ADVERTISEMENT

ലോകകപ്പിനു വേദിയായത് മുതൽ ഖത്തറിന് എതിരായ പ്രചാരണം ശക്തമാണ്. ലോകകപ്പ് വേദികളുടെ നിർമാണത്തിനിടെ 6500 കുടിയേറ്റത്തൊഴിലാളികൾ മരിച്ചെന്നതായിരുന്നു അതിലൊന്ന്. ആരോപണങ്ങളെ അതിജീവിച്ച ഖത്തർ തങ്ങൾക്കു ലഭിച്ച അവസരം ഗംഭീരമാക്കുന്നു

ലോകകപ്പ് ഫുട്ബോൾ തുടരുകയാണ്. പതിവുപോലെ കേരളം ഫുട്ബോൾ ജ്വരത്തിലുമാണ്. തിരക്കുപിടിച്ച് ഓടിനടക്കുന്നവർപോലും ഓരോ കളിയുടെയും നില തിരക്കിക്കൊണ്ടിരിക്കുന്നു. ലോകോത്തര കളിക്കാരുടെ കൂറ്റൻ കട്ടൗട്ടുകൾ മുക്കിലും മൂലയിലും നിരക്കുന്നു. എന്തിനും ഏതിനും ഫുട്ബോൾ സംബന്ധമായ സൂചനകൾ അവതരിപ്പിക്കപ്പെടുന്നു. ഫുട്ബോൾ ആവേശത്തിൽ ഏറ്റവുമധികം മുങ്ങുന്ന കോഴിക്കോട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ. അതിനാൽതന്നെ ഫുട്ബോളിൽനിന്ന് ഒരു മോചനവുമില്ലായിരുന്നു.

ഏതു രാഷ്ട്രീയ യോഗത്തിലായിരുന്നാലും പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്കിടയിലായാലും വനിതാ കോളജിലെ കുട്ടികളുമായുള്ള സംവാദത്തിലെ സ്വാഗതപ്രസംഗത്തിലായാലും കാലിക്കറ്റ് ബാർ അസോസിയേഷനിലെ അഭിഭാഷകരുമായുള്ള ആശയവിനിമയത്തിനിടയിലായാലും ഫുട്ബോൾ ഉപമകൾ ഒഴുകിക്കൊണ്ടിരുന്നു. എന്നാൽ, ഏതു ലോകകപ്പിലും ചർച്ചകൾ ഫുട്ബോളിനപ്പുറത്തേക്കു പരക്കും. ഖത്തർ ലോകകപ്പിലും അതിനു മാറ്റമില്ല. ഖത്തർ പല കാരണങ്ങളാൽ ലോക രാഷ്ട്രീയവേദികളിൽ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

മനുഷ്യാവകാശ ധ്വംസനങ്ങൾ, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അവഗണന (ഖത്തറിൽ സ്വവർഗരതി നിയമവിരുദ്ധമാണ്), കുടിയേറ്റത്തൊഴിലാളികളോടുള്ള പെരുമാറ്റം, ഹൈഡ്രോ കാർബൺ ഇന്ധനോപയോഗത്തിലെ ആധിക്യം (ദ്രവീകൃത പ്രകൃതിവാതക ഉൽപാദനത്തിൽ ഖത്തർ ലോകത്ത് ഒന്നാമതാണ്) എന്നിവയൊക്കെ ചൂണ്ടിക്കാണിച്ച് ഖത്തർ അപഹസിക്കപ്പെടുന്നു. വളരെക്കുറച്ച് ജനസംഖ്യയുള്ള ഈ രാജ്യത്തിനെതിരെ പാശ്ചാത്യ മാധ്യമങ്ങളുടെ ആക്രമണം ആദ്യംമുതൽ തന്നെയുണ്ടായിരുന്നു– 2022ലെ ലോകകപ്പ് വേദിക്കായുള്ള മത്സരത്തിൽ അവർ ജയിച്ച 2010 മുതൽ അവരെ ഒഴിവാക്കണമെന്ന കനത്ത പ്രചാരണം പടിഞ്ഞാറൻ മാധ്യമലോകത്ത് നിറയുകയായിരുന്നു. 

