ADVERTISEMENT

മന്ത്രി, 6 സംസ്ഥാനങ്ങളിൽ ഗവർണർ, യുഡിഎഫ് കൺവീനർ–സംഭവബഹുലമായിരുന്നു കെ. ശങ്കരനാരായണന്റെ രാഷ്ട്രീയ ജീവിതം.

കെ.ശങ്കരനാരായണൻ (1932-2022)

∙ജനനം: 1932 ഒക്ടോബർ 15

∙നിയമസഭ: തൃത്താല(1977), ശ്രീകൃഷ്ണപുരം (1980), ഒറ്റപ്പാലം (1987), പാലക്കാട് 2001)

∙ഗവർണർ: നാഗാലാൻഡ് (2007–09), ജാർഖണ്ഡ്(2009–10), മഹാരാഷ്ട്ര (2010–14) (അരുണാചൽ പ്രദേശ്, അസം, ഗോവ അധിക ചുമതല)

∙മന്ത്രി: കൃഷി (1977, 1977–78), ധനം, എക്സൈസ് (2001–04)

∙യുഡിഎഫ് കൺവീനർ: 1986– 2001

∙കെപിസിസി (ഒ) പ്രസിഡന്റ് : 1971–76

കേരളത്തിലെ കോൺഗ്രസ്, യുഡിഎഫ് രാഷ്ട്രീയം ഏറ്റവുമധികം സംഘർഷഭരിതമായ കാലത്തിലൂടെ കടന്നു പോയ ഒന്നര പതിറ്റാണ്ട് ആ കപ്പലിനെ നയിച്ചത് കെ.ശങ്കരനാരായണനായിരുന്നു. നേതാക്കൾക്കും അണികൾക്കും അദ്ദേഹം അന്നു കൺവീനറായിരുന്നു.

കോൺഗ്രസിലെ ഗ്രൂപ്പുകൾ തമ്മിലുള്ള വടംവലിയും ഘടകക്ഷികളുമായുള്ള പിണക്കവും വലച്ച 1986 മുതൽ 2001 വരെ, ആരെയും പിണക്കാതെ, എല്ലാവരെയും കൂട്ടിയിണക്കിയ യുഡിഎഫ് കൺവീനർക്ക് കൺവീനർ എന്ന വിളിപ്പേര് വീണതിൽ അദ്ഭുതമില്ല. ദേശീയതലത്തിൽ വളർന്നപ്പോൾ ആ വിളിപ്പേര് ഗവർണർ എന്ന പേരിനു വഴി മാറി. ആറു സംസ്ഥാനങ്ങളിൽ ഗവർണറായി.

2007ൽ ആദ്യമായി ഗവർണറായ സംഭവം ശങ്കരനാരായണൻ ഇങ്ങനെ ഓർത്തു: 2007 ജനുവരിയിൽ അന്നത്തെ പ്രതിരോധമന്ത്രി എ.കെ. ആന്റണി ഫോണിൽ വിളിച്ചു പറഞ്ഞു ‘ സോണിയാ‌ജി ഉടനെ നിങ്ങളെ വിളിക്കും. എതിരൊന്നും പറയരുത്. നിങ്ങൾ ഇങ്ങനെ വെറുതേയിരുന്നാൽ പറ്റത്തില്ലല്ലോ.’ എന്താണു കാര്യമെന്നു വിശദീകരിക്കാതെ ആന്റണി ഫോൺ വച്ചു. ഒരു മണിക്കൂറിനുള്ളിൽ സോണിയ ഗാന്ധിയുടെ ഫോൺകോൾ എത്തി. ‘ശങ്കർജീ, നിങ്ങളെ നാഗാലാൻഡ് ഗവർണറാക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു’. ‘സന്തോഷം, നന്ദി’ എന്ന വാക്കുകളിൽ ശങ്കരനാരായണൻ സോണിയാ ഗാന്ധിക്കുള്ള മറുപടി നൽകി. 10 മിനിറ്റു കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വിളിയെത്തി. നാഗാലാൻഡിലെ ഗവർണർ പദവിയിലേക്കു നിയമിക്കുന്നതായി അദ്ദേഹം സൗമ്യമായ സ്വരത്തിൽ അറിയിച്ചു.

