ADVERTISEMENT

പല സംസ്കാരങ്ങളുടെയും ഭാഷകളുടെയും പ്രാദേശിക പാരമ്പര്യങ്ങളുടെയും നിർമിതിയായ ഇന്ത്യ എന്ന രാജ്യം 75 വർഷം നിലനിന്നുവെന്നു മാത്രമല്ല, അതിന്റെ അഖണ്ഡതയ്ക്കു സാരമായ വെല്ലുവിളികളൊന്നും നിലവിലുമില്ല. ഈ കാര്യത്തിൽ ഇന്ത്യയോടു സാദൃശ്യമുള്ള വലിയ രാജ്യം പഴയ സോവിയറ്റ് യൂണിയനായിരുന്നു. അവിടെയുമുണ്ടായിരുന്നു പല ഭാഷകളും മതങ്ങളും സംസ്കാരങ്ങളും. എന്നിട്ടും 69 വർഷമേ ആ രാജ്യത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ. സോവിയറ്റ് യൂണിയനിലെ ഏറ്റവും വലിയ റിപ്പബ്ലിക്കായ റഷ്യയുടെ രൂപത്തിൽ മറ്റു റിപ്പബ്ലിക്കുകളെ വാർത്തെടുക്കാനുള്ള ശ്രമങ്ങളും രാജ്യത്തിന്റെമേൽ ആധിപത്യം പുലർത്തിയ കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രീകൃത നയവും ആ രാജ്യത്തെ തകർച്ചയിലേക്കു നയിച്ചു. ഇന്ത്യയെ 75 വർഷത്തിലേക്കും അതിനപ്പുറത്തേക്കും എത്തിക്കുന്നത് വൈവിധ്യങ്ങളെ അംഗീകരിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഭരണഘടന ഉണ്ടെന്നതാണ്.

ഈ 75 വർഷം ഇന്ത്യയെ ലോകം അറിഞ്ഞത് ഇവിടുത്തെ രാഷ്ട്രീയ സംഭവവികാസങ്ങളിൽകൂടി മാത്രമായിരുന്നില്ല; പല കലാരൂപങ്ങളിലൂടെയും ജീവിതരീതികളിലൂടെയും അനാവരണം ചെയ്യപ്പെടുന്ന ഇന്ത്യയും ലോകത്തിന്റെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. രണ്ടാമതു സൂചിപ്പിച്ചതാണു രാജ്യത്തിന്റെ ‘സോഫ്റ്റ് പവർ’ അല്ലെങ്കിൽ മൃദുശക്തി. ഇക്കാര്യത്തിൽ കഴിഞ്ഞ 75 വർഷം ഇന്ത്യ പലപ്പോഴും മുൻപന്തിയിലായിരുന്നു.

ലോകം വായിച്ച ഇന്ത്യ

ആദ്യം സാഹിത്യം എടുക്കാം: സ്വാതന്ത്ര്യം കിട്ടുന്നതിനു മുൻപുതന്നെ സാഹിത്യത്തിൽ നൊബേൽ സമ്മാനം രബീന്ദ്രനാഥ ടഗോറിലൂടെ ഇന്ത്യ നേടി. അതിനുശേഷം ആർക്കും കിട്ടിയിട്ടില്ല എന്നതും ശ്രദ്ധേയം. ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള സാഹിത്യകൃതികൾ ഇടയ്ക്കും തലയ്ക്കും ലോകശ്രദ്ധ നേടിയെങ്കിലും (ഉദാഹരണത്തിന്, ഡോ.വി.കെ. നാരായണമേനോൻ ഇംഗ്ലിഷിലേക്കു തർജമ ചെയ്ത തകഴിയുടെ ‘ചെമ്മീൻ’ ആഴ്ചകളോളം ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ പട്ടികയിലുണ്ടായിരുന്നു.) കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. ഇതിനു മാറ്റം വരുത്തിയത് സ്വതന്ത്ര ഇന്ത്യ പിറന്ന അർധരാത്രിയിൽ ജനിച്ച കുട്ടികൾ എന്ന പ്രമേയത്തിൽ സൽമാൻ റുഷ്ദി എഴുതിയ ‘മിഡ്നൈറ്റ്സ് ചിൽഡ്രൻ’ എന്ന നോവലാണ്. 1981ൽ പ്രസിദ്ധീകരിച്ച നോവൽ ബുക്കർ സമ്മാനവും പിന്നെ ബുക്കർ നേടിയ കൃതികളുടെ കൂട്ടത്തിൽനിന്നു തിരഞ്ഞെടുത്ത ബുക്കർ ഓഫ് ബുക്കർ സമ്മാനവും നേടി, ഇപ്പോൾ ക്ലാസിക് പദവി ആർജിച്ചിരിക്കുന്നു.

