ADVERTISEMENT

ദിനംപ്രതി കേസുകൾ പിടികൂടുന്നുണ്ടെങ്കിലും സംസ്ഥാനത്തേക്കുള്ള സ്വർണക്കടത്തിനു കുറവൊന്നുമില്ല. കടത്തു സംഘങ്ങളും അതു തട്ടിയെടുക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ക്രമസമാധാന പ്രശ്നമായി മാറിക്കഴിഞ്ഞു. സ്വർണക്കടത്തിന്റെ ഉള്ളറകളിലേക്കു കടന്ന് മനോരമ ലേഖകർ തയാറാക്കിയ അന്വേഷണ പരമ്പര ഇന്നു മുതൽ.

സംസ്ഥാനത്തേക്കുള്ള സ്വർണക്കടത്തിന്റെ രൂപവും ഭാവവും മാറിക്കഴിഞ്ഞു. തുടർച്ചയായി കേസുകൾ പിടിക്കുമ്പോഴും പിടിതരാതെ കള്ളക്കടത്തു തുടരുകയാണ്. ഒരു കാലത്ത് ഗൾഫ് രാജ്യങ്ങളിലെ ഹവാലപ്പണത്തെ പ്രധാനമായി ആശ്രയിച്ചിരുന്ന സ്വർണക്കടത്ത്, ഇപ്പോൾ കേരളത്തിൽ നിന്നുള്ള കള്ളപ്പണ നിക്ഷേപത്തിന്റെ മേഖല കൂടിയാണ്. സന്ദർശകവീസയിൽ പോയി വരുന്ന കാരിയർമാരിൽ നിന്ന്, ഫാമിലി കാരിയർമാരിലേക്കും വൈറ്റ് കോളർ കാരിയർമാരിലേക്കും സ്വർണക്കടത്തു കാരിയർമാരുടെ മേക്ക്ഓവറും നടന്നു കഴിഞ്ഞു. കാരിയറാകണോ, കടത്തുകാരനാകണോ, ഒറ്റുകാരനാകണോ അതോ, കടത്തിയ സ്വർണം അടിച്ചു മാറ്റണോ തുടങ്ങി ആശയക്കുഴപ്പവും അവിശ്വാസവുമൊക്കെ സ്വർണക്കടത്തുകാരിൽ സർവത്രയുണ്ട്. ഒരേ കാരിയർ തന്നെ രണ്ടു സംഘങ്ങളുമായി ഒത്തുകളിച്ച കഥകളും കേരളത്തിലുണ്ട്

പ്രവാസിയും അഗളി സ്വദേശിയുമായ അബ്ദുൽ ജലീൽ മലപ്പുറത്തു മർദനമേറ്റു മരിച്ച കേസിന്റെ അന്വേഷണം സ്വർണക്കടത്തു സംഘങ്ങളിലേക്കു നീങ്ങുമ്പോൾ, കാരിയർമാർക്കു വാട്സാപ് ഗ്രൂപ്പ് കെണിയൊരുക്കി ദുബായിലെ സ്വർണക്കടത്തു സംഘങ്ങൾ. കള്ളക്കടത്തു സ്വർണവുമായി ‘മുങ്ങുന്ന’ കാരിയർമാരെ കണ്ടെത്താൻ, അവരുടെ ഫോട്ടോയും പാസ്പോർട്ട് വിശദാംശങ്ങളും കള്ളക്കടത്തു ചരിത്രവുമൊക്കെ ‘കോവിഡ് 19’ എന്ന പേരിലുള്ള വാട്സാപ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയാണു സ്വർണക്കടത്തു സംഘങ്ങൾ. ഗുണ്ടാസംഘങ്ങളുമായി ഒത്തുകളിച്ച്, കാരിയർമാർ ബോധപൂർവം മുങ്ങുന്നതു പതിവായതോടെയാണു വാട്സാപ് ഗ്രൂപ്പ് രൂപീകരിച്ചത്. മുങ്ങുന്ന കാരിയർമാരെ മാത്രമല്ല, ‘പൊട്ടിക്കൽ’ (കള്ളക്കടത്തു സ്വർണം തട്ടിക്കൊണ്ടുപോകൽ) നടത്തുന്ന സംഘങ്ങളെയും വെറുതേ വിടേണ്ടെന്നാണു ദുബായിലെയും സൗദിയിലെയും കള്ളക്കടത്തു സംഘങ്ങളുടെ തീരുമാനം. 

