മഹാഭാരതീയം: സ്വാതന്ത്ര്യസമര സ്മരണകളിരമ്പുന്ന ഇന്ത്യൻ വഴികളിലൂടെ
Mail This Article
രാജ്യം സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം കൊണ്ടാടുമ്പോൾ, ഒരു യാത്രാപ്രേമിയെന്ന നിലയിൽ തോന്നിയ ആശയമാണ് വിവിധ സംസ്ഥാനങ്ങളിലെ സ്വാതന്ത്ര്യസമര സ്മാരകങ്ങൾ അടുത്തറിയാനുള്ള ഈ സഞ്ചാരം. പതിനൊന്നുകാരൻ മകനോടൊത്ത് 50 ദിവസത്തെ കാർ യാത്ര.
18 സംസ്ഥാനങ്ങളിലായി നൂറിൽപരം സ്മാരകങ്ങൾ സന്ദർശിച്ചു. നമ്മുടെ ഭൂതകാല സമരവീര്യവും സഹനസമരങ്ങളും സ്വാതന്ത്ര്യലബ്ധിയുമെല്ലാം കൺമുന്നിൽ ഒരിക്കൽക്കൂടി ഇരമ്പിയെത്തി. പാഠപുസ്തകത്താളുകളിൽ പരിചയിക്കാത്ത കാഴ്ചകളാണ് അതിൽ പലതും. ബ്രിട്ടിഷുകാർക്കെതിരെ പൊരുതി ജയിച്ച ഇന്ത്യയിലെ ആദ്യത്തെ രാജ്ഞി വേലു നാച്ചിയാറിൽനിന്ന് അതു ചുരുളഴിഞ്ഞു തുടങ്ങുന്നു.
റാണിയും കുയിലിയും
മധുരയിൽനിന്നു 50 കിലോമീറ്റർ അകലെ ശിവഗംഗയിലാണു വീരമങ്ക വേലുനാച്ചിയാറുടെ സ്മാരകം. അധികം വിസ്തൃതിയില്ലാത്ത പട്ടണത്തിന്റെ ഹൃദയഭാഗത്തായി, റാണി താമസിച്ചിരുന്ന ഭവനമാണ് ആദ്യം സന്ദർശിച്ചത്. മനോഹരമായ കമാനങ്ങളോടെ പണിത ഇരുനിലക്കെട്ടിടം. മുന്നിൽ ഉയർത്തിക്കെട്ടിയ പ്ലാറ്റ്ഫോമിനു മുകളിൽ, അരയിലെ വാളുറയിൽനിന്നു വലതുകൈകൊണ്ട് വാളെടുക്കാൻ ശ്രമിക്കുന്ന റാണിയുടെ സ്വർണവർണ പ്രതിമ. തലപ്പാവും ബലിഷ്ഠ ശരീരവും ഊർജപ്രവാഹവുമെല്ലാം ഒത്തിണങ്ങിയ ശിലാബിംബം. ബ്രിട്ടിഷുകാർക്കെതിരെ പൊരുതി ജയം വരിക്കുക മാത്രമല്ല, പത്തു വർഷം ശിവഗംഗയുടെ റാണിയായി തുടരുകയും ചെയ്തു അവർ.
റാണിയുടെ സ്മാരകം കാണാൻ ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയുള്ള സൂരക്കുളം ഗ്രാമത്തിലേക്കു പോയി. ഹൈവേയുടെ വശത്ത്, വലിയൊരു ഉദ്യാനത്തിന്റെ നടുവിൽ ഒറ്റനിലക്കെട്ടിടം. റാണിയുടെ ആറടി പൊക്കമുള്ള വെങ്കല പ്രതിമയ്ക്കു മുന്നിൽ ഒരു സ്ത്രീ പൂക്കൾ വച്ച് അലങ്കരിക്കുന്നു! അവിടുത്തെ കാവൽക്കാരിയായിരുന്നു അവർ – പൂങ്കൊടി. ദിവസവുമുണ്ട് ഈ പൂജ. കാഴ്ചകൾ പലതു കണ്ടെങ്കിലും പൂജിച്ചു പരിപാലിക്കുന്ന സ്മാരകം ഇതൊന്നുമാത്രം. ചരിത്രപുസ്തകങ്ങളിൽ വായിച്ചറിഞ്ഞ, റാണിയുടെ വിശ്വസ്ത സേനാപതി കുയിലിയുടെ സ്മാരകത്തെക്കുറിച്ചു കൂടി അന്വേഷിച്ചപ്പോൾ പൂങ്കൊടി പുറത്തേക്കു കൊണ്ടുപോയി ഉദ്യാനത്തിലെ സ്തൂപം കാണിച്ചു. റാണിയെ പലവട്ടം അപകടത്തിൽനിന്നു രക്ഷിച്ച കുയിലി; ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ‘ചാവേർ’. ദേഹത്തു നെയ്യ് കോരിയൊഴിച്ച്, ബ്രിട്ടിഷ് ആയുധപ്പുരയിലേക്ക് ഓടിക്കയറി സ്വയം തീകൊളുത്തിയ ധീരവനിത! ബ്രിട്ടിഷുകാരുടെ ആയുധശേഖരം മൊത്തം തീവച്ചു നശിപ്പിച്ച അവർക്കായി പക്ഷേ വെറുമൊരു സ്തൂപം മാത്രം.
