ഇന്ത്യയുടെ കഥയിലെ കേരളം
Mail This Article
മലയാളികൾ അവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ചെയ്ത നല്ല കാര്യങ്ങൾ തന്നെയാണ് നമ്മൾ ഇന്ത്യയ്ക്കു നൽകിയ സംഭാവന
കൊച്ചിയിലെ കേരളവർമ രാജാവാണ് ഇന്ത്യൻ യൂണിയനുമായുള്ള ലയന ഉടമ്പടിയിൽ ആദ്യം ഒപ്പിട്ടത് – 1947 ഓഗസ്റ്റ് 9ന്. 12ന് തിരുവിതാംകൂറിലെ രാമവർമ രാജാവ് ഒപ്പിട്ടു. 15ന് സ്വതന്ത്ര ഇന്ത്യ നിലവിൽ വന്നു. മലയാളികൾ ഒൗദ്യോഗികമായി ഇന്ത്യക്കാരായി. ഇന്ത്യയും അതിന്റെ തെക്ക് അറബിക്കടലോരത്ത് േകരളമായി പരിണമിച്ച സമൂഹവും തമ്മിലുള്ള കൊടുക്കൽവാങ്ങലുകൾ വളരെ പഴക്കമുള്ളതാണ്. ഈ കുറിപ്പ് പരിഗണിക്കുന്നത് 20–21 നൂറ്റാണ്ടുകളെ മാത്രമാണ്.
കേരളം ഇന്ത്യയ്ക്കു നൽകിയ പ്രഥമ സംഭാവന കേരളം തന്നെയാണ്. സ്വാതന്ത്ര്യസമരത്തിൽ വിശ്വാസമർപ്പിച്ച മലയാളികൾ തങ്ങളുടെ ഭാവി സ്വതന്ത്ര ഇന്ത്യയ്ക്ക് ഏൽപിച്ചുകൊടുത്തു. ലയനപത്രത്തിൽ ഒപ്പിട്ടത് രാജാക്കൻമാരായിരുന്നെങ്കിലും ഇച്ഛാശക്തി മലയാളികളുടേതായിരുന്നു. സമർഥരും അധ്വാനികളും പുരോഗമനേച്ഛുക്കളുമായ ജനതകളിലൊന്നിനെ ഇന്ത്യയ്ക്കു ലഭിച്ചു. ഈ സംഭാവനയുടെ പ്രാധാന്യത്തെ ഇന്ത്യയോ മലയാളികൾത്തന്നെയോ തിരിച്ചറിയുന്നോ എന്നു സംശയമുണ്ട്. പുരോഗമനോൻമുഖമായ സാമൂഹിക–രാഷ്ട്രീയ കാൽവയ്പുകളുടെയും സംസ്കാരിക ഭദ്രതയുടെ അടിസ്ഥാന മുഖമുദ്രയായ മതസഹിഷ്ണുതയുടെയും സ്പന്ദമാപിനിയാണ് ഇന്ത്യയ്ക്ക് കേരളം – എല്ലാ കുറ്റങ്ങളോടും കുറവുകളോടും കൂടി.
കേരളം ഇന്ത്യയ്ക്കു നൽകിയ സംഭാവനകളെ വ്യക്തികളുടേതെന്നും സമൂഹത്തിന്റേതെന്നും വേർതിരിക്കാം. സ്വാതന്ത്ര്യപൂർവ കാലഘട്ടവും സ്വാതന്ത്ര്യശേഷമുള്ളതും അതിൽപെടും. ഇന്ത്യയ്ക്കുവേണ്ടി പ്രവർത്തിച്ച ഉന്നതശീർഷരായ മലയാളികളുടെ വലിയ നിരതന്നെ പ്രത്യക്ഷപ്പെടുന്നു.