അജ്മൽ കസബിനെ തൂക്കിലേറ്റിയ രാത്രി

തിരുവ‍ഞ്ചൂർ രാധാകൃഷ്ണന്റെ മകന്റെ വിവാഹ സൽക്കാരത്തിനായി കോട്ടയത്ത് എത്തിയ കെ. ശങ്കരനാരായണന് അപ്രതീക്ഷിതമായാണു ഡൽഹിയിൽ നിന്നു സന്ദേശമെത്തിയത്. പെട്ടെന്നു മുംബൈയിലെത്തണം. അന്ന് മഹാരാഷ്ട്ര ഗവർണറാണ് അദ്ദേഹം. ആരോടും ഒന്നും സംസാരിക്കാതെ, സൽക്കാരത്തിൽ പങ്കെടുക്കാതെ മടങ്ങി. പിറ്റേന്ന് ഒരു വലിയ വാർത്ത കേട്ടാണു ലോകമുണർന്നത്.

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബിന്റെ വധശിക്ഷ നടപ്പാക്കിയെന്നതായിരുന്നു ആ വലിയ വാർത്ത. ആ സന്ദേശമായിരുന്നു മഹാരാഷ്ട്ര ഗവർണറെ തേടിയെത്തിയത്. അജ്മൽ കസബിന്റെ വധശിക്ഷ നടപ്പാക്കുന്നതിനു വലിയ പ്രാധാന്യമുള്ളതിനാൽ മുംബൈയിൽ ഗവർണറുടെ സാന്നിധ്യം അത്യാവശ്യമായിരുന്നുവെന്നു പിന്നീടു ശങ്കരനാരായണൻ വെളിപ്പെടുത്തി.

ജയിച്ചും തോറ്റും 

തിരഞ്ഞെടുപ്പു രാഷ്ട്രീയം തുടങ്ങിയതു 1965ൽ ഒറ്റപ്പാലത്തു നിന്നാണ്. സിപിഎമ്മിന്റെ പാലക്കാട്ടെ പ്രമുഖ നേതാവായ പി.പി.കൃഷ്ണനെതിരെ മത്സരിച്ചു തോറ്റു. 1967ൽ പാലക്കാട്ട് മത്സരിച്ചു. വീണ്ടും തോൽവി. സിപിഎമ്മിലെ ആർ. കൃഷ്ണനാണ് അന്നു ജയിച്ചത്.പിന്നീടു ശങ്കരനാരായണന്റെ രാഷ്ട്രീയ ജീവിതത്തിലെ തിരിച്ചുവരവ് 1977ൽ തൃത്താലയിൽ പി.പി. കൃഷ്ണനെ തോൽപിച്ചുകൊണ്ടായിരുന്നു. അന്നു കരുണാകരൻ മന്ത്രിസഭയിൽ അദ്ദേഹം കൃഷിമന്ത്രിയായി. 1980ൽ ശ്രീകൃഷ്ണപുരത്തു വിജയിച്ച അദ്ദേഹം 1982ൽ അവിടെ തോൽവിയറിഞ്ഞു. 1987ൽ വീണ്ടും ഒറ്റപ്പാലത്തു വി.സി. കബീറിനെതിരെ വിജയിച്ചു, പക്ഷേ 1991ൽ വി.സി. കബീർ തോൽപിച്ചു. ഇടവേളയ്ക്കു ശേഷം 2001ൽ പാലക്കാട്ട് സിപിഎമ്മിലെ ടി.കെ. നൗഷാദിനെതിരെ വിജയിച്ചാണു ധനമന്ത്രിയായത്.

കാമരാജിന്റെ ശെമന്തപയ്യൻ

തമിഴ്നാട് മുഖ്യമന്ത്രിയായ കാമരാജ് ആദ്യമായി കോഴിക്കോട്ടേക്കു വരുമ്പോൾ അദ്ദേഹത്തെ ഒന്നടുത്തു കാണാൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിന്നവരുടെ കൂട്ടത്തിൽ കെ. ശങ്കരനാരായണനുണ്ടായിരുന്നു. അന്നു കാണാനായില്ലെങ്കിലും കാലം അദ്ദേഹത്തെ കാമരാജിന്റെ സഹചാരിയാക്കി. കാമരാജിന്റെ വിശ്വസ്തനായ ‘ശെമന്തപയ്യനാക്കി’. വെളുത്ത നിറവും തുടുപ്പുമാണത്രേ ആ പേരിനു കാരണം. കേരളത്തിലെത്തുമ്പോൾ കാമരാജിന്റെ പ്രസംഗം മൊഴിമാറ്റിത്തുടങ്ങിയ ബന്ധമാണ്. അദ്ദേഹം എഐസിസി പ്രസിഡന്റായപ്പോഴും സംഘടനാ കോൺഗ്രസിലെത്തിയപ്പോഴുമെല്ലാം ശങ്കരനാരായണൻ ഒപ്പംനിന്നു. ഡൽഹിയിലും ചെന്നൈയിലും ചെന്നാൽ അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാവുന്നത്ര അടുപ്പമായി അതു വളർന്നു.

