ADVERTISEMENT

പാലക്കാട്ട് എക്സൈസ് ജീവനക്കാരനിൽനിന്നും രണ്ടു കരാറുകാരിൽ നിന്നുമായി 10.23 ലക്ഷം രൂപ വിജിലൻസ് പിടികൂടിയ സംഭവത്തിൽ ഡപ്യൂട്ടി കമ്മിഷണറും സിഐമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടെ 14 പേർക്ക് സസ്പെൻഷൻ. പാലക്കാടൻ കള്ള് മറ്റു ജില്ലകളിലേക്കു കൊണ്ടുപോകാൻ പെർമിറ്റ് പുതുക്കാനുള്ള കൈക്കൂലിയാണ് പിടികൂടിയതെന്നു വിജിലൻസ്. 

പാലക്കാട് ചിറ്റൂരിൽ ചെത്തുന്ന കള്ള് മറ്റു ജില്ലകളിലേക്കു കൊണ്ടുപോകാൻ 5 എക്സൈസ് ഓഫിസുകളിലായി ലീറ്ററിന് 60 രൂപ കൈക്കൂലി കൊടുക്കുന്നുവെന്നു വിജിലൻസ് കണ്ടെത്തിയപ്പോൾ പലരും മൂക്കത്തു വിരൽ വച്ചു. ലീറ്ററിന് 100–130 രൂപ വരെ വിലയുള്ള കള്ളിന് ഇത്രയും കൈക്കൂലിയോ? ചെത്തുന്നതു മാത്രമല്ല കള്ള് എന്നാണ് അതിന് ഉത്തരം. 

‘‘എല്ലാ കച്ചവടത്തിലും നന്മ 90 ശതമാനവും തിന്മ 10 ശതമാനവും ആയിരിക്കും. പക്ഷേ, കള്ളുകച്ചവടത്തിൽ നന്മ 10 ശതമാനവും തിന്മ 90 ശതമാനവുമാണ്. എല്ലാവർക്കും ആർത്തിയാണ്. തൊഴിലാളിക്കും മുതലാളിക്കും ആർത്തി. രാഷ്ട്രീയക്കാരനും ഉദ്യോഗസ്ഥർക്കും അതുപോലെ ആർത്തി. പിന്നെയെങ്ങനെ കള്ളമില്ലാതെ കച്ചവടം നടത്തും?’’ 

പാലക്കാട് അണക്കപ്പാറയിൽ വ്യാജക്കള്ള് ഉൽപാദനകേന്ദ്രം കണ്ടെത്തിയ കേസിലെ പ്രധാന പ്രതി സോമൻ നായരുടെ വാക്കുകൾ കേട്ട് എക്സൈസ് വിജിലൻസ് ഉദ്യോഗസ്ഥർ അന്തംവിട്ടിരുന്നു. 2021 ജൂൺ 27ന് ആലത്തൂർ റേഞ്ചിലെ അണക്കപ്പാറ കള്ളു ഗോഡൗണിൽനിന്നും സമീപത്തെ വീട്ടിൽ നിന്നുമായി 1312 ലീറ്റർ സ്പിരിറ്റ്, 2220 ലീറ്റർ വ്യാജക്കള്ള്, 11 ലക്ഷം രൂപ എന്നിവ സംസ്ഥാന എക്സൈസ് എൻഫേ‍ാഴ്സ്മെന്റ് സംഘം പിടികൂടിയ കേസിലെ പ്രധാന പ്രതിയാണു സോമൻ നായർ. 

toddy-pkd

കേസിൽ 13 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. 147 പേരെ സ്ഥലംമാറ്റി. എന്നിട്ടും, ഒരു വർഷം തികയും മുൻപേയാണു പാലക്കാട് എക്സൈസ് ഓഫിസിൽ വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്നു കരുതുന്ന 10.23 ലക്ഷം രൂപ ഒരു ജീവനക്കാരന്റെയും രണ്ടു കരാറുകാരുടെയും കയ്യിൽനിന്നു കണ്ടെത്തിയത്. സ്ഥലംമാറ്റവും സസ്പെൻഷനുമൊന്നും ആർത്തിക്കു മരുന്നാകുന്നില്ല. ഇതിനു കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരുമുള്ളതു കൊണ്ടാണു വിവരങ്ങൾ പുറത്തുവരുന്നത്. 

