മാലിന്യം തള്ളാനല്ല പുഴകൾ
Mail This Article
കേരളത്തിലെ പുഴകൾ എത്രത്തോളം മാലിന്യവാഹിനികളാണെന്നറിയാൻ ഈ കൊടുംമഴവേളയിലെ കാഴ്ചകൾ മതി. വെള്ളപ്പാച്ചിലിൽ തീരങ്ങളിലും പാലങ്ങളുടെ തൂണുകളിലുമൊക്കെ വന്നടിയുന്ന മാലിന്യക്കൂമ്പാരം അങ്ങേയറ്റം ആശങ്കാജനകമാണ്. പുഴവഴിയിൽ ചിലയിടത്തു മാലിന്യങ്ങൾ വന്നടിഞ്ഞു കുന്നുകൂടി ചെറു‘ദ്വീപുകൾ’തന്നെ രൂപപ്പെട്ടു. മലവെള്ളമിറങ്ങിക്കഴിയുമ്പോൾ പുഴയിലെ മാലിന്യങ്ങൾ കൂടുതൽ തെളിയുന്നു; നീരൊഴുക്കു തടസ്സപ്പെടുകയും ചെയ്യുന്നു.
ഓരങ്ങളിലെ മാലിന്യം മുഴുവൻ വർഷങ്ങളായി ഏറ്റുവാങ്ങി, ദുർവിധിയിലേക്കൊഴുകുന്ന നമ്മുടെ പുഴകൾ കേരളത്തിന്റെയാകെ ശ്രദ്ധയിലെത്തേണ്ടതുണ്ട്. നദിയോരങ്ങളിലെ മിക്ക പ്രദേശങ്ങളിലും ശാസ്‌ത്രീയമായ മാലിന്യസംസ്‌കരണ പ്ലാന്റുകളില്ല. പലയിടത്തും പുഴയിലേക്കു നേരിട്ടു മാലിന്യം തള്ളുകയാണ്. അഴുക്കുചാലുകളും പുഴയിലേക്ക് ഒഴുകിയെത്തുന്നു. ശുചിമുറി മാലിന്യംവരെ ക്രൂരതയോടെ പുഴയിലേക്കു തട്ടുന്നവരുണ്ട്. വ്യവസായസ്‌ഥാപനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളുമൊക്കെ ഏറ്റുവാങ്ങേണ്ടിവരുന്ന പുഴകളുമുണ്ട്. രാസവസ്‌തുക്കളും മാലിന്യവും കുമിഞ്ഞുകൂടിയതിനെത്തുടർന്നു പല നദികളിലും കോളിഫോം ബാക്ടീരിയയുടെ അളവ് ആപൽക്കരമായി കൂടിയിട്ടുണ്ട്. നദീമാലിന്യങ്ങൾ മഴക്കാല രോഗങ്ങളുടെ വ്യാപനം വർധിപ്പിക്കുകയും ചെയ്യുന്നു.
പുഴയും തോടും കുളവുമെല്ലാം മാലിന്യം വലിച്ചെറിയാനുള്ള കുപ്പത്തൊട്ടികളാണെന്ന തെറ്റിദ്ധാരണ പലരിലും വേരുപിടിച്ചതുതന്നെ ഏറ്റവും വലിയ ശാപം. ഇരുളിന്റെ മറവിൽ, പല അറവുശാലകളും ഹോട്ടലുകളുമെല്ലാം മാലിന്യങ്ങൾ പുഴയിലെറിയുന്നു. എന്നാൽ, മാലിന്യങ്ങൾകൊണ്ടു പുഴ നിറഞ്ഞാൽപോലും തദ്ദേശസ്ഥാപനങ്ങൾ നിയമമെടുത്തു പ്രയോഗിക്കുക വളരെ ചുരുക്കമാണ്. മാലിന്യശേഖരണത്തിലും സംസ്കരണത്തിലും പരാജയപ്പെടുന്ന തദ്ദേശസ്ഥാപനങ്ങൾക്കു കുറ്റക്കാരെ ശിക്ഷിക്കാനുള്ള ധാർമികശക്തി ഇല്ലാതെപോകുന്നതു സ്വാഭാവികമാണ്.
