ADVERTISEMENT

വാഷിങ്ടനിൽ ഏതാനും വർഷം മുൻപുനടന്ന പൊതുചടങ്ങിൽ എന്നോട് ഒരു ചോദ്യമുയർന്നു: ജനാധിപത്യ രാജ്യമായ ഇന്ത്യയാണോ കമ്യൂണിസ്റ്റ് ചൈനയാണോ ഭാവി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകാൻ പോകുന്നത്? ഇന്ത്യയെന്ന് ഉത്തരം നൽകാൻ എനിക്ക് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല. ഇന്ത്യയെ സന്തോഷിപ്പിക്കാനായി പറഞ്ഞതായിരുന്നില്ല അത്; മറിച്ച്, ഇന്ത്യ എന്താണെന്നു രാജ്യാന്തര സമൂഹത്തിനു മുന്നിൽ അടിവരയിട്ടു സൂചിപ്പിക്കുക മാത്രമായിരുന്നു.

ഇന്ത്യൻ സമൂഹത്തിന്റെ ഭാഗമെന്നു വർഷങ്ങളായി സ്വയം കരുതുന്ന ഒരാളെന്ന നിലയിൽ, സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷിക വേളയിൽ ചില ചിന്തകൾ സസന്തോഷം പങ്കുവയ്ക്കട്ടെ. 

മഹത്തായ ഈ രാജ്യം 1947നുശേഷം നടത്തിയ ഓരോ ചുവടുവയ്പും എനിക്കു നൽകിയതു വലിയ ധൈര്യമാണ്. ശാസ്ത്രവും സാങ്കേതിക വിദ്യയുമടക്കം ആധുനിക മനുഷ്യസമൂഹത്തിന്റെ വികസനത്തിന്റെ വിവിധ മേഖലകൾക്കു സംഭാവന നൽകുന്നതിൽ ലോകത്തു മറ്റാരെക്കാളും തങ്ങൾ പിന്നിലല്ലെന്നു തെളിയിച്ചവരാണ് ഇന്ത്യൻ ജനത. 

ജനാധിപത്യത്തിന്റെ മൂല്യമെന്തെന്നു നിരന്തരം കാണിച്ചു കൊടുക്കുന്നു എന്നതാണ് ഇന്ത്യ ലോകത്തിനു നൽകുന്ന ഏറ്റവും പ്രധാന സംഭാവന. സ്വാതന്ത്ര്യം നേടിയതു മുതൽ ധാരാളം വെല്ലുവിളികളെ ഇന്ത്യ നേരിട്ടിട്ടുണ്ട്. ഏതാനും കലാപങ്ങളെ അതിജീവിച്ചിട്ടുണ്ട്. എന്നാൽ, രാഷ്ട്രത്തിന്റെ അടിസ്ഥാനഘടന സ്ഥിരതയോടെ നിലനിന്നു. ജനാധിപത്യ ഭരണത്തിൽ രൂപപ്പെട്ട ശക്തമായ അടിത്തറയാണ് ഈ ഉറപ്പിനു കാരണം. തുല്യപങ്കാളികളായി നിലനിൽ‍ക്കാൻ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങൾക്കു ശക്തി നൽകുന്നതും ഇതേ അടിത്തറയാണ്. ഇവിടെ 1000 വർഷത്തിലധികമായി എല്ലാ പ്രമുഖ മതവിഭാഗങ്ങളും ഐക്യത്തോടെ കഴിയുന്നു. 

dalai-lama--

ഈ കുറിപ്പെഴുതുമ്പോൾ ഇന്ത്യയുടെ വടക്കേയറ്റത്തെ ലഡാക്കിലാണു ഞാൻ. മതസൗഹാർദം എങ്ങനെ പാലിക്കണമെന്നു ബുദ്ധ, ഇസ്‌ലാം, ക്രിസ്ത്യൻ, ഹിന്ദു മതാനുയായികൾ കാണിച്ചുതരുന്നതു ദൈനംദിനമെന്നോണം നേരിട്ടറിയുകയാണു ഞാൻ. സ്ഥിരതയും തുടർച്ചയുമുള്ള പുരോഗതി നേടാൻ ഈ രാജ്യത്തെ പര്യാപ്തമാക്കിയത് ഊർജസ്വലരായ ജനസമൂഹമാണ്. 

സ്വേച്ഛാധിപത്യത്തിലെപ്പോലെ അടിച്ചമർത്തലിന്റെ രീതിയല്ല ജനാധിപത്യത്തിന്റേത്. 1954–1955 കാലത്ത് ചൈന സന്ദർശിച്ചപ്പോൾ നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ പ്രവർത്തനം അടുത്തറിയാൻ അവസരം ലഭിച്ചിരുന്നു. 1956ൽ ആദ്യ ഇന്ത്യാസന്ദർശന വേളയിൽ ന്യൂഡൽഹിയിൽ പാർലമെന്റിന്റെ നടപടികൾ കാണാനും കഴിഞ്ഞു. ചൈനയിലേതിനെ അപേക്ഷിച്ച് ഇന്ത്യൻ പാർലമെന്റ് ശബ്ദമുഖരിതമായിരുന്നു. പക്ഷേ, ഇവിടെ ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങളെക്കുറിച്ചു സജീവമായ ചർച്ചകളാണു നടന്നത്. ഭയമോ മടിയോ കൂടാതെയാണു പാർലമെന്റ് അംഗങ്ങൾ സംസാരിച്ചത്. 