പെർമിറ്റിന് മാത്രം കൈക്കൂലി രണ്ടു കോടിയോളം രൂപ

വർഷങ്ങൾക്കു ശേഷം ഈ സാമ്പത്തികവർഷമാണു പാലക്കാടിനു പുറത്തേക്കു കള്ളു കൊണ്ടുപോകാനുള്ള പെർമിറ്റിനു ഫീസ് കൂട്ടിയത്. ലീറ്ററിന് ഒരു രൂപയായിരുന്ന ഫീസ് 2 രൂപയാക്കി. എന്നാൽ, ഇതു സർക്കാരിനു ലഭിക്കുന്ന തുക. പെർമിറ്റ് പുതുക്കലുമായി ബന്ധപ്പെട്ട 5 ഒ‍ാഫിസുകളിൽ 12 രൂപ വീതം ലീറ്ററിന് ആകെ 60 രൂപ കൈക്കൂലിയായി മറിയുന്നുവെന്നാണു കഴിഞ്ഞ ദിവസം വിജിലൻസ് കണ്ടെത്തിയത്. ഈ ഇടപാടിൽ മാത്രം കുറഞ്ഞതു 2 കോടിയോളം രൂപ ഒരു സീസണിൽ എക്സൈസിന്റെ ചിറ്റൂർ സർക്കിൾ, താലൂക്കിലെ രണ്ട് റേഞ്ച് ഒ‍ാഫിസ്, ജില്ലാ എക്സൈസ് ഒ‍ാഫിസ്, ഇന്റലിജൻസ് വിഭാഗം, സ്പെഷൽ സ്ക്വാഡ് എന്നിവിടങ്ങളിൽ എത്തുന്നു. മുൻപ് ‘കവർ’ എന്ന പേരിൽ നൽകിയിരുന്ന പണമാണ് ‘സന്തോഷപ്പണ’മായത്. 

സന്തേ‍ാഷപ്പണത്തിൽ 30% ജില്ലയിലെ ഉയർന്ന ഉദ്യേ‍ാഗസ്ഥനുള്ള വിഹിതമാണ്. തൊട്ടുതാഴെ 20%, അടുത്ത രണ്ടു നിരയ്ക്ക് 10% വീതം. ബാക്കി 30% ശേഷിക്കുന്ന ജീവനക്കാർക്കു വീതിച്ചുനൽകും. ഇങ്ങനെ കൊണ്ടുവന്ന 10.23 ലക്ഷം രൂപയാണു കഴിഞ്ഞയാഴ്ച പാലക്കാട് കാടാങ്കോട്ട് വിജിലൻസ് പിടികൂടിയത്. 

ഷാപ്പ് ലൈസൻസിനുള്ള ‘മാമൂൽ തുക’ വിഹിതം കൈകാര്യം ചെയ്യുന്നതിനിടെ കണ്ണൂർ എക്സൈസ് ഡിവിഷൻ‍ ഒ‍ാഫിസിൽ വിജിലൻസ് റെയ്ഡിൽ പണം പിടിച്ചെടുത്തു.  ഡപ്യൂട്ടി കമ്മിഷണർ അടക്കമുള്ളവരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തെങ്കിലും മറ്റ് ആറ് ഉദ്യേ‍ാഗസ്ഥർക്കെതിരെയാണു നടപടി സ്വീകരിച്ചത്. സിപിഎം ബന്ധമുള്ള വ്യക്തിയായതിനാലാണ് ഉയർന്ന ഉദ്യേ‍ാഗസ്ഥനെതിരെ നടപടി സ്വീകരിക്കാത്തതെന്ന ആരേ‍ാപണം ശക്തമാണ്.

