ADVERTISEMENT

ഗവർണറുടെ അധികാരമാണോ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ അധികാരമാണോ ഭരണഘടനപ്രകാരം വലുത്? ഒരിക്കലും അവസാനിക്കാത്തതാണ് ഈ ചർച്ച. സുപ്രീം കോടതിയാണ് ഇതുസംബന്ധിച്ച കുരുക്കഴിക്കാറുള്ളത്. ഈ പരമ്പരയിൽ ഏറ്റവും ഒടുവിലത്തേതാണ് പേരറിവാളൻ കേസിലുള്ള സുപ്രീം കോടതി വിധി.

ഇന്ത്യൻ ഭരണഘടനയുടെ  161–163 വകുപ്പുകളിലാണ് ഗവർണറുടെ അധികാരങ്ങളെപ്പറ്റി പറയുന്നത്. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിലെ അനുഛേദം 50ൽ നിന്ന് കടംകൊണ്ടതാണിത്. 1935ലെ നിയമം ഗവർണർക്ക് വിപുലമായ അധികാരങ്ങളാണു നൽകിയിരുന്നത്. ബ്രിട്ടിഷ് ഭരണകാലത്ത് രാജാവിന്റെ പ്രതിനിധിയായിരുന്നു ഗവർണർ. ഗവർണർമാർക്ക് അനിയന്ത്രിത അധികാരം നൽകി നേട്ടമുണ്ടാക്കുക ആയിരുന്നു രാജാവിന്റെ ലക്ഷ്യം. സ്വാതന്ത്ര്യ പൂർവ ഇന്ത്യയിൽ ഏറ്റവും കൊടിയ അനീതികളുടെ ആസൂത്രണം ഗവർണർമാരുടെ ഓഫിസ് കേന്ദ്രീകരിച്ചാണു നടന്നിരുന്നതെന്നു ചരിത്രം പറയുന്നു. 

ഇക്കാരണങ്ങളാൽ തന്നെ ഭരണഘടനാ നിർമാണസഭയിൽ ഈ വിഷയം അംഗങ്ങൾക്കിടയിൽ ചൂടേറിയ ചർച്ചയ്ക്കാണ് ഇടവരുത്തിയത്. ഭരണഘടനാ നിർമാണസഭയിലെ ധാരാളം അംഗങ്ങൾ ഗവർണർപദവിയുടെ ഓർമകൾ തന്നെ ജനങ്ങളുടെ മനസ്സിൽനിന്നു തുടച്ചുനീക്കണം എന്ന് ആഗ്രഹിച്ചവരായിരുന്നു. സ്വാതന്ത്ര്യപൂർവ അനീതികളുടെ പശ്ചാത്തലത്തിൽ ഗവർണർ പദവി തന്നെ നിലനിർത്തേണ്ടതുണ്ടോ എന്ന് അംഗങ്ങൾക്കിടയിൽ ചർച്ച നടന്നു.

haris-beeran
ഹാരിസ് ബീരാൻ

ഭരണഘടനാ നിർമാണസഭയിലെ അംഗമായ ബിശ്വന്ത് ദാസ് ഗവർണർ പദവി അർഥശൂന്യമാണെന്ന വാദക്കാരനായിരുന്നു. മറ്റൊരംഗമായ എച്ച്.വി. കാമത്ത് ഭരണഘടനയിൽ ഗവർണർ പദവി എന്ന ആശയത്തെത്തന്നെ എതിർത്തു. അതേസമയം ഡോ. ബി.ആർ. അംബേദ്കർ ഈ വാദങ്ങളെ അംഗീകരിച്ചില്ല എന്നു മാത്രമല്ല, ഗവർണർ പദവി നിലനിർത്തണം എന്നു വാദിക്കുകയും ചെയ്തു. 

കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഭരണഘടനയിൽ ഗവർണറെ നിലനിർത്തിയതാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. താൽക്കാലിക ഭരണഘടനയ്ക്കു രൂപം നൽകാനായി ഭരണഘടനാ നിർമാണസഭ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കമ്മിറ്റി തയാറാക്കിയ റിപ്പോർട്ടിൽ ഗവർണർ പ്രധാനമായും മന്ത്രിസഭയുടെ സഹായത്തോടെയും ഉപദേശത്തോടെയും പ്രവർത്തിക്കണം എന്നായിരുന്നു. അതേസമയം ചില കാര്യങ്ങളിൽ, ഉദാഹരണത്തിനു തന്റെ കീഴിലുള്ള സ്ഥലത്തെ സമാധാന ജീവിതം ഗുരുതരമായ ഭീഷണി നേരിടുന്ന സന്ദർഭത്തിൽ വിവേചനാധികാരം പ്രയോഗിക്കണം.

∙ അധികാരം– നിയമത്തിന്റെ കണ്ണിൽ

ഗവർണറുടെ തീരുമാനം അന്തിമമാണെന്നും കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും ഭരണഘടനയുടെ 163 (2), (3) വകുപ്പിൽ പറയുന്നുണ്ടെങ്കിലും നിയമപരമായ പുനർചിന്തനത്തിനു സാധുതയുണ്ടെന്നു പല കേസുകളിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. മരു റാം കേസ് (മാപ്പു നൽകാനുള്ള ഗവർണറുടെ അധികാരം), നബാം റെബിയ കേസ് (നിയമസഭ വിളിച്ചുചേർക്കാനുള്ള അധികാരം) ഷംഷേർ സിങ് കേസ് (ഓർഡിനൻസ് ഇറക്കാനുള്ള അധികാരം) എന്നീ സന്ദർഭങ്ങളിൽ ഗവർണറുടെ അധികാരം വെട്ടിച്ചുരുക്കിയിട്ടുണ്ട്. 

∙ ഗവർണർ– അധികാരമില്ലാത്ത തലവൻ

തിരഞ്ഞെടുക്കപ്പെടാത്ത പദവിയിലുള്ള ഗവർണർമാർ സംസ്ഥാനങ്ങളിലെ നിർണായകമായ അധികാരം കയ്യാളുന്നവരാകരുത് എന്നാണു ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളത്. സംസ്ഥാനത്തിന്റെ തലവൻ എന്ന ആലങ്കാരിക പദവിയാണ് അവർക്കുള്ളത്. കാബിനറ്റിന്റെ തീരുമാനവും ഉപദേശവും അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് ഭരണഘടനയിൽ വ്യക്തമായി പറയുന്നു. 

അതേസമയം തന്നെ 163 (2), (3) വകുപ്പുകൾ അനുസരിച്ച് ഗവർണർക്ക് ചില കാര്യങ്ങളിൽ വിവേചനാധികാരം പ്രയോഗിക്കാം. അതുപക്ഷേ ഏതൊക്കെ സന്ദർഭങ്ങളെന്നു ഭരണഘടനയിൽ പറയുന്നില്ല. 

ഭരണഘടനാ വീഴ്ചയുണ്ടാകുന്ന സന്ദർഭങ്ങളിൽ ‘സേഫ്ടി വാൽവ്’ ആയി  പ്രവർത്തിക്കാം. ഗവർണറുടെ ആശയപ്രതിബദ്ധതയെയും കഴിവിനെയും ആശ്രയിച്ചായിരിക്കും അത്. 

