ഇടുക്കിയുടെ ആരോഗ്യത്തിന്
Mail This Article
പിന്നാക്കമെന്ന വിശേഷണം പതിഞ്ഞുപോയ ഇടുക്കി ജില്ലയിലെ ഗവ.മെഡിക്കൽ കോളജിൽ 100 എംബിബിഎസ് സീറ്റുകൾക്കു ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) അനുമതി ലഭിച്ചതു ജില്ലയുടെ ആരോഗ്യപ്രതീക്ഷകൾക്കു കൂടിയാണു വാതിൽതുറന്നിടുന്നത്. മികച്ച ആശുപത്രികളോ ആധുനിക ചികിത്സാ സംവിധാനങ്ങളോ അരികിലില്ലാത്ത ഹൈറേഞ്ച് മേഖലയിലുള്ളവർക്കു വിദഗ്ധ ചികിത്സ ലഭ്യമാകുന്നതിനു മെഡിക്കൽ കോളജിൽ അധ്യയനം ആരംഭിക്കുന്നതോടെ സാധിക്കുമെന്നാണു പ്രതീക്ഷ.
കോളജ് തുടങ്ങിയ കാലത്ത്, ആദ്യം 50 സീറ്റുകൾക്ക് അംഗീകാരം കിട്ടിയെങ്കിലും മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലെന്നു ചൂണ്ടിക്കാട്ടി 2016 ൽ എൻഎംസി അതു റദ്ദാക്കുകയായിരുന്നു. സൗകര്യങ്ങൾ ഒരുക്കി, ആവശ്യമായ ജീവനക്കാരെയും നിയമിച്ചതിനെത്തുടർന്നാണ് അംഗീകാരം പുനഃസ്ഥാപിച്ചത്. മെഡിക്കൽ കോളജിന്റെ ഭാഗമായി എല്ലാ സ്പെഷ്യൽറ്റി വിഭാഗങ്ങളുടെയും പ്രവർത്തനം ആരംഭിക്കുന്നതോടെ വിദഗ്ധ ഡോക്ടർമാരുടെ സേവനം സദാസമയവും കയ്യെത്തുംദൂരത്തുണ്ടാകുന്നതു ജില്ലയ്ക്കു വലിയ അനുഗ്രഹമാകും.
മൂന്നാർ, മറയൂർ, തേക്കടി, പീരുമേട്, ചെറുതോണി തുടങ്ങി വിവിധ മേഖലകളിലുള്ളവർ ഇപ്പോൾ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം, കോലഞ്ചേരി, തേനി (തമിഴ്നാട്) മെഡിക്കൽ കോളജുകളെയാണ് ആശ്രയിക്കുന്നത്. 75 മുതൽ 170 വരെ കിലോമീറ്റർ താണ്ടിവേണം ഈ മെഡിക്കൽ കോളജുകളിലെത്താൻ. റോഡപകടങ്ങളും പ്രകൃതിദുരന്തങ്ങളുമടക്കം ഹൈറേഞ്ചിലുണ്ടായ അത്യാഹിതങ്ങളിൽ, കൃത്യസമയത്തു വിദഗ്ധ ചികിത്സ ലഭിക്കാതെ ഇതിനകം എത്രയോപേർ മരണത്തിനു കീഴടങ്ങി. ഇടുക്കി മെഡിക്കൽ കോളജ് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ, ഹൈറേഞ്ച് ജനതയുടെ ഈ ദുഃഖത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാകും.