കാമരാജ് മരിച്ചപ്പോൾ അടിയന്തരാവസ്ഥക്കാലത്തു ജയിലിലായിരുന്നു ശങ്കരനാരായണൻ. കാമരാജിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കരുണാകരൻ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത മന്ത്രിസഭ അനുമതി നൽകിയില്ല. അപ്പോൾ ഇന്ദിരാഗാന്ധി നേരിട്ടിടപെട്ടാണു കെ. ശങ്കരനാരായണനു പരോൾ ലഭിച്ചത്.

k-sankaranarayanan-1

ജയിലിലിട്ട കരുണാകരൻ മന്ത്രിയുമാക്കി

‘സെക്രട്ടേറിയറ്റ് കത്തിക്കാൻ ശ്രമിച്ചു! അടിയന്തരാവസ്ഥക്കാലത്ത് എന്നെ ജയിലിലാക്കാൻ കെ.കരുണാകരൻ ചാർത്തിയ കുറ്റം ഇതാണ്. പക്ഷേ, തുടർന്നുവന്ന ഭരണത്തിൽ കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ എന്നെ മന്ത്രിയുമാക്കി’, അടിയന്തരാവസ്ഥയുടെ 45–ാം വാർഷികത്തിൽ, 2020ലാണ് കെ.ശങ്കരനാരായണൻ ഈ വെളിപ്പെടുത്തൽ നടത്തിയത്.

ശങ്കരനാരായണ‌ന്റെ വാക്കുകൾ ഇങ്ങനെ– ‘സംഘടനാ കോൺഗ്രസുകാരനായ എന്നെ ഒന്നു ജയിലിലാക്കിയാൽ തരക്കേടില്ല എന്ന് അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന കരുണാകരനുണ്ടായിരുന്നു. സെക്രട്ടേറിയറ്റ് കത്തിക്കാൻ ശ്രമിച്ചെന്നാണു കുറ്റം. കുറ്റമൊക്കെ അവർ എഴുതിച്ചേർക്കുന്നതാണ്. എന്നെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇഎംഎസ് നമ്പൂതിരിപ്പാട്, എ.കെ.ഗോപാലൻ, വി.എസ്.അച്യുതാനന്ദൻ, ഒ.രാജഗോപാൽ, ചിറ്റൂർ എംഎൽഎ ആയിരുന്ന ശിവരാമഭാരതി എന്നിവരും ജയിലിലുണ്ടായിരുന്നു. ഇഎംഎസിനെയും എകെജിയുമൊക്കെ കുറച്ചുദിവസം കഴിഞ്ഞപ്പോൾ വിട്ടു. മിസ തടവുകാരനായി ആറുമാസം ഞാൻ പൂജപ്പുര സെൻട്രൽ ജയിലിൽ കിടന്നു.

k-sankaranarayanan-24

ജയിലിലാക്കിയ കരുണാകരൻ മന്ത്രിയാക്കിയതിനെക്കുറിച്ചു ശങ്കരനാരായണൻ പറഞ്ഞതിങ്ങനെ–‘ഇത്ര വൈരാഗ്യമുള്ള കരുണാകരൻ മന്ത്രിയാക്കുമെന്ന് വിചാരിച്ചില്ല. പക്ഷേ, ഞാൻ കൂടെ നിൽക്കേണ്ടത് അദ്ദേഹത്തിന്റെ ആവശ്യമായിരുന്നു. എനിക്കു തിരിച്ചും. ശത്രുക്കളെയും മിത്രങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നു കരുണാകരനു നന്നായി അറിയാം.’

വായിച്ചുവളർന്ന നേതാവ്

പരന്ന വായന, സാഹിത്യത്തിൽ അഭിരുചി, സ്വീകരണ മുറിയിലെ മേശപ്പുറം നിറയെ പുസ്തകങ്ങൾ. ബിൽ ക്ലിന്റന്റെ ആത്മകഥ മുതൽ ശശി തരൂരിന്റെ ഏറ്റവും പുതിയ പുസ്തകം വരെ. ഓരോ ദിവസവും ഒന്നിലേറെ പുസ്തകങ്ങൾ വായിക്കുന്ന രീതിയായിരുന്നു ശങ്കരനാരായണന്റേത്. 

sanakaranarayanan1
കെ.ശങ്കരനാരായണൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കൊപ്പം.

