കരകയറാതെ സ്വപ്നപദ്ധതി
Mail This Article
കോവളം– ബേക്കൽ ജലപാതയെക്കുറിച്ചു സ്വപ്നപദ്ധതിയെന്നാണു കഴിഞ്ഞ സർക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയടക്കമുള്ളവർ വിശേഷിപ്പിച്ചത്. എന്നാൽ, ആ സ്വപ്നം ഇന്നു കയ്പേറിയ യാഥാർഥ്യമായി കേരളത്തിനു മുൻപിൽ നിൽക്കുന്നു. മൂന്നു വർഷത്തിനകം പൂർത്തിയാക്കുമെന്നു 2017ൽ പ്രഖ്യാപിച്ച ജലപാത കിതയ്ക്കുന്നതു സംസ്ഥാനത്തിന്റെ ഗതാഗത, ടൂറിസം മേഖലകൾക്ക് ഒട്ടും ശുഭസൂചകമല്ല. സർക്കാർ പുതിയ സ്വപ്നപദ്ധതികൾക്കു പിന്നാലെ പായുമ്പോൾ പഴയ സ്വപ്നങ്ങൾ വഴിയിലുപേക്ഷിക്കുന്നുവെന്നു കരുതുന്നവരെ കുറ്റപ്പെടുത്താനാകില്ല.
അടിസ്ഥാന സൗകര്യവികസനമെന്നാൽ മുഖ്യമായും ഗതാഗതപ്രശ്നങ്ങൾ പരിഹരിക്കലാണെന്നു സർക്കാർ പലവട്ടം പറഞ്ഞിട്ടുണ്ട്. ഗതാഗതത്തിനും ചരക്കുനീക്കത്തിനും ഏറെ പ്രയോജനപ്പെടുന്നതും സിൽവർലൈനു മുൻപേ തുടക്കമിട്ടതുമായ ജലപാതയോടു ചിറ്റമ്മനയമാണോ എന്ന സംശയം സ്വാഭാവികമായും ഉയരാം. സിൽവർലൈൻ പദ്ധതിക്കു ചെലവ് സർക്കാർ പറയുന്നതനുസരിച്ച് 64,000 കോടി രൂപയാണ്. അതിന്റെ 10 ശതമാനം തുക പോലും ആവശ്യമില്ലാത്ത ജലപാതയാണ് അഞ്ചു വർഷമായി ഇഴയുന്നത്.
പദ്ധതിയുടെ ഓരോഘട്ടവും പൂർത്തീകരിക്കേണ്ടതിന്റെ കാലപരിധി നിശ്ചയിച്ചുകൊണ്ട് ഏതാനും മാസം മുൻപു സർക്കാർ പ്രതീക്ഷ നൽകിയിരുന്നു. ഇതനുസരിച്ച്, 2025–26ൽ പദ്ധതി പൂർത്തിയാകുമെന്നും 238 കിലോമീറ്റർ അടുത്ത സാമ്പത്തിക വർഷം തന്നെ പൂർത്തീകരിക്കാനാകുമെന്നുമാണു പദ്ധതിച്ചുമതലയുള്ള കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാ സ്ട്രക്ചേഴ്സ് ലിമിറ്റഡ് അറിയിച്ചത്. എന്നാൽ, ഈ സമയക്രമം പാലിക്കാനാകുമോ എന്ന സംശയം ജനിപ്പിക്കുന്ന കാഴ്ചകളാണു പദ്ധതിപ്രദേശത്തു മനോരമയുടെ ലേഖകർ നടത്തിയ പരിശോധനയിൽ കണ്ടത്. കനാലിന്റെ വീതികൂട്ടലും ആഴം കൂട്ടലും, ഉയരം കുറഞ്ഞ പാലങ്ങളുടെ പുനർനിർമാണവുമെല്ലാം മിക്ക ജില്ലകളിലും മന്ദഗതിയിലാണ്. ബോട്ട് ജെട്ടി നിർമാണവും എങ്ങുമെത്തിയിട്ടില്ല. കിഫ്ബി ഫണ്ട് ഉപയോഗിച്ചു നടത്തുന്ന പദ്ധതിക്കു പണം തടസ്സമല്ലെന്നു സർക്കാർ ആവർത്തിക്കുമ്പോഴും, പദ്ധതി പ്രവർത്തനം കാര്യമായി പുരോഗമിക്കുന്നില്ലെന്നതാണു വസ്തുത.