അണക്കപ്പാറയിൽ കഴിഞ്ഞ ജൂണിൽ വ്യാജക്കള്ള് ഉൽപാദനം പിടികൂടിയതിനെത്തുടർന്നു ഡപ്യൂട്ടി കമ്മിഷണർ അടക്കം 13 പേരെയാണ് സസ്പെൻഡ് ചെയ്തത്. ജില്ലയിലെ എക്സൈസിൽ കൂട്ടസ്ഥലംമാറ്റവും നടത്തി. അന്നു പത്തിതാഴ്ത്തിയ പണമിടപാട് വീണ്ടും വ്യാപകമായതായി ഇന്റലിജൻസ് പലപ്പേ‍‍ാഴായി റിപ്പേ‍ാർട്ട് ചെയ്തിരുന്നെങ്കിലും മേഖലാ ഉദ്യോഗസ്ഥർ ഉഴപ്പിക്കളിക്കുകയായിരുന്നു.  

വർഷത്തിൽ 14 മാസമോ? 

കള്ളിന്റെ ഗുണനിലവാരം പരിശേ‍ാധിക്കണമെങ്കിൽ 500 രൂപ ഷാപ്പ് നടത്തിപ്പുകാരൻ നൽകണം. തൃശൂരിൽ ഇത് 2,000 രൂപയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

കള്ളുഷാപ്പിനു സമീപം വ്യാജമദ്യ വിൽപനയും വിതരണവും നടക്കുന്നുണ്ടെങ്കിൽ അവ പിടികൂടാനുള്ള റെയ്ഡിന് ഫീസ് – 2000, മാസപ്പടി വൈകിയാൽ ഷാപ്പ് പരിശേ‍ാധനയുണ്ട്; അതിന് എത്തുന്നവർക്ക് 1,500 രൂപ നൽകണമെന്നാണ് അണക്കപ്പാറ കേസിൽ വിജിലൻസ് കണ്ടെത്തിയത്. ഫെസ്റ്റിവൽ അലവൻസ് ഒ‍ാഫിസർ ഗ്രേഡിലുള്ളവർക്ക് 30,000 രൂപയാണ്. 

ഷാപ്പ് നടത്തിപ്പുചെലവ് എന്ന ഇനവുമുണ്ട്. നല്ല വിൽപനയുള്ള സ്ഥലങ്ങളിൽ മാസം 1000 രൂപ. ഷാപ്പുകളിലെ കള്ളിൽ കൃത്രിമം ഇല്ലെന്ന് ഉറപ്പാക്കാൻ ലാബിൽ നടത്തുന്ന സാംപിൾ പരിശേ‍ാധനയ്ക്കു നടബത്ത എന്ന പേരിൽ 1000 രൂപ വേറെ. എക്സൈസിലെ പിരിവിന്റെ കണക്കനുസരിച്ച് വർഷത്തിൽ 14 മാസമുണ്ട്. ഒ‍ാണം, ക്രിസ്മസ് വരുന്ന ഫെസ്റ്റിവൽ അലവൻസ് പിരിക്കുന്ന മാസങ്ങളാണ് അധികമായി കണക്കാക്കുന്നത്. ഫെസ്റ്റിവൽ അലവൻസ് എക്സൈസിലേക്കു മാത്രമല്ല, സമീപത്തും അതിർത്തിയിലുമുള്ള പെ‍ാലീസ് സ്റ്റേഷനുകളിലേക്കും ഹൈവേ പട്രേ‍ാളിങ് സംഘത്തിലേക്കും എത്താറുണ്ട്. 

പെർമിറ്റ് പുതുക്കാനുള്ള പടിയൊഴികെയുള്ള പിരിവുകൾ മറ്റു ജില്ലകളിലുമുണ്ടെന്നാണ് ഇന്റലിജൻസിന്റെയും വിജിലൻസിന്റെയും കണ്ടെത്തൽ. പാലക്കാട്ട് കഴിഞ്ഞ ദിവസം കൈക്കൂലി പിടികൂടിയപ്പേ‍ാൾ തൃശൂരിലെ ഒരു റേഞ്ച് ഒ‍ാഫിസിലെ മാസപ്പടിയെക്കുറിച്ചും വിവരം ലഭിച്ചു. 

