ADVERTISEMENT

നമ്മുടെ പാർട്ടികൾ ജനങ്ങളിൽനിന്നു പിരിച്ചെടുക്കുന്ന കോടികൾ എവിടേക്കു പോകുന്നു? ആരൊക്കെ വീതം വച്ചെടുത്താലും ചോദ്യവുമില്ല, കേസുമില്ല. ഇനി ആരെങ്കിലും പരാതി ഉന്നയിച്ചാലോ? പുറത്താകും, കട്ടായം 

ഈമാസം ആറിനു നിയമസഭയിൽ മുഖ്യമന്ത്രിയോടുള്ള രണ്ടു ചോദ്യങ്ങൾ: 

ചോദ്യം ഒന്ന്: പയ്യന്നൂരിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫണ്ട്, ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിടനിർമാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിൽനിന്നു പണം തിരിമറി നടത്തിയതായി പൊലീസിനു പരാതി ലഭിച്ചിട്ടുണ്ടോ ? പൊതുജനങ്ങളുടെ കയ്യിൽനിന്നു പണം പിരിച്ചു തട്ടിപ്പു നടത്തിയ സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടോ?

മറുപടി: ജൂൺ 21നു പയ്യന്നൂർ സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിവരികയാണ്.

സ്വർണക്കടത്ത് കേസ് പ്രതി മുഖ്യമന്ത്രിക്കെതിരെ രഹസ്യമൊഴി കൊടുത്തതിനു തൊട്ടടുത്ത ദിവസമാണ് ഇവർക്കെതിരെ ഗൂഢാലോചനയ്ക്കും കലാപാഹ്വാനത്തിനും കേസെടുത്തത്. 11 ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു. എന്നാൽ, പാർട്ടി എംഎൽഎ ഇടപെട്ട ഫണ്ട് തട്ടിപ്പു പരാതി സ്റ്റേഷനിൽ ലഭിച്ച് ഒരു മാസമാകാറായിട്ടും പൊലീസ് കേസെടുത്തിട്ടില്ല.

ചോദ്യം രണ്ട്: 2021ൽ നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ലക്ഷ്യമിട്ടു കുഴൽപണം കടത്തിയ കേസിലെ അന്വേഷണ പുരോഗതി എന്താണ് ?

മറുപടി: കേസിൽ കൂടുതൽ തെളിവു ശേഖരിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നു കണ്ടതിനാൽ തുടരന്വേഷണം ഊർജിതമായി നടന്നുവരുന്നു.

ഒരു വർഷവും രണ്ടു മാസവുമായ കേസിൽ മുഖ്യമന്ത്രിയുടെ പൊലീസ് ഇപ്പോഴും ‘ഊർജിതമായ അന്വേഷണം’ നടത്തുകയാണ്. രാഷ്ട്രീയ എതിരാളിയെന്നു സിപിഎം വിശേഷിപ്പിക്കുന്ന ബിജെപിക്കുവേണ്ടി എത്തിച്ചതായി പറയുന്ന 3.5 കോടി രൂപ തൃശൂർ കൊടകരയിൽ തട്ടിയെടുത്ത കേസിലാണ് ഈ സ്ഥിതി !

ഇനി സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിലേക്കു വരാം. പുതിയ നേതൃത്വം വന്നശേഷം കേരളത്തിൽ കോൺഗ്രസ് നടത്തിയ ഏറ്റവും വലിയ ഫണ്ട് പിരിവാണു ‘137 ചാലഞ്ച്’. കഴിഞ്ഞ കെപിസിസി ഭാരവാഹി യോഗത്തിൽ അവതരിപ്പിച്ച കണക്കുപ്രകാരം ലഭിച്ചത് 4.60 കോടി രൂപ. മൂന്ന് അക്കൗണ്ടിലേക്കാണു തുകയെത്തിയത്. എന്തുകൊണ്ടു മൂന്ന് അക്കൗണ്ട് എന്ന സംശയത്തിന്, ‘സാങ്കേതിക കാരണം’ എന്നാണു വിശദീകരണം. വാഗ്ദാനം ചെയ്യപ്പെട്ട തുകയുടെ കണക്കെടുത്താൽ 10 കോടി വരുമെന്ന് ഒരു കെപിസിസി ഭാരവാഹി രഹസ്യ സംഭാഷണത്തിൽ പറയുന്നു. വാഗ്ദാനം ചെയ്യപ്പെട്ട തുക മുഴുവൻ കിട്ടിയോ എന്നും അതു കെപിസിസിയിൽ എത്തിയോ എന്നും ഉറപ്പില്ല. പക്ഷേ, യോഗത്തിൽ ഇതെക്കുറിച്ച് ചോദ്യമേയുണ്ടായില്ല. 

