ADVERTISEMENT

ജീവന്റെ പച്ചപ്പും നീലയും നിറഞ്ഞ ഭൂമി...നമ്മുടെ ഗ്രഹം. ഇങ്ങോട്ടേക്ക് അതിതീവ്ര വേഗത്തിൽ, പ്രപഞ്ചദൂരങ്ങളെ കബളിപ്പിച്ചുള്ള പാതകളിൽ അന്യഗ്രഹജീവികൾ എത്തുന്നുണ്ടോ? അവയുടെ അജ്ഞാത പേടകങ്ങൾ (യുഎഫ്ഒ) ലോകമെമ്പാടും കാണുന്നുവെന്ന റിപ്പോർട്ടുകൾ സത്യമാണോ?  അതോ, ദുരൂഹതയുടെ മേമ്പൊടിയുള്ള സുന്ദരമായ കള്ളമോ? യുഎസ് പ്രതിരോധ അധികൃതർ പുറത്തുവിട്ട റിപ്പോർട്ടുകളും ചില വിഡിയോകളും യുഎഫ്ഒ സംബന്ധിച്ച ചിന്തകളെ ഇക്കാലത്ത് കൂടുതൽ ചൂടുപിടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസിൽ ഇതുസംബന്ധിച്ചു നടത്തിയ ഹിയറിങ്ങിൽ, നാനൂറിലേറെ അജ്ഞാത പേടകങ്ങളെ കണ്ടതായുള്ള റിപ്പോർട്ടുകളുണ്ടെന്ന് പെന്റഗൺ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.അന്യഗ്രഹജീവികൾ എങ്ങനെയാണ് മനുഷ്യരുടെ പൊതുബോധത്തെ സ്വാധീനിച്ചത്, അതിന് ആധാരമായ സംഭവങ്ങൾ ഏതൊക്കെയായിരുന്നു?

നിങ്ങൾ ഒറ്റയ്ക്കല്ല, നിങ്ങളിലേക്കെത്താനായി നക്ഷത്രങ്ങളുടെ ഒരു സമുദ്രം താണ്ടിയാണു ഞാൻ വന്നിരിക്കുന്നത്’’–  2017ൽ പുറത്തിറങ്ങിയ സൂപ്പർമാൻ ചിത്രമായ മാൻ ഓഫ് സ്റ്റീലിലെ സംഭാഷണം. വില്ലൻ കഥാപാത്രവും ക്രിപ്റ്റോൺ ഗ്രഹത്തിലെ സൈന്യാധിപനുമായ ജനറൽ സോഡ് മനുഷ്യരാശിയോടു പറയുന്നതാണിത്.

ബുദ്ധിശക്തിയുള്ള അന്യഗ്രഹജീവികളുടെ (ഇന്റലിജന്റ് ഏലിയൻസ്) വരവ് ഹോളിവുഡ് സിനിമകളുടെ ഇഷ്ടവിഷയമാണ്. അതിലൊതുങ്ങുന്നതല്ല ഏലിയൻസിനെക്കുറിച്ചുള്ള ചിന്തകളും സിദ്ധാന്തങ്ങളും. ഇതിന്റെ പ്രചാരകരിൽ തത്വചിന്തകരും നിഗൂഢസിദ്ധാന്തക്കാരും മുതൽ ശാസ്ത്രജ്ഞർ വരെയുണ്ട്. ദുരൂഹത മറചൂടിനിന്ന ഈ വിഷയം കഴിഞ്ഞ വർഷം യുഎസ് പ്രതിരോധ സ്ഥാപനമായ പെന്റഗൺ 9 പേജുള്ള യുഎഫ്ഒ റിപ്പോർട്ട് അവതരിപ്പിച്ചതോടെ മുഖ്യധാരയിലെത്തി. ഈ വർഷം ഏപ്രിലിൽ ആദ്യ റിപ്പോർട്ടിന്റെ യഥാർഥ രൂപമായ 1500 പേജുള്ള രേഖയും യു എസ് അധികൃതർ ഒരു മാധ്യമസ്ഥാപനത്തിനു നൽകി. തുടർന്ന് കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസ് ഇക്കാര്യത്തിൽ ഹിയറിങ്ങും സംഘടിപ്പിച്ചു. നാനൂറിലേറെ യു എഫ്ഒ സംഭവങ്ങൾക്കു സ്ഥിരീകരണമുണ്ടെന്നാണു പെന്റഗൺ ഈ ഹിയറിങ്ങിൽ പറഞ്ഞത്. ഇവയൊക്കെ അന്യഗ്രഹപേടകങ്ങളാണോ എന്ന് തങ്ങൾക്കറിയില്ലെന്നും പെന്റഗൺ വ്യക്തമാക്കി.

