ADVERTISEMENT

ആസൂത്രണമില്ലായ്മയുടെ കാഴ്ചയാണ് ഇത്തവണ ശബരിമല തീർഥാടനപാതയിലെങ്ങും. ഇത്രതന്നെ തീർഥാടകർ എത്തിയിരുന്ന മുൻകാലങ്ങളിൽ അയ്യപ്പഭക്തർക്ക് ഇങ്ങനെ കഷ്ടത അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇതിനുപിന്നിലെ കാരണങ്ങൾ തേടുന്നതിനൊപ്പം മുൻപു ശബരിമലയിൽ സേവനമനുഷ്ഠിച്ച മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ചിലർ നിർദേശിക്കുന്ന പരിഹാരമാർഗങ്ങളും അവതരിപ്പിക്കുകയാണിവിടെ.

കല്ല് നിരന്ന് നീലിമല പാത

പമ്പയിൽനിന്നുള്ള പ്രധാന കയറ്റമായ നീലിമലയിലെ പാതയിൽ പലേടത്തും കരിങ്കല്ല് നിരന്നുകിടക്കുകയാണ്. നീലിമലയ്ക്കും ശബരിപീഠത്തിനും മധ്യേയും മരക്കൂട്ടത്തിനും ശരംകുത്തിക്കും മധ്യേയും പണി പൂർത്തിയാകാതെ, വഴിമധ്യത്തിൽതന്നെ കല്ലു കിടക്കുന്നു. ഇവ വശത്തേക്കുപോലും മാറ്റാതെ ഈ ഭാഗം കെട്ടിയടച്ചിരിക്കുകയാണ്. 

കുപ്പിക്കഴുത്തിൽ അകപ്പെട്ടതുപോലെയുള്ള തിക്കും തിരക്കുമാണ് ഈ ഭാഗങ്ങളിലെത്തുമ്പോൾ. പണിതീരാത്ത ഭാഗത്തേക്കു തീർഥാടകർ കടക്കാതിരിക്കാൻ കെട്ടിയ ബാരിക്കേഡ് ആകട്ടെ ആളുകൾ തിങ്ങിഞെരുങ്ങി അപകടമുണ്ടാകാമെന്ന ഭീഷണിയും ഉയർത്തുന്നു. തീർഥാടനകാലം വരുമെന്നറിഞ്ഞുകൊണ്ടുതന്നെ, തീർക്കാനാവാത്ത പണി ചെയ്തതിന്റെ ഫലം. കേന്ദ്ര സർക്കാരിന്റെ തീർഥാടന ടൂറിസം പദ്ധതിയിൽ ലഭിച്ച 100 കോടിയിൽ 20 കോടി ചെലവഴിച്ചാണു നീലിമല പാതയിൽ കരിങ്കല്ല് പാകുന്നത്.

wait

അടഞ്ഞ് ക്യൂ കോംപ്ലക്സുകൾ

മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി മരക്കൂട്ടത്തിനും ശരംകുത്തിക്കും മധ്യേ നിർമിച്ച 6 ക്യൂ കോംപ്ലക്സുകൾ തുറന്നുകൊടുക്കാനായില്ല. കാത്തുനിൽപിൽ തീർഥാടകർ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് മരക്കൂട്ടത്തിനും സന്നിധാനത്തിനും മധ്യേയാണ്. തിരക്കുള്ള ദിവസങ്ങളിൽ ഒന്നര കിലോമീറ്റർ  കടക്കാൻ 8 മണിക്കൂർ വരെയാണു കാത്തുനിൽക്കേണ്ടി വരുന്നത്. ശരംകുത്തിയിൽ മാത്രം നാലുമണിക്കൂർ വരെയാണു കാത്തുനിൽപ്. ഇവിടെയൊന്നും ഭക്ഷണവും വെള്ളവും കിട്ടാനുള്ള സൗകര്യം ഒരുക്കിയിട്ടുമില്ല. ശുചിമുറി സൗകര്യവും ഇല്ല. 

വ്യാപകമായ പരാതിയെത്തുടർന്ന് ഇപ്പോഴാണ് ക്യൂ കോംപ്ലക്സുകളുടെ അടിയന്തര അറ്റകുറ്റപ്പണി ദേവസ്വം ബോർഡ് ആരംഭിച്ചത്. ഈ തീർഥാടനകാലത്ത് അതും തീർഥാടകർക്ക് കൂടുതൽ ബാധ്യതയായെന്നു മാത്രം.