കാരിയർമാരെ തീരുമാനിച്ച ശേഷം, അവരുടെ ഫോട്ടോയും പാസ്പോർട്ട് വിവരങ്ങളും മറ്റും ഗ്രൂപ്പിൽ ഇടും. ഇതിനു മുൻപ് ആൾ ‘പൊട്ടിച്ചിട്ടുണ്ടോ’, ‘പൊട്ടിക്കാൻ’ സാധ്യതയുണ്ടോ എന്നീ കാര്യങ്ങൾ ചോദിക്കും. സ്വർണവുമായി മുങ്ങിയവരുടെ ഫോട്ടോയും വിശദാംശങ്ങളും ഗ്രൂപ്പിൽ പങ്കുവയ്ക്കും. ഇതോടെ, കാരിയർമാർ ആരൊക്കെയാണെന്നു കള്ളക്കടത്തുകാർക്കു തിരിച്ചറിയാൻ സാധിക്കും. സ്വർണക്കടത്ത് പിടികൂടിയതിന്റെയും പൊട്ടിച്ചു മുങ്ങിയതിന്റെയുമൊക്കെ വാർത്തകളും ഗ്രൂപ്പിൽ പങ്കുവയ്ക്കാറുണ്ട്.

വാട്സാപ് ഗ്രൂപ്പിലും പാരയുണ്ട്

chat
സ്വർണക്കടത്ത് സംഘത്തിന്റെ വാട്സാപ് ചാറ്റിൽ നിന്ന്

സ്വർണക്കടത്തു സംഘങ്ങളുടെ വാട്സാപ് ഗ്രൂപ്പിലും ചതിയന്മാരുണ്ടെന്നു സ്വർണക്കടത്തുകാർ തന്നെ പറയുന്നു. സ്വർണക്കടത്തു സംഘങ്ങളുടെ എണ്ണം പെരുകിയതോടെ, ആർക്കും ആരെയും വിശ്വാസമില്ലാത്ത സ്ഥിതിയാണ്. ചതിയും ഒറ്റും പതിവാകുന്നു. മറ്റു സംഘങ്ങളുടെ കടത്ത് ഒറ്റിക്കൊടുക്കുന്നവരും ഇതേ ഗ്രൂപ്പിലുണ്ട്. നിലനിൽപാണ് എല്ലാവരുടെയും പ്രശ്നം. മുൻകാല കള്ളക്കടത്തുകാർക്കൊന്നും പഴയപോലെ പണമുണ്ടാക്കാൻ കഴിയുന്നില്ല. എങ്ങനെയും പണമുണ്ടാക്കാനുള്ള വ്യഗ്രതയിൽ, കസ്റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസു(ഡിആർഐ)മൊക്കെ നൽകുന്ന പാരിതോഷികത്തിൽ കണ്ണുനട്ടാണ് വിവരം ചോർത്തുന്നത്. സർക്കാർ ഏജൻസികൾക്കു മാത്രമാണു വിവരം ചോർത്തുന്നതെന്നു കരുതിയാൽ തെറ്റി. ചിലപ്പോൾ മറ്റു സംഘങ്ങളുടെ കാരിയറുമായി ഒത്തുകളിച്ചും നാട്ടിലെ പൊട്ടിക്കൽ സംഘത്തിനു വിവരം ചോർത്തിയുമൊക്കെ എങ്ങനെയും പണമുണ്ടാക്കാനുള്ള ശ്രമത്തിലാണവർ. മറ്റു സംഘങ്ങളുടെ സ്വർണവുമായി എത്തുന്ന കാരിയർക്ക് 5 ലക്ഷം രൂപ നൽകുകയും സ്വർണം അടിച്ചുമാറ്റുകയും ചെയ്യും. അഞ്ചും പത്തും പേർ ചേർന്നുള്ള സംഘമാണു സ്വർണക്കടത്തിൽ ഇപ്പോൾ പണമിറക്കുന്നത്. ചോർത്തലുകാരൻ അത്തവണ പണമിറക്കില്ലെന്നു മാത്രം. 