aliens

യുണൈറ്റഡ് സ്റ്റേറ്റ്സ്  ഓഫ് ഏലിയൻസ്

അജ്ഞാതപേടകങ്ങളെക്കുറിച്ച് യുഎസ് പണ്ടേ അന്വേഷിച്ചിരുന്നു. പ്രോജക്ട് സൈൻ, ഗ്രജ്, ബ്ലൂബുക് തുടങ്ങിയ പദ്ധതികൾ ഇതിനായി നടത്തി. 21–ാം നൂറ്റാണ്ടിലെ ഇതിന്റെ തുടർപദ്ധതിയാണ് യുഎസ് ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ അഡ്വാൻസ്ഡ് എയ്റോസ്പേസ് ത്രെറ്റ് ഐഡന്റിഫിക്കേഷൻ പ്രോഗ്രാം (ആറ്റിപ്). 2007ൽ തുടങ്ങിയ പദ്ധതി 2012ൽ അവസാനിച്ചു. ഇപ്പോഴും ഇതിന്റെ തുടർപദ്ധതികളുണ്ട്.

ആറ്റിപ് മേധാവി ലൂയിസ് എലിസോണ്ടോ 2017ൽ രാജിവച്ചതോടെയാണ് പദ്ധതിയെപ്പറ്റി കൂടുതൽ അറിഞ്ഞത്. അജ്ഞാത പേടകങ്ങളുടെ കാര്യത്തിൽ യുഎസ് സർക്കാർ രഹസ്യാത്മകത പുലർത്തുന്നെന്ന് എലിസോണ്ടോ വെളിപ്പെടുത്തി. മനുഷ്യവംശം ഒറ്റയ്ക്കല്ലെന്നതിനു വളരെ ശക്തമായ തെളിവുകൾ പദ്ധതിക്കു ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞതും ചർച്ചാവിഷയമായി.

നിമിറ്റ്സ്, റൂസ്‌വെൽറ്റ് വിമാനവാഹിനിക്കപ്പലുകളിലെ യുഎസ് നേവി വിമാനങ്ങളിൽ 2004, 2014, 2017 വർഷങ്ങളിൽ റിക്കോർഡ് ചെയ്യപ്പെട്ട 3 വിഡിയോകളും ആയിടെ പുറത്തിറങ്ങി. ഇതു പുറത്തുവിട്ടത് എലിസോണ്ടോയാണെന്നും അഭ്യൂഹമുണ്ടായി. പെന്റഗൺ വിഡിയോകൾ എന്ന പേരിൽ ഇവ വലിയ ചലനം സൃഷ്ടിച്ചു.‌‌

2019ൽ മറ്റൊരു വിഡിയോ കൂടി യുഎസ് നേവിയുടേതായി പുറത്തിറങ്ങി. ഈ വിഡിയോകളെല്ലാം പിന്നീട് പെന്റഗൺ സ്ഥിരീകരിക്കുകയും പെന്റഗൺ യുഎഫ്ഒ വിഡിയോകൾ എന്ന പേരിൽ ഇവ പിന്നീട് അറിയപ്പെടുകയും ചെയ്തു.

കഴിഞ്ഞ വർഷം പ്യൂ റിസർച് നടത്തിയ സർവേ പ്രകാരം 65 ശതമാനത്തോളം അമേരിക്കക്കാർ അന്യഗ്രഹജീവികളുണ്ടെന്നും അവ ഭൂമി സന്ദർശിക്കാറുണ്ടെന്നും ഉറച്ചു വിശ്വസിക്കുന്നു. 

