അരി വാങ്ങാൻ 3000 കോടി, മരുന്നിന് 7237 കോടി: ‘അരിയും പയറും പോലെ കഴിക്കേണ്ടതല്ല മരുന്ന്’
Mail This Article
ജിഎസ്ടി വകുപ്പിന്റെ 2020ലെ കണക്കുപ്രകാരം, അരി വാങ്ങാൻ 3000 കോടി രൂപ ചെലവിടുന്ന മലയാളി മരുന്നു വാങ്ങാൻ ചെലവിടുന്നത് 7,237 കോടി രൂപ. വേണ്ടതിനും വേണ്ടാത്തതിനും നാം മരുന്ന് തിന്നുണ്ടോ? മരുന്നുകളുടെ അമിതവിലയാണോ ഈ ഉയർന്ന തുകയ്ക്കു പിന്നിൽ? ആരോഗ്യനയത്തിൽ പൊളിച്ചെഴുത്ത് ആവശ്യമോ?
കേരളത്തിലെ മരുന്ന് ഉപയോഗം വളരെ കൂടുതലാണ് എന്നത് വസ്തുതയാണ്. മറ്റ് സംസ്ഥാനങ്ങളെക്കാൾ ഏറെ മുകളിൽ. എന്നാൽ അതിൽ ആശ്ചര്യം തോന്നേണ്ടതില്ല. അത് അത്ര മോശമായി കാണേണ്ട കാര്യവും ഇല്ല. ഏതു വികസിത രാജ്യത്തും മരുന്ന് ഉപയോഗം സ്വാഭാവികമായും ഉയർന്ന നിലയിൽ ആയിരിക്കും. ഭക്ഷണത്തിനു വേണ്ടതിനെക്കാൾ കൂടുതൽ പണം മരുന്നിനായി ചെലവഴിക്കുന്നുണ്ടാവും.
കേരളത്തിന്റെ ആളോഹരി മരുന്ന് ഉപയോഗം ശരാശരി 2004 രൂപയാണ്. ബിഹാറിൽ അത് 250ൽ താഴെയാണ്. എന്നാൽ, ബിഹാറിന്റെ ആരോഗ്യരംഗം നല്ലതാണെന്നു നമുക്കു പറയാൻ സാധിക്കില്ലല്ലോ. നല്ല ചികിത്സയും മരുന്നും ലഭിക്കുന്ന സാഹചര്യം ബിഹാറിൽ ഉണ്ടായിട്ടില്ല.
അവശ്യം വേണ്ട മരുന്നുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനൊപ്പം ദുരുപയോഗം കുറയ്ക്കുക എന്നതിലാണ് ഊന്നൽ നൽകേണ്ടത്. ഇതു രണ്ടും വെവ്വേറെയായി കണ്ടുകൊണ്ടുള്ള നയങ്ങൾ രൂപപ്പെടുത്തണം.
ജീവിതശൈലീ രോഗങ്ങൾ കൂടുന്നതിനനുസരിച്ച് മരുന്നുകളുടെ ഉപയോഗവും വർധിക്കും. ഡയാലിസിസ്, ആൻജിയോപ്ലാസ്റ്റി ചികിത്സകളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. രക്തസമ്മർദം കൃത്യമായി നിയന്ത്രിക്കാൻ സാധിക്കാത്തതുകൊണ്ടാണ് പല ഗുരുതര അസുഖങ്ങളും ഉണ്ടാവുന്നത്. ഇതിനെല്ലാം വേണ്ട മരുന്നുകൾ മലയാളികൾ കൃത്യമായി കഴിക്കുന്നുമില്ല. ഈ മരുന്നുകളുടെ ലഭ്യത കൂട്ടുന്നതാവണം ആരോഗ്യനയം.
ആന്റിബയോട്ടിക് ഉൾപ്പെടെയുള്ളവ മനുഷ്യന് താങ്ങാനാവുന്ന വിലയ്ക്ക് ലഭിക്കേണ്ടതാണ്. ഇവിടെ അതല്ല സ്ഥിതി. കാൻസർ ചികിത്സയ്ക്കുള്ള അത്യാധുനിക മരുന്നുകൾ ഇപ്പോൾ വിപണിയിലുണ്ട്. ഇവ കേരളത്തിൽ എത്ര പേർക്ക് കിട്ടുന്നുണ്ട്? ഇത്തരം മരുന്നുകളുടെ ലഭ്യത കൂട്ടേണ്ടതാണ്. ഒപ്പം മരുന്നിന്റെ വില നിയന്ത്രണവും ഫലപ്രദമായി നടപ്പാക്കണം. കേന്ദ്ര സർക്കാരിന്റെ പല നയങ്ങളും മരുന്നുവില വർധിപ്പിക്കാൻ മാത്രം സഹായിക്കുന്നതാണ്.
