പുഞ്ചിരിക്കുന്ന സ്വാതന്ത്ര്യസമരം
Mail This Article
സ്വാതന്ത്ര്യസമരത്തിനിടയിൽ ചിരിക്കു പഴുതുണ്ടോ? സാമൂഹികജീവിതത്തിന്റെ സമസ്ത മേഖലകളെയും പിടിച്ചുകുലുക്കിയ സംഘർഷഭരിതമായ ഒരു മുന്നേറ്റത്തിൽ സമുദായ പരിഷ്കരണത്തിനും പത്രപ്രവർത്തനത്തിനും സാഹിത്യ പരിശ്രമത്തിനും ദൃശ്യകലാവിഷ്കാരത്തിനും എല്ലാം വഴിതുറന്നതുപോലെ തമാശയ്ക്കും ഇടമുണ്ടായി.
ഇക്കാര്യത്തിലും മുന്നിൽനടന്നതു ഗാന്ധിജിയാണ്. സി.രാജഗോപാലാചാരി ഗാന്ധിജിയെ ഒരു സന്ദർഭത്തിൽ വിശേഷിപ്പിച്ചത് ‘ചിരിക്കാരൻ’ (മാൻ ഓഫ് ലാഫ്റ്റർ) എന്നാണ്. ‘ലോകത്തിന്റെ ഭാരം ചുമക്കാൻ വിധിക്കപ്പെട്ടവനായതുകൊണ്ട് ബാപ്പുവിനു ചിരിക്കണമായിരുന്നു’ എന്നു വിലയിരുത്തിയ സരോജിനി നായിഡു, ‘ചിരി അദ്ദേഹത്തിന്റെ ഉല്ലാസപ്രകൃതിയുടെ ആവിഷ്കാരമാണ്’ എന്നു വിശദീകരിക്കുകയുണ്ടായി.
1931ൽ വട്ടമേശസമ്മേളനത്തിന് ഇംഗ്ലണ്ടിലെത്തിയ ഗാന്ധിജിയോട് അർധനഗ്നവേഷത്തെപ്പറ്റി മഹാരാജാവ് എന്തുപറഞ്ഞു എന്നു പത്രപ്രതിനിധികൾ ആരാഞ്ഞു. മറുപടി പെട്ടെന്നായിരുന്നു: ‘എന്തു പറയാൻ? ഞങ്ങൾക്കു രണ്ടുപേർക്കും വേണ്ടത്ര വസ്ത്രം അദ്ദേഹം ഒറ്റയ്ക്കു ധരിച്ചിട്ടുണ്ടല്ലോ!’
ഒരിക്കൽ വൈസ്രോയി മൗണ്ട്ബാറ്റണെ കാണാൻ ഗാന്ധിജി എത്തി. വൈസ്രോയിയെ കണ്ടയുടൻ അദ്ദേഹം ക്ഷമാപണം നടത്തി: ‘എന്നോടു ക്ഷമിക്കണം. ഞാൻ വൈകിപ്പോയി. എന്നെ കാണാൻ പഞ്ചാബിൽനിന്നു കുറെ കർഷകർ വന്നിരുന്നു. അവരെ പെട്ടെന്ന് ഒഴിവാക്കാൻ പറ്റിയില്ല. പിന്നെ താങ്കൾക്കറിയാമല്ലോ, അവരാണ് ഈ രാജ്യത്തിന്റെ യഥാർഥ ഉടമസ്ഥർ.’