ബ്രിട്ടിഷ് പത്രമായ ദ് ഗാർഡിയൻ ആരോപിച്ചത് ലോകകപ്പ് വേദികളുടെ നിർമാണത്തിനിടെ 6500 വിദേശ കുടിയേറ്റത്തൊഴിലാളികൾ കൊല്ലപ്പെട്ടെന്നാണ്. 6750 മിനിറ്റ് ഫുട്ബോൾ കളിക്കുവേണ്ടി 6500 ജീവൻ ബലികൊടുക്കപ്പെട്ടു എന്ന മുദ്രാവാക്യമാണ് ഖത്തറിനെ ധാർമിക പരിഗണന വച്ച് ഒഴിവാക്കണം എന്ന ആവശ്യത്തിനായി മുഴങ്ങിയത്. കൈക്കൂലി, നിയമവിരുദ്ധമായ പണം കൈമാറ്റം തുടങ്ങിയ ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടില്ല. 6500 തൊഴിലാളികളുടെ മരണം എന്ന ആരോപണം ഖത്തർ നിഷേധിക്കുന്നു. അഞ്ചു വർഷത്തിനിടെ പലവിധ കാരണങ്ങളാൽ പല മേഖലകളിൽ മരണപ്പെട്ടവരുടെ സംഖ്യയാണിതെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. ലോകകപ്പ് സംബന്ധമായ നിർമാണ പ്രവൃത്തികൾക്കിടെ 38 പേരുടെ ആകസ്മിക മരണം മാത്രമാണുണ്ടായതെന്നു ഖത്തർ ഭരണകൂടം പറയുന്നു. 

പ്രദേശത്തെ ആദ്യത്തെ ലോകകപ്പ് വേദിക്ക് ആതിഥ്യം വഹിക്കാൻ അവസരം കിട്ടിയ ഖത്തറിന്റെ രാഷ്ട്രീയ നിലപാടുകളെ അയൽപക്കത്തെ മിക്ക ഭരണകൂടങ്ങളും കുറ്റപ്പെടുത്തുന്നുണ്ട്. ലോകം മുഴുവൻ പ്രേക്ഷകരുള്ള അൽ ജസീറ ചാനൽ സ്ഥാപിച്ചത്, അഫ്ഗാനിസ്ഥാനിലെ താലിബാൻ അധിനിവേശത്തിനു സൗകര്യമൊരുക്കിയത് (താലിബാന്റെ ഒരേയൊരു രാജ്യാന്തര ഓഫിസ് ദോഹയിലാണ്), ഭീകരവാദികൾക്കുള്ള ധനസഹായം (ഐഎസിനു ഖത്തറിന്റെ പണം കിട്ടുന്നുണ്ടത്രേ) തുടങ്ങിയവയാണ് ആരോപണങ്ങൾ. ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ 2017 മുതൽ ഖത്തറിനുമേൽ സാമ്പത്തിക– രാഷ്ട്രീയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. 2021ൽ നയതന്ത്രപരമായ നീക്കങ്ങളിലൂടെ അതു പിൻവലിക്കുകയായിരുന്നു.  

ഖത്തറിനു ലോകകപ്പ് വേദി അനുവദിച്ചതിനെ എതിർക്കുന്ന പലരും ഉത്തരവാദിത്തമില്ലാതെയാണു സംസാരിക്കുന്നത്. ഖത്തറിനു വേദി അനുവദിച്ചു കിട്ടിയ കാലത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററിനെയാണ് അവർക്കു കൂട്ടു കിട്ടിയത്. ഖത്തർ ഒരു ചെറിയ രാജ്യമാണെന്നും ഫുട്ബോളും ലോകകപ്പും ഒന്നും അവരുടെ കയ്യിൽ നിൽക്കുന്നതല്ല എന്നുമാണ് ഈയിടെ അദ്ദേഹം പറഞ്ഞത്. എന്നാൽ, ഇപ്പോഴത്തെ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ദീർഘമായ പത്രസമ്മേളനത്തിൽ പടിഞ്ഞാറൻ മാധ്യമങ്ങളുടെ ‘കാപട്യ’ത്തെ പരിഹസിക്കുകയും ഖത്തറിനെ പിന്തുണയ്ക്കുകയുമായിരുന്നു. ‘‘എനിക്കു ഖത്തറിനെ പ്രതിരോധിക്കേണ്ട കാര്യമില്ല, അത് അവർ‌ ചെയ്തുകൊള്ളും. ഞാൻ ഫുട്ബോളിനു വേണ്ടിയാണു സംസാരിക്കുന്നത്’’– അദ്ദേഹം പറഞ്ഞു.