ഏറ്റവുമാദ്യം ബോട്ട് ഓടിച്ചു തുടങ്ങേണ്ടതു തിരുവനന്തപുരം ജില്ലയിലാണ്. ആക്കുളം – തൊട്ടിൽപാലം 35 കിലോമീറ്റർ ഭാഗം 2023 സെപ്റ്റംബറിൽ പൂർത്തിയാകേണ്ടതാണ്. എന്നാൽ, ഇവിടെ പുനരധിവാസം വലിയ വെല്ലുവിളിയാണ്.
ഏറ്റവുമധികംപേരെ മാറ്റിപ്പാർപ്പിക്കേണ്ടതു കോവളം മുതൽ വർക്കല വരെയാണ്. ഇവിടെ 1360 കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഒരു പാക്കേജ് മുഖ്യമന്ത്രികൂടി പങ്കെടുത്ത യോഗം തത്വത്തിൽ അംഗീകരിച്ചിരുന്നു. പുതിയ സ്ഥലത്തിനും വീടിനുമായി 10 ലക്ഷം രൂപ, വീടു പണി പൂർത്തിയാകുന്നതുവരെ വാടകയ്ക്കു താമസിക്കാൻ ഒരു ലക്ഷം രൂപ, പൊളിച്ചു കളയുന്ന വീടിനു നഷ്ടപരിഹാരം എന്നിവയായിരുന്നു പാക്കേജിൽ. ഇതിനായി 247 കോടി രൂപ കിഫ്ബി അനുവദിച്ചു. എന്നാൽ, രണ്ടു മാസം കഴിഞ്ഞിട്ടും സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല. പല വകുപ്പുകളുടെ പരിശോധനയിലാണ്. ചില ജില്ലകളിൽ സ്വകാര്യഭൂമിയും ഏറ്റെടുക്കേണ്ടതുണ്ട്. ഇതിനുള്ള അന്തിമ വിജ്ഞാപനവും ഇറങ്ങിയിട്ടില്ല.
കോവളം– ബേക്കൽ ജലപാതയിൽ കൊല്ലം മുതൽ കോഴിക്കോട് കല്ലായി വരെയുള്ള ഭാഗം ദേശീയ ജലപാതയാണ്. ഇവിടെ വീതിയും ആഴവും കൂട്ടേണ്ടത് ഇൻലാൻഡ് വാട്ടർവേ അതോറിറ്റി ഓഫ് ഇന്ത്യയാണ്. എന്നാൽ, കോട്ടപ്പുറം മുതൽ കല്ലായി വരെയുള്ള ഭാഗത്തിന്റെ വികസനം ബാക്കി നിൽക്കുകയാണ്. വിശദമായ പദ്ധതിരേഖ തയാറാക്കി നൽകിയെങ്കിലും ഇനിയും കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.
ജലപാത പൂർത്തിയാകുമ്പോൾ കേരളത്തിന്റെ തെക്കു– വടക്ക് നീണ്ടുകിടക്കുന്ന ടൂറിസം ഇടനാഴിയായിക്കൂടി ഇതു മാറുമെന്നാണു പ്രതീക്ഷ. 616 കിലോമീറ്ററിലെ സാമ്പത്തിക പുരോഗതി കൂടി ജലപാതയുടെ പൂർത്തീകരണത്തോടെ സംഭവിക്കുമെന്നും കണക്കുകൂട്ടിയിരുന്നു. പദ്ധതി വൈകുന്നതോടെ, ഈ പ്രതീക്ഷകളും അസ്ഥാനത്താകും. ജലപാതയുടെ പുരോഗതി എല്ലാ മാസവും മുഖ്യമന്ത്രി യോഗം ചേർന്നു വിലയിരുത്തുന്നത് അഭിനന്ദനീയമാണ്. എന്നാൽ, പദ്ധതിക്കു വേഗം പകരാൻ യോഗങ്ങൾ മാത്രമല്ല, ഇച്ഛാശക്തിയോടെയുള്ള ഇടപെടൽകൂടി ഉണ്ടായേ മതിയാകൂ.
Content Highlight: Kovalam-Bekal water way