ഇതാ വരുന്നു വമ്പൻ പണി!
Mail This Article
സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ ഞെരുങ്ങുമ്പോൾ, മന്ത്രിമാർക്കു താമസിക്കാൻ സർക്കാർ 2 മന്ദിരങ്ങൾ കൂടി പണിയുന്നു. ഒരെണ്ണത്തിനു തിരുവനന്തപുരം വഴുതക്കാട്ട് സ്ഥലം കണ്ടെത്തി. രണ്ടാമത്തേതിനു സ്ഥലം നോക്കുന്നു. 21 മന്ത്രിമന്ദിരങ്ങളാണ് ഇപ്പോഴുള്ളത്. അതിൽ, കന്റോൺമെന്റ് ഹൗസ് പതിവായി പ്രതിപക്ഷ നേതാവിനാണു നൽകുന്നത്.
വീടു കിട്ടാത്ത മന്ത്രി വി.അബ്ദുറഹിമാനു വാടകവീടുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണു 2 മന്ദിരങ്ങൾകൂടി നിർമിക്കുന്നത്. ടൂറിസം വകുപ്പു നൽകിയ ശുപാർശ സർക്കാർ അംഗീകരിച്ചു. ഇതിനു പുറമേ എംഎൽഎ ഹോസ്റ്റലിന്റെ ഭാഗമായ ഒരു ഫ്ലാറ്റ് പൊളിച്ചുപണിയാനും തീരുമാനമായി. 10 നിലകളുള്ള ഫ്ലാറ്റ് സമുച്ചയം നിർമിക്കാൻ 73.19 കോടി രൂപയാണു ചെലവു കണക്കാക്കിയത്. 60 എംഎൽഎമാർക്കു താമസിക്കാനുള്ള ഫ്ലാറ്റുകളും 2 ഗെസ്റ്റ് സ്യൂട്ടുകളും ഇതിലുണ്ടാകും.
1971ൽ നിർമിച്ച പമ്പാ ബ്ലോക്ക് പൊളിച്ചാണു സമുച്ചയം നിർമിക്കുന്നത്. മുറികൾക്കു സൗകര്യമില്ലെന്നും ഇടനാഴികൾക്കു വലുപ്പമില്ലെന്നും കണ്ടെത്തിയതിനാലാണു പൊളിക്കുന്നത്. ഇതൊക്കെ പണിതാലും നിയമസഭ കൂടുമ്പോൾ ചില എംഎൽഎമാർ ഹോട്ടലുകളിലും സ്വന്തം വീടുകളിലുമൊക്കെയാണു താമസിക്കുന്നത്. എംഎൽഎ ഹോസ്റ്റലിലെ മുറികളിലാകട്ടെ അവരുടെ പാർട്ടിക്കാർ താമസിക്കും.
സർക്കാർസ്ഥലം വേണ്ട; ഭരിക്കുന്നത് വാടകലോബി
സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഓഫിസ് 7 വർഷമായി പ്രവർത്തിക്കുന്നതു നിയമസഭാ മന്ദിരത്തിനു വിളിപ്പാടകലെ പിഎംജി ജംക്‌ഷനിലാണ്. ഇവിടെ സ്വകാര്യ കെട്ടിടത്തിന്റെ മൂന്നു നിലകളിലായി 9,000 ചതുരശ്രയടിയിലാണ് ഓഫിസ്. മാസം കൊടുക്കുന്ന വാടക മൂന്നരലക്ഷം രൂപ! ഒരു വർഷം നൽകുന്ന വാടക 42 ലക്ഷം രൂപയും! അതേസമയം, തമ്പാനൂരിൽ കെഎസ്ആർടിസിയുടെ പടുകൂറ്റൻ ഷോപ്പിങ് കം ഓഫിസ് കോംപ്ലക്സ് പണിതിട്ടിട്ട് വാടകയ്ക്കെടുക്കാൻ ആളില്ല. മനുഷ്യാവകാശ കമ്മിഷന്റെ ഓഫിസ് ഇവിടെ പ്രവർത്തിച്ചാൽ ഇതിന്റെ പകുതി വാടകപോലും വേണ്ട. ജനങ്ങൾക്ക് എത്തിച്ചേരാനും എളുപ്പം. വാടക കെഎസ്ആർടിസിക്കു ലഭിക്കുകയും ചെയ്യും.