സ്വദേശി ഉൽപന്നങ്ങൾക്കായും വിദേശവസ്തുക്കളുടെ ബഹിഷ്കരണത്തിനായും സമരം കൊടുമ്പിരിക്കൊള്ളുന്ന സന്ദർഭം. ഇന്ത്യയിൽനിന്നു പരുത്തി ഇംഗ്ലണ്ടിലേക്കു കടത്തിക്കൊണ്ടുപോയി തുണിയാക്കി ഇവിടെത്തന്നെ വിൽപന നടത്തുന്നതിനോടായിരുന്നു പ്രധാനപ്പെട്ട പ്രതിരോധം. ചർക്ക സ്വാതന്ത്ര്യസമരത്തിന്റെ പ്രതീകമായിത്തീരുന്നത് ഈ സാഹചര്യത്തിലാണ്. ഇംഗ്ലണ്ടിലെ ലങ്കാഷർ എന്നു പേരായ നഗരത്തിലെ തുണിമില്ലുകളെ വിമർശിച്ചുകൊണ്ടു ഗാന്ധിജി പറഞ്ഞു: ‘എന്റെ സീതയെ തട്ടിക്കൊണ്ടുപോയത് ലങ്കയിലേക്കല്ല, ലങ്കാഷറിലേക്കാണ്.’
ഡൽഹി ക്യാംപിൽനിന്നു വാർധയിലേക്കു പുറപ്പെട്ട അനുയായി തീവണ്ടി കിട്ടാതെ മടങ്ങിയെത്തി. അയാൾ സ്റ്റേഷനിലെത്താൻ വൈകിയിരുന്നു. ‘നാളെ പോകാം’ എന്നു സമാധാനം പറഞ്ഞ അയാളോടു ഗാന്ധിജി പറഞ്ഞു: ‘നീ വേണ്ടതു വാർധയിലേക്കു നടന്നുപോകുകയായിരുന്നു.’
ബ്രിട്ടിഷുകാരെ അനുകൂലിച്ചു ലേഖനം എഴുതിയ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥനെ ആക്ഷേപിച്ച് വല്ലഭ്ഭായ് പട്ടേൽ എന്തോ പറഞ്ഞപ്പോൾ ഗാന്ധിജി ചോദിച്ചു: ‘അതിലെന്താ പ്രശ്നം? ഇംഗ്ലിഷുകാർ കൂലി കൊടുത്തപ്പോൾ അയാൾ അവരുടെ പാട്ടു പാടി. നിങ്ങളുടെ സർക്കാർ കൂലി കൊടുത്താൽ നിങ്ങളുടെ പാട്ടും പാടും. അത്രയല്ലേയുള്ളൂ.’
ഒരിക്കൽ ലേഡി മൗണ്ട്‌ബാറ്റൺ പറഞ്ഞു: ‘ബാപ്പൂ, ഇനിയും കാറിലും തീവണ്ടിയിലുമൊന്നും എവിടെയും പോകരുത്. പ്രായമായില്ലേ? യാത്ര വിമാനത്തിൽ മതി.’ ഗാന്ധിജിയുടെ മറുപടി: ‘ഞാൻ വിമാനം അടുത്തുനിന്നു കണ്ടിട്ടു കൂടിയില്ല. ഞാൻ യാത്ര ചെയ്യുന്നതു ജനങ്ങളെ കാണാനാണ്. വിമാനത്തിലെവിടെയാ ജനങ്ങൾ? അകത്തുമില്ല, പുറത്തുമില്ല.’
ഒരു തീവണ്ടിയാത്ര. പുതുതായി കൂട്ടത്തിലെത്തിയ വെങ്കിട്ട്റാം കല്യാണത്തോടു ഗാന്ധിജി ചോദിച്ചു: ‘പതിവുപോലെ നമ്മുടെ സംഘത്തിന്റെ ടിക്കറ്റ് മുൻകൂട്ടി എടുത്തിരുന്നല്ലോ അല്ലേ?’ കല്യാണം ടിക്കറ്റ് എടുക്കുന്ന കാര്യം വിട്ടുപോയിരുന്നു. ഗാന്ധിജി ഉടൻ സ്റ്റേഷൻ മാസ്റ്ററെ വരുത്തി വിവരം പറയുകയും ടിക്കറ്റ് ആവശ്യപ്പെടുകയും ചെയ്തു. സ്റ്റേഷൻ മാസ്റ്റർ പറഞ്ഞു: അയ്യോ അങ്ങേയ്ക്കെന്തിനാ ടിക്കറ്റ്? അങ്ങ് ഞങ്ങളുടെ വിഐപി അതിഥിയല്ലേ?’ ഗാന്ധിജി: ‘ഓഹോ, അതിന് അങ്ങനെയൊരു വകുപ്പുണ്ടോ? നിങ്ങൾ വിഐപികളെ ടിക്കറ്റില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കാറുണ്ടോ? എങ്കിൽ ഞാനതു റിപ്പോർട്ട് ചെയ്യും. നിങ്ങളുടെ പണി പോകും.’