ഖുർദ: പ്രക്ഷോഭങ്ങളുടെ മണ്ണ്
ഒഡീഷയിൽ എത്തിയപ്പോൾ, പ്രശസ്ത ചരിത്രകാരൻ ഗോപാൽ ദാസിൽനിന്നാണ് പൈക പ്രക്ഷോഭത്തെപ്പറ്റി മനസ്സിലാക്കിയത്. ഒഡീഷയിലെ ഗജപതി രാജാക്കൻമാരുടെ കർഷകപ്പോരാളികളായിരുന്നു പൈക സമുദായക്കാർ. അവർക്കു പരമ്പരാഗതമായി കൃഷിഭൂമി പാട്ടത്തിനു നൽകിയിരുന്നു.
കൃഷിപ്പണികളിൽ ഏർപ്പെടുകയും ആവശ്യം വരുമ്പോൾ സൈനിക സേവനം നൽകുകയുമായിരുന്നു രീതി. ഈസ്റ്റ് ഇന്ത്യ കമ്പനി 1803ൽ ഒഡീഷ കീഴടക്കിയതോടെ കർഷകർക്കു ലഭിച്ചുവന്നിരുന്ന ആനുകൂല്യം നിർത്തലാക്കി. ഈ തീരുമാനം പൈക സമുദായത്തെ അസ്വസ്ഥരാക്കി. 1817ൽ കമ്പനിക്കെതിരെ സായുധപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടിഷ് സൈന്യത്തെ വിറപ്പിക്കാനായെങ്കിലും പ്രക്ഷോഭം അടിച്ചമർത്തപ്പെട്ടു; നൂറുകണക്കിനു പൈക സൈനികരെ വധിച്ചു. ഭുവനേശ്വറിൽനിന്ന് 27 കിലോമീറ്റർ അകലെ ഖുർദ ഗ്രാമത്തിലുള്ള ഗോപാൽ ദാസ്ജിയുടെ വീട് സന്ദർശിച്ച വേളയിൽ, അവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ ശേഖരം കാണാനും അവസരം ലഭിച്ചു. കലാപം അരങ്ങേറിയ കോട്ട കാണാൻ പോയപ്പോൾ കണ്ടതു കാടുപിടിച്ച വലിയൊരു പ്രദേശത്ത് കോട്ടയുടെ നീളമേറിയ മതിൽ മാത്രം.
അവിടെനിന്ന് കുറച്ചകലെ, കലാപത്തിനു നേതൃത്വം വഹിച്ച ബക്ഷി ജഗബന്ധു തുടങ്ങി അഞ്ചു പേരുടെ അർധകായ പ്രതിമയും കണ്ടു.
ചമ്പാരൻ: സത്യഗ്രഹസ്മരണ
യാത്രയുടെ പതിനേഴാം ദിവസമാണ് ബിഹാർ തലസ്ഥാനമായ പട്നയിൽനിന്ന് 250 കിലോമീറ്റർ അകലെ മോത്തിഹാരിയിലെ ചമ്പാരൻ സ്മാരകം സന്ദർശിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു കുതിപ്പേകി മഹാത്മാഗാന്ധി ബ്രിട്ടിഷ് ഇന്ത്യയിൽ നടപ്പിലാക്കിയ ആദ്യ ജനകീയ സത്യഗ്രഹം 1917ൽ നടന്ന സ്ഥലം. ഗാന്ധി സംഗ്രഹാലയത്തിനു കീഴിലുള്ള വലിയൊരു ഉദ്യാനത്തിന്റെ മൂലയോടു ചേർന്ന് 48 അടി ഉയരമുള്ള കൽത്തൂണാണ് സ്മാരകമായി നിലകൊള്ളുന്നത്. അന്നത്തെ സത്യഗ്രഹത്തിനെതിരെ മജിസ്‌ട്രേട്ട് പുറപ്പെടുവിച്ച ഉത്തരവു ലംഘിച്ചതിനു ഗാന്ധിജിയെ അറസ്റ്റ് ചെയ്ത അതേ സ്ഥലത്താണ് തൂണുമുള്ളത്.