കുപ്പിയിലും കടലാസിലും പെർഫെക്ട് ഓകെ !

1996ൽ ചാരായം നിരേ‍ാധിച്ചതു മുതലാണു കള്ളിൽ അഴിമതിയും ലഹരിയും കൂടിയത്. തെങ്ങിനു നമ്പറിടുന്നതു മുതൽ ഷാപ്പിൽ കള്ള് ഗ്ലാസിൽ ഒഴിക്കുന്നതു വരെ നീളുന്നു ഈ കണ്ണി. ഇത്രയെ‍ാക്കെയും തുക ചെലവഴിച്ചിട്ടും ലാഭമാണ്. 

കുപ്പിയിലും കടലാസിലും കാര്യങ്ങൾ കൃത്യമാക്കിയാൽ കള്ളിൽ എന്തു കച്ചവടവും നടത്താം. കടലാസിൽ കൃത്യമാക്കിയാൽ ഉദ്യോഗസ്ഥനും പിടിച്ചുനിൽക്കാം. അതിനു വേണ്ടിയാണ് ‘സന്തോഷപ്പണം’ നൽകുന്നത്. മറ്റിടങ്ങളിലേക്കു കടത്തിക്കൊണ്ടുപോകുന്ന സമയത്തു പലപ്പോഴും പിടിയിലാകുന്നതു കണക്കിന്റെ പേരിലാണ്. ഉൽപാദിപ്പിക്കുന്ന കള്ളും കൊണ്ടുപോകുന്ന കള്ളും തമ്മിൽ കണക്കിൽ കൃത്യമാകില്ല. അവിടെയാണു കടലാസിൽ കാര്യങ്ങൾ കൃത്യമാക്കുന്നത്. ഒരു തെങ്ങിൽ നിന്ന് 2 ലീറ്റർ കള്ളാണു കണക്കാക്കുന്നത്. ഇതു കണക്കാക്കി കൃത്യമായി വൃക്ഷക്കരം നൽകി, ചെത്തുതൊഴിലാളിയുടെ റജിസ്ട്രേഷൻ നടത്തിയ കടലാസിൽ കാര്യങ്ങൾ കൃത്യമാക്കും. 1000 ലീറ്റർ കള്ളു കിട്ടാൻ 500 തെങ്ങുകളെങ്കിലും വേണം. മലയാളികളായ തൊഴിലാളികൾ ചെയ്യുന്ന ചെളിച്ചെത്തിന് 10 തെങ്ങു ചെത്തിയാൽ 30 ലീറ്ററും തമിഴ് തൊഴിലാളികളുടെ പാണ്ടിച്ചെത്തിന് 10 തെങ്ങിന് 20 ലീറ്ററുമാണു കണക്ക്. കടലാസിൽ ഇതെല്ലാം ഒപ്പിക്കുമെങ്കിലും ഇത്രയ്ക്കു ചെത്തോ തൊഴിലാളിയോ ഉണ്ടാകണമെന്നില്ല.

ഓരോ ഷാപ്പിൽ നിന്നും കൃത്യമായ ഇടവേളകളിൽ പരിശോധനയ്ക്കു സാംപിൾ എടുത്തു പരിശോധിക്കേണ്ടതുണ്ട്. എന്നാൽ, വിൽക്കുന്ന കള്ളാകില്ല സാംപിളിൽ. ഇതിനു കലർപ്പില്ലാത്ത കള്ളു പ്രത്യേകം എടുത്തുവയ്ക്കും. ഇതു പരിശോധിച്ചാൽ മായം കിട്ടില്ല. സാംപിൾ പരിശോധിച്ചിട്ടും കിട്ടിയില്ലെന്ന് ഉദ്യോഗസ്ഥർക്കു കൈകഴുകാം.

നാളെ: കേരളത്തിൽ വിൽക്കുന്നത്‘കോക്ടെയ്ൽ’

English Summary: Toddy smuggling Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com