തിലെ സ്ഥിതി മറിച്ചായതുകൊണ്ടാണ് കൃഷിയിൽനിന്നു കർഷകർ അകലുന്നത്. ഈ ദുഃസ്ഥിതിക്കു പരിഹാരം കണ്ടേ മതിയാകൂ. 

കയറ്റുമതിക്കാർക്കും മൊത്തവിപണിക്കും പച്ചക്കറി ന്യായവിലയ്ക്കു സംഭരിക്കാനുള്ള സംഭരണ കേന്ദ്രങ്ങൾ കേരളത്തിലും തുറക്കാൻ എന്താണു തടസ്സം? വിപണിയാകെ തമിഴ്നാട് പിടിച്ചടക്കിക്കഴിഞ്ഞാൽ കേരളത്തിന്റെ ഉൽപന്നങ്ങൾക്ക് ആവശ്യക്കാരില്ലാതാവും. ബന്ധപ്പെട്ട എല്ലാവരുടെയും യോഗം വിളിച്ച് നടപടി സ്വീകരിക്കാൻ ഇപ്പോൾത്തന്നെ വൈകി. ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഉള്ളതു കൂടി ഇല്ലാതാവുമെന്ന അവസ്ഥയിലാണു കേരളം.

English Summary: Tamil Nadu exports vegetables to the Gulf Countries.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com