അടവു മാറ്റി കടത്തുസംഘങ്ങൾ

നേരത്തെ, സന്ദർശക വീസയുള്ള കാരിയർമാരാണു സ്വർണം കടത്തിയിരുന്നതെങ്കിൽ ഇപ്പോൾ ഏതെങ്കിലും തൊഴിൽ വീസയുള്ളവരായി. സന്ദർശക വീസക്കാരെ, യാത്രയുടെ വിശദാംശങ്ങൾ പരിശോധിച്ച് വ്യാപകമായി കസ്റ്റംസ് പിടികൂടാൻ തുടങ്ങിയതോടെയാണു കള്ളക്കടത്തുകാർ തൊഴിൽ വീസക്കാരെയും ഫാമിലി വീസക്കാരെയും റിക്രൂട്ട് ചെയ്തത്. അച്ഛന്റെയും അമ്മയുടെയും ദേഹത്തു മാത്രമല്ല, കൊച്ചുകുട്ടികളുടെ ദേഹത്തു വരെ സ്വർണം ഒളിപ്പിച്ചു കടത്തിയ സംഭവങ്ങൾ സംസ്ഥാനത്തെ വിമാനത്താവളങ്ങളിലുണ്ടായിട്ടുണ്ട്. 

(യുഎഇയിൽനിന്നു സ്വർണക്കടത്തിനു കാര്യമായ തടസ്സങ്ങളില്ല. അതേസമയം, സൗദിയിൽ ഒട്ടേറെ നിയന്ത്രണങ്ങളുണ്ടു താനും. ഇതാണു സൗദിയിൽ പാക്കിങ്ങ്, കാരിയർ പ്രതിഫല നിരക്കുകൾ വർധിക്കാൻ കാരണം. ഭദ്രമായി പാക്കിങ് നടത്തിയില്ലെങ്കിൽ സൗദിയിൽ തന്നെ പിടിക്കപ്പെടും. ശിക്ഷയുമുണ്ട്. യുഎഇയിലാകട്ടെ, ഇത്തരം പ്രശ്നങ്ങളൊന്നുമില്ല)

സാധനങ്ങളിലോ ബാഗിലോ ശരീരത്തിലോ ഒളിപ്പിച്ചു കടത്തുമ്പോഴുള്ള നിരക്കാണിത്. വിമാനത്താവളങ്ങളിൽ കള്ളക്കടത്തിന് ഒത്താശ ചെയ്യുന്ന ചില ഉദ്യോഗസ്ഥരുമായുള്ള ധാരണയിൽ സ്വർണം കടത്തുമ്പോൾ (സെറ്റിങ്) മാറ്റം വരും. കാരിയർക്കു പ്രതിഫലം കുറയും. 80,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ്, ഒരു കിലോഗ്രാം സ്വർണം കടത്താൻ ഉദ്യോഗസ്ഥർക്കു നൽകേണ്ടത്. ഒന്നര കിലോഗ്രാമിനു മുകളിലുള്ള സ്വർണക്കടത്തുകളെല്ലാം ‘സെറ്റിങ്’ ആണെന്നു നിസ്സംശയം പറയാമെന്നു സ്വർണക്കടത്തുകാർ തന്നെ വെളിപ്പെടുത്തുന്നു. വലിയ അളവ് സ്വർണം വിമാനത്താവളത്തിനു പുറത്തെത്തുമെന്നു പൂർണമായി ഉറപ്പാക്കാതെ കടത്താൻ സ്വർണക്കടത്തു സംഘങ്ങൾ തയാറാകില്ല. സെറ്റിങ് സ്വർണക്കടത്തുകൾ, ഉദ്യോഗസ്ഥരുടെ ബാച്ച് മാറിയതുകൊണ്ടും മറ്റും പിടിയിലാകാറുണ്ട്.  

സംസ്ഥാനത്തുനിന്ന് കള്ളപ്പണം ഒഴുകുന്നു

സംസ്ഥാനത്തെ കള്ളപ്പണം വ്യാപകമായി സ്വർണക്കടത്തിൽ നിക്ഷേപിക്കപ്പെടുന്നതായാണ് ഏറ്റവുമൊടുവിൽ അന്വേഷണ ഏജൻസികൾക്കു ലഭിച്ച വിവരം. റിവേഴ്സ് ഹവാല സജീവമാണെന്നു സ്വർണക്കടത്തുകാരും പറയുന്നു. കേരളത്തിൽ ഇന്ത്യൻ രൂപ നൽകിയാൽ, തുല്യമായ തുകയ്ക്കുള്ള വിദേശ കറൻസി വിദേശരാജ്യത്തു പകരം നൽകുന്നതാണു റിവേഴ്സ് ഹവാല. പതിവു ഹവാല സംഘങ്ങൾ തന്നെയാണു റിവേഴ്സ് ഹവാലയും കൈകാര്യം ചെയ്യുന്നത്. യുഎഇയിലോ സൗദിയിലോ റിവേഴ്സ് ഹവാല വഴി ലഭിക്കുന്ന വിദേശ കറൻസി ഉപയോഗിച്ചു കള്ളപ്പണക്കാരുടെ ഏജന്റുമാർ സ്വർണം വാങ്ങുകയും അതു കേരളത്തിലേക്കു കടത്തുകയും ചെയ്യും. 