യുഎസ് തലസ്ഥാനമായ വാഷിങ്ടനിൽ 1952ൽ മൂന്നാഴ്ചക്കാലത്ത് ഏഴ് യു എഫ്ഒ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഇൻവേഷൻ ഓഫ് വാഷിങ്ടൻ എന്നറിയപ്പെടുന്ന ഈ സംഭവവും അന്യഗ്രഹജീവികളെക്കുറിച്ചുള്ള ചിന്ത ഊട്ടിയുറപ്പിച്ചു.

എന്നാൽ ഇതിനപ്പുറം യുഎസിൽ നടന്ന ചില സംഭവങ്ങളും അന്യഗ്രഹജീവികളെക്കുറിച്ചുള്ള വിശ്വാസം ബലപ്പെടുത്തി. അതിൽ പ്രധാനപ്പെട്ടത് റോസ്‌വെൽ സംഭവം എന്ന ദുരൂഹമായ ഏടുതന്നെ. മറ്റൊന്ന് ഏരിയ 51 എന്ന സ്ഥലമാണ്. 

alien
റോസ്‌വെലിൽ കണ്ട ഏലിയന്റെ മൃതദേഹമെന്ന രീതിയിൽ പ്രചരിച്ച ചിത്രം. ഇതു തട്ടിപ്പായിരുന്നെന്ന് പിന്നീടു കണ്ടെത്തി.

റോസ്‌വെലിലെ നിഗൂഢത

1947. മെക്സിക്കോയുമായി അതിർത്തി പങ്കിടുന്ന യുഎസ് സംസ്ഥാനമായ ന്യൂമെക്സിക്കോയിലെ റോസ്‌വെൽ പട്ടണത്തിനു സമീപം  തകർന്നുവീണ ഒരു അജ്ഞാത വാഹനത്തിന്റെ അവശിഷ്ടങ്ങൾ നാട്ടുകാർക്കു ലഭിച്ചു. അജ്ഞാത വസ്തുക്കളായിരുന്നു ആ അവശിഷ്ടങ്ങളിൽ.

നാട്ടുകാർ തദ്ദേശ അധികൃതരെ വിവരമറിയിച്ചെങ്കിലും എത്തിയത് യുഎസ് സൈന്യമാണ്. അവർ അവശിഷ്ടങ്ങൾ കൈക്കലാക്കി അവിടെനിന്നു പോയി. അവിടെ തകർന്നുവീണത് അന്യഗ്രഹപേടകമാണെന്ന പ്രചാരണം താമസിയാതെ ശക്തമായി.

കാലാവസ്ഥാ നിരീക്ഷണ ബലൂണായിരുന്നു ഇതെന്ന് ആദ്യകാലത്ത് പറഞ്ഞ യുഎസ് പ്രതിരോധവകുപ്പ് പിൽക്കാലത്ത് അഭിപ്രായം മാറ്റി. ശീതയുദ്ധത്തിന്റെ ഭാഗമായി പ്രോജക്ട് മൊഗൂൾ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട വാഹനമാണ് ഇതെന്നാണ് പിന്നീട് ഇവർ പറഞ്ഞത്. 

ufo-paper
റോസ്‌വെൽ സംഭവത്തെക്കുറിച്ചുള്ള പത്രവാർത്ത.

നിലപാടുകളിലെ വൈരുധ്യം കൂടുതൽ സംശയം ഈ സംഭവത്തെക്കുറിച്ച് ഉണ്ടാക്കി. റോസ്‌വെൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. അമേരിക്കൻ പൊതുബോധത്തിലേക്ക് യുഎഫ്ഒ ചിന്തയുടെ വിത്തുകൾ ആഴത്തിലെറിഞ്ഞു റോസ്‌വെൽ.

അന്നു റോസ്‌വെലിൽ തകർന്നുവീണ വാഹനത്തിന്റെ അവശിഷ്ടം ഏരിയ 51ൽ അതീവ രഹസ്യമായി സൂക്ഷിച്ചിട്ടുണ്ടെന്നും ഇതിലെത്തിയ അന്യഗ്രഹജീവികൾ ഇപ്പോഴും അവിടെ യുഎസിന്റെ പരീക്ഷണങ്ങൾക്കു വിധേയരാകുകയാണെന്നും കഥകളും ഉപകഥകളും ഒട്ടേറെ. ഇന്ന് യുഎഫ്ഒ പട്ടണം എന്ന പേരിലാണു റോസ്‌വെൽ അറിയപ്പെടുന്നത്.

