ADVERTISEMENT

അടിസ്ഥാന വിഭാഗങ്ങൾക്കൊപ്പംതന്നെയാണു സിപിഎം എന്ന സന്ദേശം നൽകാൻ ആഗ്രഹിക്കുന്നയാളാണ് പുതിയ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പാർട്ടിയിലെ പുത്തൻകൂറ്റുകാർക്കും അവരുടെ ആഗ്രഹങ്ങൾക്കും പരവതാനി വിരിച്ചുകൊടുക്കാൻ, അതുകൊണ്ടുതന്നെ അദ്ദേഹം തയാറാകണമെന്നില്ല.

സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഒടുവിലത്തെ പുസ്തകമാണ് 2020 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ‘കാടു കയറുന്ന മാവോവാദം’. മാവോയിസ്റ്റുകൾക്കെതിരെ പ്രയോഗിക്കുന്ന യുഎപിഎ നിയമം ചുമത്തി കോഴിക്കോട്ട് രണ്ടു യുവാക്കളെ ഒന്നാം പിണറായി സർക്കാർ അറസ്റ്റ് ചെയ്തതു വൻ രാഷ്ട്രീയ വിവാദത്തിനു കാരണമായിരുന്നു. പിണറായി വിജയനെയും സർക്കാരിനെയും നോവിക്കാതെ, അറസ്റ്റിലുള്ള വിയോജിപ്പ് ഗോവിന്ദൻ പുസ്തകത്തിൽ ഇങ്ങനെ വ്യക്തമാക്കി: 

1) ആ പൊലീസ് നടപടി ഭരണകൂട വ്യവസ്ഥയുടെ ഭാഗമായി ഉണ്ടായതാണ്. 2) യുഎപിഎ നിയമം സാധാരണ ക്രിമിനൽ കേസുകളിൽ ബാധകമാക്കരുതെന്ന ഉറച്ച നിലപാടാണ് ഈ കേസിലും സിപിഎമ്മിനുള്ളത്. 3) ഇടതുപക്ഷ നിലപാടിനെതിരായ നടപടി അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടായി.

ഗോവിന്ദനെക്കുറിച്ചു പാർട്ടിക്കാരുടെ ഇടയിലുള്ള തമാശ, അരമണിക്കൂർ കിട്ടിയാൽ അദ്ദേഹം മാർക്സിയൻ ദർശനത്തെക്കുറിച്ചു ക്ലാസെടുത്തു കളയും എന്നാണ്. പാർട്ടിയും പാർട്ടി ലൈനും ആണ് അദ്ദേഹത്തിനു പ്രധാനം. എം.വി.രാഘവന്റെ വത്സലശിഷ്യൻ ബദൽരേഖക്കാലത്തു പാർട്ടി ലൈനിന്റെ കാര്യത്തിൽ ഒന്ന് ആടിയുലഞ്ഞു എന്നതാണു വസ്തുത. അതിന്റെ ഭാഗമായി നേരിട്ട അച്ചടക്ക നടപടിയെയും ആ പ്രതിസന്ധിയെയും അതിജീവിച്ച ശേഷം ആശയ നിലപാടുകളുടെ കാര്യത്തിൽ ഗോവിന്ദന് അവ്യക്തതയേ ഉണ്ടായിട്ടില്ല. ഉയർന്നു വരുന്ന വിഷയങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ സമീപനം അതിന്റെ ദർശനങ്ങളുടെകൂടി വെളിച്ചത്തിൽ രൂപപ്പെടുത്താനും വ്യക്തമാക്കാനും കഴിയും എന്നതാണു പുതിയ സെക്രട്ടറിയുടെ സവിശേഷത. 

