ADVERTISEMENT

അങ്കമാലി– എരുമേലി ശബരി റെയിൽ പാതയ്ക്കായി കേരളം കാത്തിരിക്കാൻ തുടങ്ങിയിട്ടു കാൽനൂറ്റാണ്ടാകുന്നു. കാലടിവരെ 7 കിലോമീറ്റർ പൂർത്തിയായ പദ്ധതിയിൽ ഇനി 104 കിലോമീറ്റർ‌ പാതയുടെ നിർമാണം ശേഷിക്കുന്നു. പദ്ധതിയുടെ പകുതിച്ചെലവു വഹിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സംസ്ഥാന സർക്കാർ കഴിഞ്ഞവർഷം അംഗീകരിച്ചതോടെയാണു പദ്ധതിക്കു പുതുജീവൻ ലഭിച്ചത്. പുതുക്കിയ എസ്റ്റിമേറ്റ് 3745 കോടി രൂപയുടേതാണ് . അന്തിമ റിപ്പോർട്ട് ഈയാഴ്ച റെയിൽവേ ബോർഡിൽ എത്തുന്നതോടെ പന്തു വീണ്ടും കേന്ദ്രത്തിന്റെ കോർട്ടിലാകും. പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകിയാൽ ശബരി റെയിൽ പദ്ധതി വീണ്ടും ട്രാക്കിലാകും. പാതകൊണ്ട് കേരളത്തിനുണ്ടാകുന്ന നേട്ടങ്ങൾ എന്ത്? വികസനത്തിന്റെ ചൂളം വിളി ഏതൊക്കെ മേഖലകളിൽ എത്താം ?

1 അങ്കമാലി: 0 കി.മീ

അങ്കമാലി ജംക്‌ഷൻ സ്റ്റേഷനായി ഉയരും. കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ്. സ്റ്റേഷനിൽനിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിൽനിന്ന് ഇടത്തേക്കു തിരിഞ്ഞാണു ശബരിപാത തുടങ്ങുന്നത്.

പാതയുടെ ഗുണം ലഭിക്കുന്ന പ്രദേശങ്ങൾ : അങ്കമാലി നഗരസഭ, കറുകുറ്റി, പാറക്കടവ്, തുറവൂർ, അയ്യമ്പുഴ, മൂക്കന്നൂർ പഞ്ചായത്തുകൾ

2 കാലടി: 6.95 കി.മീ

kalady
ആദി ശങ്കര കീർത്തി സ്തംഭ മണ്ഡപം, കാലടി റെയിൽവേ സ്റ്റേഷൻ. (ചിത്രങ്ങള്‍: ടോണി ഡൊമനിക് ∙ മനോരമ)

ആദി ശങ്കരന്റെ ജന്മംകൊണ്ടു പുണ്യമായ ഭൂമി. കാലടി– എയർപോർട്ട് റോഡിലാണു കാലടി സ്റ്റേഷൻ. സ്റ്റേഷൻ നിർമാണം പൂർത്തിയായിട്ടു വർഷങ്ങളായി. കൊച്ചി വിമാനത്താവളത്തിലേക്കു 5 കിലോമീറ്റർ മാത്രം. ആദിശങ്കര കീർത്തി സ്തംഭ മണ്ഡപം, ആദിശങ്കര ജന്മഭൂമി േക്ഷത്രം, ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം, സംസ്കൃത സർവകലാശാല എന്നിവ സമീപം. മലയാറ്റൂർ കുരിശുമുടി തീർഥാടന കേന്ദ്രം 11 കിലോമീറ്റർ അകലെ. തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം, കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി എന്നിവ സമീപം.

