ADVERTISEMENT

അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും പൊറുതിമുട്ടിയ സമൂഹത്തിന് ചട്ടമ്പിസ്വാമികൾ ആത്മവിശ്വാസവും പ്രതീക്ഷയും സ്വാതന്ത്ര്യബോധവും പകർന്നു. ആധുനിക ലോകത്തിന്റെ ജീർണതകൾക്കുള്ള പാരിഹാരസമവാക്യങ്ങളും അദ്ദേഹത്തിന്റെ ആശയങ്ങളിൽനിന്നു കണ്ടെടുക്കാം.

ആചാരവൈകല്യങ്ങളിലും അബദ്ധധാരണകളിലും നിന്നു മുക്തമായ ആത്മീയജ്ഞാനമാണ് സാമൂഹിക പുനരുത്ഥാനത്തിന്റെയും ജീവിത നവീകരണത്തിന്റെയും അടിസ്ഥാനമെന്ന ബോധ്യമാണ് വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ പകർന്നു നൽകിയ നിത്യപ്രസക്ത സന്ദേശം. ഒരു നൂറ്റാണ്ടിനു മുൻപുള്ള കേരളത്തെ ധൈഷണികമായ സ്വാതന്ത്ര്യത്തിൽ നിന്നും മുന്നോട്ടുള്ള കുതിപ്പിൽ നിന്നും പിന്തിരിപ്പിച്ചിരുന്നത് അന്നിവിടെ ആധിപത്യം സ്ഥാപിച്ചിരുന്ന, ജാതിമത ചിന്തയിലുറച്ച  അനാചാരങ്ങൾ നിറഞ്ഞ അധികാര വ്യവസ്ഥയാണ്. ആ വ്യവസ്ഥയിൽ സാമൂഹികാധികാരവും സാമ്പത്തികാധികാരവും മതാധികാരവും ഇഴചേർന്നിരുന്നു. ആ വ്യവസ്ഥയെ സാധൂകരിക്കുകയും നിലനിർത്തുകയും ചെയ്തിരുന്നത് ആധികാരികമെന്നു ബ്രാഹ്മണർ അവകാശപ്പെട്ടിരുന്ന അനാചാരങ്ങളും അന്ധവിശ്വാസങ്ങളുമായിരുന്നു. അവയ്‌ക്കെല്ലാം അവർ പ്രമാണങ്ങൾ ഉദ്ധരിച്ചു നീതീകരണവും നൽകിയിരുന്നു. 

ആത്മീയതയ്ക്ക് അംഗീകരിക്കാൻ കഴിയാത്തതും യഥാർഥ ഹിന്ദു മതത്തിന്റെ ആത്മാവിന് ഇണങ്ങാത്തതുമായ ആ ജ്ഞാനപദ്ധതിക്ക് ആധിപത്യമുള്ളിടത്തോളംകാലം, ചൂഷിതവും വിവേചനപരവുമായ സാമൂഹികക്രമത്തെ പുനർനിർവചിക്കാൻ കഴിയില്ലെന്നു ചട്ടമ്പിസ്വാമികൾ തിരിച്ചറിഞ്ഞു. ആ ജ്ഞാനപദ്ധതി സംരക്ഷിച്ചുപോന്ന വേർതിരിവുകളെയും വിലക്കുകളെയും ധാരണകളെയും തന്റെ ജ്ഞാനാധികാരംകൊണ്ടു നിരൂപണം ചെയ്ത്, അവയുടെ പൊള്ളത്തരം അദ്ദേഹം വെളിപ്പെടുത്തി. അതുവഴി, ഒരു സമൂഹത്തിന് ആത്മവിശ്വാസവും പ്രതീക്ഷയും സ്വാതന്ത്ര്യബോധവും പകരാൻ സ്വാമികൾക്കു സാധിച്ചു.

Jayakumar
കെ.ജയകുമാർ

സ്വന്തമായി ആശ്രമം സ്ഥാപിക്കുകയോ സന്യാസിവേഷം സ്വീകരിക്കുകയോ ചെയ്യാതെ, അവധൂതനായി കേരളക്കരയിൽ സഞ്ചരിച്ചും കുടുംബസദസ്സുകളിൽ  ആശയങ്ങൾ അവതരിപ്പിച്ചുമാണ് സ്വാമികൾ ജ്ഞാനവിപ്ലവം നടത്തിയത്. സകല വിജ്ഞാന ശാഖകളിലും അറിവുണ്ടായിരുന്ന സ്വാമികൾ പലപ്പോഴായി കുറിച്ചിട്ടവയാണ് അദ്ദേഹത്തിന്റെ കൃതികൾ.    വേദാധികാര നിരൂപണം, പ്രാചീന മലയാളം, അദ്വൈത ചിന്താപദ്ധതി, ജീവകാരുണ്യ നിരൂപണം, ക്രിസ്തുമതച്ഛേദനം, ക്രിസ്തുമത സാരം, ആദിഭാഷ എന്നിങ്ങനെ ഒട്ടേറെ കൃതികൾ. വേദാധികാര നിരൂപണം, ജീവകാരുണ്യ നിരൂപണം എന്നീ കൃതികൾക്ക് ഇക്കാലത്തു വലിയ പ്രസക്തിയുണ്ട്. 