കള്ളപ്പണം ഒളിപ്പിക്കാനുള്ള എളുപ്പവഴി അതു ഹവാല സംഘങ്ങൾക്കു കൈമാറുകയാണ്. മണിക്കൂറുകൾ കൊണ്ടു ലഭിക്കുന്ന ലക്ഷങ്ങളുടെ ലാഭമാണു സ്വർണക്കടത്തിൽ കള്ളപ്പണം നിക്ഷേപിക്കാനുള്ള കാരണം. സ്വർണക്കടത്തു വ്യാപകമായി പിടികൂടുകയും കോടിക്കണക്കിനു രൂപ സംഘങ്ങൾക്കു ദിനംപ്രതി നഷ്ടപ്പെടുകയും ചെയ്യുമ്പോഴും സ്വർണക്കടത്തു മുടങ്ങാത്തതിന്റെ ഏറ്റവുമൊടുവിലത്തെ കാരണവും ഈ കള്ളപ്പണമാണ്. കേരളത്തിൽനിന്നു മാത്രമല്ല, ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള കള്ളപ്പണവും കേരളം വഴിയുള്ള സ്വർണക്കടത്തിനു മുതൽമുടക്കാകുന്നുണ്ട്.

ഇതിനൊക്കെ ഏജന്റുമാരും സഹായികളും എപ്പോഴും റെഡിയാണ്. റിവേഴ്സ് ഹവാലവഴി വിദേശത്തെത്തിക്കുന്ന കള്ളപ്പണം ഉപയോഗിച്ചു നേരിട്ടു സ്വർണക്കടത്തു നടത്തുന്നവരും നിലവിലുള്ള സംഘങ്ങൾക്കു ഫണ്ട് ചെയ്യുന്നവരുമുണ്ട്. ഹവാലയിൽ, വിദേശ കറൻസിക്കു തുല്യമായ ഇന്ത്യൻ രൂപ പ്രധാന നഗരങ്ങളിലെ, കോടികൾ പ്രതിദിന വരുമാനമുള്ള ചില വ്യാപാരികളിൽ നിന്ന് വാങ്ങും. ഇതു ചെന്നൈയിൽ നിന്നോ ബെംഗളൂരുവിൽ നിന്നോ മുംബൈയിൽ നിന്നോ ആകാം. ഈ പണം പ്രവാസികളുടെ വീടുകളിലെത്തിച്ചു നൽകും. പകരം വ്യാപാരികളുടെ വിദേശത്തെ ഏജന്റുമാരുടെ അക്കൗണ്ടിൽ വിദേശ കറൻസി നിക്ഷേപിക്കുകയും ചെയ്യും. റിവേഴ്സ് ഹവാലയിലാകട്ടെ, ഇന്ത്യൻ രൂപ ഇവിടത്തെ ഹവാല ഏജന്റിനെ ഏൽപിക്കുമ്പോൾ, തുല്യമായ വിദേശ കറൻസി ഹവാല ഏജന്റ് സ്വർണക്കടത്തുകാരനു നൽകുകയാണു ചെയ്യുന്നത്. 

ചതിച്ച കാരിയർക്കും പ്രതിഫലം 

കഴിഞ്ഞയാഴ്ച കോഴിക്കോട്ട് നടന്നതാണിത്.  ഒരു കിലോ സ്വർണമടങ്ങിയ ബാഗുമായി മുങ്ങിയ കാരിയർ, നാട്ടിലെത്തി ബാഗ് തലങ്ങും വിലങ്ങും പരിശോധിച്ചു. ഇല്ല. സ്വർണം എവിടെയുമില്ല. സ്വർണക്കടത്തുകാരനെ വിളിച്ചു പറഞ്ഞു: നിങ്ങൾ തന്ന ബാഗ് മാറിപ്പോയി. ഇതിൽ സ്വർണമില്ല. സ്വർണക്കടത്തുകാരൻ വീട്ടിലെത്തി. മുങ്ങിയതിന്റെ വിശദീകരണം പോലും ചോദിക്കാതെ ബാഗ് കൈപ്പറ്റി. 10,000 രൂപ കാരിയർക്കു നൽകി ആൾ മടങ്ങി. യഥാർഥത്തിൽ ബീഡിങ്ങിൽ (ബാഗുകളു‍ടെ പുറംകവറിലെ ലോഹപാളി) ഒരു കിലോ സ്വർണമുണ്ടായിരുന്നു. അതു കാരിയർക്കു കണ്ടെത്താനായില്ലെന്നു മാത്രം. 

