സ്വാതന്ത്ര്യത്തിന്റെ അമൃതമൂല്യം
Mail This Article
1947 ഒാഗസ്റ്റ് 15ന് നമ്മുടെ രാജ്യം സ്വാതന്ത്യ്രം നേടിയ വലിയ വാർത്ത റിപ്പോർട്ട് ചെയ്യാൻ അവസരം നിഷേധിക്കപ്പെട്ട ദിനപത്രമാണ് മലയാള മനോരമ. സ്വാതന്ത്ര്യസമരത്തിനു പിന്തുണ നൽകുകയും നീതിക്കുവേണ്ടി ശബ്‌ദമുയർത്തുകയും ചെയ്തതിന്റെ പേരിൽ പൂട്ടി മുദ്രവയ്ക്കപ്പെട്ട മനോരമയ്ക്കു സ്വാതന്ത്ര്യം കിട്ടിയത് പിന്നെയും മൂന്നു മാസം കഴിഞ്ഞ് 1947 നവംബർ 29നാണ്. ഒൻപതുവർഷം നിശ്ശബ്‌ദമാക്കപ്പെട്ട ശേഷമായിരുന്നു അച്ചടിയുടെ സ്വാതന്ത്യ്രത്തിലേക്കുള്ള ആ തിരിച്ചുവരവ്. അതുകൊണ്ടുതന്നെ, രാജ്യസ്വാതന്ത്ര്യത്തിന്റെ അമൃതമൂല്യം ഏറെ തീവ്രമായി മനോരമ തിരിച്ചറിയുന്നു.
ഇന്നു നാടെങ്ങും നമ്മുടെ ദേശീയപതാക ഉയർന്നുപറക്കുമ്പോൾ രാജ്യചരിത്രം 75 സ്വതന്ത്ര വർഷങ്ങളുടെ അതിവിശിഷ്ട നാഴികക്കല്ലു പിന്നിടുകയാണ്. നമുക്കു കൈവന്ന സ്വാതന്ത്ര്യം അധികാരക്കൈമാറ്റം മാത്രമായിരുന്നില്ല; നമ്മുടെ മുൻതലമുറകൾ കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരവുമായിരുന്നു. ഒരു ചർക്ക മാത്രം ആയുധമാക്കി, അഹിംസാമന്ത്രം ജപിച്ച് മഹാത്മജി സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള യുദ്ധം ജയിച്ചതിലുള്ളത്ര വലിയ പാഠം നാം കേട്ടിട്ടില്ല; ഇനി കേൾക്കാനും പോകുന്നില്ല.
ഒരു രാഷ്ട്രമെന്ന നിലയിൽ ജനാധിപത്യം സംരക്ഷിച്ചു കൊണ്ടുതന്നെ ഒട്ടേറെ രംഗങ്ങളിൽ സ്വതന്ത്ര ഇന്ത്യയ്ക്കു മുന്നേറാൻ കഴിഞ്ഞുവെന്നത് ഈ ദിവസത്തിൽ 141 കോടിയിലധികം ജനങ്ങളുടെ ചാരിതാർഥ്യമാകേണ്ടതാണ്. വെല്ലുവിളികളല്ല, ആ വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്നതാണു രാഷ്‌ട്രത്തിന്റെ കരുത്തിന്റെ അളവുകോലെന്ന് ഇതിനകം ഇന്ത്യ മനസ്സിലാക്കിക്കഴിഞ്ഞു. ദാരിദ്ര്യം നിർമാർജനം ചെയ്യാനുള്ള പദ്ധതികളിൽ നമുക്ക് ആശാവഹമായി മുന്നേറാൻ സാധിച്ചുവെന്നു മാത്രമല്ല, സാമ്പത്തിക, സൈനിക, ശാസ്‌ത്ര ശക്‌തിയായി നാം വളരുകയും ചെയ്തു.
സാമൂഹിക ഐക്യവും അവസര സമത്വവും ഏറ്റവും സാധാരണക്കാരുടെപോലും സാമ്പത്തിക സുരക്ഷിതത്വവും സാക്ഷാത്ക്കരിക്കുമ്പോഴാണ് രാജ്യം പൂർണശോഭ നേടുക. മതനിരപേക്ഷതയ്ക്കും ബഹുസ്വരതയ്ക്കുമുള്ള അമൂല്യത നാം പരിരക്ഷിക്കേണ്ടതുണ്ട്. അസഹിഷ്ണുതയുടെ നിഴൽ രാഷ്ട്രഗാത്രത്തെ തൊടാതിരിക്കാൻ ശ്രദ്ധ പുലർത്തുകയുംവേണം. വരുന്ന 25 വർഷങ്ങളെ മുന്നിൽക്കണ്ടുള്ള സമഗ്രവികസനത്തിലൂടെയാവണം സ്വാതന്ത്ര്യത്തിന്റെ ദീപ്തശതാബ്ദിയിലേക്കു നാം മുന്നേറാൻ.
നമ്മുടെ മഹിത രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും ആത്മവിശ്വാസത്തിനും വേണ്ടിയുള്ള ഇച്‌ഛയും നിശ്‌ചയവും നെഞ്ചിലേറ്റി നാം തോളോടുതോൾ ചേർന്നുനിൽക്കണമെന്ന് ഓർമിപ്പിക്കുകയാണ് ഈ സുദിനം.
പ്രിയ വായനക്കാർക്ക് ത്രിവർണകാന്തിയുള്ള സ്വാതന്ത്ര്യജൂബിലി ആശംസകൾ നേർന്നുകൊണ്ട്,
മാമ്മൻ മാത്യു, ചീഫ് എഡിറ്റർ
English Summary: Independence and Manorama