ഗുണം ലഭിക്കുന്ന പ്രദേശങ്ങൾ: കാലടി, കാഞ്ഞൂർ, മഞ്ഞപ്ര, ഒക്കൽ, മലയാറ്റൂർ– നിലീശ്വരം, നെടുമ്പാശേരി പഞ്ചായത്തുകൾ

3 പെരുമ്പാവൂർ: 16 കി.മീ

ricemill
പെരുമ്പാവൂരിലെ അരിമില്ലുകളിലൊന്ന്

തടിവ്യാപാരത്തിന്റെ പ്രമുഖകേന്ദ്രം. കാലടി– പെരുമ്പാവൂർ മേഖലയിൽ 50 അരിമില്ലുകളാണുള്ളത്. കേരളത്തിനുവേണ്ട 40 ലക്ഷം ടൺ അരിയിൽ 30 ലക്ഷവും സംസ്കരിക്കുന്നത് ഇവിടെ. വലിയ മില്ലുകളിലേക്കു 100 ലോഡ് അരിയാണ് ആഴ്ചതോറും ആന്ധ്രയിൽ നിന്നെത്തുന്നത്. റെയിൽ സൗകര്യം ലഭിച്ചാൽ കുറഞ്ഞ ചെലവിൽ അരി എത്തിക്കാം. അതുവഴി അരിവില കുറയും. ഒന്നര ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികൾ പെരുമ്പാവൂരിലുണ്ട്. ഇവർക്കു മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കും.

500 പ്ലൈവുഡ് യൂണിറ്റുകളും 1500 മരാധിഷ്ഠിത വ്യവസായ യൂണിറ്റുകളും ഇവിടുണ്ട്. ഉത്തരേന്ത്യയിലേക്കു പ്ലൈവുഡുമായി പ്രതിദിനം പോകുന്നത് 500 ട്രക്കുകൾ. ട്രക്കുകൾ ട്രെയിനിൽ കയറ്റിക്കൊണ്ടുപോകുന്ന റോറോ സംവിധാനം വന്നാൽ നേട്ടമാകും. നഗരപരിധിയിലുള്ള വലിയ കാവായ ഇരിങ്ങോൾ കാവ് ഏഷ്യയിലെ തന്നെ ഏറ്റവും വലുതാണ്. വിനോദസഞ്ചാരകേന്ദ്രമായ പാണിയേലി പോര്, കപ്രിക്കാട് അഭയാരണ്യം ആന പരിപാലന േകന്ദ്രം, പുല്ലുവഴിയിലെ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയ തീർഥാടനകേന്ദ്രം എന്നിവ സമീപം.

ഗുണം ലഭിക്കുന്ന പ്രദേശങ്ങൾ– പെരുമ്പാവൂർ നഗരസഭ, കൂവപ്പടി, വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം, മഴുവന്നൂർ പഞ്ചായത്തുകൾ

4 ഓടക്കാലി: 26 കി.മീ.

പ്രസിദ്ധമായ മേതല കല്ലിൽ ഭഗവതി ഗുഹാക്ഷേത്രത്തിലേക്ക് നിർദിഷ്ട ഓടക്കാലി സ്റ്റേഷനിൽനിന്നു 4 കിലോമീറ്റർ മാത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം ഒറ്റക്കല്ലിൽ തീർത്തതാണ്. 128 പടിക്കെട്ടുകൾ കയറി വേണം ക്ഷേത്രത്തിലെത്താൻ. 5000 വർഷത്തിലധികം പഴക്കമുണ്ടെന്നാണ് വിശ്വാസം. പെരുമ്പാവൂർ–ഓടക്കാലി മേഖലയിൽ നെല്ല്, വാഴ, ജാതി, റബർ കൃഷി വ്യാപകം.

ഗുണം ലഭിക്കുന്ന പ്രദേശങ്ങൾ: അശമന്നൂർ, രായമംഗലം, മുടക്കുഴ, വേങ്ങൂർ പഞ്ചായത്തുകൾ

5 കോതമംഗലം: 31 കി.മീ.

