ADVERTISEMENT

വൈദ്യുതി കമ്മി തൽക്കാലം ഒഴിവായതിനെത്തുടർന്നു സംസ്ഥാനത്തെ ഭാഗിക ലോഡ്ഷെഡിങ് പിൻവലിച്ചിട്ടുണ്ടെങ്കിലും വരുംദിവസങ്ങളിലെ അവസ്ഥ എങ്ങനെയാവുമെന്ന് ഇപ്പോൾ പറയാനാവാത്ത സാഹചര്യമാണുള്ളത്. കനത്ത ചൂടിൽ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയും കൽക്കരി ക്ഷാമം രൂക്ഷമാകുകയും ചെയ്തതോടെ രാജ്യത്തുണ്ടായ വൻ ഊർജ പ്രതിസന്ധിയുടെ പ്രതിഫലനമാണു കേരളത്തിലും അനുഭവപ്പെടുന്നത്. 

മറ്റു സംസ്ഥാനങ്ങളുടെയത്ര പ്രതിസന്ധി കേരളത്തിന് ഉണ്ടാകില്ലെങ്കിലും ഈ വർഷം ഒക്ടോബർവരെ കൽക്കരി ക്ഷാമം തുടരാൻ സാധ്യതയുണ്ടെന്ന സൂചന ആശങ്ക വർധിപ്പിക്കുന്നു. നിർദിഷ്ട പാരമ്പര്യേതര ഉൗർജ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും പുതിയ പദ്ധതികൾ പ്രായോഗികമായി വിഭാവനം ചെയ്യാനും ഇനിയെങ്കിലും കഴിയണമെന്ന മുന്നറിയിപ്പ് ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്നു കേരളം വായിച്ചെടുക്കേണ്ടതുണ്ട്. 

സംസ്ഥാനത്തിന്റെ വൈദ്യുതി കമ്മി കണക്കിലെടുക്കുമ്പോൾ അടുത്തകാലത്തെങ്ങും സ്വയംപര്യാപ്തതയിലെത്തുകയില്ലെന്നു തീർച്ച. നിലവിൽ നമുക്ക് ആവശ്യമായതിന്റെ 70 ശതമാനം വൈദ്യുതിയും വിവിധ കരാറുകൾ പ്രകാരം പുറമേനിന്ന് എത്തിക്കുകയാണ്. പുറത്തുനിന്നു വൈദ്യുതി വാങ്ങാൻ മാത്രം വൻതുകയാണു ചെലവിടുന്നത്. ജലവൈദ്യുതി പരമാവധി ഉൽപാദിപ്പിച്ചാലും ആകെ ആവശ്യത്തിന്റെ 30% മാത്രമേ ആകൂ. ഡാമുകളിൽ ഇപ്പോൾ 36% വെള്ളമേയുള്ളൂ. കഴിഞ്ഞ വർഷത്തെക്കാൾ നാലു കോടി യൂണിറ്റിന്റെ വെള്ളം കുറവാണ്. നിർമാണത്തിലുള്ള ജലവൈദ്യുത പദ്ധതികൾ 2 വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നു കഴിഞ്ഞ ദിവസം വൈദ്യുതി ബോർഡ് പറഞ്ഞതു യാഥാർഥ്യമാകണമെങ്കിൽ ആത്മാർഥശ്രമംകൂടി ഉണ്ടാവണം.

electricity

വരുംകാലങ്ങളിലെ വൈദ്യുതി ആവശ്യം കൂടി പരിഗണിച്ച്, ഉൗർജോൽപാദനത്തിനു വ്യക്തമായ കാഴ്ചപ്പാടു നമുക്കുണ്ടായേതീരൂ. ബദൽ ഊർജസ്രോതസ്സുകളുടെ സാധ്യതകളെല്ലാം മുന്നിലുണ്ടാവുകയും വേണം. ലോകമെങ്ങും പാരമ്പര്യേതര ഉൗർജ ഉൽപാദനത്തിലേക്കു ശ്രദ്ധ തിരിക്കുമ്പോൾ, ഇക്കാര്യത്തിൽ മുൻനിരക്കാരാകാൻ കേരളത്തിനും കഴിയണം. 