അതെ, പിരിച്ചെടുക്കുന്നതു ജനങ്ങളുടെ പണമാകുമ്പോൾ ഒരു പാർട്ടിക്കും 

ചോദ്യവുമില്ല, കേസുമില്ല.

കണക്കിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്

‘‘കണക്കുകൾ വേണ്ടരീതിയിൽ സൂക്ഷിക്കുന്നുണ്ടോ ? ബന്ധപ്പെട്ട കമ്മിറ്റികൾ മുൻപാകെ അവതരിപ്പിക്കാറുണ്ടോ?’’

party-fund-1
creative: Manorama

2017 മേയിൽ സിപിഎം സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്കു നൽകിയ പാർട്ടി കത്തിൽ ‘കണക്കുകൾ സൂക്ഷിക്കൽ’എന്ന ഭാഗത്ത് ഉന്നയിക്കുന്ന ചോദ്യമാണിത്. ഏതാണ്ട് ഈ സമയത്തായിരുന്നു, പയ്യന്നൂരിലെ വിവാദ ഫണ്ട് പിരിവുകളുടെ തുടക്കം. തിരഞ്ഞെടുപ്പു ഫണ്ട്, ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലായി ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നെന്നാണ് ആക്ഷേപം.

സിപിഎം പുറത്തുപറയുന്നതിങ്ങനെ: ‘ഗൗരവമായ ജാഗ്രതക്കുറവും കണക്കുകൾ യഥാസമയം ഓഡിറ്റ് ചെയ്ത് അവതരിപ്പിക്കാത്തതുമാണു പയ്യന്നൂരിലുണ്ടായ വീഴ്ച. അതുകൊണ്ടാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഐ.മധുസൂദനൻ എംഎൽഎയെ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയതും മറ്റു മൂന്നു പേർക്കെതിരെ നടപടിയെടുത്തതും.’

കൂട്ടത്തിൽ ഒരാൾക്കെതിരായ നടപടി കൂടുതൽ ശ്രദ്ധേയമായി. ക്രമക്കേട് നേതൃത്വത്തിനു മുന്നിലെത്തിച്ച വി.കുഞ്ഞിക്കൃഷ്ണനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. 

ഗുണപാഠം: പാർട്ടി ഫണ്ടിലെ ക്രമക്കേടുകൾ ശ്രദ്ധയിൽപെട്ടാലും അതു ചൂണ്ടിക്കാട്ടരുത്.

ഇതുസംബന്ധിച്ച പാർട്ടി ‘കാപ്സ്യൂൾ’ 

കേൾക്കുക: ‘പയ്യന്നൂർ ഏരിയയിലെ പാർട്ടിയിൽ നിലനിൽക്കുന്ന മാനസിക ഐക്യമില്ലായ്മ പരിഹരിക്കാനാണു മാറ്റം.’ സാമ്പത്തിക തിരിമറി ശ്രദ്ധയിൽ കൊണ്ടുവന്നതു മാത്രമാണ് ഇവിടത്തെ ‘ഐക്യമില്ലായ്മ’യെന്ന് അണികൾ ചൂണ്ടിക്കാട്ടുന്നു. തിരിമറി ജില്ലാ നേതൃത്വത്തിന് അറിയാമായിരുന്നെന്നും കുഞ്ഞിക്കൃഷ്ണൻ ആരോപിച്ചു. ധനരാജിന്റെ കടബാധ്യത തീർത്തു പാർട്ടി തലയൂരി. മോഷ്ടിച്ച മുതൽ തിരിച്ചുകൊടുത്താൽ മോഷണം കുറ്റമല്ലാതാകുമോയെന്ന ചോദ്യം ബാക്കി.

party-fund-2
Creative: Manorama

എംഎൽഎയ്ക്ക് ഒരു മുഴം മുൻപേ ഏരിയ സെക്രട്ടറി

രസീതില്ലാതെ പണം പിരിച്ച സിപിഎം വടക്കഞ്ചേരി ഏരിയ സെക്രട്ടറിയെ കുടുക്കിയത് അതേ സ്ഥലത്ത് പിരിവിനു പോയ എംഎൽഎ. മണലെടുപ്പുമായി ബന്ധപ്പെട്ട ഒരു സ്ഥാപനത്തിൽനിന്നാണ് ഏരിയ സെക്രട്ടറി പലപ്പോഴായി സംഭാവന വാങ്ങിയത്. 