∙സർ സി.ശങ്കരൻ നായർ: ബ്രിട്ടിഷ് ഭരണയന്ത്രത്തിന്റെ ഭാഗമായിരിക്കെത്തന്നെ ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ച മങ്കരക്കാരൻ; 1897ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ പ്രസിഡന്റ്; മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവും അഡ്വക്കറ്റ് ജനറലും ഹൈക്കോടതി ജഡ്ജിയും. വൈസ്റോയ്സ് കൗൺസിൽ അംഗത്വം ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്കുശേഷം രാജിവച്ചു. സൈമൺ കമ്മിഷനോടു സഹകരിച്ച ഇന്ത്യൻ കമ്മിറ്റിയുടെ പ്രസിഡന്റായി ഇന്ത്യയ്ക്കു സ്വയംഭരണാവകാശത്തിനും ഡൊമിനിയൻ പദവിക്കുംവേണ്ടി വാദിച്ചു. ഗാന്ധിജിയുടെ ശക്തനായ വിമർശകൻ.
∙ ബാരിസ്റ്റർ ജി.പി.പിള്ള: ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആരംഭഘട്ടത്തിൽ രണ്ടു തവണ സെക്രട്ടറിയായി പ്രവർത്തിക്കുകയും ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കൻ സമരകാലത്ത് വിശ്വസ്ത സന്ദേശവാഹകനാകുകയും ‘മലയാളി മെമ്മോറിയൽ’ നിവേദനത്തിലൂടെ മലയാളികളുടെ അവകാശങ്ങൾക്കുവേണ്ടി ആദ്യം ശബ്ദമുയർത്തുകയും ചെയ്ത തിരുവനന്തപുരത്തുകാരൻ; ‘ദ് മദ്രാസ് സ്റ്റാൻഡേഡ്’ പത്രത്തിന്റെ സ്ഥാപകൻ.
∙ ചെമ്പകരാമൻ പിള്ള: ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ എത്തുംമുൻപുതന്നെ സൂറിക്കിലും ബർലിനിലും പ്രവർത്തിച്ചുകൊണ്ട് ‘ഇന്ത്യൻ സ്വാതന്ത്ര്യ കമ്മിറ്റി’ ഉണ്ടാക്കുകയും സ്വജീവിതം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി മാറ്റിവയ്ക്കുകയും ‘ജയ് ഹിന്ദ്’ എന്ന അഭിവാദ്യം സൃഷ്ടിക്കുകയും ചെയ്ത തിരുവനന്തപുരത്തുകാരൻ.
∙സർദാർ െക.എം.പണിക്കർ: നാട്ടുരാജ്യ ഭരണത്തലവൻ, സ്വതന്ത്ര ഇന്ത്യയുടെ പ്രധാന നയതന്ത്ര പ്രതിനിധികളിലൊരാൾ, ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിന്റെ പത്രാധിപർ, ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയ്ക്കായി 1953ൽ രൂപീകരിച്ച കമ്മിഷനിലെ അംഗം, ചരിത്രകാരൻ എന്നീ നിലകളിൽ തിളങ്ങിയ കാവാലംകാരൻ.
∙ജോർജ് ജോസഫ്, പോത്തൻ ജോസഫ് സഹോദരൻമാർ: ചെങ്ങന്നൂരുകാരനായ ജോർജ് ജോസഫ് സ്വാതന്ത്ര്യസമരസേനാനിയും നെഹ്റുവിന്റെ ജയിൽ സഹവാസിയും ഗാന്ധിജിയുടെ ‘യങ് ഇന്ത്യ’ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായിരുന്നു; പോത്തൻ ജോസഫ് പ്രഗല്ഭനായ ദേശീയ പത്രപ്രവർത്തകനും ജിന്നയുടെ ‘ഡോൺ’ പത്രം പാക്കിസ്ഥാനിലേക്കു മാറുംവരെ അതിന്റെ പത്രാധിപരും ആനി ബസന്റിന്റെയും സരോജിനി നായിഡുവിന്റെയും ഗാന്ധിജിയുടെയും സഹപ്രവർത്തകനും കീർത്തിയാർജിച്ച പംക്തിയെഴുത്തുകാരനുമായിരുന്നു.