ലൈംഗിക ന്യൂനപക്ഷങ്ങളെ പിന്തുണച്ചുള്ള ലോഗോകളും ഹെഡ്ബാൻഡുകളും കളിക്കാർ ധരിക്കുമെന്ന വാർത്ത വന്നപ്പോൾ ഫിഫ അത്തരം നീക്കങ്ങളെല്ലാം നിരോധിച്ചു. ടൂർണമെന്റിനെ വിവാദത്തിലേക്കു വലിച്ചിടരുതെന്നാവശ്യപ്പെട്ട് എല്ലാ ടീമുകൾക്കും ഇൻഫാന്റിനോ കത്തെഴുതി. ‘‘ലോകത്തെങ്ങും പലവിധ രാഷ്ട്രീയ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഫുട്ബോൾ ശൂന്യതയിലല്ല നിൽക്കുന്നത്. ആശ‌യപരവും രാഷ്ട്രീയവുമായി നിലവിലുള്ള പ്രശ്നങ്ങളിലേക്കു ഫുട്ബോളിനെ വലിച്ചിഴയ്ക്കരുത്’’–അദ്ദേഹം അഭ്യർഥിച്ചു. തങ്ങൾക്കു ലഭിച്ച അവസരം ഗംഭീരമാക്കാൻ ഖത്തർ വലിയ പരിശ്രമം നടത്തി.

ഫുട്ബോൾ മാമാങ്കത്തിനു വേദിയൊരുക്കാൻ അവർ 22000 കോടി ഡോളറാണു ചെലവഴിച്ചത്. വിസ്മയിപ്പിക്കുന്ന ഏഴു പുതിയ സ്റ്റേഡിയങ്ങൾ, പല തട്ടിലുള്ള ഹൈവേകൾ, റോഡുകൾ, പുതിയ റെയിൽവേ ഭാഗങ്ങൾ, ഹോട്ടലുകൾ (താൽക്കാലിക ഹോട്ടലുകൾ ഒരുക്കുന്നതിനായി തീരങ്ങളിൽ കപ്പലുകൾ വരെ നിരത്തി), ഓപ്പൺ എയർ ആണെങ്കിൽ കൂടി, ഓരോ സ്റ്റേഡിയത്തിനും വൻചെലവിൽ ശീതീകരണ സംവിധാനങ്ങൾ തുടങ്ങി ഉജ്വലമായ ഒരുക്കങ്ങൾ‌! ലോകകപ്പ് ലേലം ജയിച്ച ശേഷം ഫുട്ബോൾ ലോകത്തെ തങ്ങളുടെ   സ്വാധീനം ഉയർത്താൻ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി  അവർ വിലയ്ക്കു വാങ്ങി.

സൂപ്പർ സ്റ്റാറുകളിൽ വമ്പൻമാരായ ബ്രസീലിന്റെ നെയ്മാർ, അർജന്റീനയുടെ ലയണൽ മെസ്സി, ഫ്രാൻസിന്റെ കിലിയൻ എംബപെ എന്നിവരെ ക്ലബ്ബിനു വേണ്ടി വാടകയ്ക്കെടുക്കുകയും ചെയ്തു. ഖത്തർ ചെയ്തതുപോലെ മറ്റാരും ഇതുവരെ കായികരംഗത്തെ, പ്രത്യേകിച്ചു ലോകകപ്പിനെ തങ്ങളുടെ വിദേശനയതന്ത്രത്തിലും സാമ്പത്തികരംഗത്തും മുഖ്യസ്ഥാനത്തു പ്രതിഷ്ഠിച്ചിട്ടില്ലെന്നു ഫുട്ബോൾ ചരിത്രകാരൻ ഡേവിഡ് ഗോൾഡ്ബ്ലാറ്റ് എഴുതുന്നു. അതിൽ പക്ഷേ, തർക്കമുണ്ട്. ആഗോളരംഗത്ത് തങ്ങളുടെ അന്തസ്സുയർത്താൻ ഫുട്ബോളിനെ ഉപയോഗിച്ച ഒട്ടേറെ ആതിഥേയ രാജ്യങ്ങളുണ്ട്.