വിദേശത്തു കസ്റ്റംസിന്റെ ചട്ടമനുസരിച്ച് ഗാന്ധിജി കൈവശമുള്ള സമ്പത്തു വെളിപ്പെടുത്തി: 6 ചർക്ക, ഭക്ഷണം കഴിക്കുന്ന പാത്രം, ആട്ടിൻപാൽ സൂക്ഷിക്കുന്ന പാത്രം, 6 തുണികൾ – പിന്നെ, ഇത്രയൊന്നും വിലയില്ലാത്ത എന്റെ സൽപേരും.’
തീവണ്ടിമുറിയിൽ സഹയാത്രികൻ ബർത്തിൽനിന്നു വീണു. വല്ലതും പറ്റിയോ എന്ന് അന്വേഷിച്ച ഗാന്ധിജിക്കു കിട്ടിയ മറുപടി: ‘മഹാത്മാവിന്റെ സഹയാത്രികൻ ആയതുകൊണ്ട് ഒന്നും പറ്റിയില്ല.’ പ്രതിവചനം: ‘ആ കണക്കിനു നിങ്ങൾ വീഴാനേ പാടില്ലായിരുന്നു.’
ആരോ ചോദിച്ചു: ‘ബാപ്പൂ, അർജുനന്റെ ചോദ്യങ്ങൾക്ക് എത്ര വിസ്തരിച്ചാണു ശ്രീകൃഷ്ണൻ ഉത്തരം പറയുന്നത്. എത്ര നീണ്ട ചോദ്യത്തിനും അങ്ങ് ഒരു വാക്കിലോ, ഒരു വാക്യത്തിലോ ഉത്തരം പറയുന്നു. എന്താണിത്?’ മഹാത്മജി പറഞ്ഞ സമാധാനം: ‘കൃഷ്ണനോടു ചോദിക്കാൻ ഒരു അർജുനനേ ഉള്ളൂ. എനിക്കാണെങ്കിൽ അർജുനന്മാർ ഒട്ടേറെയാണ്. ഓരോരുത്തരും ധാരാളമായി ചോദിക്കുകയും ചെയ്യുന്നു. ഞാനെന്തു കാട്ടും?’
ഒരു സ്കൂളിൽ ചെന്നപ്പോൾ വിദ്യാർഥിനി ചോദിച്ചു: ‘ബാപ്പൂ, എന്താണു ജനാധിപത്യം?’. ഉത്തരം: ‘ഓട്ടമത്സരത്തിൽ ഒന്നാമതെത്തിയ ആൾ രണ്ടാമതും മൂന്നാമതും നാലാമതും എത്തിയവരെ തുല്യമായി പരിഗണിക്കുന്നതിനെയാണു ജനാധിപത്യം എന്നു പറയുന്നത്. കൂടെ ഓടാൻ വേറെ ആളുണ്ടായതുകൊണ്ടാണ് അയാൾ ഒന്നാമത് എത്തിയത്. ഒരാൾ ഒറ്റയ്ക്ക് ഓടിയാൽ സമ്മാനം കിട്ടില്ലല്ലോ.’