∙ വി.പി.മേനോൻ: പട്ടേലിന്റെയും മൗണ്ട് ബാറ്റന്റെയും വലംകയ്യായി പ്രവർത്തിച്ചുകൊണ്ട് ഏകദേശം 565 നാട്ടുരാജ്യങ്ങള സാമ–ദാന–ഭേദ–ദണ്ഡങ്ങളുപയോഗിച്ച് ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച ഉദ്യോഗസ്ഥ–രാഷ്ട്രതന്ത്രജ്ഞൻ; ഇന്ത്യയുടെ ഇന്നു നാമറിയുന്ന ഭൂപടം രചിച്ച ഒറ്റപ്പാലംകാരൻ.
∙ വി.കെ.കൃഷ്ണമേനോൻ: സ്വാതന്ത്ര്യ സമരത്തിന്റെ 27 വർഷം ഇംഗ്ലണ്ടിൽ ഇന്ത്യയുടെ കയ്യും കണ്ണും നാവുമാകുകയും പിന്നീട് ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയുടെ പ്രതിനിധിയായി പ്രവർത്തിക്കുകയും ചെയ്തശേഷം പ്രതിരോധമന്ത്രിയായും ശ്രദ്ധേയനായ കോഴിക്കോട്ടുകാരൻ; ഇംഗ്ലണ്ടിലെ പ്രശസ്ത പ്രസാധന സ്ഥാപനമായ െപൻഗ്വിന്റെ സ്ഥാപക എഡിറ്റർ ആയിരുന്നു.
∙ ഡോ. ജോൺ മത്തായി: സ്വതന്ത്ര ഇന്ത്യയുടെ ആദ്യ മന്ത്രിസഭയിലെ അംഗവും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒന്നാമത്തെ ചെയർമാനും ബോംബെ സർവകലാശാലയുടെയും കേരള സർവകലാശാലയുടെയും ആദ്യത്തെ വൈസ് ചാൻസലറും നാഷനൽ കൗൺസിൽ ഫോർ അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ ഒന്നാമത്തെ പ്രസിഡന്റുമായിരുന്ന കോഴിക്കോട്ടുകാരൻ.
∙എ.കെ.ഗോപാലൻ: കണ്ണൂരിൽനിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട് സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ലോക്സഭയിൽ ആദ്യത്തെ പ്രതിപക്ഷനേതാവായിത്തീർന്ന സർവസമ്മതനായ കമ്യൂണിസ്റ്റ്.
∙ ദാക്ഷായണി വേലായുധൻ: ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭയിലെ ഏക ദലിത് വനിത ആയിരുന്ന മുളവുകാട് സ്വദേശി.
∙കെ.ആർ.നാരായണൻ: ഇന്ത്യൻ അധഃസ്ഥിതരുടെ നിശ്ചയദാർഢ്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി പ്രമുഖ നയതന്ത്ര പ്രതിനിധിയും കേന്ദ്ര മന്ത്രിസഭാംഗവും ജവാഹർലാൽ നെഹ്റു സർവകലാശാലാ വൈസ് ചാൻസലറും ഒന്നാമത്തെ ദലിത് രാഷ്ട്രപതിയുമായിത്തീർന്ന ഉഴവൂരുകാരൻ.
∙ ഇ.എം.എസ്.നമ്പൂതിരിപ്പാട്: അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും സിപിഎം ജനറൽ സെക്രട്ടറിയുമായിത്തീർന്ന പെരിന്തൽമണ്ണക്കാരൻ.
∙ കെ.പി.എസ്.മേനോൻ: ഐസിഎസ് ഉദ്യോഗസ്ഥനായും സ്വതന്ത്ര ഇന്ത്യയെ നയതന്ത്ര മേഖലയിൽ പ്രതിനിധീകരിച്ച പ്രധാനികളിലൊരാളായും ഒന്നാമത്തെ വിദേശകാര്യ സെക്രട്ടറിയായും പ്രഗല്ഭനായ എഴുത്തുകാരനായും ശോഭിച്ച കോട്ടയംകാരൻ.