1930ൽ ആദ്യ ലോകകപ്പിന് ആതിഥേയത്വം വഹിച്ച യുറഗ്വായ് വളരെ ചെറിയ രാജ്യമാണ്, അവരുടെ ഒരേയൊരു പ്രശസ്തി ഫുട്ബോൾ മാത്രമായിരുന്നു താനും. ‘‘മറ്റു രാജ്യങ്ങൾക്ക് അവരുടെ ചരിത്രമുണ്ട്. ഞങ്ങൾക്കു ഞങ്ങളുടെ ഫുട്ബോളും’’ എന്നാണ് അവിടുത്തെ പ്രസിദ്ധമായ നാട്ടുമൊഴി. പിന്നീടുവന്ന രണ്ടു ലോകകപ്പുകൾ നടത്തിയ ഫാഷിസ്റ്റ് ഇറ്റലി ആഗോള അന്തസ്സിനായി ഫുട്ബോൾ ഉപയോഗിച്ചു.  1978ൽ പട്ടാളഭരണത്തിലുണ്ടായിരുന്ന അർജന്റീനയും 2018ൽ റഷ്യയുടെ പുട്ടിനും ഇതുതന്നെയാണു ചെയ്തത്.

ബ്രിട്ടിഷ് ചരിത്രകാരനായിരുന്ന എറിക് ഹോബ്സ്ബാം ഒരിക്കൽ പറഞ്ഞു: ദേശീയ വികാരം ഉറപ്പിക്കുന്നതിൽ ഫുട്ബോളിനുള്ള പ്രത്യേകസിദ്ധി എന്താണ്? കൃത്യമായ പേരുകളുള്ള 11 കളിക്കാരെക്കാൾ ഒരുമയോടെ ലക്ഷക്കണക്കിന് അ‍ജ്ഞാതരായ ജനങ്ങൾ ഫുട്ബോളിനു പിന്നിൽ ഒരു ടീം ആകുന്നു. വാഷിങ്ടൻ പോസ്റ്റിന്റെ ലോകകപ്പ് കമന്റേറ്ററായ എന്റെ മകൻ ഇഷാൻ തരൂർ കൂട്ടിച്ചേർക്കുന്നു: മറ്റേതു കളിയെക്കാളും ഫുട്ബോളാണ് ആഗോള ഗെയിം. ജനങ്ങളെ ഒരുമിപ്പിക്കാനുള്ള ആധാരശില. ഈ 11 കളിക്കാർ രാജ്യത്തിന്റെ വിജയദാഹത്തിന്റെയും തോൽവിയെക്കുറിച്ചുള്ള ആശങ്കയുടെയും പ്രതീകമാകുന്നു. 

വാൽക്കഷണം

ഇംഗ്ലിഷ് വാതുവയ്പ് കമ്പനിയായ ബെറ്റ്‌വിക്ടർ, ഓരോ ടീമിന്റെയും പ്രതിഭയും ചരിത്രവും സാധ്യതകളും ഒക്കെ നിരീക്ഷിച്ച് വിജയിയെ ഊഹിച്ചെടുക്കാനുള്ള ആൽഗരിതം ഉപയോഗിക്കുന്ന ഒരു സൂപ്പർ കംപ്യൂട്ടർ സംവിധാനം ചെയ്തിട്ടുണ്ട്. അതിന്റെ പ്രവചനം ബ്രസീൽ– ബൽജിയം ഫൈനൽ വരുമെന്നും ബ്രസീൽ ചാംപ്യന്മാരാകുമെന്നുമാണ്.

പക്ഷേ, ബ്രസീലിയയിൽ ഷാംപെയ്ൻ കുപ്പികൾ പൊട്ടിക്കുന്നതിനും കേരള തീരത്തു മഞ്ഞപ്പതാകകൾ ഉയർത്തുന്നതിനും മുൻപ് ഒരു മുന്നറിയിപ്പ്: സൂപ്പർ കംപ്യൂട്ടറുകൾ പോലും പൂർണമായും കുറ്റമറ്റവയല്ല. അർജന്റീനയ്ക്കുമേൽ സൗദി അറേബ്യയുടെ ഉജ്വലവിജയം പ്രവചിക്കാൻ ഈ ആൽഗരിതത്തിനു കഴിഞ്ഞില്ലല്ലോ! മനോഹരമായ ഇത്തരം അനിശ്ചിതത്വങ്ങളിൽനിന്നാണ് യഥാർഥ കായികലഹരിയുടെ പിറവി. അതു പ്രവചിക്കാനായി ഒരു സൂപ്പർ കംപ്യൂട്ടറും സൃഷ്ടിക്കാനാവില്ല.

English Summary : Qatar hosting World Cup amid several Controversies and Criticisms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com