കേരളത്തിന് ആകെ ഏകദേശം 45,000 മെഗാവാട്ട് സൗരോർജം ഉൽപാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്നു വേൾഡ് വൈൽഡ്‌ലൈഫ് ഫണ്ടും വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റെയ്നബിൾ എനർജിയും ചേർന്നു വർഷങ്ങൾക്കുമുൻപു തയാറാക്കിയ പഠന റിപ്പോർട്ടിൽ പറയുന്നുണ്ട്. സംസ്ഥാനത്തിന്റെ ഊർജാവശ്യത്തിന്റെ പല മടങ്ങാണിത്. കേരളത്തിലെ പത്തു ലക്ഷത്തോളം വീടുകളെങ്കിലും പുരപ്പുറത്തു സൗരോർജ സംവിധാനം ഒരുക്കാൻ സാധ്യതയുള്ളവയാണെന്നാണ് അവരുടെ അഭിപ്രായം. അങ്ങനെയെങ്കിൽ ഇത്രയും വീട്ടുകാർക്ക് ഏകദേശം 1000 മെഗാവാട്ടിനു തുല്യമായ വൈദ്യുതി ഉൽപാദനം നടത്താമെന്നുള്ള അവരുടെ അഭിപ്രായം ഇപ്പോൾ ദൂരസ്വപ്‌നമായി തോന്നാം. പക്ഷേ, അതു സാധ്യമായാൽ നമുക്കു കൈവരുന്ന അധിക ഊർജശേഷി വലിയ പ്രതീക്ഷ തരുന്നതല്ലേ? 

വീടുകൾക്കു മുകളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗര സബ്സിഡി പദ്ധതി 2020 ഫെബ്രുവരിയിൽ കെഎസ്ഇബി നടപ്പാക്കിയത്. പ്ലാന്റ് സ്ഥാപിക്കാൻ കെഎസ്ഇബിയുടെ ഇ–കിരൺ പോർട്ടൽ വഴി 70,000 പേർ ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ സംവിധാനം പ്രായോഗികതലത്തിൽ കൃത്യതയോടെ യാഥാർഥ്യമാകേണ്ടതുണ്ട്. പദ്ധതിയിലേക്കു മുന്നോട്ടു വരുന്നവരെ അനാവശ്യ സാങ്കേതികതടസ്സങ്ങൾ പറഞ്ഞു മടുപ്പിച്ചുകൂടാ. 

സംസ്ഥാനത്തു 2024 മുതലുള്ള കാലയളവിൽ 1,000 മെഗാവാട്ടിന്റെ കമ്മി ഉണ്ടാകുമെന്നാണു കരുതുന്നത്. കേരളത്തിലെ പ്രതിദിന വൈദ്യുതി ഉപയോഗം ശരാശരി 90 ദശലക്ഷം യൂണിറ്റ് കടക്കുമ്പോഴും സോളർ വൈദ്യുതിയുടെ പ്രതിദിന ഉൽപാദനം 41,200 യൂണിറ്റ് മാത്രമാണ്. സോളർ വൈദ്യുതിയുടെ ഉൽപാദനദിശയിൽ നാം ഇനിയുമേറെ ദൂരം എത്രയുംവേഗം പിന്നിടേണ്ടതുണ്ടെന്നു പുതിയകാലം കേരളത്തെ ഓർമിപ്പിക്കുന്നു. കാറ്റാടിപ്പാടങ്ങളിൽനിന്നുള്ള ഉൽപാദനവും അടിയന്തരമായി വർധിപ്പിക്കേണ്ടതുണ്ട്. ഹരിത ഉൗർജ മിഷന്റെ ഭാഗമായി കേരളം 5 വർ‍ഷം കൊണ്ട് 3,000 മെഗാവാട്ട് സൗരോർ‍ജ വൈദ്യുതി ഉൽപാദിപ്പിക്കാൻ ലക്ഷ്യമിടുന്നുവെന്ന് ഇക്കഴിഞ്ഞ ജനുവരിയിൽ സർക്കാർ പറഞ്ഞതും വില കുറഞ്ഞ സൗര, കാറ്റാടി വൈദ്യുതി കൂടുതലായി ലഭ്യമാക്കുമെന്ന് ഈ പ്രതിസന്ധിവേളയിൽ കെഎസ്ഇബി ആവർത്തിച്ചതുമെല്ലാം യാഥാർഥ്യമാകാൻ കാത്തിരിക്കുകയാണു കേരളം. 

കുറ‍ഞ്ഞ വിലയ്ക്ക് മുടക്കമില്ലാത്ത വൈദ്യുതി ഏതു സംസ്ഥാനത്തിന്റെയും സൗഭാഗ്യമാണെന്നിരിക്കെ, ആ ലക്ഷ്യത്തിലേക്കു വഴിയൊരുക്കുന്ന വൈദ്യുതിവിപ്ലവം നവകേരളം സാധ്യമാക്കട്ടെ.

English Summary: Electricity shortage in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com