∙ കെ.ശങ്കരപ്പിള്ള എന്ന ശങ്കർ: ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂൺ കലയുടെ തലതൊട്ടപ്പനായ കായംകുളംകാരൻ; പ്രസിദ്ധമായ ‘ശങ്കേഴ്സ് വീക്ക്‌ലി’യുടെയും ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെയും സ്ഥാപകൻ.
∙ അബു ഏബ്രഹാം: ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും പ്രതിഭാശാലികളായ കാർട്ടൂണിസ്റ്റുകളിലൊരാളായ മാവേലിക്കരക്കാരൻ; പ്രമുഖ ബ്രിട്ടിഷ് ദിനപത്രങ്ങൾക്കും ഇന്ത്യൻ ദേശീയ പത്രങ്ങൾക്കുംവേണ്ടി കാർട്ടൂൺ വരച്ചു.
∙ ഡോ. വർഗീസ് കുര്യൻ: ഗുജറാത്തിലെ ‘അമുൽ’ മാതൃകയിലൂടെ ഇന്ത്യൻ ക്ഷീരകർഷകർക്ക് ഐശ്വര്യപൂർണമായ ജീവിതവഴി തുറന്നുകൊടുത്ത കോഴിക്കോട്ടുകാരൻ.
∙ എം.എസ്.സ്വാമിനാഥൻ: ഇന്ത്യയിലെ ഹരിത വിപ്ലവത്തിന് നേതൃത്വം കൊടുത്ത വിശ്വപ്രസിദ്ധ കാർഷിക ശാസ്ത്രജ്ഞനായ മങ്കൊമ്പുകാരൻ; ആദ്യ വേൾഡ് ഫുഡ് പ്രൈസ് ജേതാവ്.
∙ പത്മിനി: ശിവാജി ഗണേശനും എം.ജി.രാമചന്ദ്രനും മുതൽ എൻ.ടി.രാമറാവുവും രാജ് കപൂറും ഷമ്മി കപൂറും വരെയുള്ള നായകൻമാരോടൊന്നിച്ച് ഇന്ത്യൻ സിനിമയിൽ മൂന്നു ദശകത്തോളം നിറഞ്ഞുനിന്ന തിരുവനന്തപുരത്തുകാരി. സമീപകാലങ്ങളിലേക്കു വരുമ്പോൾ, യാതൊരു മുഖവുരയും ആവശ്യമില്ലാത്ത അരുന്ധതി റോയ്, ശശി തരൂർ. ഈ കുറിപ്പിന്റെ ദൈർഘ്യപരിമിതിക്കുള്ളിൽ ഉൾപ്പെടുത്താനാകാത്ത ശ്രദ്ധേയങ്ങളായ നാമങ്ങൾ ഒട്ടേറെയാണ്.
ഇന്ത്യയ്ക്കായി മാത്രം എന്ന് എടുത്തുപറയാവുന്ന സേവനങ്ങൾ കേരളം ചെയ്തിട്ടുണ്ടോ – സംസ്ഥാനത്തിന് രാഷ്ട്രത്തോടുള്ള സാധാരണ ചുമതലകളൊഴികെ? മലയാളികൾ അവർക്കുവേണ്ടിത്തന്നെ വരുത്തിത്തീർത്ത പുരോഗമനപരമായ രാഷ്ട്രീയ–സാമൂഹിക–സംസ്കാരിക മാറ്റങ്ങളിൽ ചിലത് മാതൃകകളെന്ന നിലയിൽ ഇന്ത്യയ്ക്കുള്ള സംഭാവനകളായിത്തീർന്നു എന്നു പറയുകയാണ് ഉചിതം. വാസ്തവത്തിൽ, സ്വാതന്ത്ര്യപൂർവ കാലഘട്ടത്തിൽത്തന്നെ ആധുനിക വിദ്യാഭ്യാസം കേരളത്തിൽ തൊടുത്തുവിട്ട