ശബരിപാത വന്നാൽ മൂന്നാറിന്റെ കവാടമായി മാറുന്ന സ്റ്റേഷൻ. മൂന്നാർ (80 കി.മീ), അടിമാലി (50 കി.മീ), ചീയപ്പാറ വെള്ളച്ചാട്ടം (30 കി.മീ). ഫർണിച്ചർ നിർമാണത്തിനു േപരുകേട്ട നെല്ലിക്കുഴിയും ഇവിടെ. തീർഥാടന കേന്ദ്രമായ മാർ തോമാ ചെറിയ പള്ളിയും ഇവിടെയാണ്.

ഗുണം ലഭിക്കുന്ന പ്രദേശങ്ങൾ– കോതമംഗലം, ദേവികുളം താലൂക്കൂകൾ

6 മൂവാറ്റുപുഴ: 40 കി.മീ.

നിർദിഷ്ട കൊച്ചി– തേനി ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കു സമീപമാണു മൂവാറ്റുപുഴയിൽ സ്റ്റേഷൻ വരിക. നെല്ലാട് കിൻഫ്ര പാർക്കിൽ ഭക്ഷ്യസംസ്കരണ സംരംഭങ്ങൾ ഉൾപ്പെടെ 70 യൂണിറ്റുകളുണ്ട്. പുഴക്കരക്കാവ് ദേവീ ക്ഷേത്രം, വെള്ളൂർകുന്നം മഹാദേവ ക്ഷേത്രം, പൂജരാജാക്കന്മാരുടെ ഹോളി മാഗി പള്ളി, കിഴക്കൻ മേഖലയിലെ ആദ്യ മുസ്‌ലിം പള്ളിയായ പെരുമറ്റം ജുമാമസ്ജിദ് എന്നിവ ടൗണിൽ തന്നെയാണ്. അരീക്കൽ വെള്ളച്ചാട്ടത്തിലേക്ക് 20 കി.മീ. മാത്രം.

ഗുണം ലഭിക്കുന്ന പ്രദേശങ്ങൾ– മൂവാറ്റുപുഴ നഗരസഭ, വാളകം, പായിപ്ര, കല്ലൂർക്കാട്, മാറാടി, പോത്താനിക്കാട്, പൈങ്ങോട്ടൂർ, ആവോലി, ആരക്കുഴ, ആയവന പഞ്ചായത്തുകൾ

7 വാഴക്കുളം: 48 കി.മീ.

vazhakkalam

കേരളത്തിന്റെ പൈനാപ്പിൾ സിറ്റി. തൊടുപുഴ റോഡിനു സമീപമാണു സ്റ്റേഷൻ. സീസണിൽ ദിവസവും നൂറിലധികം ട്രക്കുകളാണു കൈതച്ചക്കയുമായി ഉത്തരേന്ത്യയിലേക്ക് പോകുന്നത്. റോറോ ട്രെയിൻ വരുന്നതു തങ്ങൾക്കു ഗുണം ചെയ്യുമെന്നു മൊത്തവ്യാപാരികൾ.

ഗുണം ലഭിക്കുന്ന പ്രദേശങ്ങൾ: മഞ്ഞള്ളൂർ, കല്ലൂർകാട്, ആയവന, ആവോലി പഞ്ചായത്തുകൾ

8 തൊടുപുഴ: 55 കി.മീ.

ഇടുക്കി ജില്ലയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ. മലങ്കര ഡാം, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, ഇടുക്കി ആർച്ച് ഡാം, കുളമാവ് , പുള്ളിക്കാനം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടുത്ത്. മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി തീർഥാടന കേന്ദ്രവും തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും സമീപത്താണ്. കോലാനി ബൈപാസും രാമമംഗലം– തൊടുപുഴ റോ‍ഡും ചേരുന്നതിനു സമീപമാണു നിർദിഷ്ട സ്റ്റേഷൻ. കെസിഎ ക്രിക്കറ്റ് സ്റ്റേഡിയം, റൈഫിൾ ക്ലബ് എന്നിവയുള്ളതിനാൽ സ്പോർട്സ് ഹബ്ബായി വളരാൻ തൊടുപുഴയെ റെയിൽവേ സഹായിക്കും.