പിന്നീട് ജില്ലയിലെ മുതിർന്ന ഒരു എംഎൽഎ ഇതേ സ്ഥാപനത്തിൽ ചെന്നപ്പോഴാണ് മുൻപേ തുക പിരിച്ചല്ലോയെന്ന് അറിയുന്നത്. രസീത് കാണട്ടെ എന്നായി എംഎൽഎ. രസീതൊന്നും തരാറില്ലെന്നു മറുപടി. എംഎൽഎ വിവരം പാർട്ടിയിൽ അറിയിച്ചു. ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്തായ നേതാവ് കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ലോക്കൽ കമ്മിറ്റിയിലും മത്സരിച്ചു പുറത്തായി.

പിരിച്ചത് എട്ടരക്കോടി; മുടക്കിയത് എത്ര ?

സംസ്ഥാന സമിതിക്കു തിരുവനന്തപുരത്ത് ഓഫിസ് കെട്ടിടം വാങ്ങാൻ പിരിവു നടത്തി റെക്കോർഡ് ഇട്ടിരിക്കുകയാണ് ഐഎൻടിയുസി. 10.69 ലക്ഷം അംഗങ്ങളിൽനിന്നായി സംഘടനയുടെ അക്കൗണ്ടിൽ എത്തിയത് 6.89 കോടി രൂപ. താഴത്തെ നിലയിൽ ഫർണിച്ചർ ഷോറൂമിന് ഇടം നൽകാമെന്ന വാഗ്ദാനത്തിൽ ബിജെപി കൗൺസിലറിൽനിന്ന് 20 ലക്ഷം രൂപ മുൻകൂറായി കൈപ്പറ്റി. മറ്റു സ്വാധീനങ്ങൾ ഉപയോഗിച്ചും ലക്ഷങ്ങൾ സമാഹരിച്ചു. ആകെ 8.59 കോടി രൂപ.

തിരുവനന്തപുരം ബൈപാസിൽ ഈഞ്ചയ്ക്കലിനുസമീപം 6.50 സെന്റും മൂന്നു നിലയിൽ ഒരു നില പൂർത്തിയായതുമായ കെട്ടിടമാണു വാങ്ങിയത്. 

സ്ഥലവും കെട്ടിടവും കണ്ടവരെല്ലാം അന്തിച്ചു– ‘ഒറ്റനിലയും ബാക്കി എല്ലിൻകൂടുമായ കെട്ടിടത്തിന് എട്ടരക്കോടിയോ?’

ആധാരത്തിലെ കണക്കനുസരിച്ചു വസ്തുവിനും കെട്ടിടത്തിനുമായി ചെലവായത് 60 ലക്ഷം രൂപ. യഥാർഥ വില ഒരു കോടി രൂപയാണത്രേ. റജിസ്ട്രേഷനും കെട്ടിട അറ്റകുറ്റപ്പണിക്കുമായി 58 ലക്ഷം രൂപ ചെലവായെന്നു കമ്മിറ്റികളിൽ ഭാരവാഹികളുടെ വിശദീകരണം. എന്നാലും ബാക്കി കോടികൾ എവിടെ ?

അവിടെയും നിന്നില്ല കാര്യങ്ങൾ. ബാക്കി രണ്ടു നില കെട്ടാനും രാഹുൽ ഗാന്ധിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനുമായി വീണ്ടും ലക്ഷങ്ങളുടെ കൂപ്പൺ പിരിവ്. 

രാഹുൽ ഗാന്ധി ഉദ്ഘാടനത്തിനെത്തിയില്ല. ഉദ്ഘാടനശേഷം സംസ്ഥാന പ്രസിഡന്റിന്റെ പുതിയ കത്ത് വന്നു. പ്ലാറ്റിനം ജൂബിലിയും ഓഫിസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വലിയ കടബാധ്യതയുള്ളതിനാൽ കൂപ്പൺ പിരിവിന്റെ ക്വോട്ട ജില്ലാ കമ്മിറ്റികൾ പൂർത്തിയാക്കണം !