art

റുഷ്ദിയിൽ അവസാനിച്ചില്ല ഇന്ത്യയിൽ നിന്നുള്ള സാഹിത്യത്തിന്റെ കുതിപ്പ്. 1997ൽ അരുന്ധതി റോയ് ‘ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ്’ പ്രസിദ്ധീകരിച്ചപ്പോൾ ലോകം അതിനെ കൊണ്ടാടി. ഇന്ത്യയിൽ നിന്നുള്ള ഇംഗ്ലിഷ് സാഹിത്യത്തിന്റെ വസന്തം അതുകൊണ്ടും തീർന്നില്ല. വിക്രം സേഥ്, അമിതാവ് ഘോഷ് തുടങ്ങി ഒരുപറ്റം എഴുത്തുകാർ ലോകോത്തര രചനകൾ പുറത്തിറക്കി. ബ്രിട്ടിഷ് ഭരണത്തിന്റെ ശേഷിപ്പായ ഇംഗ്ലിഷ് ഭാഷയിലൂടെയാണ് ഇന്ത്യയിലെ എഴുത്തുകാർ പ്രശസ്തി നേടിയതെന്നതിൽ കുണ്ഠിതപ്പെടേണ്ടതില്ല. അതു ലോകത്തിലേക്കുള്ള ജാലകമാണ്. (വേണമെങ്കിൽ, ഇംഗ്ലിഷ് ഒരു ഭാരതീയ ഭാഷയാണെന്നും പറയാം: നാഗാലാൻഡിലെ ഔദ്യോഗികഭാഷ അതാണ്.) എന്നാൽ, വരുംനാളുകൾ സാഹിത്യസമൃദ്ധമായ ഇന്ത്യയിലെ പ്രാദേശികഭാഷകളുടേതാണെന്ന് അറിയിപ്പു നൽകുന്നതാണ് ഈ വർഷം ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവലിന്റെ ഇംഗ്ലിഷ് തർജമ ‘ടൂംബ് ഓഫ് സാൻഡ്’ നേടിയ രാജ്യാന്തര ബുക്കർ സമ്മാനം.

ലോകം കേട്ട ഇന്ത്യ

സാഹിത്യത്തെക്കാൾ ലോകപ്രിയമായിരുന്നു ഇന്ത്യയിലെ സംഗീതം. 1968 ഫെബ്രുവരിയിൽ തണുപ്പുള്ള ദിവസം, യേശു ക്രിസ്തുവിനെക്കാൾ പ്രശസ്തിയുള്ളവർ എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന ഗായകസംഘം ‘ദ് ബീറ്റിൽസ്’ ഋഷികേശിലെ മഹർഷി മഹേഷ് യോഗിയുടെ ആശ്രമത്തിൽ എത്തിയപ്പോൾ ലോകത്തിന്റെ ശ്രദ്ധ ഇന്ത്യയിലായി. ദ് ബീറ്റിൽസ് ലഹരി മരുന്നുകൾ ഉപയോഗിക്കുന്നത് ഉപേക്ഷിച്ച് മഹേഷ് യോഗിയുടെ അതീന്ദ്രിയധ്യാനത്തിലേക്കു തിരിഞ്ഞപ്പോൾ ഇന്ത്യയുടെ ആധ്യാത്മികത 1970– കളിലെ തലമുറയെ സ്വാധീനിച്ചു. ദ് ബീറ്റിൽസിലെ മുഖ്യ ഗിറ്റാറിസ്റ്റായ ജോർജ് ഹാരിസൺ സിത്താർ വാദകൻ രവി ശങ്കറിന്റെ ശിഷ്യത്വം സ്വീകരിച്ചപ്പോൾ ഇന്ത്യയിലെ സംഗീതവും പൊതുഭാവനയെ ആകർഷിച്ചു. ‌രവി ശങ്കറാണ് ഇന്ത്യയിലെ സംഗീതത്തെ ലോകഅരങ്ങിൽ പ്രതിഷ്ഠിച്ചത്. ഉസ്താദ് ബിസ്മില്ല ഖാൻ, സാക്കിർ ഹുസൈൻ, മാലി തുടങ്ങി അനേകം സംഗീതജ്ഞർ ലോകത്തെ ഇന്ത്യയുടെ സംഗീതം കേൾപ്പിച്ചു. 1970–കളിൽ ഇന്ത്യയുടെ മൃദുശക്തി പാരമ്യത്തിലെത്താൻ ഏറ്റവും സഹായിച്ചതു സംഗീതമാണ്. അതിന്റെ തുടർച്ചയെന്നവണ്ണം അടുത്ത തലമുറയിൽ ഇളയരാജ, എ.ആർ.റഹ്മാൻ തുടങ്ങിയവർ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റുന്നു.