ഇത്രയും വലിയ ഓഫിസുണ്ടെങ്കിലും തിരുവനന്തപുരം ജില്ലാതല സിറ്റിങ് മാത്രമേ കമ്മിഷൻ ഈ ഓഫിസിൽ നടത്താറുള്ളൂ. അൻപതോളം ജീവനക്കാരുടെ ഓഫിസ് ജോലിക്കു വേണ്ടിയാണു നഗരഹൃദയത്തിൽ ഇത്രയും വലിയതുക വാടക നൽകുന്നത്. ഇവിടെനിന്ന് ഏറെ അകലെയല്ല സംസ്ഥാന വനിതാ കമ്മിഷന്റെ ഓഫിസ്. ഈ ഓഫിസ് പ്രവർത്തിക്കുന്നതും വാടകക്കെട്ടിടത്തിലാണ്. കമ്മിഷനുകളുടെ പ്രവർത്തനത്തിനുവേണ്ടി ഓരോ വർഷവും കോടികൾ ചെലവഴിക്കുന്നതിനു പുറമേയാണ്, ഓഫിസ് വാടകയെന്ന പേരിൽ സ്വകാര്യ വ്യക്തികൾക്കു ലക്ഷങ്ങൾ നൽകുന്നത്. കമ്മിഷനുകൾക്കു വേണ്ടി പട്ടത്ത് ഒരു ടവർ പണിയാൻ സർക്കാർ പദ്ധതിയിട്ടിട്ടു കാലങ്ങളായി. പണി ഇഴഞ്ഞുനീങ്ങുമ്പോൾ ലാഭം സ്വകാര്യ വ്യക്തികൾക്ക്. ഔദ്യോഗിക ഭാഷാ കമ്മിഷൻ പ്രവർത്തിക്കുന്നതു പേട്ടയിൽ മാസം 40,000 രൂപ വാടകയുള്ള കെട്ടിടത്തിലാണ്.
കോഴിക്കോട്ട് മെഡിക്കൽ സർവീസസ് കോർപറേഷന്റെ വെയർ ഹൗസ് നിർമിക്കാൻ 12 വർഷം മുൻപു സർക്കാർ പണം അനുവദിച്ചതാണ്. ഇതുവരെ നിർമാണം തുടങ്ങാൻ കഴിയാത്തതിനു പിന്നിലും വാടക ലോബി തന്നെ. ജില്ലയിൽ ആകെ വിതരണം ചെയ്യുന്ന മരുന്നുകളുടെ മുക്കാൽപങ്കും എത്തിക്കേണ്ടതു നഗരപരിധിക്കുള്ളിലെ ആശുപത്രികളിലേക്കാണ്. എന്നാൽ, 40 കിലോമീറ്റർ അകലെയുള്ള നടുവണ്ണൂരിലാണു വെയർഹൗസ് പ്രവർത്തിക്കുന്നത്. 6 ലക്ഷത്തോളം രൂപയാണു പ്രതിമാസ വാടക. പുതിയ കെട്ടിടം നിർമിച്ചാൽ വാടക ഇടപാട് അവസാനിക്കും. ചേവായൂരിൽ സ്വന്തം വകുപ്പിനുതന്നെ സ്ഥലമുണ്ടെങ്കിലും സർക്കാർ തീരുമാനം നടപൻ ഉദ്യോഗസ്ഥർക്കു താൽപര്യമേയില്ല.