ശരീരത്തിന്റെ രഹസ്യഭാഗത്ത്, 3 ക്യാപ്സ്യൂളുകൾ ഒളിപ്പിച്ച് കാരിയറെ സ്വർണക്കടത്തു സംഘം കബളിപ്പിച്ച സംഭവവും കഴിഞ്ഞദിവസം കോഴിക്കോട് വിമാനത്താവളത്തിലുണ്ടായി. പരിശോധനകളെല്ലാം കഴിഞ്ഞിട്ടും കാരിയർ വിമാനത്താവളത്തിനകത്തു തന്നെ പരുങ്ങി നിന്നു. ആരും സ്വർണം പിടിച്ചെടുക്കാതിരുന്നതോടെ പൊലീസുകാർ വഴി കസ്റ്റംസുകാരെ വിവരം അറിയിച്ചു. കസ്റ്റംസ് ഇയാളെ കസ്റ്റഡിയിലെടുത്തു. സ്വർണക്കടത്തുകാർ ‘ഉണ്ട’ എന്നു വിളിക്കുന്ന ക്യാപ്സ്യൂളുകൾ ശുചിമുറിയിൽവച്ച് പുറത്തെടുത്തു. പരിശോധിച്ചു നോക്കിയപ്പോൾ വെറും കളിമണ്ണ്. കള്ളക്കടത്തുകാരുടെ ഭാഷയിൽ ‘ഡമ്മി’. സ്വയം വിവരം ചോർത്തി കസ്റ്റംസിന്റെ പാരിതോഷികം നേടാനുള്ള ശ്രമമാണോ അതോ ‘ഡമ്മി’യിലേക്ക് ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിച്ചുവിട്ട് കള്ളക്കടത്തു നടത്താനുള്ള ശ്രമമാണോ നടന്നതെന്ന കാര്യം അന്വേഷണത്തിലാണ്. കാരിയറുടെ സത്യസന്ധത പരിശോധിക്കാൻ വേണ്ടി ഇടയ്ക്ക് ഇത്തരം ഡമ്മി പരീക്ഷണം നടത്താറുണ്ടെന്നു കള്ളക്കടത്തുകാർ. 

ഒരു കിലോഗ്രാം സ്വർണം കടത്തുമ്പോഴുള്ള നിരക്ക് (മേയ് 15ലെ കണക്കനുസരിച്ച്)

സൗദി അറേബ്യ 

സ്വർണം വാങ്ങുന്ന വില – 44.75 ലക്ഷം രൂപ

പാക്കിങ് – 35,000 രൂപ  

കാരിയർക്കുള്ള ചെലവ് (ടിക്കറ്റ്, പ്രതിഫലം, മുറിവാടക) – 1.20 ലക്ഷം രൂപ

സ്വർണം ഏറ്റുവാങ്ങാനെത്തുന്നവർക്കുള്ള ചെലവ് – 10,000 രൂപ.

ആകെ ചെലവ് – 46.40 ലക്ഷം രൂപ. 

സ്വർണം വിൽപനവില – 51.50 ലക്ഷം രൂപ. 

ലാഭം 5.10 ലക്ഷം രൂപ. 

യുഎഇ

സ്വർണം വാങ്ങുന്ന വില – 48.20 ലക്ഷം രൂപ.

പാക്കിങ് – 11,000 രൂപ.

കാരിയർക്കുള്ള ചെലവ് (ടിക്കറ്റ്, പ്രതിഫലം, മുറിവാടക) – 80,000 രൂപ.

സ്വർണം ഏറ്റുവാങ്ങാനെത്തുന്നവർക്കുള്ള ചെലവ് – 10,000 രൂപ.

ആകെ ചെലവ് – 49.21 ലക്ഷം രൂപ. 

സ്വർണം വിൽപന വില – 51.50 ലക്ഷം രൂപ. 

ലാഭം 2.29 ലക്ഷം രൂപ. 

നാളെ: 2021 ജുൺ 21ന് പുലർച്ചെ 5 പേരുടെ അപകട മരണത്തിനിടയാക്കിയ സ്വർണക്കടത്തിൽ യഥാർഥത്തിൽ സംഭവിച്ചതെന്ത്?

English Summary: Gold muggling mafia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com