ഉദ്യാനത്തിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ഈ വ്യത്യസ്ത സ്മാരകത്തെ ആരും ഗൗനിച്ചിരുന്നില്ല. ഞങ്ങൾ ഇറങ്ങാൻ തുടങ്ങുമ്പോൾ കാവൽക്കാരൻ ബസു അടുത്തുള്ള ജീർണിച്ച കെട്ടിടം ചൂണ്ടിക്കാണിച്ച് പറഞ്ഞു ‘ആ കെട്ടിടത്തിൽ കുറച്ചു ഫോട്ടോകളുണ്ട്, കണ്ടിട്ടു പോകണേ. ആരും അങ്ങോട്ടു പോകാറില്ല’. കെട്ടിടത്തിന്റെ വാതിലിനു മുകളിലായി ‘ചമ്പാരൻ എന്നെ ഇന്ത്യയ്ക്കു പരിചയപ്പെടുത്തി’ എന്ന ഗാന്ധിജിയുടെ പ്രശസ്തമായ വാചകം എഴുതിവച്ചിരുന്നു. വലിയ ഹാളിന്റെ ഭിത്തിയിൽ നിറയെ സത്യഗ്രഹവുമായി ബന്ധപ്പെട്ട ഫോട്ടോകളും രേഖകളും തൂക്കിയിട്ടിരുന്നു. അതിലൊന്ന് അന്നത്തെ ജില്ലാ മജിസ്‌ട്രേട്ട് ഹെയ്‌കോക്ക് പുറപ്പെടുവിച്ച ഉത്തരവായിരുന്നു ‘നിങ്ങളുടെ സാന്നിധ്യം പൊതുസമാധാനത്തിനു ഹാനികരമാകുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യാൻ സാധ്യതയുള്ളതിനാൽ ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നു നിങ്ങളെ വിലക്കുന്നു’. ഗാന്ധിജിയെ തുടക്കം മുതലേ ബ്രിട്ടിഷുകാർ ഭയന്നിരുന്നു എന്ന് ഈ ഉത്തരവിൽനിന്നു വായിച്ചെടുക്കാം.
ലക്‌നൗ: തീപ്പൊരിയായി ഉഡാ ദേവി
ലക്‌നൗ സന്ദർശനവേളയിലാണ് ‘ലക്‌നൗ റസിഡൻസി’ എന്ന സ്മാരകം കണ്ടത്. 1857ൽ ഒന്നാം സ്വാതന്ത്ര്യസമരകാലത്ത്, ബ്രിട്ടിഷ് മേലുദ്യോഗസ്ഥന്മാർ താമസിച്ച ഈ കെട്ടിടം 147 ദിവസത്തോളമാണു പ്രക്ഷോഭകർ ഉപരോധിച്ചത്. പല കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. അതിൽ ഉദ്യോഗസ്ഥർക്കുള്ള ക്വാർട്ടേഴ്‌സ്, ഭക്ഷണം വിളമ്പാനുള്ള ബാങ്കറ്റ് ഹാൾ, ഡിസ്പെൻസറി, ആരാധനാലയം, കുതിരാലയങ്ങൾ തുടങ്ങിയവയുണ്ട്. ഭിത്തികളിൽ ഇപ്പോഴുമുള്ള പീരങ്കി പ്രയോഗത്തിന്റെയും വെടിയുണ്ടയുടെയും പാടുകൾ നടുക്കത്തോടെയാണു കണ്ടത്.