സർക്കാരുകളെ വിലയ്ക്കെടുക്കുന്നു, ജനങ്ങളുമായി ഇഴുകിച്ചേരുന്നു

ഗൂഢവാദ സിദ്ധാന്തങ്ങൾക്ക് പഞ്ഞമില്ലാത്ത നാടാണ് യു എസ്. ‘റെപ്റ്റീലിയൻസ്’ എന്ന രൂപം മാറാൻ സാധിക്കുന്ന അന്യഗ്രഹജീവികളാണു യുഎസിന്റെ ഭരണം കയ്യാളുന്നതെന്നും ഹിലറി ക്ലിന്റൻ ഉൾപ്പെടെ പ്രബലർ ഈ ജീവികളാണെന്നും തുടങ്ങി മൂക്കത്തു വിരൽവച്ചു പോകുന്ന സിദ്ധാന്തങ്ങൾ ഇവിടെയുണ്ട്.

അന്യഗ്രഹജീവികൾക്ക് സർക്കാർ പിന്തുണയുണ്ടെന്നും ഭൂമിയിലേക്കുള്ള അവരുടെ വരവും യാത്രകളും സാധാരണക്കാർ അറിയാതിരിക്കാൻ സംവിധാനങ്ങളുണ്ടെന്നും പലരും വിശ്വസിക്കുന്നു.

യുഎസിന്റേതു പോലുള്ള ശക്തമായ ഭരണകൂടങ്ങളുമായി അന്യഗ്രഹജീവികൾ യോജിച്ചു പ്രവർത്തിക്കുന്നുണ്ടെന്ന അഭ്യൂഹവും ശക്തമാണ്. ഇതിന് ഊർജം പകർന്ന സംഭവമാണ് ഇസ്രയേലിലെ പ്രഫ. ഹെയിം എഷേദിന്റെ   പരാമർശം. ഇസ്രയേലിന്റെ ബഹിരാകാശ സുരക്ഷാഏജൻസിയുടെ മേധാവിയായി 3 പതിറ്റാണ്ട് സേവനം അനുഷ്ഠിച്ചയാളാണു ഹെയിം എഷേദ്. യുഎസ് ഭരണകൂടത്തിന് അന്യഗ്രഹജീവികളുടെ കൂട്ടായ്മയായ  ഗലാറ്റിക് ഫെഡറേഷനുമായി അടുത്ത ബന്ധമുണ്ടെന്നും ഡോണൾഡ് ട്രംപ് ഈ ബന്ധം പൊതുജനങ്ങളോടു വെളിപ്പെടുത്താൻ ആലോചിച്ചിരുന്നെന്നും എഷേദ് പറഞ്ഞത് ലോകശ്രദ്ധ നേടി.

ആദിമകാലത്ത് മനുഷ്യർക്ക് അറിവുകൾ നൽകിയതും പിരമിഡുകൾ, ഈസ്റ്റർ ഐലൻഡ് പ്രതിമകൾ തുടങ്ങിയ സങ്കീർണനിർമിതികൾ  പൂർത്തീകരിച്ചതും ഏൻഷ്യന്റ് അസ്ട്രോനോട്ട്സ് എന്നറിയപ്പെടുന്ന, ആദിമകാലത്ത് ഇവിടെ വന്ന അന്യഗ്രഹജീവികളാണെന്നു വിശ്വസിക്കുന്നവർ ഒട്ടേറെ.

ഭൂമിയിൽ സസ്തനികൾ പ്രബലത നേടുവാനും മനുഷ്യവംശം ഉയരാനുമായി ട്രയാസിക് യുഗത്തിന്റെ അന്ത്യത്തിൽ ദിനോസർ വംശത്തെത്തന്നെ ഇല്ലാതാക്കിയ ക്രെറ്റേഷ്യസ് – ടെർഷ്യറി വംശനാശം നടത്തിയത് അന്യഗ്രഹജീവികളാണെന്നു ചിലർ പറയുന്നു. എന്നാലിതെല്ലാംതന്നെ ശാസ്ത്രം പാടേ അവഗണിച്ച ഗൂഢവാദങ്ങളാണ്.

area-51
ഏരിയ 51ലേക്കുള്ള വഴി.