മരുന്നിന്റെ ലഭ്യത വർധിപ്പിക്കണം എന്നു പറയുമ്പോൾ അത് എവിടെനിന്നു ലഭിക്കുന്നു എന്നതുകൂടി കണക്കിലെടുക്കണം. താങ്ങാനാവുന്ന വിലയ്ക്കു മരുന്നു കിട്ടണമെങ്കിൽ സർക്കാർ ആശുപത്രികൾ തന്നെയാണ് ആശ്രയം. കഴിഞ്ഞ 5 വർഷത്തിനിടയിൽ സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തിൽ കാര്യമായ പുരോഗതി വന്നിട്ടുണ്ട്. കോവിഡ്കാലത്ത് അധികം ആളുകൾ ആശ്രയിച്ചതും സർക്കാർ സംവിധാനങ്ങളെത്തന്നെ.
ചെറുകിട ആശുപത്രികളുടെ വലിയ ശൃംഖല കേരളത്തിലുണ്ടായിരുന്നു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് വന്നതോടെ പലതും പ്രവർത്തിക്കാൻ സാധിക്കാതെ പൂട്ടിക്കഴിഞ്ഞു. നികുതി കുറച്ചുകൊടുത്തും മറ്റ് ഇളവുകൾ നൽകിയും ഈ ശൃംഖല തിരികെ വളർത്തിക്കൊണ്ടു വരണം. ഒപ്പം സഹകരണ മേഖലയിലെ ആശുപത്രികളെയും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു ചികിത്സാ സംവിധാനത്തിനായി നയരൂപീകരണം നടത്തണം.
മരുന്നിന്റെ ഉൽപാദനവും കേരളത്തിൽ തന്നെ നടത്തണം. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ശക്തിപ്പെടുത്തുന്നതോടൊപ്പം പുതുതലമുറ മരുന്നുകൾ ഉൽപാദിപ്പിക്കുന്ന സ്റ്റാർട്ടപ്പുകളും പ്രോത്സാഹിപ്പിക്കണം. മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനങ്ങളും വേണം. ഡ്രഗ് ഇൻസ്പെക്ടർമാരുടെ എണ്ണം കൂട്ടുന്നതോടൊപ്പം മികച്ച പരിശോധനാ സംവിധാനങ്ങളും വരണം.
അരിയും പയറും പോലെ വാങ്ങിക്കഴിക്കേണ്ട സാധനമല്ല മരുന്ന് എന്ന ബോധവൽക്കരണമാണ് അടിസ്ഥാനം. അതു സ്കൂൾ തലത്തിൽനിന്നു വേണം ആരംഭിക്കാൻ.
വിദേശങ്ങളിൽ ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ മരുന്ന് കിട്ടില്ല. ഫാർമസിസ്റ്റുകൾ അല്ലാതെ മരുന്ന് എടുത്തുതരികയുമില്ല. ഇതു നിർബന്ധമാക്കി, ഡിജിറ്റൽ റെക്കോർഡുകളും കണക്കുകളും സൂക്ഷിക്കുന്ന സംവിധാനമാണു വേണ്ടത്. കേരളത്തിന്റെ ആരോഗ്യമേഖലയെക്കുറിച്ച് ഒരു പൊതുചിത്രവും ഈ റെക്കോർഡുകളിൽനിന്നു ലഭിക്കും.
ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രം ലഭ്യമാവുന്ന പല മരുന്നുകളും ഇന്ന് ‘പാർട്ടി ഡ്രഗ്സ്’ ആയി ദുരുപയോഗം ചെയ്യുന്നുണ്ട്. മെഡിക്കൽ ഷോപ്പുകളിൽനിന്ന് ഒരു രേഖയും ഇല്ലാതെ ഇത്തരം മരുന്നുകൾ വിൽക്കുന്ന സംവിധാനം ഒഴിവായാൽത്തന്നെ ഈ ദുരുപയോഗത്തിനു നിയന്ത്രണം വരും. മരുന്നുകൾ ആവശ്യത്തിനു മാത്രം കഴിക്കാൻ ഉള്ളതാണ് എന്ന അവബോധം ചെറുപ്പത്തിൽ തന്നെ വളർത്തിയെടുക്കേണ്ടതാണ്.
(പ്രമുഖ പതോളജിസ്റ്റും കേരള ശാസ്ത്ര സാഹിത്യ പരിഷത്മുൻ പ്രസിഡന്റുമാണ് ലേഖകൻ)
English Summary: Awareness should be created in Kerala that medicines are only for consumption writes Dr. KP Aravindhan