ഗുണം ലഭിക്കുന്ന പ്രദേശങ്ങൾ: തൊടുപുഴ നഗരസഭ, മണക്കാട്, ആലക്കോട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, ഇളദേശം, വെളിയാമറ്റം, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകൾ

9 കരിങ്കുന്നം: 62 കി.മീ.

മൂലമറ്റം പവർ ഹൗസ്, മൂലമറ്റം എഫ്സിഐ ഗോഡൗൺ എന്നിവയ്ക്ക് അടുത്തുള്ള സ്റ്റേഷൻ. തുടങ്ങനാട് കിൻഫ്ര സ്പൈസസ് പാർക്കിനു റെയിൽ കണക്ടിവിറ്റി. എഫ്സിഐയിലേക്കുള്ള ലോറികൾക്കു തൊടുപുഴ സ്റ്റേഷനിലേക്കു ടൗണിലൂടെ പോകാതെ കരിങ്കുന്നത്തു നിന്നു ചരക്കു കയറ്റി പോകാൻ സൗകര്യം.

ഗുണം ലഭിക്കുന്ന പ്രദേശങ്ങൾ: പുറപ്പുഴ, കരിങ്കുന്നം, മുട്ടം, കുടയത്തൂർ, അറക്കുളം പഞ്ചായത്തുകൾ

10 രാമപുരം-69 കി.മീ.

നാലമ്പല ദർശനത്തിനും പള്ളികൾക്കും പേരുകേട്ട രാമപുരത്ത് പിഴകിലാണു സ്റ്റേഷൻ. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടം രാമപുരം സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയിലാണ്. കുറിഞ്ഞി, കൂമ്പൻ മലനിരകൾ വിനോദസഞ്ചാരികളെ ആകർഷിക്കും.

alphonsamma
വിശുദ്ധ അൽഫോൻസാമ്മയുടെ തീർഥാടനകേന്ദ്രം. (ചിത്രങ്ങള്‍: ടോണി ഡൊമനിക് ∙ മനോരമ)

ഗുണം ലഭിക്കുന്ന പ്രദേശങ്ങൾ: വെളിയന്നൂർ, ഉഴവൂർ, കടനാട്, രാമപുരം, കരൂർ പഞ്ചായത്തുകൾ

11 ഭരണങ്ങാനം ഫോർ പാലാ: 80 കി.മീ.

കേരളത്തിന്റെ വിദ്യാഭ്യാസ ഹബ്ബായ പാലാ പട്ടണത്തിന്റെ റെയിൽവേ സ്റ്റേഷൻ. പാലാ ടൗണിൽ നിന്ന് 6 കിലോമീറ്റർ അകലെ ദീപ്തി ജംക്‌ഷനിലാണു സ്റ്റേഷൻ. വിശുദ്ധ അൽഫോൻസാമ്മയുടെ തീർഥാടന കേന്ദ്രത്തിലേക്കു ലക്ഷങ്ങളാണ് പ്രതിവർഷം എത്തുന്നത്. ചേർപ്പുങ്കൽ പള്ളി തീർഥാടകർക്കും ട്രെയിൻ സൗകര്യം ലഭിക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇല്ലിക്കൽ കല്ല്, വാഗമൺ എന്നിവയും അടുത്ത്. ശബരിമല തീർഥാടകരുടെ ഇടത്താവളമായ കടപ്പാട്ടൂർ ക്ഷേത്രം പ്രശസ്തം.

ഗുണം ലഭിക്കുന്ന പ്രദേശങ്ങൾ: പാലാ നഗരസഭ, ഭരണങ്ങാനം, തലപ്പലം, മീനച്ചിൽ, മുത്തോലി പഞ്ചായത്തുകൾ

12 െചമ്മലമറ്റം: 90 കി.മീ.

തീർഥാടനകേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളി, ഈരാറ്റുപേട്ട (5 കി.മീ), പൂഞ്ഞാർ (6 കി.മീ) മൂന്നിലവ്, തീക്കോയി, തിടനാട് എന്നിവയ്ക്ക് ഏറ്റവും അടുത്ത സ്റ്റേഷൻ. വാഗമൺ കുരിശുമല, വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപ്പൂഞ്ചിറ, മാർമല തുടങ്ങിയവയും സമീപം.

kanjirapally

ഗുണം ലഭിക്കുന്ന പ്രദേശങ്ങൾ: തിടനാട്, പൂഞ്ഞാർ തെക്കേക്കര, പൂഞ്ഞാർ, തീക്കോയി. മീനച്ചിൽ, എലിക്കുളം പഞ്ചായത്തുകൾ, ഈരാറ്റുപേട്ട നഗരസഭ

13 കാഞ്ഞിരപ്പള്ളി റോഡ് : 100 കി.മീ.

പാറത്തോടിനു സമീപാണു കാഞ്ഞിരപ്പള്ളി റോഡ് സ്റ്റേഷൻ. പാറത്തോട്ടിൽ നിന്നും തേക്കടി (71 കിമീ), പീരുമേട് (35കിമീ), പൊൻകുന്നം (9 കി.മീ), കുമളി (68 കി.മീ), കുട്ടിക്കാനം (32 കി.മീ), ഏലപ്പാറ വഴി വാഗമൺ (58 കി.മീ.) എന്നിവിടങ്ങളിലേക്കു പോകാം. പരുന്തുംപാറ, പാഞ്ചാലിമേട്, തങ്ങൾപാറ എന്നിവിടങ്ങളിലേക്കു പോകാനും ഇവിടെയിറങ്ങാം. കൂടുതൽ റബർ എസ്റ്റേറ്റുകളുള്ള മേഖല. ചിറക്കടവ് മഹാദേവ ക്ഷേത്രം, ചെറുവള്ളി ദേവീക്ഷേത്രം, മരിയൻ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളി, നൈനാർ പള്ളി എന്നിവ സമീപം.

erumeli
എരുമേലി ശ്രീ ധർമശാസ്താ ക്ഷേത്രം, നൈനാർ മസ്ജിദ്. (ചിത്രങ്ങള്‍: ടോണി ഡൊമനിക് ∙ മനോരമ)

ഗുണം ലഭിക്കുന്ന പ്രദേശങ്ങൾ: പാറത്തോട്, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, ചിറക്കടവ് പഞ്ചായത്തുകൾ, പീരുമേട് താലൂക്ക്

14 എരുമേലി: 111 കി.മീ.

ശബരിമല തീർഥാടകരുടെ പ്രധാന ഇടത്താവളം. എരുമേലി നൈനാർ മസ്ജിദ് (വാവര് പള്ളി), ശ്രീ ധർമ ശാസ്താക്ഷേത്രം എന്നിവിടങ്ങളിൽ കോടിക്കണക്കിനു തീർഥാടകരെത്തുന്നു. നിർദിഷ്ട എരുമേലി വിമാനത്താവളം ചെറുവള്ളി (8 കി.മീ.) ദൂരെ.

എരുമേലിയിൽനിന്നു 5 കി.മീ. അകലെ എംഇഎസ് കോളജിനു സമീപമാണു നിർദിഷ്ട സ്റ്റേഷൻ. ഇവിടെനിന്നു ശബരിമലയിലേക്ക് 43 കിലോമീറ്റർ മാത്രം. ഗവി, പെരുന്തേനരുവി വെള്ളച്ചാട്ടം എന്നിവിടങ്ങളിലേക്കും പോകാം.

ഗുണം ലഭിക്കുന്ന പ്രദേശങ്ങൾ: എരുമേലി, വെച്ചൂച്ചിറ, മണിമല, വെള്ളാവൂർ പഞ്ചായത്തുകൾ

English Summary: Kerala has been waiting for Angamaly - Erumeli Sabari railwayline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com