ADVERTISEMENT

തിരുവനന്തപുരം ജില്ലയിലെ കടലോരങ്ങൾ അതിതീവ്ര തീരശോഷണത്തിന്റെ പിടിയിലാണ്. കടലിന്റെ മുന്നേറ്റവും കരയുടെ പിൻവാങ്ങലും നടക്കുന്നു. വിഴിഞ്ഞം തുറമുഖനിർമാണം ഈ സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. 

തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്തു മുൻകാലങ്ങളിൽ പോയിട്ടുള്ളവർക്ക് ഒരുകാര്യം വ്യക്തമാകും; അതിതീവ്രമായ തീരശോഷണത്തിനു വിധേയമായിക്കൊണ്ടിരിക്കുകയാണ് അവിടം. കോടികൾ മുടക്കി നിർമിച്ച ഉദ്യാനവും നടപ്പാതകളുമെല്ലാം കടൽ വിഴുങ്ങുന്നു. പരന്നു വിശാലമായിരുന്ന ശംഖുമുഖം തീരം ഇന്നു തിരമാലകൾ സൃഷ്ടിച്ച ഗർത്തങ്ങളായി മാറി. കടലിന്റെ മുന്നേറ്റവും കരയുടെ പിൻവാങ്ങലുമാണ് ഇപ്പോൾ നടക്കുന്നത്. തിരുവനന്തപുരം ജില്ലയുടെതന്നെ ഭാഗങ്ങളായ വലിയതുറയും കോവളവും വേളിയും കടലാക്രമണത്തിന്റെ രൂക്ഷത നേരിടുകയാണ്. കടൽത്തീരത്തിന്റെ നിലനിൽപുതന്നെ അപകടത്തിലാക്കുന്ന സാഹചര്യമാണുള്ളത്. ആയിരക്കണക്കിനു മത്സ്യത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും തീരാദുരിതത്തിലാണ്. 

തിരുവനന്തപുരം ഭാഗത്തെ തീരശോഷണത്തിന് ആക്കം കൂട്ടിയതു വിഴിഞ്ഞത്തെ തുറമുഖ നിർമാണ പ്രവർത്തനങ്ങളാണെന്നറിയാൻ ‘ഓഷനോഗ്രഫിയുടെ’ ബാലപാഠങ്ങൾ മനസ്സിലാക്കിയാൽ മതി. ഇപ്പോഴത്തെ  കണക്കനുസരിച്ച് 7500 കോടി രൂപ ചെലവാക്കിയാണ് ‘അദാനി പോർട്സ് ആൻഡ് ലോജിസ്റ്റിക്‌സ്’ ഈ ആഴക്കടൽ തുറമുഖനിർമാണത്തിനു ചുക്കാൻപിടിക്കുന്നത്. ഇതിന്റെ പരിസ്ഥിതി ആഘാതപഠനം പദ്ധതിയുടെ തുടക്കത്തിൽത്തന്നെ നടത്തിയിട്ടുണ്ടെന്നു സർക്കാർ പറയുന്നു. പഠനം നടന്നിട്ടുണ്ടെങ്കിൽ അതിൽപ്പറഞ്ഞിരിക്കുന്ന പരിണതഫലങ്ങളെക്കുറിച്ചു കേരള സർക്കാരിന് അറിവുണ്ടോ എന്നു വ്യക്തമല്ല. തുറമുഖ നിർമാണം തീരത്ത് എത്രമാത്രം ആഘാതമേൽപിക്കുമെന്നു യാഥാർഥ്യബോധത്തോടെ പഠിച്ചിട്ടുണ്ടോ എന്നും മനസ്സിലാക്കേണ്ടതുണ്ട്. നിർമാണത്തിനു മുൻപു പഠനം നടത്തിയിട്ടുണ്ടെങ്കിൽതന്നെ, നിർമാണഘട്ടത്തിൽ സംഭവിച്ചിരിക്കുന്ന തീരശോഷണത്തെക്കുറിച്ചു വിശദമായി പഠിച്ചശേഷം മുന്നോട്ടുപോകുന്നതല്ലേ അഭികാമ്യം?

