ഉള്ളിൽ കൊളുത്തിയത്
Mail This Article
2022 വായന
‘ശേഷം’ വരച്ചുകാട്ടുന്ന പുതുരാമായണം
അനിത തമ്പി
ഇക്കൊല്ലം വായിച്ചവയിൽ എന്നെ അതിശയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തത് വിവേക് നാരായണൻ എന്ന ഇംഗ്ലിഷിൽ എഴുതുന്ന കവിയുടെ ‘ശേഷം’ (After) എന്ന പുസ്തകമാണ്. വാല്മീകിരാമായണമെന്ന മഹാനദിയിൽ വഴങ്ങിയൊഴുകിയും കുതറിക്കലഹിച്ചും പുണർന്നുനീന്തിയും ചുഴികളിൽ മല്ലിട്ടുയർന്നും നിരവധി രൂപങ്ങളിൽ മാറിയെഴുതി നിവരുന്ന പുതുരാമായണം; ഒരു അസാമാന്യ രാഷ്ട്രീയ, കാവ്യ സഞ്ചാരം. അതിൽ ‘താടക’ എന്ന ചെറുഭാഗം ഇങ്ങനെ:
ആ പെണ്ണിനെ ആദ്യം
മൂക്കും മുലയുമരിഞ്ഞ്
ഞാൻ വെറുതേവിടും
എന്നിട്ടും പോർവിളി
തീർന്നില്ലെങ്കിൽ
അപ്പോൾ ഞാനവളെ കൊല്ലും,
അപ്പോൾ മാത്രം.
‘പൊന’ത്തിലെ മിന്നാമിനുങ്ങു വെട്ടം
മുന്നോട്ടു നടക്കുന്തോറും താനും കൂട്ടരും പിന്നിൽ ഉപേക്ഷിച്ച കാലം അയാളിൽ വന്നുചേർന്നുകൊണ്ടിരുന്നു. പരിസരബോധമില്ലാത്ത ഓർമകൾ അയാളെ മുന്നോട്ടുനടത്തി. പെട്ടെന്നു മുന്നിൽ എന്തോ ഒരനക്കംകണ്ട് അയാൾ നിന്നു. വീണുകിടക്കുന്ന ഒരു കാട്ടുമരത്തിനു ചുറ്റും തീ നിറത്തിൽ ആയിരക്കണക്കിനു പൂമ്പാറ്റകൾ.
പൊനം (നോവൽ),
കെ.എൻ.പ്രശാന്ത്
ഇ. സന്തോഷ്‌കുമാർ
നിബിഡമായ ഭാഷയാണ് ‘പൊന’ത്തിന്റെ പ്രധാന ആസ്തി. അതൊരു കൃത്രിമമായ തച്ചല്ല. അപരിചിതമായൊരു പ്രദേശത്തിന്റെ നിഗൂഢതകളിലേക്കു പോകാൻ തീർത്തും ഉചിതമായ പദാവലികൾ കണ്ടെത്താനും അതിലൂടെ തന്റെ ഭാഷയെ കാട്ടുമരങ്ങളുടെ കാതൽപോലെ ഉറപ്പുള്ളതാക്കാനും പ്രശാന്തിനു കഴിഞ്ഞിട്ടുണ്ട്. നോവലിലൊരിടത്ത് ഒരു രാത്രിയിൽ വിളക്കുമരം പോലെ പ്രകാശിക്കുന്ന മിന്നാമിന്നുങ്ങളുടെ കൂട്ടത്തെ നാം കാണുന്നു. അതു നമ്മുടെ ഭാഷയിൽ പുതിയ എഴുത്തുകാർ സൃഷ്ടിക്കാൻ പോകുന്ന വെളിച്ചത്തിന്റെ ഉത്സവമായി കാണാനാണ് എന്റെ കൗതുകം.
വിഭജനത്തിൽ ജീവിക്കുന്ന നമ്മൾ
ഒരു ലക്ഷം ഹിന്ദുക്കളും ഒരു ലക്ഷം മുസ്‌ലിംകളും മരിച്ചു എന്നു പറയരുത്. രണ്ടു ലക്ഷം മനുഷ്യജീവികൾ മരിച്ചു എന്നു പറയൂ. സത്യം പറഞ്ഞാൽ രണ്ടു ലക്ഷം പേർ മരിച്ചു എന്നത് അത്ര വലിയ ദുരന്തമൊന്നുമല്ല. യഥാർഥ ദുരന്തം, കൊന്നവരും കൊല്ലപ്പെട്ടവരും ഒരു കണക്കിലും പെടുന്നില്ല എന്നതാണ്...
