ADVERTISEMENT

നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തിയേ മതിയാകൂ. അതിന് വിദേശ വാഴ്സിറ്റികളുടെ വരവ് സഹായമാകും; നമ്മുടെ സ്ഥാപനങ്ങൾക്കു പ്രചോദനമാകും

ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസത്തിനു നല്ല വശങ്ങൾ ധാരാളമുണ്ട്. എന്നാൽ, ഗുണമേന്മ മെച്ചപ്പെടുത്താനുള്ള നിരന്തരശ്രമം ഇനിയും നടത്തേണ്ടതുണ്ട്. പോരായ്മകളുണ്ടെന്ന് അംഗീകരിച്ചാലേ അവ പരിഹരിക്കാനുള്ള ആഗ്രഹമുണ്ടാകൂ. വിദേശകാര്യ മന്ത്രാലയത്തിന്റെ കഴിഞ്ഞവർഷത്തെ കണക്കനുസരിച്ച്, 13,24,954 ഇന്ത്യൻ വിദ്യാർഥികളാണ് വിദേശരാജ്യങ്ങളിലുള്ളത്. കഴിഞ്ഞ വർഷം, നവംബർ 30 വരെ മാത്രം ഏകദേശം ആറരലക്ഷം വിദ്യാർഥികൾ ഇന്ത്യയിൽനിന്നു വിമാനം കയറി.

രാജ്യാന്തരതലത്തിൽ സർവകലാശാലകളുടെ ഗുണമേന്മ വിലയിരുത്തുന്ന ക്യുഎസിന്റെ (Quacquarelli Symonds’) 2022ലെ റാങ്കിങ്ങിൽ ഇന്ത്യയിലെ ഒരു സർവകലാശാല പോലും ആദ്യ 150ൽ ഇല്ല. ഐഐടി ബോംബെ– 177, ഐഐടി ഡൽഹി– 185, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു– 186 എന്നിങ്ങനെയാണ് ഇന്ത്യൻ സ്ഥാപനങ്ങളുടെ ഉയർന്ന റാങ്കുകൾ. 

സി.വി.രാമന് നൊബേൽ ലഭിച്ചിട്ട് 92 വർഷം കഴിഞ്ഞിട്ടും ഇന്ത്യൻ പരീക്ഷണശാലയിൽ ഗവേഷണം നടത്തി ഒരാൾക്കുപോലും സയൻസിൽ നൊബേൽ നേടാൻ കഴിഞ്ഞി‌ട്ടില്ല. നാം എവിടെ നിൽക്കുന്നുവെന്നു വിലയിരുത്താൻ ഉപകരിക്കുന്ന വസ്തുതകളാണ് ഇതെല്ലാം. 

ബി.എസ്. വാരിയർ. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ
ബി.എസ്.വാരിയർ

മികവേറിയ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ത്യയിൽ പ്രവർത്തനാനുമതി നൽകുമെന്ന് 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ പറഞ്ഞിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് വിദേശ വാഴ്സിറ്റികൾക്ക് അനുമതി നൽകാനുള്ള മാർഗരേഖയുടെ കരട് യുജിസി പ്രസിദ്ധപ്പെടുത്തിയത്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. പക്ഷേ, നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആഗോള നിലവാരം ഉറപ്പാക്കാൻ ഇത്തരം ക്യാംപസുകൾ സഹായകമാകുമെന്നതിൽ സം‌ശയമില്ല. ഇന്ത്യയിലെ വിദേശ ക്യാംപസുകളിൽ ആധുനിക പഠനക്രമം, കരിക്കുല‌ം, സിലബസ് എന്നിവ സ്വതന്ത്രമായി ഏർപ്പെടുത്തുമ്പോൾ അവയുടെ സ്വാധീനം ഇന്ത്യൻ ക്യാംപസുകളിലും ഉണ്ടാകും. വിദേശ സർവകലാശാലകളിലെ പ്രഗല്ഭരായ അധ്യാപകർ ഇവിടെ താമസിക്കുമ്പോൾ നമ്മുടെ ക്യാംപസുകൾക്കും അവരുടെ സേവനം പ്രയോജനപ്പെടുത്താൻ കഴിയും. ഇരുവിഭാഗങ്ങളിലെയും സ്ഥാപനങ്ങൾക്കു സഹകരിച്ചു പ്രവർത്തിക്കാനും സാധിക്കും. ഇങ്ങനെയാകുമ്പോൾ, കിടമത്സരത്തിൽ പരാജയപ്പെട്ട് ഇന്ത്യൻ സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരുമെന്ന വാദം അസ്ഥാനത്താകും. മികവിന്റെ കേന്ദ്രങ്ങളായുയരാൻ ഇന്ത്യൻ സ്ഥാപനങ്ങൾക്കു പ്രചോദനം ലഭിക്കുമെന്നത് നിസ്സാരമല്ല.