ഒരു പുസ്തകം പത്തു പേജ് വായിച്ചു പിന്നെ അടുത്ത പുസ്തകത്തിലേക്കു നീങ്ങും. ഗവർണറായ ശേഷം വായനയും പ്രസംഗവും നിഷ്ഠ പോലെയായി. രാഷ്ട്രീയ വേദികൾ മാത്രമായിരുന്നില്ല, സാഹിത്യ, സാംസ്കാരിക വേദികളിലും മതപ്രഭാഷണ വേദികളിലുമെല്ലാം അദ്ദേഹമെത്തി. വേദിക്കനുസരിച്ചു പ്രസംഗം തേച്ചുമിനുക്കും. പ്രസംഗിക്കാനായി പുസ്തകങ്ങൾ പലകുറി വായിച്ചു തയാറെടുപ്പു നടത്തും. പൗരത്വ വിഷയം കേരളത്തിൽ കത്തിപ്പടർന്ന കാലത്തു ശങ്കരനാരായണന്റെ പ്രസംഗം കേരളത്തിലങ്ങോളമിങ്ങോളം പ്രസക്തമായിരുന്നു. 

വീട്ടിലെ പണമെടുത്ത് പാർട്ടിയെ വളർത്തി

sankaranarayanan-2
കെ.ശങ്കരനാരായണൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കൊപ്പം.

എം.എം. ഹസൻ (യുഡിഎഫ് കൺവീനർ)

 

ഞാൻ 1964ൽ അഖിലകേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റായിരിക്കെ മലമ്പുഴയിൽ നടന്നൊരു ക്യാംപിലാണ് ആദ്യമായി കെ. ശങ്കരനാരായണനെ കണ്ടത്. സുമുഖൻ. തലയെടുപ്പുള്ള, നന്നായി വസ്ത്രം ധരിച്ച അദ്ദേഹത്തിന്റെ രൂപം അന്നേ മനസ്സിൽ പതിഞ്ഞതാണ്. പിന്നീടു കാണുമ്പോൾ അദ്ദേഹം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു.

ഷൊർണൂരിൽ വീട്ടിൽ നല്ല സൗകര്യമുള്ള ആളായിരുന്നു അദ്ദേഹം. ട്രെയിനിൽ ഫസ്റ്റ് ക്ലാസിലേ യാത്ര ചെയ്യൂ. മികച്ച ഹോട്ടലുകളിലാവും ഭക്ഷണവും താമസവും.

sankaranarayanan
ലക്കാട്ടെ വസതിയിൽ കെ.ശങ്കരനാരായണൻ.

കാശ് തീരുമ്പോൾ ഷൊർണൂർക്കൊന്നു പോകും. സ്ഥലം വിറ്റോ നെല്ലു വിറ്റോ കാശുമായി വരും. അങ്ങനെ വീട്ടിലെ പണമെടുത്ത് കോൺഗ്രസിനെ വളർത്തിയ ആളായിരുന്നു അദ്ദേഹം.

കുലീനമായ പാരമ്പര്യവും അനുഭവ സമ്പത്തും അദ്ദേഹത്തെ അവസാനം വരെ തലയെടുപ്പുള്ളയാളാക്കി തന്നെ നിർത്തി.

എറണാകുളം എംജി റോഡിലെ ഗ്രാൻഡ് ഹോട്ടലിൽ നിന്നൊക്കെ ഊണുകഴിച്ചിറങ്ങുന്ന ശങ്കരനാരായണനോട് അസൂയയായിരുന്നു. ഒരു ദിവസം കെപിസിസി ഓഫിസിൽ ഞാനും വി.എം. സുധീരനും നിൽക്കുമ്പോഴാണു ശങ്കരനാരായണൻ ഓഫിസിൽ നിന്നിറങ്ങി വരുന്നത്. ‘ഭക്ഷണം കഴിച്ചോ’, അദ്ദേഹം ചോദിച്ചു. ഇല്ലെന്നു ഞങ്ങൾ പറഞ്ഞു. ശരി, എങ്കിൽ വരൂ എന്ന് അദ്ദേഹം വിളിച്ചപ്പോൾ സുധീരൻ പറഞ്ഞു, ‘ശങ്കർജീ, ഞങ്ങൾക്കൊരു മോഹമുണ്ട്. ഗ്രാൻഡ് ഹോട്ടലിൽ ഇന്നോളം പോയിട്ടില്ല. അവിടെയൊന്നു പോയാൽ കൊള്ളാമെന്നുണ്ട്’. അദ്ദേഹം ഞങ്ങളെ കൊണ്ടുപോവുകയും കരിമീൻ അടക്കം വാങ്ങിത്തരികയും ചെയ്തു.

യുഡിഎഫിന്റെ ശിൽപികളിലൊരാൾ കെ. കരുണാകരനാണ്. ലീഡർ കഴിഞ്ഞാൽ യുഡിഎഫിനെ വളർത്തിയ നേതാവ് ശങ്കരനാരായണനാണ്.

English Summary: Profile of congress leader K Sankaranarayanan

mm-hasan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com