തിരികെപ്പോരാൻ നേരത്താണ് നാൽക്കവലയിലെ പ്രതിമ ശ്രദ്ധയിൽപെട്ടത്. തോക്കേന്തി നിൽക്കുന്ന ആ വനിത ഉഡാ ദേവിയെന്ന ദലിത് സ്വാതന്ത്ര്യസമര സേനാനിയാണെന്നു പറഞ്ഞുതന്നത് കൂടെയുണ്ടായിരുന്ന ഗൈഡ് ആണ്. ബീഗം ഹസ്രത് മഹലിന്റെ സൈനികന്റെ ഭാര്യയായിരുന്നു ഉഡാ ദേവി. ബ്രിട്ടിഷുകാർക്കെതിരെ ഇന്ത്യക്കാർ കോപ്പുകൂട്ടിത്തുടങ്ങിയ സമയത്ത് ബീഗത്തെ കണ്ട് ഉഡാ ദേവി സൈന്യത്തിൽ ചേരാൻ അനുമതി ചോദിച്ചു. ഉഡാ ദേവിയുടെ നേതൃത്വത്തിൽ ഒരു വനിതാ ബറ്റാലിയൻതന്നെ രൂപപ്പെട്ടു. 1857 നവംബറിൽ സിക്കന്ദർബാഗിൽ നടന്ന യുദ്ധത്തിൽ ഉഡാ ദേവി ഒരു ആൽമരത്തിന്റെ മുകളിൽ കയറി, ബ്രിട്ടിഷ് സൈനികർക്കു നേരെ വെടിയുതിർക്കാൻ തുടങ്ങി. മുപ്പത്തിരണ്ടോളം ബ്രിട്ടിഷുകാരെ ഒറ്റയ്ക്കു വധിച്ചു എന്നാണു കരുതപ്പെടുന്നത്. ഒളിച്ചിരുന്ന പോരാളിയെ ബ്രിട്ടിഷുകാർ വെടിവച്ചിട്ടപ്പോഴാണ് അതൊരു സ്ത്രീയാണെന്നുപോലും അവർ മനസ്സിലാക്കിയത്.
ദണ്ഡി: യാത്രയുടെ ആരവം
കണ്ടതിൽ ഏറ്റവും മനോഹരമായ സ്മാരകങ്ങളിലൊന്ന് 1930ലെ ദണ്ഡി ഉപ്പു സത്യഗ്രഹത്തിന്റേതാണ്. ഗുജറാത്തിലെ ദണ്ഡി കടപ്പുറത്തിനു സമീപമാണിത്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ 78 സത്യഗ്രഹികൾ അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽനിന്ന് 241 മൈൽ ദൂരെ ദണ്ഡി എന്ന തീരദേശ ഗ്രാമത്തിലേക്കു മാർച്ച് ചെയ്ത്, ബ്രിട്ടിഷുകാർ അടിച്ചേൽപിച്ച ഉപ്പു നിയമം ലംഘിച്ച് നിസ്സഹകരണ പ്രസ്ഥാനത്തിനും നിയമ ലംഘനത്തിനും കരുത്തേകി. ദണ്ഡി യാത്രയുമായി ബന്ധപ്പെട്ട ശിൽപ വിവരണങ്ങൾ അവിടെയുണ്ട്.
ഗാന്ധിജിയും അനുയായികളും പദയാത്ര ചെയ്യുന്നതിന്റെ ശിൽപം ആശ്ചര്യമുളവാക്കുന്നതാണ്. പതിനാറു വയസ്സുകാരൻ വിത്തൽ ലീലാധർ മുതൽ 61 വയസ്സുള്ള ഗാന്ധിജി വരെയുള്ളവരുടെ ശിൽപങ്ങൾ. അക്കാലത്തെ വസ്ത്രധാരണ രീതിയും മറ്റും അതേപടി അനുകരിച്ചുള്ള പൂർണകായ നിർമിതി. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നു വന്ന ശിൽപികൾ വെങ്കലത്തിൽ നിർമിച്ചെടുത്തതാണ് ഇവയെല്ലാം. അതിനു മുന്നിലാണ് ഇവിടത്തെ കേന്ദ്രബിന്ദുവായ, പ്രതീകാത്മക പ്രതിമ. വിലങ്ങനെ കുത്തിനിർത്തിയ രണ്ടു സ്റ്റീൽ ദണ്ഡുകളുടെ അറ്റത്തു സ്ഥാപിച്ചിട്ടുള്ള 2500 കിലോ ഭാരമുള്ള ഒരു ഗ്ലാസ് ക്യൂബ്. ദണ്ഡുകൾ രണ്ടു കൈകളെ പ്രതിനിധാനം ചെയ്യുന്നു; ക്യൂബ് ഉപ്പുകണത്തെയും. അതിന്റെ താഴെ പതിനാറടി പൊക്കമുള്ള ഗാന്ധിജിയുടെ ശിൽപവുമുണ്ട്. ഉപ്പു നിയമം ലംഘിക്കുന്നതിന്റെ തലേന്നു ഗാന്ധിജി താമസിച്ചിരുന്ന സൈഫി വില്ലയും സന്ദർശിച്ചു.