വേദം ആർക്കും പഠിക്കാം

മതമെന്നത് കുറെ അനാചാരങ്ങളുടെ അരങ്ങായി മാറിയ പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പാതിയിൽ, വേദാധികാരം തന്നെ ഉപയോഗിച്ച് ജാതിവിവേചനത്തിന്റെ യുക്തിയെ വിചാരണ ചെയ്തതാണ് വേദാധികാര നിരൂപണം എന്ന രചനയുടെ സാംഗത്യം. അന്നത്തെ ഹിന്ദുമത വിശ്വാസികൾ മതമെന്നു കരുതിപ്പോന്നത് ഒരു കെട്ട് അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമായിരുന്നു. വേദം പഠിപ്പിക്കുന്നതിനു ബ്രാഹ്മണർക്കല്ലാതെ മറ്റാർക്കും അധികാരമില്ലെന്നും വേദം പഠിക്കുന്നതിനു ശൂദ്രർക്കോ സ്ത്രീകൾക്കോ അവകാശമില്ലെന്നും നിഷ്കർഷിച്ച യാഥാസ്ഥിതിക ബ്രാഹ്മണ മനോഭാവത്തെ സ്വാമികൾ വേദാർഥ നിരൂപണം എന്ന കൃതിയിൽ ഖണ്ഡിക്കുന്നു. 

പ്രതിയോഗിയുടെ പ്രമാണങ്ങൾതന്നെ തന്റെ വാദങ്ങൾക്ക് ഉപയോഗിക്കുകയെന്നതായിരുന്നു സ്വാമികളുടെ രീതിശാസ്ത്രം. ‘വിശപ്പിന് ആഹാരവും ദാഹത്തിനു ജലവുമെന്ന പോലെ ജിജ്ഞാസയ്ക്കു ശമനം വരുത്താൻ ആർക്കും വേദപഠനത്തിനും അർഹതയുണ്ട്’ എന്ന് സ്വാമികൾ വിളംബരം ചെയ്തു. ബ്രഹ്മജ്ഞാനത്തിലൂടെ മാത്രമേ മനുഷ്യജന്മം പൂർണമാകുന്നുള്ളൂ എന്നും അദ്ദേഹം സ്ഥാപിച്ചു. സമൂഹത്തെ ഗ്രസിച്ചിരുന്ന ജാതിവിവേചനയുക്തിയുടെ അടിവേരറുക്കുകയായിരുന്നു സ്വാമികൾ. അസാമാന്യമായ ആത്മീയധീരതകൊണ്ടേ അന്ന് ഈ വിധമൊരു നിഗമനം അവതരിപ്പിക്കാൻ സാധിക്കുമായിരുന്നുള്ളൂ.

ആ ജ്ഞാനാനുഭൂതി മനുഷ്യരോടുള്ള സമഭാവനയിൽ ഒതുങ്ങുന്നില്ല. അറിവും അലിവും ഒത്തുചേർന്നതായിരുന്നു  സ്വാമികളുടെ ജീവിതദർശനം. ആ കാരുണ്യത്തിലും സാഹോദര്യത്തിലും സകല ചരാചരങ്ങളും ഉൾച്ചേർന്നു. ‘ജീവകാരുണ്യ നിരൂപണം’ എന്ന കൃതിയിൽ ഈ സമത്വഭാവനയാണ് ചർച്ചചെയ്യുന്നത്. ഉറുമ്പിന്റെവരെ ഭാഷ അദ്ദേഹത്തിനു വശമായിരുന്നു. സമസ്ത ചരാചരങ്ങളിലും ഏകചൈതന്യം ദർശിച്ച അദ്വൈതിക്ക് ഈ സംവേദനം അസാധ്യമല്ല. ഒരു ജീവിയുടെയും ജീവിതക്രമത്തിൽ ഇടപെടാൻ മനുഷ്യന് അവകാശമില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അഹിംസയാണ് ജീവകാരുണ്യത്തിന്റെ ആധാരം. മറ്റൊരു ജീവിയെ ഉപദ്രവിക്കുന്നത് ഹിംസയാണ്.  