ക്ലാസിക് സംഗീതത്തിനുമുൻപു തന്നെ, ഇന്ത്യയിലെ പാട്ടുകൾ മൂളിനടന്ന തലമുറകൾ ചൈന മുതൽ പെറു വരെയുള്ള രാജ്യങ്ങളിൽ പരന്നു കിടന്നിരുന്നു. 1955ൽ പുറത്തിറങ്ങിയ രാജ് കപൂറിന്റെ “ശ്രീ 420’ൽ മുകേഷ് പാടിയ ‘മേരാ ജൂതാ ഹി ജപ്പാനി’ അന്നത്തെ സോവിയറ്റ് യൂണിയനെ ഹരം പിടിപ്പിച്ചെങ്കിൽ, 2009ൽ ഓസ്കർ നേടിയ ‘സ്‌ലം ഡോഗ് മില്യനറി’ൽ എ.ആർ. റഹ്‌മാനും കൂട്ടരും പാടിയ ‘ജയ് ഹോ’, ലോകം മുഴുവൻ ആസ്വദിച്ചു.

ലോകം ആസ്വദിച്ച ഇന്ത്യ

ഇന്ത്യയെക്കുറിച്ചുള്ള മതിപ്പിനു സിനിമ വഹിച്ച പങ്ക് ചെറുതല്ല. 1998ൽ ‘മുത്തു - ദ് ഡാൻസിങ് മഹാരാജ’ എന്ന പടം ജപ്പാനിൽ റിലീസ് ചെയ്തപ്പോൾ ജപ്പാൻകാർക്ക് ഒരു പുതിയ ആരാധനാപാത്രത്തെ കിട്ടി - രജനീകാന്ത്! രജനീകാന്ത് ജപ്പാനിൽ എന്താണോ അതാണു പോളണ്ടിൽ ഷാറുഖ് ഖാൻ. അങ്ങു ദൂരെ പെറുവിൽ ഷാറുഖ് ഖാന്റെ ‘ദിൽവാലെ ദുൽഹനിയ ലെ ജായേംഗെ’ ആധാരമാക്കി നൃത്തനാടകം വരെയുണ്ട്. നന്മയും സ്നേഹവും ആദർശസ്ഥൈര്യവും പ്രമേയങ്ങളായിട്ടുള്ള ഇന്ത്യൻ സിനിമകൾ പല രാജ്യങ്ങളിലും ഇന്ത്യയുടെ മൃദുശക്തി വർധിപ്പിച്ചു. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാൻ അടുത്തകാലത്ത് പുറത്തിറങ്ങിയ ബോളിവുഡ് ചിത്രങ്ങൾ ഇന്ത്യയുടെ പ്രതിഛായയെ കുറച്ചൊന്നുമല്ല ബാധിച്ചിട്ടുള്ളത്.

സത്യജിത് റേ, അടൂർ ഗോപാലകൃഷ്ണൻ, മൃണാൾ സെൻ, ജി.അരവിന്ദൻ തുടങ്ങിയ സംവിധായകർ ജനപ്രിയ സിനിമകളിൽ കാണുന്നതിനപ്പുറത്തു വലിയൊരു ഇന്ത്യ ഉണ്ടെന്നു ലോകത്തെ ഓർമിപ്പിച്ചു. ‘ഷിപ് ഓഫ് തെസ്യുസ്’ സംവിധാനം ചെയ്ത ആനന്ദ് ഗാന്ധിയും ‘ആവാസവ്യൂഹം’ സംവിധാനം ചെയ്ത കൃഷാന്ദും പോലെയുള്ള ചെറുപ്പക്കാർ ഇന്ത്യൻ സിനിമയെ ഉയരങ്ങളിൽ എത്തിക്കാൻ പ്രാപ്തരായ പുതിയ മുഖങ്ങളാണ്.