നവോത്ഥാന തരംഗത്തിൽനിന്നുണ്ടായ പുരോഗമന മുന്നേറ്റങ്ങൾ ഇന്ത്യയ്ക്കു മുഴുവനും മാറ്റത്തിന്റെ സന്ദേശങ്ങൾ നൽകിയിരുന്നു. ഇന്ത്യ അവയെ തിരിച്ചറിയുകയോ സ്വീകരിക്കുകയോ ചെയ്തോ എന്നത് മറ്റൊരു കാര്യം. (അന്ന് ഇന്ത്യയൊട്ടാകെ മുഴങ്ങിയിരുന്നത് ബംഗ്ലാ നവോത്ഥാനത്തിന്റെ ശബ്ദമായിരുന്നു.) എന്നാൽ, ശ്രീനാരായണ ഗുരുവിന്റെ സന്ദേശം ഗാന്ധിജിയുടെ കാതിൽപെട്ടു. ഗാന്ധിജിയുടെ അഖിലേന്ത്യാ കരുനീക്കങ്ങളിൽ ഗുരുവിന്റെ ഇടം – വിയോജിപ്പോടുകൂടിയെങ്കിലും – തിരിച്ചറിഞ്ഞതുകൊണ്ടാണ് അദ്ദേഹം ഗുരുവിനെ സന്ദർശിക്കാനെത്തിയത്. (ഒരുപക്ഷേ, ഗുരുവിനെ തന്റെ സനാതനത്വത്തിലേക്കു മാനസാന്തരപ്പെടുത്താമോ എന്നു ശ്രമിക്കാനും.) ശ്രീനാരായണ ഗുരു, അയ്യങ്കാളി, നിധീരി മാണിക്കത്തനാർ, മക്തി തങ്ങൾ, വക്കം മൗലവി, മന്നത്തു പത്മനാഭൻ തുടങ്ങിയ ഉൽപതിഷ്ണുക്കൾ അടിത്തറയിട്ട മൗലിക പരിവർത്തനങ്ങൾ കേരളം എന്ന ചെറിയ ജനത ഇന്ത്യയ്ക്കു നൽകിയ വലിയ സന്ദേശങ്ങളായിരുന്നു.
ഒരു സമൂഹം എന്ന നിലയിൽ കേരളം ഇന്ത്യയ്ക്കു നൽകിയ ഏറ്റവും ശ്രേഷ്ഠമായ സംഭാവന നൂറ്റാണ്ടുകളായി കേരളത്തിൽ നിലനിന്നുപോരുന്ന മതസഹവർത്തിത്വത്തിന്റെ മാതൃകയാണ്. ഏതാണ്ട് ആയിരത്തഞ്ഞൂറോളം വർഷങ്ങളായി മൂന്നു മുഖ്യധാരാ മതങ്ങളുടെ അനുയായികളായ സാധാരണക്കാർ മനുഷ്യസഹജമായ എല്ലാ മദമാൽസര്യങ്ങളെയും അതിജീവിച്ചുകൊണ്ട് തോളുരുമ്മി ജീവിക്കുകയും എല്ലാ സാമൂഹികരംഗങ്ങളിലും സഹകരിക്കുകയും ചെയ്യുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രകാശം പരത്തുന്ന മാതൃകയാണ്. (അതുകൊണ്ടുതന്നെയാണ് അതിനെ തകർക്കാനുള്ള സംഘടിത ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുന്നത്.) കേരള രാഷ്ട്രീയത്തിന്റെ അപചയങ്ങൾക്ക് ഇനിയും കീഴടങ്ങാത്ത, ചലനാത്മകമായ ഇന്നത്തെ കേരളം ഈ സന്തുലിതാവസ്ഥയുടെ സൃഷ്ടിയാണ്. കേരളത്തിന്റെ കഞ്ഞി വേവുന്നത് ഈ സമവായത്തിന്റെ അടുപ്പുകല്ലുകളിലാണ്.