പ്രായോഗികമതിയായ കോടിയേരി ബാലകൃഷ്ണൻ പ്രശ്നങ്ങളോടു സമരസപ്പെടുമായിരുന്നു. ഒരു ദാർശനിക ഭാരവും അദ്ദേഹത്തെ ഒട്ടും അലട്ടിയിരുന്നില്ല. അടിസ്ഥാന നിലപാടുകളിൽനിന്നു പാർട്ടിയും സർക്കാരും വ്യതിചലിക്കുന്നുവെന്ന വിമർശനം കോടിയേരിയെ അതുകൊണ്ട് ബാധിക്കുകയോ ഏശുകയോ ചെയ്തുമില്ല. എന്നാൽ, പാർട്ടി ലൈനിൽനിന്നു കടുകിട മാറാത്ത ഗോവിന്ദനെ ആ വ്യതിയാനം ബാധിക്കാം; അഭിപ്രായങ്ങളെ സ്വാധീനിക്കാം. പിണറായി വിജയന്റെ പൊലീസെടുത്ത യുഎപിഎ കേസിൽ അർഥശങ്കയില്ലാതെ നിലപാട് അദ്ദേഹം തുറന്നുപറഞ്ഞത് അതുകൊണ്ടാണ്. പാർട്ടിയിലും എൽഡിഎഫിലും സർക്കാരിലും പുതിയ സെക്രട്ടറി പുതുചലനങ്ങൾ സൃഷ്ടിക്കുമോയെന്ന് അതിനാലാണു സിപിഎം ഉറ്റുനോക്കുന്നത്. ഗോവിന്ദയുഗം കൊടിയേറിയ അതേ മുഹൂർത്തത്തിലാണ് ഇടതുപക്ഷം കൊണ്ടുവന്ന ചരിത്രനിയമമായ ലോകായുക്തയുടെ കടയ്ക്കൽ ഇടതു സർക്കാർതന്നെ കത്തിവച്ചതും. 

ഐക്യം അടിസ്ഥാന വിഭാഗങ്ങളോട് 

വർഷങ്ങൾക്കു മുൻപ് സിപിഎം നേതാവ് സുനീത് ചോപ്രയുമായി ഒരുമിച്ചു കണ്ണൂരിൽ വാഹനത്തിൽ സഞ്ചരിക്കുമ്പോൾ, നിർമാണം നടക്കുന്ന റോഡിന്റെ വശത്തു വണ്ടിനിർത്തി പുറത്തിറങ്ങിയ ഗോവിന്ദൻ ഒരു സ്ത്രീയുമായി സംസാരിച്ചു. തിരികെ വന്ന അദ്ദേഹം, ടാറിങ് തൊഴിലാളിയായ ആ സ്ത്രീ തന്റെ അമ്മയാണെന്നു പറഞ്ഞതു കേട്ടു സുനീത് ചോപ്ര കരച്ചിലിന്റെ വക്കത്തെത്തി. ജീവിതാവസാനം വരെ തൊഴിലാളിയായി ജീവിച്ച സ്ത്രീയുടെ മകനാണു ഗോവിന്ദൻ. 

സിപിഎമ്മിൽ അദ്ദേഹത്തിന്റെ മുൻഗാമികളായ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നിർധന കുടുംബങ്ങളിൽ ജനിച്ച്, ജീവിതസാഹചര്യങ്ങളോടു പടവെട്ടി മുന്നോട്ടുവന്നവർ തന്നെയായിരുന്നു. എന്നാൽ, പഴയ ആ ജീവിതശൈലിയിൽനിന്ന് വലുതായൊന്നും ഗോവിന്ദൻ മാറിയിട്ടില്ല. മൊറാഴയിൽ ഇടത്തരക്കാരന്റെ വീടാണ് അദ്ദേഹത്തിനുള്ളത്. കർഷകത്തൊഴിലാളി മേഖലയിലാണു ഗോവിന്ദൻ പ്രവർത്തിച്ചത്. 