ഇന്ത്യയിലെ 80 ശതമാനത്തോളം കപ്പൽ ചരക്കുവിനിമയം ഈ തുറമുഖത്തുനിന്നായിരിക്കുമെന്നും കൊളംബോയെയും  സിംഗപ്പൂരിനെയും വെല്ലുന്ന രീതിയിൽ വിഴിഞ്ഞം ഉയർന്നുവരുമെന്നുമൊക്കെ ഈ പദ്ധതിയെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, ഇതിനെക്കാൾ വലിയ സ്വപ്നങ്ങളോടെ നടപ്പാക്കിയ വല്ലാർപാടം കണ്ടെയ്‌നർ തുറമുഖം പ്രതീക്ഷിച്ച ലക്ഷ്യത്തിലെത്തിയോ എന്നു ചിന്തിച്ചുകൊണ്ടു മാത്രമേ ഈ അവകാശവാദങ്ങൾ അംഗീകരിക്കാനാകൂ. വിഴിഞ്ഞം തുറമുഖത്തുനിന്നു ലഭിക്കുമെന്നു കരുതപ്പെടുന്ന വരുമാനത്തിന്റെ ഇരട്ടിയിലേറെയാവും തീരശോഷണം മൂലം ഉണ്ടാവുന്ന നഷ്ടം. 

കടൽ മുന്നേറിയാൽ കുന്നുകൾ ഇടിയും

തിരുവനന്തപുരം ഭാഗത്തെ കടൽത്തീരത്തിന്റെ ഭൂപ്രകൃതി മറ്റു പ്രദേശങ്ങളിൽനിന്നു വ്യത്യസ്തമാണ്. കടലിന് അഭിമുഖമായ കിഴുക്കാംതൂക്കായ കുന്നിൻചെരിവുകൾ തീരത്തോടുചേർന്നുണ്ട് എന്നതാണു പ്രത്യേകത. കടൽ മുന്നേറിയാൽ ഈ കുന്നിൻചെരിവുകൾതന്നെ ഇടിഞ്ഞുതാഴുന്ന സ്ഥിതിയുണ്ടാവാം. ഈ പ്രദേശത്ത് കടലിനടിയിലെ വൻകരയുടെ അടിത്തട്ട്  (Continental Shelf) പൊതുവേ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വിസ്തൃതി കുറഞ്ഞതായി കാണപ്പെടുന്നു. അതുകൊണ്ടുതന്നെ ഏറ്റവും ആഴം കൂടിയ തീരക്കടലാണ് ഈ പ്രദേശത്തു കാണുന്നത്. 

cp-rajendran
ഡോ. സി.പി രാജേന്ദ്രൻ

തുറമുഖപ്രവർത്തനങ്ങളുടെ ഭാഗമായി 3.1 കിലോമീറ്റർ നീളത്തിൽ കെട്ടുന്ന പുലിമുട്ടും അതോടൊപ്പം നടക്കുന്ന ഡ്രജിങ്ങുമാണു പരിസ്ഥിതിആഘാതത്തിനു പ്രധാന കാരണം. 2019 ഡിസംബറിൽ പൂർത്തിയാകേണ്ട പദ്ധതി വൈകുന്നതിനു കാരണമായി പറയുന്നതു പുലിമുട്ടിനു വേണ്ട കരിങ്കല്ല് ലഭിക്കുന്നില്ലെന്നാണ്. നിലവിൽ പുലിമുട്ടിന്റെ മൂന്നിലൊന്നു പോലും പൂർത്തിയായിട്ടില്ല. ആവശ്യത്തിനു കല്ലു നൽകാൻ കേരളത്തിനു കഴിയില്ലെന്നിരിക്കേ, നിർമാണം ഇനിയും വർഷങ്ങൾ നീളും. പുലിമുട്ടു പൂർത്തിയാകുന്നതോടെ കടൽത്തീരശോഷണം പൂർണമാവുകയും ചെയ്യും. 