മുഹമ്മദലി ജിന്ന ഒരിക്കൽ വൈസ്രോയി മൗണ്ട്ബാറ്റണെ കാണാൻ പോയി. പതിവനുസരിച്ച് മൗണ്ട്ബാറ്റണിന്റെയും ലേഡി മൗണ്ട്ബാറ്റണിന്റെയും ഒപ്പം ഫോട്ടോ എടുക്കും എന്നറിയുന്നതിനാൽ ജിന്ന ആ നേരത്തു കാച്ചാനുള്ള തമാശ മനസ്സിലൊരുക്കിയാണു ചെന്നത്. ലേഡി മൗണ്ട്ബാറ്റൺ നടുവിലും താനും മൗണ്ട്ബാറ്റണും ഇരുവശത്തുമായാണ് ഫോട്ടോ എടുക്കുക എന്നാണ് അദ്ദേഹം കണക്കുകൂട്ടിയത്. അന്നേരം പറയാൻ കരുതിവച്ചു: ‘രണ്ടു മുള്ളുകൾക്കിടയിൽ ഒരു പനിനീർപ്പൂ!’ പക്ഷേ, ഫോട്ടോയ്ക്കു നിന്നത് ജിന്ന നടുവിലും മൗണ്ട്ബാറ്റൺ ദമ്പതികൾ രണ്ടുവശത്തുമായാണ്! എന്നിട്ടും രണ്ടാമതൊന്നാലോചിക്കാതെ ജിന്ന കരുതിവച്ചിരുന്ന വാചകം കാച്ചിയതു കൂട്ടച്ചിരിക്കു വഴിയൊരുക്കി.
മഹാത്മജിയെ കളിയാക്കിയും പലരും പല തമാശകളും പറഞ്ഞിട്ടുണ്ട്. കോൺഗ്രസിൽ ഗ്രൂപ്പുവഴക്ക് വല്ലാതെ മൂത്ത ഘട്ടത്തിൽ ആചാര്യ കൃപലാനി ചോദിച്ചു: ‘ബാപ്പൂ, അങ്ങു ശത്രുക്കളെ സ്നേഹിക്കണം, ശത്രുക്കളെ സ്നേഹിക്കണം എന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. എന്തുകൊണ്ടാണ് സുഹൃത്തുക്കളെ സ്നേഹിക്കണം എന്ന് അനുയായികൾക്കു പറഞ്ഞുകൊടുക്കാത്തത്?’
ഗാന്ധിജിയും മുഹമ്മദലി ജിന്നയും ഒരേ തീവണ്ടിമുറിയിൽ യാത്ര ചെയ്യുകയായിരുന്നു. സമയം രാത്രി 9.30 ആയപ്പോൾ ഗാന്ധിജി ചിട്ടയനുസരിച്ച് ഉറങ്ങി. ജിന്ന സിഗരറ്റ് വലിച്ചു പുറത്തേക്കു നോക്കി ഇരിക്കുകയായിരുന്നു. പത്രക്കാർ ആരോ ചോദിച്ചു: ‘ജിന്നാ സാഹേബ്, ഗാന്ധിജി ഉറങ്ങിയല്ലോ, താങ്കൾ ഉറങ്ങുന്നില്ലേ?’ ജിന്നയുടെ മറുപടി: ‘മിസ്റ്റർ ഗാന്ധിക്ക് ഉറങ്ങാം. അദ്ദേഹത്തിന്റെ സമുദായം ഉണർന്നു കഴിഞ്ഞു. എന്റെ സമുദായം ഇപ്പോഴും ഉണർന്നിട്ടില്ല. പിന്നെ ഞാൻ എങ്ങനെ ഉറങ്ങും?’
സരോജിനി നായിഡു ഗാന്ധിജിയെ കളിയാക്കിപ്പറഞ്ഞ വിമർശനം പ്രശസ്തമാണ്: ‘ബാപ്പുവിനെ അദ്ദേഹത്തിന്റെ ദാരിദ്ര്യത്തിൽ നിലനിർത്താൻ നമുക്കു വളരെയേറെ പണച്ചെലവുണ്ട്.’
(എഴുത്തുകാരനും ചിന്തകനുമാണ് ലേഖകൻ)
English Summary: MN Karassery on 75 years of Indian Independence