കർഷകത്തൊഴിലാളി യൂണിയന്റെ വിശാല കൺവൻഷൻ അംഗീകരിച്ച ‘ആലുവ രേഖ’ എന്ന, ഭൂമിയുടെ രാഷ്ട്രീയം വ്യക്തമാക്കുന്നതും ‘ലൈഫ് പദ്ധതി’ക്ക് അടിസ്ഥാനമായതുമായ രേഖ ഗോവിന്ദന്റെ സൃഷ്ടിയായിരുന്നു. ഭൂമിയുടെ മേലുള്ള അധിനിവേശങ്ങളിൽ വി.എസ്.അച്യുതാനന്ദൻ കഴിഞ്ഞാൽ കർക്കശ നിലപാടുകൾ എടുത്തുപോന്ന രണ്ടു നേതാക്കളായി എ.കണാരനെയും എം.വി.ഗോവിന്ദനെയും കരുതുന്നവരുണ്ട്. 

അടിസ്ഥാന വിഭാഗങ്ങൾക്കൊപ്പം തന്നെയാണു പാർട്ടി എന്ന സന്ദേശം നൽകാൻ ആഗ്രഹിക്കുന്ന നേതാവാണ് പുതിയ സെക്രട്ടറി. അതുകൊണ്ടുതന്നെ പാർട്ടിയിലെ പുത്തൻകൂറ്റുകാർക്കും അവരുടെ ആഗ്രഹങ്ങൾക്കും പരവതാനി വിരിച്ചുകൊടുക്കാൻ എം.വി.ഗോവിന്ദനെ ലഭിക്കണമെന്നില്ല. പാവപ്പെട്ടവനും കർഷകത്തൊഴിലാളിയും ആവശ്യങ്ങളുമായി സമീപിക്കേണ്ട പാർട്ടി ഓഫിസുകളിൽ മുതലാളിമാരെയാണു കൂടുതലും കാണുന്നതെന്ന സ്വയം വിമർശനം സിപിഎമ്മിൽതന്നെയുണ്ട്. അങ്ങനെ നോക്കുമ്പോൾ ഗോവിന്ദന്റെ ആരോഹണം ഒരു പിന്നോട്ടുനടക്കലാണ്. പാർട്ടിയിലെ വർഗങ്ങളുടെ ആന്തരിക സംഘർഷത്തിൽ എവിടെ നിൽക്കും ഇനി ഗോവിന്ദൻ? 

എതിർ‍പ്പ് ഉന്മൂലനത്തോട് 

കണ്ണൂരിൽ നിന്നുള്ള സെക്രട്ടറിയാണെങ്കിലും സംഘർഷ, ഉന്മൂലന രാഷ്ട്രീയവുമായി ബന്ധപ്പെട്ടു ഗോവിന്ദന്റെ പേര് പറഞ്ഞു കേൾക്കാറില്ല. എക്സൈസ് മന്ത്രിയാണെങ്കിലും അദ്ദേഹം കടുത്ത മദ്യവിരുദ്ധനുമാണ്. പാർട്ടിക്കാരോടു ചിരിയും കളിയും  ഉണ്ടെങ്കിലും ശുപാർശയാണു ലക്ഷ്യമെങ്കിൽ ഭാവം മാറും. ക്ഷിപ്രകോപിയെന്നു  ഗോവിന്ദനെ വിമർശിക്കുന്നവരുണ്ട്. മറ്റുള്ളവരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നതിൽ ഒരു മയവും ഉണ്ടാകാറില്ല. എടുത്ത തീരുമാനങ്ങൾ നടപ്പാകുന്നുണ്ടോ എന്ന മേൽനോട്ടത്തിന്റെ ആശാനുമാണ്. പിടിവാശിക്കാരനെന്നു തോന്നുമ്പോഴും ഒത്തുതീർപ്പിന്റെ ഒരു പഴുത് ഗോവിന്ദൻ‍ ഇട്ടേക്കുമെന്നു പറയുന്നവരുണ്ട്. മികച്ച അധ്യാപകൻ, പക്ഷേ മികച്ച ഹെഡ്മാസ്റ്റർ ആകണമെന്നില്ല. ‘ഗോവിന്ദൻ മാഷിന്’ രണ്ടിനും കഴിയുമോ എന്നതിനു കാലമാണ് ഉത്തരം നൽകേണ്ടത്.

English Summary: Challenge for new CPM secretary M V Govindan in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com