തിരുവനന്തപുരം ഭാഗത്തെ തീരം കടലാക്രമണ രൂക്ഷത കൂടുതലുള്ള ഇടമാണ്. സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് കുറച്ചുകാലം മുൻപു നടത്തിയ പഠന റിപ്പോർട്ടുകളിൽ ഇക്കാര്യം കാണാം. ഇതിനു പ്രകൃതിയുമായി ബന്ധപ്പെട്ട പലകാരണങ്ങളുമുണ്ട്. വിഴിഞ്ഞം കടൽ മേഖലയിൽ വിവിധയിനം മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങൾ ഉണ്ടെന്നതു പര്യവേക്ഷണങ്ങളിൽ വ്യക്തമായിട്ടുണ്ട്.

തെക്കുനിന്നു വടക്കോട്ടു കടൽ നീങ്ങുമ്പോഴാണു മണലടിഞ്ഞു വടക്കുതീരം രൂപപ്പെടുന്നത്. ഈ ഒഴുക്കു തടസ്സപ്പെട്ടാൽ വടക്കുഭാഗത്തുള്ള തീരത്തിന്റെ ശേഷിയെ ബാധിക്കും. ഇപ്പോൾ നിർമിക്കുന്ന കടൽഭിത്തിയും പുലിമുട്ടുകളുമൊക്കെ ഈ പ്രകൃതിദത്തമായ ഒഴുക്കിനു തടസ്സം നിൽക്കുന്നു. ഇതാണു കാതലായ പ്രശ്നം. 

തീരപ്രദേശം ചലനാത്മകമായ ഒരു പ്രകൃതി ഘടകമാണ്. എന്നാൽ, അവിടെയുണ്ടാകുന്ന കെട്ടിടങ്ങളും നിർമാണങ്ങളും ആ സ്വാഭാവിക ചലനശേഷിയെ ബാധിക്കുന്നു. 

2015 ഓഗസ്റ്റിൽ അദാനി ഗ്രൂപ്പും കേരള സർക്കാരും ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് തുറമുഖ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ, 2017 മേയിൽ സിഎജി ഈ പദ്ധതിയുടെ വിജയസാധ്യതയെക്കുറിച്ചു സംശയം പ്രകടിപ്പിക്കുകയുണ്ടായി. കടൽഭിത്തിയും പുലിമുട്ടുകളും കടലിലെ സ്വാഭാവികമായ നീരൊഴുക്കിനെ ബാധിക്കുമെന്നതു ശാസ്ത്രസത്യമാണ്. കടലാക്രമണത്തെ പ്രതിരോധിക്കാൻ കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ കടൽഭിത്തിയും പുലിമുട്ടും നിർമിക്കുന്നുണ്ടെങ്കിലും, അതു തീരത്തോടു വളരെ അടുത്താണ്. അതുപോലും തീരത്ത് ആഘാതമുണ്ടാക്കുമ്പോഴാണ് 3.1 കിലോമീറ്റർ നീളത്തിൽ കടലിൽ നിർമാണം പുരോഗമിക്കുന്നത്. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചും അതു തീരദേശത്തും അതിന്റെ ആവാസ വ്യവസ്ഥയിലുമുണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ചും സ്വതന്ത്രമായ പഠനങ്ങൾ ആവശ്യമാണ്.  ജനജീവിതത്തിനു വിഘാതം സൃഷ്ടിക്കുന്ന പദ്ധതികൾ പുനർചിന്തനം ആവശ്യപ്പെടുന്നവ തന്നെയാണ്. 

കേരളത്തിനു കടലുമായുള്ള ബന്ധം ചരിത്രാതീത കാലം മുതലുള്ളതാണ്. ആ ബന്ധം പവിത്രമാണ്. വിഴിഞ്ഞം തുറമുഖം  പോലെയുള്ള പദ്ധതികൾ സമൂഹത്തിന്റെ നിലനിൽപിനെ ചോദ്യം ചെയ്യുന്ന രീതിയിലാകരുത്. സ്വതന്ത്രരായ ഗവേഷകരെക്കൊണ്ട് ശാസ്ത്രീയ ആഘാതപഠനം നടത്തുകയാണ് ആദ്യം വേണ്ടത്. അതിനു ശേഷമാകണം നിർമാണം തുടരണമോ എന്നു തീരുമാനിക്കേണ്ടത്.

(ബെംഗളൂരുവിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ 

അഡ്ജങ്ട് പ്രഫസറാണ് ലേഖകൻ)

English Summary: Special story of Vizhinjam protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com