ഭാഗികമായി ഇന്ത്യൻ സ്ഥാപനത്തിലും ഭാഗികമായി വിദേശ ക്യാംപസിലും ഇവിടെത്തന്നെ പഠിച്ചു നേടാവുന്ന ‘ട്വിന്നിങ്’ പ്രോഗ്രാമുകൾ നമ്മുടെ വിദ്യാർഥികൾക്ക് അനുഗ്രഹമാകും. വിദേശയാത്രയ്ക്കും താമസച്ചെലവിനും നമ്മുടെ കുട്ടികൾ വൻതുക ചെലവഴിക്കേണ്ടിവരുന്ന സാഹചര്യവും ഇതുവഴി ഒഴിവാകും. വിദേശനാണയവും ഇന്ത്യൻ രൂപയും തമ്മിൽ മൂല്യത്തിലും ക്രയശേഷിയിലുമുള്ള വ്യത്യാസം കാരണം, ഇന്ത്യയിലെ വിദേശക്യാംപസ് പഠനത്തിനു ചെലവിടേണ്ട തുക വിദേശത്തെ അപേക്ഷിച്ച് ഗണ്യമായി കുറയുമെന്നതും നമുക്കു ഉപകാരപ്രദമാവും.

യുജിസിയുടെ മേൽനോട്ടവും പരിശോധനയും ഉണ്ടാവുമെന്നതിനാൽ വിദേശസ്ഥാപനങ്ങൾക്കു വഴിവിട്ടു പ്രവർത്തിക്കാൻ കഴിയില്ല.

മെഡിക്കൽ വിദ്യാഭ്യാസം പോലും ഹിന്ദിയിലും മറ്റു പ്രാദേശികഭാഷകളിലും ആക്കണമെന്ന മട്ടിലുള്ള വാദങ്ങൾക്കെതിരെ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്. ഇന്ത്യൻ സാഹചര്യങ്ങളിൽ  മെഡിസിനും എൻജിനീയറിങ്ങും ഉൾപ്പെടെ ശാസ്ത്ര– സാങ്കേതികവിഷയങ്ങളും മറ്റും ഇംഗ്ലിഷിൽ പഠിക്കുന്നതുതന്നെയാണ് പ്രായോഗികം എന്നതു നാം മറന്നുകൂടാ. ഇന്ത്യയിലെ വിവിധഭാഷകളിലെല്ലാം പുതുപുത്തൻ അറിവുകൾ  അപ്പപ്പോൾ എത്തിക്കുക പ്രായോഗികമല്ല. പറയത്തക്ക പ്രയാസങ്ങൾക്ക് ഇടനൽകാതെ ഇംഗ്ലിഷ് മാധ്യമം ദശാബ്ദങ്ങളായി  ഇവിടെയുണ്ട്.

ഇന്ത്യയിൽ തൊഴിലവസരങ്ങൾ കുറവായ സാഹചര്യത്തിൽ, വിദേശത്തെങ്കിലും നല്ല ജോലി കണ്ടെത്താൻ ഉപകരിക്കുന്ന ഇംഗ്ലിഷ്ഭാഷാമാധ്യമത്തിലുള്ള യോഗ്യതകൾ ഇല്ലാതാക്കുന്നത് വരുംതലമുറയോട് കാട്ടുന്ന അനീതിയാകും. 

 കേരളത്തിലെ ഉന്നതവിദ്യാലയങ്ങളിൽ നിലനിൽക്കുന്ന രാഷ്ട്രീയപ്രേരിത കലാപാന്തരീക്ഷത്തിന് അവധി കൊടുക്കാതെ ഇവിടുത്തെ സ്ഥാപനങ്ങൾക്കു മെച്ചപ്പെടാനാകില്ലെന്നതും എടുത്തുപറയണം.  വിദേശത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെ വരട്ടെ. തുടക്കത്തിൽ അവയിൽനിന്നു പാഠങ്ങൾ പഠിക്കാം. ക്രമേണ അവയ്ക്കൊപ്പമോ  അവയെക്കാൾ മികച്ചതോ ആയ ഗുണമേന്മ നമ്മുടെ സ്ഥാപനങ്ങളിൽ ഉറപ്പുവരുത്തുകയുമാകാം.

(വിദ്യാഭ്യാസ– കരിയർ വിദഗ്ധനാണ് ലേഖകൻ)

English Summary: Let foreign universities come and we can grow writes BS Warrier

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com