ഏരിയ 51; അന്യഗ്രഹജീവികൾ ഒളിച്ച് പാർക്കുന്നയിടം

യുഎസിലെ നെവാഡയിലുള്ള മരുപ്രദേശത്ത് ഗ്രൂം തടാകക്കരയിലാണ് ഏരിയ 51. അമേരിക്കൻ അന്യഗ്രഹ അഭ്യൂഹകഥകളിലെ ഏറ്റവും രഹസ്യകേന്ദ്രം. ഭൂമിയിലെത്തുന്ന അന്യഗ്രഹജീവികളെ അമേരിക്ക രഹസ്യമായി പാർപ്പിക്കുന്ന സ്ഥലമാണിതെന്ന് ഗൂഢസിദ്ധാന്തക്കാർ വാദിക്കുന്നു. ഏരിയ 51ന്റെ രഹസ്യം കണ്ടെത്താനായി ഈ മേഖലയിൽ നിർബന്ധിതമായി പ്രവേശിക്കുമെന്ന് പറഞ്ഞ് ‘സ്റ്റോം ഏരിയ 51’ എന്ന ക്യാംപെയ്നും യുഎസിൽ നടക്കാറുണ്ട്.

ഉയർന്നു പറക്കുന്ന വിമാനങ്ങൾ ഉപയോഗിച്ച് സോവിയറ്റ് യൂണിയനെ നിരീക്ഷിക്കാനായി 1954ൽ ‘യു2’ പദ്ധതിക്ക് യുഎസ് രൂപം നൽകിയിരുന്നു. ഇതിന്റെ പരീക്ഷണങ്ങൾക്കുള്ള അതീവ രഹസ്യകേന്ദ്രമെന്ന രീതിയിലാണ് ഏരിയ 51 വികസിപ്പിച്ചത്. 30 ലക്ഷം ഏക്കർ വിസ്തീർണമുള്ള ഏരിയ 51ൽ 3.5 കിലോമീറ്റർ വരെ നീളമുള്ള റൺവേകളും ഉണ്ട്.

ഇവിടേക്കുള്ള റോഡ് ഒരു ചെക് പോസ്റ്റ് വരെയാണുള്ളത്. പിന്നെ ആർക്കും മുന്നോട്ടുപോകാനാകില്ല. കൂറ്റൻ കമ്പിവേലികൾ, ക്യാമറകളും അത്യാധുനിക സെൻസറുകളുമടങ്ങിയ സുശക്തമായ നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. ഏരിയ 51 യു എസ് മാപ്പുകളിൽ അടയാളപ്പെടുത്തിയിട്ടില്ല. 1989ൽ റോബർട് ലാസർ എന്ന വ്യക്തിയാണ് ഏരിയ 51നെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പെരുപ്പിച്ചത്. താൻ അവിടെ ജോലിയെടുത്തിട്ടുണ്ടെന്നും അന്യഗ്രഹജീവികളെ നേരിട്ടു കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

oumuamua-ufo
ഔമുവാമുവ

പാറക്കഷണമോ ചാരപേടകമോ? 

ലോക ബഹിരാകാശമേഖലയിൽ വലിയ ചലനമുണ്ടാക്കിയ വർഷമാണ് 2017. അന്ന് ഭൂമിയുടെ ഭ്രമണപഥത്തെ തൊട്ടുരുമ്മി വളരെ സവിശേഷമായ ഒരു അതിഥി കടന്നുവന്നു – ഔമുവാമുവ.

സൗരയൂഥത്തിന്റെ അതിരുകൾക്കപ്പുറത്ത്, ഇന്റർസ്റ്റെല്ലാർ മേഖലയിൽനിന്ന് ആദ്യമായി എത്തിയ വസ്തുവായിരുന്നു ഔമുവാമുവ എന്ന പാറക്കഷണം. 2017 ഒക്ടോബറിൽ ഹവായിയിലെ ഹാലികല ഒബ്സർവേറ്ററിയിൽ ജ്യോതിശാസ്ത്രഗവേഷകനായ റോബർട് വെറിക്കാണ് ഔമുവാമുവ കണ്ടെത്തിയത്. 400 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള ഒരു സിഗാറിന്റെ രൂപമായിരുന്നു അതിന്.