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ലോകത്തിന്റെ നായകരാജ്യങ്ങളിൽ ഒന്നാകാനുള്ള ഔന്നിത്യവും അഭിലാഷവും ഈ രാജ്യത്തിനുണ്ട്. സ്വതന്ത്ര നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും ഉൾപ്പെടെയുള്ള ജനാധിപത്യ സംവിധാനങ്ങളിലൂടെ നടത്തുന്ന പൗരാവകാശ സംരക്ഷണവും ഭരണനിർവഹണത്തിലെ സുതാര്യതയുമാണു ധാർമികമായ ആ അവകാശത്തിന് അടിസ്ഥാനം. 

അഹിംസയും കാരുണ്യവും ഇഴചേരുന്ന ചിരപുരാതനമായ ജ്‍ഞാനം സ്വായത്തമായുള്ള നാടാണ് ഇന്ത്യ. ആധുനികകാലത്ത് ഇതിനേറെ പ്രസക്തിയുണ്ട്. അഹിംസയുടെ തത്വം മഹാത്മാഗാന്ധി ലോകമാകെ പ്രചരിപ്പിച്ചു. മാനുഷിക മൂല്യങ്ങളുടെ പ്രചാരണം, മതസൗഹാർദത്തിന്റെ പ്രോത്സാഹനം, ടിബറ്റൻ സംസ്കാരത്തിന്റെയും പരിസ്ഥിതിയുടെയും സംരക്ഷണം എന്നിവയാണു ഞാനെന്റെ ദൗത്യങ്ങളായി ഏറ്റെടുത്തിട്ടുള്ളത്. അവയോടൊപ്പം ഇന്ത്യൻ പൗരാണിക വിജ്‍‍ഞാനത്തിന്റെ പ്രചാരണവും വ്യക്തിപരമായ ദൗത്യമായി ഞാൻ കരുതുന്നു. 

പുരാതന ഇന്ത്യയ്ക്കു മനസ്സിന്റെയും വികാരങ്ങളുടെയും പ്രവർത്തനങ്ങളെപ്പറ്റി ഉണ്ടായിരുന്ന അറിവ്, ധ്യാനം അടക്കം മാനസിക പരിശീലനത്തിനുള്ള തന്ത്രങ്ങൾ എന്നിവ ഇന്നത്തെ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ വികാസത്തിനു വലിയ സംഭാവന നൽകാൻ പര്യാപ്തമാണ്. അനുകമ്പയുടെ ശക്തിയടക്കം ഈ മഹത്തായ ജ്ഞാനനിധിയെക്കുറിച്ച് ഇന്ത്യയിലെ സഹോദരീസഹോദരന്മാർക്കായി കൂടുതൽ ബോധവൽക്കരണം നടത്താൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്. 

ലോകത്തിന് ഇന്ത്യൻ പാരമ്പര്യത്തിന്റെ അമൂല്യ സമ്മാനമാണു യോഗ. ശാരീരികവും മാനസികവുമായ സൗഖ്യത്തിന് ഏറ്റവും അവശ്യമായവയിൽ ഒന്നായി അതു മാറിയിരിക്കുന്നു. അതിനുള്ള അംഗീകാരമാണ് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ 2021 ജൂൺ 21 രാജ്യാന്തര യോഗദിനമായി ആചരിച്ചത്.

മതനിരപേക്ഷമായ അക്കാദമിക് കാഴ്ചപ്പാടോടെ, ഇന്ത്യയുടെ പുരാതന അറിവുകൾ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നു ഞാൻ അഭ്യർഥിക്കുന്നു. ആധുനികവും പുരാതനവുമായ അറിവുകളെ മനോഹരമായി സമന്വയിപ്പിച്ച്, ധാർമികതയിൽ അധിഷ്ഠിതമായി ജീവിക്കാനുള്ള മാർഗം സമകാലിക സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടതാണ്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങൾ ഈ വഴിക്കുള്ള ശ്രമങ്ങൾ ആരംഭിച്ചു എന്നറിയുന്നതിൽ സന്തോഷമുണ്ട്. ഇതൊരു ദേശീയ പ്രസ്ഥാനമായി വളരട്ടെ. 

സ്വാതന്ത്ര്യത്തിന്റെ 75 സംവത്സരങ്ങൾ തികയുമ്പോൾ തങ്ങൾ ആർജിച്ച പക്വത പലവട്ടം തെളിയിച്ചിട്ടുണ്ട് ഇന്ത്യയും ഇവിടത്തെ ജനങ്ങളും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതി ദ്രൗപദി മുർമുവിന് അഭിവാദ്യമർപ്പിക്കാൻ കൂടി ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. ഇന്ത്യയുടെ പ്രാധാന്യത്തെക്കുറിച്ചു രാജ്യാന്തര സമൂഹത്തിനു കൂടുതൽ തിരിച്ചറിവുകളുണ്ടായ കാലമാണിത്. മാനവരാശിയുടെ വികാസത്തിനും സമാധാനത്തിനും ഇനിയുമേറെ സംഭാവന നൽകാൻ ഇന്ത്യയ്ക്കു കഴിയും. അതിനായി എന്റെ പ്രാർഥനകളും ആശംസകളും. 

 

 

English Summary: Dalai Lama on 75 years of Indian Independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com