പുണെ: പോരാട്ടങ്ങളുടെ ശബ്ദം
ക്വിറ്റ് ഇന്ത്യ കാലത്ത് ബോംബെയിൽനിന്നു നിയമം ലംഘിച്ച് പ്രവർത്തിച്ച ‘കോൺഗ്രസ് റേഡിയോ’യിലെ മുഖ്യ അനൗൺസറായിരുന്ന ഉഷാ മേത്തയെക്കുറിച്ചു മനസ്സിലാക്കിയത് ഡൽഹിയിൽ ചെങ്കോട്ടയ്ക്കകത്തു പുതിയതായി ആരംഭിച്ച ‘ആസാദി കെ ദീവാനെ’ മ്യൂസിയത്തിൽനിന്നാണ്. മുംബൈയിൽ റേഡിയോ സ്റ്റേഷന്റെ കാര്യങ്ങൾ അന്വേഷിച്ച് കുറെ നടന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്നുള്ള പുണെ യാത്രയിൽ, പട്ടണത്തിന്റെ പഴയ ഭാഗത്ത്, മാർക്കറ്റിനു സമീപമായി അഭ്യങ്കർ വാഡ എന്നൊരു പഴയ മൂന്നുനിലക്കെട്ടിടം കണ്ടിരുന്നു. അതും ഒരു റേഡിയോ സ്റ്റേഷൻ ആയിരുന്നു.
കസ്തൂർബാ ഗാന്ധി മരണമടഞ്ഞ ആഗാഖാൻ പാലസ് സന്ദർശിച്ചപ്പോൾ ഉഷാ മേത്തയുടെ റേഡിയോ സ്റ്റേഷനെപ്പറ്റി ഡോക്യുമെന്ററി കണ്ടിരുന്നു. 1942ൽ ആരംഭിച്ച റേഡിയോ സ്റ്റേഷൻ വഴി ദേശീയ നേതാക്കളുടെ റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ ദിവസവും പ്രക്ഷേപണം ചെയ്തിരുന്നു. ഉഷയുടെ സ്വരത്തിലുള്ള സംപ്രേഷണം അവിടെകേൾക്കാൻ സാധിച്ചു. ഏതെല്ലാം രീതിയിലാണു സ്ത്രീകൾ സമരത്തിൽ പങ്കാളികളാകാൻ ശ്രമിച്ചത്! എന്നാൽ, സ്വാതന്ത്ര്യ സമരത്തിൽ സ്ത്രീകളുടെ പങ്ക് അധികം ചർച്ച ചെയ്യപ്പെടുന്നില്ല എന്നതു ഖേദകരമാണ്.
ഇസ്സുറു: ഗ്രാമത്തിന്റെ കരുത്ത്
പുണെയിൽനിന്നു ബെംഗളൂരുവിലേക്കു പോകുന്നതിനിടെ ഷിമോഗയിലെ കുഗ്രാമമായ ഇസ്സുറു കണ്ടു. ഇന്നും വലിയ വികസനമൊന്നും അവകാശപ്പെടാനില്ലാത്ത ഇൗ ഗ്രാമമാണ് ആദ്യമായി ബ്രിട്ടിഷ് അടിമത്തത്തിൽനിന്നു സ്വയം മോചനം പ്രഖ്യാപിച്ചത്. 1942ൽ ഗ്രാമസഭ ചേർന്ന്, ബ്രിട്ടിഷുകാർക്കു നികുതി കൊടുക്കേണ്ടതില്ല എന്ന ധീരമായ തീരുമാനമെടുക്കുകയും ഇന്ത്യൻ പതാക ഉയർത്തി സമാന്തര സർക്കാർ രൂപീകരിക്കുകയും ചെയ്തു. കൃഷി ചെയ്ത് ഉപജീവനം കണ്ടെത്തുന്ന അവിടത്തെ ആളുകൾക്ക് ഇതിന്റെ പ്രാധാന്യം അറിയുമോ എന്നറിയില്ല. കവലയിൽ ചരിത്രം രേഖപ്പെടുത്തിയ ഒരു ശിലാഫലകം മാത്രമാണു ഗ്രാമത്തിന്റെ പഴയ വിപ്ലവ ചരിത്രത്തിന്റെ ശേഷിപ്പ്. ഗ്രാമീണരോടു കാര്യങ്ങൾ പറഞ്ഞു ഫലിപ്പിച്ച് ഒരുവിധത്തിലാണു സ്ഥലം കണ്ടെത്തിയത്.
(സഞ്ചാര എഴുത്തുകാരിയാണ് ലേഖിക)
English Summary: Indian independence movement