മാലിന്യനിർമാർജനത്തെ ജനകീയ പ്രസ്‌ഥാനമാക്കാൻ ഇനിയും നമുക്കു കഴിയാത്തതെന്തുകൊണ്ടാണ്? ജലാശയങ്ങളിലും കടൽത്തീരങ്ങളിലും നിരത്തോരങ്ങളിലും പൊതുമൈതാനങ്ങളിലുമൊക്കെ മാലിന്യം വലിച്ചെറിയുന്ന സമൂഹത്തെയാണോ പരിഷ്‌കൃതമെന്നു നാം സ്വയം വിളിക്കേണ്ടത്? നാടെങ്ങും ശുചിത്വം ഉറപ്പാക്കിയില്ലെങ്കിൽ വികസനത്തിന്റെ പേരിലുള്ള നേട്ടങ്ങൾക്കൊക്കെ തിളക്കം കുറയുമെന്നതു മറന്നുകൂടാ. നദിയിലേക്കു മാലിന്യങ്ങൾ എത്തുന്ന സ്‌ഥലങ്ങളിലെല്ലാം ഉറവിടത്തിൽത്തന്നെ മാലിന്യം സംസ്‌കരിക്കാനുള്ള സൗകര്യമുണ്ടാക്കേണ്ടതുണ്ട്.
നമ്മുടെ പുഴകളെല്ലാം തേടുന്നതു സംരക്ഷണവും പരിഗണനയുമാണ്. നദികളെ വീണ്ടെടുക്കാൻ ഒട്ടേറെ പദ്ധതികൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടപ്പാക്കിവരുന്നു. നദീജലം കുളിക്കാനെങ്കിലും ഉതകുന്ന തരത്തിൽ ശുദ്ധമായിരിക്കണമെന്നാണു കേന്ദ്ര സർക്കാരിന്റെ മാനദണ്ഡം. ഇതു മുന്നിൽകണ്ട് കേന്ദ്ര പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനു ഹരിതകേരള മിഷൻ പല പദ്ധതികളും നടപ്പാക്കിവരുന്നു. പുഴയെയും തീരങ്ങളെയും വീണ്ടെടുക്കുക, സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുക, മാലിന്യമുക്തമാക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന പേരിലുള്ള പദ്ധതി നിലവിലുണ്ട്. വീണ്ടും തടസ്സമില്ലാതെ ഒഴുകാൻ, നദികളിൽ അടിഞ്ഞുകൂടിയ കല്ലും മണലും നീക്കുന്നതിനുവേണ്ടി പ്രഖ്യാപിച്ച ‘പുനർജനി’ പദ്ധതി പൂർണമായും യാഥാർഥ്യമായിട്ടില്ല. സർക്കാരിന്റെ ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ തുടർച്ചയായി, ദ്രവമാലിന്യ സംസ്കരണത്തിലൂടെ പുഴകളെ വീണ്ടെടുക്കുന്ന ദൗത്യത്തിനും ഇടർച്ചയുണ്ടായിക്കൂടാ.
പുഴകളെ സംരക്ഷിക്കാൻ എളുപ്പപ്പണികളില്ലെന്നു ബന്ധപ്പെട്ടവരെല്ലാം തിരിച്ചറിയേണ്ടതുണ്ട്. മാലിന്യം തള്ളുന്നതു തടയുക എന്നതുതന്നെയാണു നദികളുടെ പുനരുജ്ജീവനത്തിനാവശ്യമായ ഏറ്റവും പ്രധാന കാര്യം. ജനപങ്കാളിത്തത്തോടെ നദീസംരക്ഷണപദ്ധതികൾ നടപ്പാക്കുകയും ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെയും തദ്ദേശസ്‌ഥാപനങ്ങളെയും കർമനിരതമാക്കുകയും ചെയ്ത്, നമ്മുടെ പുഴകളെ എത്രയുംവേഗം മാലിന്യമുക്തമാക്കേണ്ടതുണ്ട്.
Content Highlight: River Pollution, Water Pollution