താമസിയാതെതന്നെ ഔമുവാമുവ ശാസ്ത്രജ്ഞർക്കിടയിലും ഗൂഢസിദ്ധാന്ത സർക്കിളുകളിലും ഒരേപോലെ കുപ്രസിദ്ധമായി. ഹാർവഡിലെ ഉന്നത ശാസ്ത്രജ്ഞനായ ആവി ലീബ്, ഔമുവാമുവ ഒരു ചാരപേടകമാണെന്നു വാദിച്ചു. ഇതെക്കുറിച്ചു പുസ്തകമെഴുതിയ ലീബ് ധാരാളം പ്രഭാഷണപരമ്പരകളും സംഘടിപ്പിച്ചു. 

ഔമുവാമുവയ്ക്ക് സ്വാഭാവികമായ പാറക്കഷണങ്ങളെക്കാൾ കൂടിയ വേഗം ഉള്ളതാണ് ഇതിനു കാരണമായി പറഞ്ഞത്. സൂര്യന്റെ ആകർഷണത്തിനപ്പുറം മറ്റേതോ ഊർജസംവിധാനം ഇതിലുണ്ടെന്ന അഭ്യൂഹം ഇതിനിടെ ഉയർന്നു.

പ്രകാശം കൊണ്ടോ അല്ലെങ്കിൽ മറ്റെന്തെങ്കിലും തരത്തിലുള്ള വികിരണങ്ങൾ കൊണ്ടോ പ്രവർത്തിക്കുന്ന ‘ലൈറ്റ് സെയിൽ’ വിഭാഗത്തിലുള്ള ബഹിരാകാശപേടകമാകാം ഔമുവാമുവയെന്നുള്ള സാധ്യതയും പലരും മുന്നോട്ടുവച്ചു. ഇന്നു ചില രാജ്യങ്ങൾ മറ്റു രാജ്യങ്ങളെ നിരീക്ഷിക്കാനായി ഡ്രോണുകളും ഉപഗ്രഹങ്ങളും മറ്റും വിടുന്നതുപോലെയുള്ള ഒരു നിരീക്ഷണ പേടകമാണ് ഔമുവാമുവയെന്നും അഭിപ്രായമുണ്ടായി.

ഈ വസ്തുവിന്റെ ഉദ്ഭവം എവിടെയെന്ന കാര്യത്തിൽ കൃത്യമായ വിവരമില്ല. ലൈറ എന്ന നക്ഷത്രസമൂഹത്തിൽനിന്നു വന്നതാകാം എന്നാണു പൊതുവേയുള്ള അനുമാനം. ആയിരക്കണക്കിനു വർഷമായി ഇതു യാത്രയിലാണ്.

പണ്ടത്തെ ശിലായുഗകാല മനുഷ്യന് ഒരു മൊബൈൽ ഫോൺ കിട്ടിയാൽ പാറക്കഷണമാണെന്നേ തോന്നൂ. ഔമുവാമുവയും അതുപോലെയാണ്. അതെന്താണെന്നു മനസ്സിലാക്കാനുള്ള ശേഷി മനുഷ്യവംശത്തിനായിട്ടില്ല.

ഔമുവാമുവയാണ് ഇന്റർസ്റ്റെല്ലാർ മേഖലയിൽനിന്ന് സൗരയൂഥത്തിലെത്തുന്ന ആദ്യവസ്തുവെന്ന പരിഗണന ഈ വർഷം പൊളിഞ്ഞു. 2014ൽ ഇന്റർസ്റ്റെല്ലാർ മേഖലയിൽനിന്നുള്ള ഒരു ഉൽക്ക ഭൗമാന്തരീക്ഷത്തിൽ എത്തി പൊട്ടിത്തെറിച്ചു ചീളുകൾ പസിഫിക് സമുദ്രത്തിൽ വീണിരുന്നു. ഔമുവാമുവയ്ക്കു ശേഷം ബോറിസോവ് എന്ന വമ്പൻ വാൽനക്ഷത്രവും ഇന്റർസ്റ്റെല്ലാർ മേഖലയിൽ നിന്നെത്തിയിരുന്നു.

നാളെ

ദണ്ഡകാരണ്യത്തിലെ വിചിത്ര ചിത്രം

English Summary: Studies on UFO 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com