ക്യൂ കോംപ്ലക്സുകളിലെ ശുചിമുറികൾ വൃത്തിഹീനമാണ്. ചിലതിനു വാതിൽ ഇല്ല. ക്യൂ കോംപ്ലക്സിൽ 350 പേർക്കു വീതം വിശ്രമിക്കാവുന്ന 18 ഹാളുകളാണുള്ളത്. പണം കൊടുത്ത് ഉപയോഗിക്കാവുന്ന ശുചിമുറിയെന്നു ബോർഡ് ഉണ്ടെങ്കിലും വെള്ളം ഇല്ല. ഇത്തവണ കരാർ നൽകിയ ഏതാനും കടകൾ തുറന്നിട്ടുമില്ല. 

sara
ശബരിമല തീർഥാടകരെ ശരംകുത്തിയിൽ കഴിഞ്ഞ ദിവസം വടംകെട്ടി നിയന്ത്രിച്ചപ്പോൾ. (ചിത്രം: മനോരമ)

ശരണമില്ലാത്ത ശരംകുത്തി 

ശരംകുത്തിയിലെ കാത്തുനിൽപിൽ വെയിൽകൊണ്ടു തളരും. മഴയാണെങ്കിൽ നനയണം. ഭക്ഷണവും വെള്ളവും കിട്ടാൻ പ്രയാസം. പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യാതെ അടച്ചിട്ടിട്ടുണ്ട്. 

പ്രഥമ ശുശ്രൂഷാസൗകര്യം ഇല്ല. തളർന്നു വീഴുന്നവരെ അയ്യപ്പ സേവാസംഘം പ്രവർത്തകർ ചുമന്ന് സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിക്കണം. 

ശരംകുത്തിക്കും യു ടേണിനും മധ്യേ രണ്ടിടത്തു  മേശയിട്ടു ചുക്കുവെള്ളം പാത്രത്തിൽ നിറച്ചിട്ടുണ്ടെങ്കിലും ഇത്തവണ എടുത്തു കൊടുക്കാൻ ആളില്ല. വരിയുടെ ഒരു വശത്തുകൂടി പോകുന്നവർക്കേ വെള്ളം എടുത്തു കുടിക്കാൻ കഴിയൂ. യു ടേൺ മുതൽ വലിയ നടപ്പന്തൽ വരെയുള്ള ഭാഗത്തും ചുക്കുവെള്ളം കൊടുക്കുന്നില്ല. 

നടപ്പന്തലിൽ കാത്തു നിന്നു മുഷിയുമ്പോൾ ചിലർ വരിയിൽ നിന്നു ചാടി നേരെ പതിനെട്ടാംപടിയിലേക്കു പോകുന്നതു തിക്കും തിരക്കും കൂട്ടുന്നു. ഇവരെ നിയന്ത്രിച്ചു പടി കയറ്റാൻ രണ്ടോ മൂന്നോ വരികൾ ക്രമീകരിക്കേണ്ടിയിരുന്നു. ഇവിടെ മൂന്നു മെറ്റൽ ഡിറ്റക്ടറെങ്കിലും വേണ്ടിടത്ത് ഒന്നുമാത്രം.

kbus
തീർഥാടകരുമായെത്തിയ ബസുകൾ കണമല പാലത്തിനു സമീപം നിർത്തിയിട്ടിരിക്കുന്നു.

പാർക്കിങ്ങിലും പ്രശ്നങ്ങൾ

നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ട് നിറയെ പ്രശ്നങ്ങളാണ്. ടൈൽ പാകാത്ത സ്ഥലങ്ങളിൽ മഴ പെയ്തു ചെളിയായതിനാൽ വാഹനങ്ങൾ കയറാത്ത സ്ഥിതിയാണ്. ദർശനം വൈകുന്തോറും ഇവിടെനിന്നു വാഹനങ്ങൾ മടങ്ങുന്നതിന്റെ വേഗം കുറയും. പ്രവേശന കവാടത്തിൽ പാസ് നൽകാൻ കാലതാമസം വരുന്നതിനാൽ വാഹനനിര നീളുന്നു. പാർക്കിങ് ഗ്രൗണ്ടിൽ പൊലീസ് സഹായമില്ലാത്തതും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. പമ്പ ഹിൽടോപ്പ് പാർക്കിങ്ങിൽ ചെറിയ വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കണം. 4000 കാറുകൾ വരെ പമ്പയിൽ പാർക്ക് ചെയ്ത സമയമുണ്ട്. ഇതു നിലയ്ക്കലിലെ വാഹനത്തിരക്ക് കുറയ്ക്കും.