കീഴാളരുടെ വിമോചനം നിഷേധിക്കാനാകാത്ത യാഥാർഥ്യമാക്കിത്തീർത്തതാണ് കേരളം ഇന്ത്യയ്ക്കു സംഭാവന ചെയ്ത മറ്റൊരു സാമൂഹിക മാതൃക. രാഷ്ട്രീയ–ഉദ്യോഗസ്ഥ ചൂഷണത്തിന് ഇരയായിക്കഴിയുന്ന ആദിവാസികളൊഴികെ കേരളത്തിലെ ഭൂരിപക്ഷം കീഴാളരും അവരുടെ പിൻചരിത്രം ഒൗദ്യോഗിക രേഖകളിലല്ലാതെ തിരിച്ചറിയാനാകാത്തവിധം കേരളത്തിന്റെ മുഖ്യധാരയിൽ ഏർപ്പെട്ടു കഴിഞ്ഞു. ജാതിവ്യവസ്ഥ മനസ്സിൽനിന്നു മാഞ്ഞുപോകാത്തവർ ഏറെയുണ്ടെങ്കിലും പല്ലും നഖവും പുറത്തെടുക്കുന്നവർ വിരളമാണ്; അത് എളുപ്പവുമല്ല.
മലയാളികളുടെ കുടിയേറ്റക്കരുത്താണ് ഇന്ത്യയ്ക്ക് അവർ നൽകിയ മുഖ്യസംഭാവനകളിലൊന്ന്. ഇക്കാര്യത്തിൽ ഏറ്റവും ശ്രദ്ധേയം അതിൽ സ്ത്രീകൾ, പ്രത്യേകിച്ച് നഴ്സുമാർ, വഹിച്ച പങ്കാണ്. മറ്റൊരു ഇന്ത്യൻ സമൂഹത്തിലും ഇത്തരമൊരു വഴിത്തിരിവു ദൃശ്യമല്ല. കടലുകൾ കടന്ന് തൊഴിൽ തേടാനുള്ള ഈ ഇച്ഛാശക്തി, മൂവായിരമോ അതിലേറെയോ വർഷങ്ങൾ മുൻപുതന്നെ ലോകത്തിലെ ഏറ്റവും പ്രഗല്ഭരും സാഹസികരുമായ കപ്പലോട്ടക്കാരും കച്ചവടക്കാരുമായി കേരളം പുലർത്തിയ ബന്ധങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ ഒരു ജനിതകശേഷിയാണ് എന്നു കരുതണം. ഈ കരുത്താണ് തങ്ങളുടെ ഭരണകൂട പാപ്പരത്തങ്ങളെ അതിജീവിക്കാൻ മലയാളികൾക്കു പ്രാപ്തി നൽകുന്ന സംഗതികളിലൊന്ന്. ഈ പ്രാപ്തി പൗരൻമാർക്ക് അസൂയാവഹമായ സാമ്പത്തികഭദ്രത നൽകവേതന്നെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്കു വിലയേറിയ മുതൽക്കൂട്ടായിട്ടുണ്ട്. മലയാളിയുടെ ഈ കുടിയേറ്റ മനുഷ്യവിഭവശേഷി തൊഴിൽ മേഖലയിൽ ഒതുങ്ങുന്നതല്ല. ആഗോള ബിസിനസുകളിലും വ്യവസായങ്ങളിലും അതു സുപ്രധാന പങ്കുവഹിക്കുന്നു.
ഭൂപരിഷ്കരണമെന്ന അടിസ്ഥാന സാമൂഹിക പരിവർത്തനാശയം ആദ്യമായി അവതരിപ്പിച്ചത് ബംഗാളിലാണെങ്കിലും (1955) അതു യാഥാർഥ്യമാക്കിയതു കേരളമാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന രണ്ട് ഉറപ്പുകളെ – തുല്യത, ചൂഷണം ചെയ്യപ്പെടാതിരിക്കാനുള്ള അവകാശം – വലിയ പരിധിവരെ ഭൂപരിഷ്കരണത്തിലൂടെ നിറവേറ്റാൻ കഴിഞ്ഞു. സാമൂഹികമായും സാമ്പത്തികമായും ഇന്നത്തെ കേരളം ഭൂപരിഷ്കരണത്തിന്റെ സൃഷ്ടിയാണ്.