കൊടകര കുഴൽപണം: കേസ് ‘കോമ’യിൽ

കോളിളക്കം സൃഷ്ടിച്ച കൊടകര കുഴൽപണക്കേസ് എന്തായി ? പണം തട്ടിയെടുത്ത കേസിൽ 22 പ്രതികളെ അറസ്റ്റ് ചെയ്യുകയും ഇവർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിട്ട് ഒരുവർഷത്തോളമായി. പ്രതികളിലേറെയും ജാമ്യത്തിലിറങ്ങി. 

2021 ഏപ്രിൽ 3നു പുലർച്ചെ കോഴിക്കോട്ടുനിന്നു കൊച്ചിയിലേക്കു കാറില്‍ കൊണ്ടുപോയ പണം കൊടകരയിൽവച്ച് ഒരു സംഘം വണ്ടി തടഞ്ഞു തട്ടിയെടുത്തെന്നാണു കേസ്. 25 ലക്ഷം രൂപ തട്ടിയെന്നാണു കാർ ഉടമയുടെ പരാതിയെങ്കിലും യഥാർഥത്തിൽ മൂന്നരക്കോടി രൂപ നഷ്ടപ്പെട്ടിരുന്നുവെന്നു പൊലീസ് കണ്ടെത്തി. 

എന്നാൽ ഈ പണം എവിടെനിന്നെത്തി, എങ്ങോട്ടു കൊണ്ടുപോകുകയായിരുന്നു, കൊടുത്തയച്ചതാര് തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും കൃത്യമായ ഉത്തരം കണ്ടെത്താൻ പൊ‍ലീസിനായില്ല. 

കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്തുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നെങ്കിലും ആ വഴിക്കും അന്വേഷണം മുന്നോട്ടുപോയില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ ബിജെപി കർണാടക ഘടകം കൊടുത്തയച്ച കള്ളപ്പണമാണ് ഇതെന്നായിരുന്നു ആരോപണം. പൊലീസ് അന്വേഷണം അയഞ്ഞതെങ്ങനെ ? ചോദ്യങ്ങൾ ബാക്കി. 

അടുപ്പം കൂടുന്തോറും നടപടിയുടെ കടുപ്പം കുറയും

ഉന്നതനേതാക്കളുമായുള്ള അടുപ്പം കൂടുന്തോറും നടപടിയുടെ കടുപ്പം കുറയുമെന്നതാണു സിപിഎമ്മിലെ രീതി. പയ്യന്നൂരിൽ പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തിയില്ലെന്ന കുറ്റത്തിന് ടി.ഐ.മധുസൂദനൻ എംഎൽഎയെ ജില്ലാ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കുക മാത്രം ചെയ്ത പാർട്ടി 11 വർഷം മുൻപ് ഇതേ ‘ജാഗ്രതക്കുറവി’നു സംസ്ഥാന സമിതി അംഗം സി.കെ.പി.പത്മനാഭനെ ബ്രാഞ്ചിലേക്കു തരം താഴ്ത്തിയിരുന്നു. 1985ൽ ആകട്ടെ, സാമ്പത്തിക ആരോപണം നേരിട്ട സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ചാത്തുണ്ണി മാസ്റ്ററെ പാർട്ടിയിൽനിന്നു തന്നെ പുറത്താക്കി.

വിഭാഗീയത രൂക്ഷമായിരുന്ന കാലത്ത് വി.എസ്.അച്യുതാനന്ദനൊപ്പം നിന്നതു സി.കെ.പി.പത്മനാഭനെതിരായ നടപടിയുടെ മൂർച്ച കൂട്ടി. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കു പാർട്ടിക്കു പുറത്തേക്കു വഴിതുറന്ന പരാതി നൽകിയവരിൽ ഒരാൾ സികെപി ആയിരുന്നു. ശശി ശരവേഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗമായും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായും തിരിച്ചെത്തി. സികെപി ഇപ്പോൾ ഏരിയ കമ്മിറ്റിയിലാണ്.

നാളെ: സ്മാരകങ്ങളുടെ പേരിൽ പിരിച്ച് ‘സ്മാരകങ്ങളാ’യി മാറിയ ഫണ്ടുകൾ

തയാറാക്കിയത്: അനിൽ കുരുടത്ത്, കെ.ജയപ്രകാശ് ബാബു, 

മനോജ് കടമ്പാട്, 

രമേഷ് എഴുത്തച്ഛൻ, 

ജിതിൻ ജോസ്, എസ്.പി.ശരത്. 

ഏകോപനം: ജോജി സൈമൺ

English Summary: Misappropriation of party fund

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com