വാചകമേള
Mail This Article
∙എം. മുകുന്ദൻ: പണത്തിനു വേണ്ടിയാണ് സിനിമ എഴുതുന്നതെന്നാണു പലരും ധരിക്കുന്നത്. അതത്ര ശരിയല്ല. എന്റെ പ്രശസ്തമായ ചില നോവലുകൾ ചിലർ സിനിമയാക്കിയിട്ടുണ്ട്. അപ്പോൾ അവരാരും ഒരു പൈസപോലും എനിക്കു തന്നിട്ടില്ല. മറിച്ച്, എന്തെഴുതിയാലും ഒരു ചെറിയ പ്രതിഫലമെങ്കിലും പ്രസാധകരിൽ നിന്നും ആനുകാലികങ്ങളിൽ നിന്നും കിട്ടുന്നുണ്ട്.
∙ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്: തൊഴിലിന്റെ മഹത്വത്തെ എടുത്തുകളഞ്ഞതും ജാതി കൊണ്ടുവന്നതും ആണ് നമ്മുടെ സാധാരണക്കാരായ ആളുകൾ ഗൾഫിലേക്കു പോയി പണിയെടുക്കാൻ കാരണം. ഗൾഫിൽ എന്താണു ജോലി എന്നു പൊതുവേ ചോദിക്കില്ല. ചോദിച്ചാൽ ദുബായിലാണ്, കുവൈത്തിലാണ് എന്നു പറയാം. ഗൾഫുകാരൻ എന്ന നിലയ്ക്ക് ഇത്തിരി ബഹുമാനം കിട്ടിക്കൂടെന്നുമില്ല.
∙ ടി.പത്മനാഭൻ: ഉള്ളിന്റെയുള്ളിൽ കോൺഗ്രസിനോട് ഒരു ഇതുണ്ട്. കോൺഗ്രസ് ഇങ്ങനെയായിപ്പോയതിൽ ദുഃഖവുമുണ്ട്. കോൺഗ്രസിനെ തോൽപിക്കാൻ ഒരുകൂട്ടർക്കേ കഴിയുകയുള്ളൂ. അതു കോൺഗ്രസുകാർക്കാണ്.
∙ കെ.ജയകുമാർ: എന്നിലെ ഉദ്യോഗസ്ഥനെ കാത്തുരക്ഷിച്ചതു കവിയാണ്. ഏതു തീരുമാനവും കവിയുടെ അംഗീകാരത്തോടെ മാത്രമേ എടുത്തിട്ടുള്ളൂ. മനുഷ്യത്വപരമല്ലാത്ത തീരുമാനമെടുക്കാൻ എ ന്നിലെ കവി അനുവദിക്കില്ല. എ ന്റെ കവിത ആ അർഥത്തിൽ ആ രും വായിച്ചിട്ടില്ലെന്ന പരിതാപം, കെറുവ് എനിക്കുണ്ടെന്നു മാത്രം.
∙ കോട്ടയം നസീർ: വിദേശരാജ്യങ്ങളിലൊക്കെ പോകുമ്പോൾ ഇമിഗ്രേഷനിലൊക്കെ നടനായി പരിചയപ്പെടുത്തുമ്പോൾ വില്ലനാണോ എന്നാണ് ആളുകളുടെ സംശയം. കൊമീഡിയൻ ആണെന്നു പറയുമ്പോൾ അവർ അദ്ഭുതപ്പെട്ടു നോക്കും. ഈ രൂപത്തിൽ ഒരിക്കലും ഒരു കൊമീഡിയൻ ഇല്ല എന്നതാണ് അവരുടെ അദ്ഭുതം.
∙ കുരീപ്പുഴ ശ്രീകുമാർ: മലയാള കവിതയിൽ സ്ത്രീകളുടെ അമ്പരപ്പിക്കുന്ന സാന്നിധ്യമുണ്ടായി. സ്ത്രീകളെ എഴുതുന്നതിൽനിന്നു തടഞ്ഞതിനാൽ ഒരു എഴുത്തമ്മയില്ലാതായിപ്പോയ ഭാഷയാണ് അമ്മ മലയാളം. അതിനാൽ ഈ മുന്നേറ്റം ചരിത്രത്തോടുള്ള പകവീട്ടലാണ്.
∙ ജി.മാധവൻനായർ: കേരളത്തിൽ എല്ലാവർക്കും ഐടി മതി. നല്ല സിവിൽ എൻജിനീയർമാരില്ലാതെ എങ്ങനെ റോഡ് നന്നാവും? കംപ്യൂട്ടറിൽ പ്ലാൻ വരച്ചാൽ പാലമോ റോക്കറ്റോ ഉണ്ടാകില്ല. എൻജിനീയർമാർ നേരിട്ടു പണിയെടുത്താലേ പറ്റൂ. എല്ലാവരും കംപ്യൂട്ടറിനു മുന്നിലിരുന്നാൽ മെയ്യനങ്ങി പണിചെയ്യാൻ ആളില്ലാതാകും.
∙ ഔസേപ്പച്ചൻ: സംഗീതജ്ഞനായി ജനിക്കുന്നതു നല്ലതാണ്, ഒരുപാട് കാര്യങ്ങൾ ചെയ്യാനാകും. പക്ഷേ, സംഗീതം ആസ്വദിക്കണമെങ്കിൽ സംഗീതജ്ഞനായി ജനിക്കരുത്, സാധാരണക്കാരനായി ജനിക്കണം. ഒരു ടെൻഷനുമില്ലാതെ സംഗീതം ആസ്വദിക്കാൻ കഴിയും.