അതുപോലെതന്നെ, ‘കേരള മാതൃക’ എന്ന പേരിൽ ആഗോളശ്രദ്ധ നേടിയ വികസന പരിപാടിയിലൂടെ രണ്ടു നിർണായക മേഖലകളിൽ – വിദ്യാഭ്യാസം, ആരോഗ്യം – നേട്ടങ്ങളുണ്ടാക്കി. പിന്നീടു വന്ന ഭരണകൂടങ്ങൾത്തന്നെ ‘കേരള മാതൃക’യെ പടിപടിയായി തകർത്തെങ്കിലും ഹ്രസ്വായുസായ ആ പ്രതിഭാസം കേരളം ഇന്ത്യയ്ക്കു നൽകിയ സുപ്രധാന സംഭാവനയായിരുന്നു. അടിസ്ഥാന സാക്ഷരതയ്ക്കും സാർവത്രിക വിദ്യാഭ്യാസത്തിനും നൽകിയ ഊന്നൽ ഇന്ത്യയ്ക്കു നല്ല മാതൃക നൽകി. ആ ആരംഭകാല ഊർജം പിന്നീട് നിശ്ചലതയും നിഷ്ക്രിയത്വവുമായി മാറി എന്നതു മറ്റൊരു കാര്യം.
കേരളത്തിന്റെ സംഭാവനകളായി എടുത്തുപറയേണ്ട മൂന്നു ജനകീയ സംരംഭങ്ങളാണ് വായനശാലാ പ്രസ്ഥാനവും ജനകീയാസൂത്രണവും കുടുംബശ്രീയും. തീവ്രവാദങ്ങളുടെയും വർഗീയ – രാഷ്ട്രീയ വിസ്ഫോടനങ്ങളുടെയും നടുവിലും കേരളം പുലർത്തുന്ന സാമൂഹികവും രാഷ്ട്രീയവുമായ പക്വതയും സംയമനവും വിശിഷ്ട മാതൃകയാണ്.
ചുരുക്കിപ്പറഞ്ഞാൽ, മലയാളികൾ അവരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ചെയ്ത നല്ല കാര്യങ്ങൾത്തന്നെയാണ് അവർ ഇന്ത്യയ്ക്കു നൽകിയ സംഭാവനകൾ. മാതൃകകൾ എന്ന നിലയിൽ മാത്രമല്ല ഇതിനെ കാണേണ്ടത്. കേരളം ഇന്ത്യതന്നെയാകയാൽ കേരളത്തിനു ഭവിക്കുന്ന നന്മ ഇന്ത്യയുടേതുമാണ്; ഇന്ത്യയ്ക്കു ഭവിക്കുന്നത് കേരളത്തിന്റേതും – നന്മയും തിന്മയും ഒരുപോലെ.
∙ ഇന്നിലേക്കു വരുമ്പോൾ: ജനാധിപത്യവും മതനിരപേക്ഷതയും പൗരസ്വാതന്ത്ര്യങ്ങളും ഗുരുതര ഭീഷണികൾ നേരിടുന്ന ഇന്ന് കേരളം ഇന്ത്യയ്ക്കു നൽകിക്കൊണ്ടിരിക്കുന്ന ഏറ്റവും വലിയ സംഭാവന ജനാധിപത്യ–മതസഹിഷ്ണുത–പൗരസ്വാതന്ത്ര്യ മൂല്യങ്ങളിലുള്ള അതിന്റെ പിടിച്ചുനിൽപാണ് – വീഴ്ചകൾ ഏറെയാണെങ്കിലും. ഇതിൽ അഭിമാനിക്കാൻ വകയുള്ളത് സാധാരണക്കാരായ മലയാളികൾ എന്ന അസാധാരണക്കാരായ ഇന്ത്യക്കാർക്കാണ് എന്നതു മറക്കേണ്ടതാനും.
English Summary: Keralites' contributions for India