മുൻ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു

പമ്പയിലെയും നിലയ്ക്കലിലെയും തിരക്കുനോക്കി വേണം ശബരിമലയിൽ കാര്യങ്ങൾ തീരുമാനിക്കാൻ. ഇടത്താവളങ്ങളിലെ വാഹനങ്ങളുടെ വരവും പമ്പയിലെ തിരക്കും നിരീക്ഷിച്ചു നടപടിയെടുക്കാൻ ഒരു പൊലീസ് ഉദ്യോഗസ്ഥനെ കോഓർഡിനേറ്ററായി നിയോഗിക്കണം. വഴിയിൽ കുടുങ്ങി, ആഹാരവും വെള്ളവും കിട്ടാതെ, ശുചിമുറിസൗകര്യമില്ലാതെ, കുഞ്ഞുങ്ങളടക്കം മണിക്കൂറുകൾ കാത്തുനിൽക്കുന്ന അവസ്ഥ ഒഴിവാക്കാൻ കൃത്യമായ ആസൂത്രണം എന്നുണ്ടാകും?

ഇടത്താവളത്തിൽ നിയന്ത്രിക്കണം; ഡ്യൂട്ടിയിൽ മാറ്റം വരുത്തണം

∙ തീർഥാടകരുടെ വാഹനങ്ങൾ പിടിച്ചിടേണ്ടതു വനപാതയിലല്ല. തിരുനക്കര, ഏറ്റുമാനൂർ, ചെങ്ങന്നൂർ, പത്തനംതിട്ട, എരുമേലി തുടങ്ങിയ ഇടത്താവളങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കണം. ഇവിടങ്ങളിൽ പാർക്കിങ് സൗകര്യം വിപുലപ്പെടുത്തണം.  ഇതു തീർഥാടകർക്കു ഭക്ഷണവും വെള്ളവും ഉറപ്പാക്കും. 

∙ തിരുനക്കര, ഏറ്റുമാനൂർ, ചെങ്ങന്നൂർ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വിവിധ സമയങ്ങളിൽ എരുമേലിയിലും നിലയ്ക്കലും എത്തുന്ന രീതിയിൽ ക്രമീകരിച്ചു വിടണം. എരുമേലിയിൽ ഈ വാഹനങ്ങൾ എത്തുമ്പോൾ അവിടെനിന്നു കുറെ വാഹനങ്ങൾ നിലയ്ക്കലിലേക്കു വിടണം. 

∙ പതിനെട്ടാം പടി കയറുന്ന അയ്യപ്പന്മാരുടെ എണ്ണം കൂട്ടണം. 90 പേർക്കു വരെ ഒരു മിനിറ്റിൽ കയറാൻ കഴിയും. നടപ്പന്തലിൽ പരമാവധി 5000 സ്വാമിമാരെയേ ഉൾക്കൊള്ളിക്കാനാകൂ. ഇത്രയും പേരെ ഒരു മണിക്കൂറിൽ കയറ്റിവിടാൻ കഴിയണം. മകരവിളക്ക്  കാലത്ത് ഒരു മിനിറ്റിൽ 90 മുതൽ 100 വരെ പേർ പതിനെട്ടാംപടി കയറിയ സീസണുകളുണ്ട്. 

∙ ശരംകുത്തി മുതൽ സന്നിധാനം വരെ സ്വാമിമാരുടെ നീക്കം ഒരു കൺവെയർ ബെൽറ്റ് പോലെ പ്രവർത്തിച്ചാൽ മാത്രമേ അയ്യപ്പൻമാർക്കു സുഗമ ദർശനം സാധ്യമാകൂ.  പതിനെട്ടാം പടിയിലെ  ഡ്യൂട്ടി മുൻപ് ഒരു മണിക്കൂറും പിന്നീട് അര മണിക്കൂറുമായിരുന്നത് ഇപ്പോൾ 10 മിനിറ്റാക്കി. വിശ്രമം 40 മിനിറ്റും. 10 മിനിറ്റ് ഡ്യൂട്ടി 20 മിനിറ്റെങ്കിലുമാക്കി മുൻപത്തേതു പോലെ ഒരു മണിക്കൂർ വിശ്രമം നൽകണം. ഡ്യൂട്ടിക്കുള്ള ടീമുകളുടെ എണ്ണം കൂട്ടുകയും വേണം.  പതിനെട്ടാം പടിയിലും സോപാനത്തും സേവനമെന്നു കരുതി ഡ്യൂട്ടി ചെയ്യാൻ താൽപര്യമുള്ളവരെ മാത്രമാണ് മുൻപു നിയോഗിച്ചിരുന്നത്. നിർബന്ധിത ഡ്യൂട്ടിക്കു വരുന്നവർ ഉഴപ്പാൻ സാധ്യതയുണ്ട്. 

∙ മകരവിളക്കിന്റെ സമയത്തെങ്കിലും സേവനതൽപരരെ കണ്ടെത്തി പതിനെട്ടാംപടിയിലും സോപാനത്തും നിയോഗിക്കണം. 

English Summary: Pilgrims suffer in Sabarimala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com