സന്തോഷ് ഏച്ചിക്കാനം
വിഖ്യാത ഉറുദു എഴുത്തുകാരനായ സാദത്ത് ഹസൻ മാൻതുവിന്റെ ‘വിഭജനകാല കഥകൾ‘ എന്ന സമാഹാരത്തിലെ (പരിഭാഷ: എ.പി.കുഞ്ഞാമു) ‘സഹായ്’ എന്ന കഥയിലെ ആദ്യ വരികളാണിവ. ഇന്ത്യ– പാക്ക് വിഭജനകാലത്ത് അറക്കവാളുകൾ പോലെ പൊന്തിയ പുതിയ അതിർത്തികൾ, അതിന്റെ പൊള്ളലുകൾ എന്നിവയാണ് ഈ കഥകളിൽ ചൂടാറാതെയുള്ളത്. ഓരോ വരിയിലുമുണ്ട് വേറിടുന്നതിന്റെ നൊമ്പരം. ഇന്നും എത്രയോ പ്രസക്തം.
തുളുമ്പാതെ നിറയുന്ന ഉൾക്കുമ്പിൾ
ആർ. ലോപ
വർഷാവസാനം വായിച്ച നോവലാണു രവിയുടെ ‘മഹാലാഘവം’. ക്രിയേറ്റിവിറ്റിയുടെ ഇന്ദ്രജാലംകൊണ്ടു ഞെട്ടിക്കുന്ന എഴുത്തുകാരനാണു രവി. ‘മഹാലാഘവ’ത്തിലും പതിവു തെറ്റിയില്ല. പേരിൽ തുടങ്ങുന്ന കൗതുകം ഉടനീളമുണ്ട് നോവലിൽ. ‘കുടിവെള്ളം’ എന്ന അധ്യായത്തിന്റെ ആമുഖമായി ചേർത്ത രണ്ടുവരി ഉൾക്കുമ്പിളിൽനിന്നു പോകുന്നില്ല. അതിങ്ങനെ:
കുലുക്കുഴിയാൻ കവിൾകൊള്ളുന്നതോ, കുടിക്കാൻ കൈക്കുമ്പിളിൽ കൊള്ളുന്നതോ കള്ളം...
വെള്ളത്തിനു പകരം ‘കള്ളം’ എന്ന വാക്കുകൊണ്ടുണ്ടാക്കിയ ട്വിസ്റ്റ് അതീവ ഹൃദ്യം.
‘വല്ലി’യുടെ വയനാട്ടിൽ
ഏതു നാട്ടിലുമുണ്ട് വെളിച്ചത്തെക്കാൾ വെളിച്ചമുള്ള ഇരുളുകൾ. മൊഴിയറ്റുപോയവരുടെ നേരുകൾ, നുണകൾ, വേവുകൾ, കാട്, പുഴ, കാറ്റ്, ഗന്ധങ്ങൾ. എന്തിന്, അപഹരിക്കപ്പെടുന്ന ദൈവങ്ങൾ പോലുമുണ്ട്. സ്വാർഥനാണ് മനുഷ്യൻ. അവൻ സ്വന്തം വികാരങ്ങളെഴുതും,ചിന്തകളെഴുതും. മഹത്തായ ആശയങ്ങൾ പലതും കുറിക്കും. നമ്മെ നാമാക്കുന്ന എന്തോ ഒന്നിനെ പകർത്താൻ വിസ്മരിക്കും. മണ്ണെഴുത്തുകൾ പോലും നിലനിൽപിനു വേണ്ടി മാത്രമായി മാറുന്നു. എന്നാൽ, മരണത്തിലേക്കു നടന്നടുക്കുന്ന ഒരുവൾ എന്തിനെക്കുറിച്ചാവും എഴുതിയിട്ടുണ്ടാവുക.
വല്ലി (നോവൽ), ഷീലാ ടോമി
സിതാര. എസ്.
ഷീല ടോമിയുടെ ‘വല്ലി’ 2022ൽ ഇറങ്ങിയ പുസ്തകമല്ല. കുറച്ചുകാലമായി ആഗ്രഹിച്ച് ഒടുവിൽ വായിച്ചത് ഇക്കൊല്ലമാണ്. വയനാട്ടിലെ ഭൂപ്രകൃതിയുടെയും മനുഷ്യരുടെയും ആത്മാവ് തൊട്ടറിഞ്ഞുള്ള എഴുത്ത്. വായിച്ചുകഴിഞ്ഞ് ആദ്യമായി വയനാട്ടിലേക്കു വന്നപ്പോൾ ഈ സ്ഥലവുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള മറ്റെല്ലാ ഓർമകൾക്കുമൊപ്പം ഈ പുസ്തകത്തിന്റെ ഓർമകൾകൂടി മനസ്സിൽ നിറഞ്ഞു. അതിനുള്ള ആർജവം ആ കൃതിയിലെ കഥാപാത്രങ്ങളും ഭൂപ്രകൃതിക്കുമുണ്ടായിരുന്നു.
English Summary: 5 Writers on Memorable Lines to Read in 2022