സ്വാതന്ത്ര്യത്തിനു തൊട്ടുപിന്നാലെ സാമന്തരാജ്യം അല്ലാതായിത്തീർന്ന ഇന്ത്യയെ പുതിയ രീതിയിൽ ആവിഷ്കരിക്കാൻ ശൈലികൾ കണ്ടെത്താൻ തുനിഞ്ഞിറങ്ങിയവരാണു ഫ്രാൻസിസ് ന്യൂട്ടൻ സൂസയും എസ്.എച്ച്. റാസയും ആരംഭിച്ച പ്രോഗ്രസീവ് ആർട്ട് ഗ്രൂപ്പിലെ അംഗങ്ങൾ. എം.എഫ്.ഹുസൈൻ, മനിഷി ഡേ, തയിബ് മേത്ത, വി.എസ്.ഗയ്റ്റോണ്ടെ തുടങ്ങി ആ ഗ്രൂപ്പിലെ നിരവധി അംഗങ്ങൾ ലോകപ്രസിദ്ധരായി. അവർക്കു പിന്നാലെ വന്നവരും അറിയപ്പെടുന്നവരാണ്. ഇപ്പോൾ അനീഷ് കപൂറിന്റെ ശിൽപങ്ങൾ ലണ്ടനിലെ പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. നിത്യോപയോഗസാമഗ്രികൾ ഉപയോഗിച്ച് സുബോധ് ഗുപ്ത നിർമിച്ച കലാസൃഷ്ടികൾ ലോകത്തിലെ പ്രമുഖ ഗാലറികളിൽ കാണാം. ബോസ് കൃഷ്ണമാചാരിയും റിയാസ് കോമുവും കൂടി ആരംഭിച്ച കൊച്ചി-മുസിരിസ് ബിനാലെ നമ്മുടെ കലാചരിത്രത്തിലെ നാഴികക്കല്ലാണ്. ഒരു പത്രത്തിൽ വായിച്ച തലക്കെട്ട് പറഞ്ഞപോലെ ‘രവിവർമ മുതൽ ബിനാലെവരെ’ എന്നത് ഇന്ത്യയുടെ ആധുനികകലയുടെ രത്നച്ചുരുക്കമാണ്.

ഒരുപക്ഷേ, കലാരംഗത്തായിരിക്കും നാളത്തെ ഇന്ത്യ തിളങ്ങാൻ പോകുന്നത്. പകരംവയ്ക്കാൻ പറ്റാത്ത, സവിശേഷമായ സൃഷ്ടികൾ എന്ന അർഥത്തിൽ ഉപയോഗിക്കുന്ന നോൺ- ഫഞ്ചിബിൾ ടോക്കൺസ് (എൻഎഫ്ടി) ഇന്നു ഡിജിറ്റൽ കലയുടെയും മറ്റു സൃഷ്ടികളുടെയും ഏറ്റവും വേഗം ആർജിച്ച വിപണിസ്ഥലമാണ്. ഇന്ത്യ ഈ രംഗത്ത് അതിവേഗം മുന്നോട്ടു കുതിക്കുകയാണ്. ഇപ്പോൾ 11 എൻഎഫ്ടി കമ്പനികളുള്ള ഇന്ത്യ, യുഎസിനും സിംഗപ്പൂരിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്. ഇന്ത്യയുടെ സർഗാത്മകതയുടെയും ചാതുര്യത്തിന്റെയും അടുത്ത പ്രകടനവേദി എൻഎഫ്ടി ആയിരിക്കാം.

സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാർഷികത്തിൽ തിരിഞ്ഞുനോക്കുമ്പോൾ, അഭിമാനിക്കാൻ ഏറെ കാര്യങ്ങൾ ഇന്ത്യയ്ക്കുണ്ട്. അതിനു പ്രധാന കാരണം ഇവിടെ നിലനിന്നിരുന്ന രാഷ്ട്രീയാന്തരീക്ഷമായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് തോറ്റമ്പിയപ്പോൾ ലോകരാഷ്ട്രങ്ങൾ ഇന്ത്യക്കാരുടെ അടിസ്ഥാന ജനാധിപത്യബോധത്തെ വാഴ്ത്തി. ഇപ്പോൾ ഇന്ത്യയുടെ ജനാധിപത്യസൂചിക തുടർച്ചയായി താഴോട്ടാണ്. ഇതു തീർച്ചയായും ഇന്ത്യയുടെ മൃദുശക്തിയെ പ്രതികൂലമായി ബാധിക്കുന്നു.

(എഴുത്തുകാരനാണ് ലേഖകൻ)

English Summary: NS Madhavan on 75 years of Indian Independence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com