സിറ്റിങ്ങിന് സുഖം പോരാ, മൂന്നാറിനു വിട്ടോ
സംസ്ഥാനത്തെ വിവിധ കമ്മിഷനുകൾ ഏറക്കുറെ നിർജീവമായിരിക്കുമ്പോൾ ജനങ്ങളുടെ അവകാശ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ഒരു കമ്മിഷനുണ്ട്. സാധാരണ ജില്ലാ ആസ്ഥാനങ്ങളിലാണു കമ്മിഷൻ സിറ്റിങ് നടത്താറ്. എന്നാൽ, പരാതിക്കാരെ ബുദ്ധിമുട്ടിക്കുന്നത് ഈ കമ്മിഷനു തീരെ ഇഷ്ടമല്ല. അതിനാൽ, ഇടുക്കി ജില്ലയിൽ തൊടുപുഴയിൽ നടത്താറുള്ള സിറ്റിങ് കഴിഞ്ഞ ഏപ്രിലിൽ നടത്തിയതു മൂന്നാറിലെ അതിഥി മന്ദിരത്തിൽ. അധ്യക്ഷൻ, സെക്രട്ടറി, 3 ജീവനക്കാർ എന്നിവർ 2 കാറുകളിലായി മൂന്നാറിലേക്കു പോയി. ഒരാൾ സ്വന്തം കാറിൽ കുടുംബസമേതവും എത്തി. 18 പരാതികളാണു പരിഗണിച്ചത്.
ഒരു ദിവസത്തെ സിറ്റിങ് കഴിഞ്ഞു കൂടുതൽ പരാതികൾ വരുന്നുണ്ടോ എന്നറിയാൻ അവർ 2 ദിവസം കൂടി അവിടെ തങ്ങി. ആത്മാർഥതയെന്നാൽ ഇതാണ്. സാധാരണ, പാലക്കാട്ടു നടത്തുന്ന സിറ്റിങ് മേയിൽ അട്ടപ്പാടിയിലാണു സംഘടിപ്പിച്ചത്. ഒരാളൊഴികെ പഴയ സംഘം തന്നെ അവിടെയുമെത്തി. കമ്മിഷൻ സെക്രട്ടറിയുടെ കാർ ഓടിക്കാൻ ഔദ്യോഗിക ഡ്രൈവറുണ്ട്. എന്നാൽ, ഇൗ സിറ്റിങ്ങുകളിൽ അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥന്റെ പൊലീസ് ഡ്രൈവറെയാണു കൊണ്ടുപോയത്. തലസ്ഥാനത്തെ ഒൗദ്യോഗിക ഡ്രൈവറാകട്ടെ, ആ ദിവസങ്ങളിൽ താൻ ഡ്യൂട്ടി ചെയ്തതായി റജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ഇതൊക്കെ ഫിനാൻസ് ഓഫിസർ എതിർത്തു. അതോടെ ഇത്തരം ടൂറുകളുടെ ഒരു ഫയലും അദ്ദേഹത്തെ കാണിക്കേണ്ടെന്നു മേലധികാരികൾ തീരുമാനിച്ചു.
മന്ത്രീ, ആ അന്വേഷണം എന്തായി?
കോവിഡ്കാലത്ത് കലാകാരന്മാരെ സഹായിക്കാനെന്ന പേരിൽ വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടെ ഫണ്ട് സ്വരൂപിച്ചു ഭാരത് ഭവൻ നടത്തിയ മഴമിഴി പരിപാടിയിൽ വൻ ക്രമക്കേടുകളാണ് അരങ്ങേറിയത്. തട്ടിപ്പുകൾ പുറത്തു വന്നതിനെത്തുടർന്ന് അന്വേഷിക്കാൻ സാംസ്കാരിക മന്ത്രിയുടെ ഓഫിസ് നിർദേശിച്ചെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അതു മരവിപ്പിച്ചു. ഇതിനിടെ സാംസ്കാരിക മന്ത്രി മാറിയതോടെ അന്വേഷണം പഴങ്കഥയുമായി.
അഴിമതിയുടെയും വെട്ടിപ്പിന്റെയും രൂപത്തിൽ ഏറ്റവുമധികം ധൂർത്ത് അരങ്ങേറുന്ന മേഖലയാണു സാംസ്കാരിക രംഗം. വകുപ്പിനു കീഴിൽ 35 സ്ഥാപനങ്ങളുണ്ട്. മിക്കതും പാർട്ടിയുടെ ഇഷ്ടക്കാർക്കു സർക്കാർ ചെലവിൽ ലാവണം ഒരുക്കാനും ഫണ്ട് ചെലവഴിക്കാനും മാത്രം പ്രവർത്തിക്കുന്നവ. ഇവിടമെല്ലാം ഇടനിലക്കാരുടെ കൂത്തരങ്ങാണ്.
വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ കലാകാരന്മാരെയും കലാകാരികളെയും എത്തിക്കുന്നതു മുതൽ പരിപാടിക്കായി അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളിലും തൽപരകക്ഷികളുടെ കമ്മിഷൻ രാജാണ്. സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരിപാടികളുടെ രേഖകൾ പരിശോധിച്ചാൽ സ്വകാര്യ പരിപാടികൾക്ക് ഒരു ആർട്ടിസ്റ്റ് ഇൗടാക്കുന്നതിനെക്കാൾ കൂടിയ പ്രതിഫലമാണ് നൽകുന്നതെന്നു വ്യക്തമാകും. എന്നാൽ, ഇതു കണക്കിലെ കളി മാത്രം. ഇടനിലക്കാർ മുതൽ സ്ഥാപനങ്ങളിലെ കാര്യക്കാർക്കും അവരെ നിയന്ത്രിക്കുന്നവർക്കും വരെയുള്ള കമ്മിഷനുംകൂടി ചേർത്തുള്ള തുകയാണു രേഖയിൽ. കലാപരിപാടികൾ സംഘടിപ്പിക്കുന്നതിന് ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംഘംതന്നെ തലസ്ഥാനത്തടക്കം ഉണ്ട്. ഓണം വാരാഘോഷവും വിവിധ ഫെസ്റ്റുകളുമാണ് ഇവരുടെ ചാകര. തലസ്ഥാനത്തു സാംസ്കാരിക മേഖലയിൽതന്നെ പ്രധാന സ്ഥാനം വഹിക്കുന്ന ഭരണകക്ഷി നേതാവാണു വർഷങ്ങളായി ഇതു നിയന്ത്രിക്കുന്നത്. തൽപര കക്ഷികൾക്കാണ് ഇവർ സ്ഥിരമായി അവസരം നൽകുക.
സാംസ്കാരിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മിക്ക പരിപാടികളിലും വിവിധ കരാറുകൾ ലഭിക്കുന്നത് ഒരേ വ്യക്തികൾക്ക്. ക്വട്ടേഷൻ ക്ഷണിക്കാതെയും ഓഫിസിലെ ബോർഡിൽ മാത്രം അറിയിപ്പു പ്രദർശിപ്പിച്ചും താൽപര്യമുള്ള ഒന്നിലേറെപ്പേർ ഉണ്ടെങ്കിൽ ഒത്തുതീർപ്പിലൂടെ വീതംവച്ചുമാണ് വേണ്ടപ്പെട്ടവർക്കു കരാർ നൽകുക. ഭാരത് ഭവൻ കണ്ണൂരിൽ സംഘടിപ്പിച്ച മലബാർ പൈതൃകോത്സവത്തിന് എൽഇഡി വോൾ സ്ഥാപിച്ചതിനും കസേര ഇട്ടതിനും വരെ ലക്ഷങ്ങളുടെ ബിൽ മാറിയതു തിരുവനന്തപുരം വഞ്ചിയൂരിലെ സ്ഥാപനത്തിന്റെ പേരിലാണ്. എന്നാൽ, ഈ പേരിൽ ഇവിടെയുള്ളത് ഒരു സ്റ്റുഡിയോ മാത്രവും. ബില്ലിലെ സീലും സ്റ്റുഡിയോയുടേതു തന്നെ.
നാളെ: സർക്കാർ ചെലവിൽ പാർട്ടിയുടെ പാർട്ടി
റിപ്പോർട്ടുകൾ: ജി.വിനോദ്, അനീഷ് നായർ, ജോജി സൈമൺ.
ഏകോപനം: വി.ആർ.പ്രതാപ്
Content Highlight: Kerala Government, White Elephant Projects, Financial Crisis