ബദൽ ജ്ഞാനപദ്ധതി

ഭൂമിയും അതിലെ സർവചരാചരങ്ങളും സമ്പത്തുമെല്ലാം മനുഷ്യന് അവകാശപ്പെട്ടതാണെന്ന യുക്തിയാൽ നയിക്കപ്പെട്ട കൊളോണിയൽ ഭരണം കൊടികുത്തി വാണ കാലയളവിലാണ് ആത്മീയസത്യത്തിന്റെ ഈ ബദൽസ്വരം ഉയരുന്നത്.  അതു പാശ്ചാത്യ കൊളോണിയൽ യുക്തിയെ നേരിടാൻ ഒരു ജനതയ്ക്കു ആന്തരികോർജം പ്രദാനം ചെയ്തു. മാത്രമല്ല, ‘ഭൂമണ്ഡലമാകെ ഏക മനസ്സെന്ന’ സ്വാമികളുടെ കണ്ടെത്തൽ ആധുനികശാസ്ത്രം ഇപ്പോൾ എത്തിച്ചേർന്ന ജീവന്റെ വല (Web of Life) എന്ന ആശയത്തെ ദീർഘദർശനം ചെയ്യുകയായിരുന്നു. ആധുനികലോകം അന്ധാളിപ്പോടെ നോക്കിനിൽക്കുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെയും അനുബന്ധ വിപത്തുകളുടെയും വിത്ത് പ്രകൃതിയോടു മനുഷ്യൻ പുലർത്തുന്ന നിഷേധാത്മകസമീപനമാണ്. ചട്ടമ്പിസ്വാമികളുടെ ജീവകാരുണ്യമെന്ന തത്വത്തിന്റെ പൊരുളും പ്രസക്തിയും ഈ പ്രതിസന്ധിയിലാണ് നമ്മൾ തിരിച്ചറിയേണ്ടത്.  

ഗവേഷണോന്മുഖതയും ജീവകാരുണ്യവും ധീരതയും ആത്മീയമായ ഉള്ളറിവും സമന്വയിക്കുന്ന ജ്ഞാനമാണ് സ്വാമികൾ. കേരളത്തിന്റെ ദൂഷിത സാമൂഹികവ്യവസ്ഥിതിയെ ആത്മീയവെളിച്ചത്തിന്റെ ധവളകാന്തിയാൽ നവീകരിക്കാനുള്ള  സുധീര നിലപാടുകളിലൂടെ വ്യത്യസ്തമായ ജീവിതാവസ്ഥ അദ്ദേഹം വിഭാവനം ചെയ്തു. അനിയന്ത്രിത ഉപഭോഗവും ആശങ്കാകുലമായ പാരിസ്ഥിതിക ചൂഷണവും വർധിച്ചു വരുന്ന നൈതികമായ ആതുരതകളുമെല്ലാം ആത്മീയതയെ വിസ്മരിച്ച അന്ധമായ ഭൗതികമഹോത്സവത്തിന്റെ ബാക്കിപത്രമാണ്.  ആശയവിശ്വാസങ്ങൾക്കു മതനിരപേക്ഷമായ ആത്മീയതയുടെ ഉൾക്കാമ്പുണ്ടാവുമ്പോൾ മാത്രമേ മനുഷ്യപുരോഗതിക്കു നിലനിൽപുണ്ടാവൂ എന്ന പരമാർഥം ഒരു നൂറ്റാണ്ടുമുൻപ് മലയാളക്കരയിൽ പങ്കുവച്ച പ്രവാചകസ്വരമാണു സ്വാമികളുടേത്.   

കേരളത്തിന്റെ നവോത്ഥാന തരംഗത്തിന്റെ പ്രാരംഭ നായകൻ എന്നതു മാത്രമല്ല അദ്ദേഹത്തിന്റെ പ്രാധാന്യം. ആധുനിക ലോകത്തിന്റെ ജീർണതകൾക്കുള്ള പാരിഹാരസമവാക്യങ്ങൾ ചട്ടമ്പി സ്വാമികളുടെ ആശയലോകത്തുനിന്ന് ഇപ്പോഴും സംഗ്രഹിച്ചെടുക്കാനാവും എന്നതുകൂടിയാണ്.

(മുൻ ചീഫ് സെക്രട്ടറിയും മലയാള സർവകലാശാല മുൻ വിസിയുമായ ലേഖകൻ കവിയും ഗാനരചയിതാവുമാണ്)

English Summary: Vidyadhiraja Chattampi Swamikal Jayanthi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com