നാട്ടുകാർക്കു വിദഗ്ധ ചികിത്സ ലഭിക്കുമെന്നതിനൊപ്പം ജില്ലയിലെ മറ്റ് ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകാനും ഇപ്പോഴത്തെ അംഗീകാരം സഹായകരമാവും. മെഡിക്കൽ കോളജിന്റെ അനുബന്ധമായി ഡെന്റൽ കോളജും നഴ്സിങ് കോളജും യാഥാർഥ്യമായാൽ ഹൈറേഞ്ചിന്റെ വികസനം വേഗത്തിലാകും. മെഡിക്കൽ കോളജ് യാഥാർഥ്യമാവുന്നതോടെ വിവിധ ഗ്രാന്റുകളും ഫണ്ടും ലഭ്യമാകുകയും ചെയ്യും. ഇടുക്കി മെഡിക്കൽ കോളജിന് അംഗീകാരമില്ലാതിരുന്നതിനാൽ ഒരു വിധത്തിലുള്ള സഹായവും കഴിഞ്ഞ കാലങ്ങളിൽ ലഭ്യമായിരുന്നില്ല. ഇത് ആശുപത്രി വികസനത്തെയും ലഭ്യമാകുന്ന സേവനങ്ങളെയും കാര്യമായി ബാധിച്ചിരുന്നു.
ഈ മെഡിക്കൽ കോളജിൽ ആദ്യ ബാച്ച് പഠനം ആരംഭിച്ചത് 2014 സെപ്റ്റംബർ ഒന്നിനാണ്. 1976ൽ ഇടുക്കി പദ്ധതി യാഥാർഥ്യമായതിനു ശേഷമുള്ള ജില്ലയിലെ ഏറ്റവും വലിയ വികസന പ്രതീക്ഷയ്ക്കാണ് അന്നു സാഫല്യത്തിന്റെ തിരിതെളിഞ്ഞത്. പക്ഷേ, അത് തുടർന്നങ്ങോട്ടു തെളിഞ്ഞുകത്തിയില്ലെന്നു മാത്രം. 2015ൽ രണ്ടാം ബാച്ചിനു നിബന്ധനകളോടെയാണ് അനുമതി നൽകിയത്. അടിസ്ഥാന സൗകര്യം ഒരുക്കണമെന്നു പലവട്ടം ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആവശ്യപ്പെട്ടിട്ടും മെഡിക്കൽ കോളജ് അധികൃതരോ സംസ്ഥാന സർക്കാരോ അതിനു തയാറായില്ല. ഇതോടെ, 2016ൽ മൂന്നാം ബാച്ചിലേക്കുള്ള പ്രവേശന അപേക്ഷയും മെഡിക്കൽ കോളജിന്റെ അംഗീകാരവും മെഡിക്കൽ കൗൺസിൽ തള്ളി. രണ്ടു ബാച്ചുകളിലെ 100 എംബിബിഎസ് വിദ്യാർഥികളെ മറ്റു മെഡിക്കൽ കോളജുകളിലേക്കു മാറ്റുകയും ചെയ്തു.
പ്രതിസന്ധികൾ പരിഹരിക്കാൻ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും കിണഞ്ഞു പരിശ്രമിച്ചതിന്റെ ഫലംകൂടിയാണ് ഇപ്പോൾ ലഭ്യമായ അനുമതി. മുഴുവൻ കെട്ടിടങ്ങളും നിർമിക്കുകയും വേണ്ടത്ര ഡോക്‌ടർമാരും ആശുപത്രി ജീവനക്കാരും സാങ്കേതിക വിദഗ്‌ധരും ചികിത്സാ ഉപകരണങ്ങളും മറ്റ് അടിസ്‌ഥാന സൗകര്യങ്ങളും ഉണ്ടാവുകയും ചെയ്യുമ്പോഴാണു സാധാരണക്കാർക്ക് ഏറ്റവും മികച്ച ചികിത്സ ലഭിക്കുന്ന സർക്കാർ മെഡിക്കൽ കോളജ് എന്ന സ്വപ്‌നം പൂർണമായി പൂവണിയുക. ഈ ലക്ഷ്യത്തിലേക്കു മുന്നേറി, ഈ സ്‌ഥാപനം ഇടുക്കി ജില്ലയുടെ ജീവനാഡിയായിത്തീരാൻ ഇനിയും എല്ലാവരുടെയും യോജിച്ച പരിശ്രമം ആവശ്യമാണ്. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക രംഗങ്ങളിൽ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്ന ഇടുക്കിക്ക് ആത്മവിശ്വാസം നൽകാൻ ഈ മെഡിക്കൽ കോളജ് സഹായിക്കട്ടെ.
Content Highlight: Idukki Medical College