∙ പേരറിവാളൻ കേസ്

ഗവർണറുടെ അധികാരം കോടതി പരിമിതപ്പെടുത്തിയ ഏറ്റവും ഒടുവിലത്തെ സന്ദർഭമായിരുന്നു കഴിഞ്ഞദിവസം പേരറിവാളൻ കേസിലുണ്ടായത്. പേരറിവാളനെ മോചിപ്പിക്കണമെന്ന് 2018 ഒക്ടോബർ 9ന് ആണ് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി ഗവർണർക്ക് അയച്ചത്. ന്യായമായ സമയപരിധിക്കുള്ളിൽ ഗവർണർ തീരുമാനമെടുക്കേണ്ടതായിരുന്നു. സർക്കാരിന്റെ ശുപാർശ പ്രകാരം പ്രവർത്തിക്കുകയല്ലാതെ മറ്റൊരു മാർഗവും അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നില്ല. 2021 ജനുവരി 25 വരെ ഫയൽ വച്ചുതാമസിപ്പിച്ച ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് അയച്ചു. സർക്കാരിന്റെ ശുപാർശ വച്ചു താമസിപ്പിക്കാൻ‌ ഗവർണർക്ക് അധികാരമില്ലെന്നും രണ്ടര വർഷത്തിനു ശേഷം അതു രാഷ്ട്രപതിക്കയച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി പറഞ്ഞു. ഗവർണർ സംസ്ഥാന സർക്കാരിന്റെ ‘സംക്ഷിപ്ത രൂപം’ മാത്രമാണെന്നുവരെ കോടതി പറഞ്ഞു. 

കേന്ദ്ര സർക്കാരിനോടു രാഷ്ട്രീയ വിയോജിപ്പുള്ളവരാണു സംസ്ഥാന സർക്കാരെങ്കിൽ ഓരോ തീരുമാനവും സ്വാഭാവികമായും ഗവർണറുടെ ഓഫിസിൽ മാസങ്ങളോ ചിലപ്പോൾ വർഷങ്ങളോ പിടിച്ചുവയ്ക്കാൻ സാധ്യതയുണ്ട്. ഈ അവസ്ഥ സംസ്ഥാന സർക്കാരുകളുടെയും പൗരന്മാരുടെയും അവകാശത്തിന്റെ ലംഘനമാണ്. അതിനാൽ സംസ്ഥാന സർക്കാർ നൽകുന്ന ഒരു ശുപാർശയും വൈകിപ്പിക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി അസന്ദിഗ്ധമായാണ് ഈ വിധിയിലൂടെ പറയുന്നത്. വൈകിപ്പിച്ചാൽ അതു കോടതിയിൽ ചോദ്യം ചെയ്യാം. 

ഗവർണറുടെ അധികാരം പരിമിതമാണ്. ഈ വിഷയം ചർച്ച ചെയ്ത ഭരണഘടനാ നിർമാണ സഭയിലെ അംഗങ്ങളുടെ വീക്ഷണങ്ങൾക്കു സാധുത നൽകുകയാണു കോടതി ചെയ്തത്. 

അധികാര ദുർവിനിയോഗം നടക്കുന്ന സാഹചര്യത്തിൽ ഗവർണർക്ക് ഇടപെടാനും വകുപ്പുണ്ട്. ഭൂരിപക്ഷം നഷ്ടമാകുമ്പോൾ നിയമസഭ വിളിച്ചുകൂട്ടാൻ സർക്കാർ വിസമ്മതിച്ചാലോ സ്പീക്കർ അവിശ്വാസപ്രമേയത്തിന് അനുമതി നൽകാതിരുന്നാലോ ഗവർണർക്ക് ഇടപെടാം. കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തികളായി രാഷ്ട്രപതിഭരണം ഏർപ്പെടുത്തുന്നതുപോലുള്ള സന്ദർഭങ്ങളിലാണ് സുപ്രീം കോടതിക്ക് ഇടപെടേണ്ടിവരുന്നത്.

പേരറിവാളൻ കേസ് ഗവർണർമാരുടെ അധികാരത്തെ കൂടുതൽ കർശനമായി ചുരുക്കുകയാണ്. ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരിനെ തിരഞ്ഞെടുക്കപ്പെടാത്ത ഗവർണർ ബഹുമാനിക്കണമെന്ന ആശയത്തെയാണ് കോടതി ഉയർത്തിപ്പിടിക്കുന്നത്.

(സുപ്രീം കോടതിയിൽ അഭിഭാഷകനാണ് ലേഖകൻ)

English Summary: Perarivalan bail; analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com