മണി കെട്ടണം; ‘മണി’ കിട്ടണം
Mail This Article
വരുമാനക്കുറവ് മറികടക്കാൻ ചെലവു ചുരുക്കുകയാണു പ്രധാനമാർഗം. വികസനപദ്ധതികളെ ബാധിക്കാതെ അതു നടപ്പാക്കുന്നതിലാണ് മിടുക്ക്
കേരളം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാർത്തകൾ വായിക്കുമ്പോൾ 2000–2001ലെ അവസ്ഥ ഞാൻ ഓർക്കുകയാണ്. ഉയർന്ന ധനക്കമ്മി അന്നു സർക്കാരിന്റെ ദൈനംദിനപ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. ആ പ്രതിസന്ധി ആറു മാസത്തോളം നീണ്ടു. മന്ത്രിമാർക്കുള്ള വിമാന ടിക്കറ്റുകൾക്കു വരെ തടസ്സമുണ്ടായി. ഇത്തരം പ്രതിസന്ധികൾ കേവലം സാന്ദർഭികമല്ല. കേരളം കാലാകാലങ്ങളായി ശീലിച്ച ചില ശൈലീപരമായ അപകടങ്ങൾ ഇടയ്ക്കിടെ രൂക്ഷമായി തലപൊക്കുന്നതാണ്. അടിസ്ഥാനപരമായ പൊളിച്ചെഴുത്തിലൂടെയല്ലാതെ ആശ്വാസകരമായ ധനസ്ഥിതി ഇനി കൈവരിക്കാനാകില്ല.
കൂടുതൽ നികുതി വരുമാനമുള്ള, വ്യവസായവും കൃഷിയും താരതമ്യേന ശക്തമായി വളരുന്ന തമിഴ്നാടിനെയോ ധാതുഖനനം, പ്രകൃതിവാതക– പെട്രോളിയം വിഭവങ്ങൾ എന്നിവ ധാരാളമുള്ള കർണാടക, ആന്ധ്ര തുടങ്ങിയ സമ്പന്ന സംസ്ഥാനങ്ങളെപ്പോലെയോ അല്ല കേരളം. വരുമാനം വർധിപ്പിക്കുന്നതിന് ഒട്ടേറെ പരിമിതികൾ നമുക്കുണ്ടെങ്കിലും, അതു കൂട്ടുക തന്നെ വേണം. കടമെടുപ്പു പരിധി വെട്ടിക്കുറച്ചതും ജിഎസ്ടി നഷ്ടപരിഹാരം നിർത്തിലാക്കിയതും വഴിയുള്ള വരുമാനക്കുറവു മറികടക്കാൻ കർശനമായി ചെലവുചുരുക്കുകയാണ് ഏറ്റവും അഭികാമ്യം. എന്നാൽ, അതു വികസനപദ്ധതികളെ ബാധിക്കുകയുമരുത്. ഈ പ്രശ്നങ്ങൾ ആർക്കും അറിയാഞ്ഞിട്ടല്ല. പക്ഷേ, പൂച്ചയ്ക്കാരു മണി കെട്ടും? എപ്പോൾ, എങ്ങനെ കെട്ടും?
ധനപ്രതിസന്ധിയിൽനിന്നു കരകയറാൻ കേരളത്തിനു നിശ്ചയദാർഢ്യത്തോടെ നടപ്പാക്കാവുന്ന 10 നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നു.
1. വേണ്ട, ബ്ലോക്ക് പഞ്ചായത്ത്
ഇത്രയധികം തദ്ദേശസ്ഥാപനങ്ങളുള്ള സംസ്ഥാനത്ത് ബ്ലോക്ക് പഞ്ചായത്തുകളുടെ ആവശ്യമുണ്ടോ? ഗ്രാമവും നഗരവും ഏതാണ്ട് ഒരുപോലുള്ള കേരളത്തിൽ ആവശ്യത്തിനു കോടതികളാണില്ലാത്തത്. ഉള്ളവയിൽതന്നെ വ്യവഹാരങ്ങൾ കുന്നുകൂടുന്നു. സ്റ്റേറ്റിന്റെ ഭരണഘടനാപരമായ പ്രാഥമിക ധർമം വികസനമല്ല, നീതിയാണ്. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള കേസുകളും ലഹരിമരുന്നു കേസുകളും കൂടിവരികയാണ്. നിലവിലെ ചുമതലകൾ ജില്ല/ഗ്രാമ പഞ്ചായത്തുകൾക്കു നിറവേറ്റാമെങ്കിൽ ബ്ലോക്ക് പഞ്ചായത്തുകളെ നിയമം ഭേദഗതി ചെയ്ത് ഒഴിവാക്കാവുന്നതാണ്. ജീവനക്കാരെ നഗരസഭകളിലേക്കും പഞ്ചായത്തുകളിലേക്കും വിന്യസിക്കാം.
2.വേണം, പെൻഷനിൽ തുല്യത
സാമൂഹിക സുരക്ഷാപെൻഷൻ, സർവീസ് പെൻഷൻ, ക്ഷേമനിധി പെൻഷൻ എന്നിവയിൽ കുറച്ചെങ്കിലും തുല്യത വേണം. ചുരുങ്ങിയ കാലം സേവനം ചെയ്യുന്ന പഴ്സനൽ സ്റ്റാഫിനു പോലും പെൻഷൻ നൽകുന്നതുപോലുള്ള പല രീതികളും കേരളത്തിൽ മാത്രമേ കാണാൻ കഴിയൂ. ഒരു പെൻഷനറുടെ യഥാർഥ ആവശ്യങ്ങൾ കൃത്യമായി അറിയാതെ, മെച്ചപ്പെട്ട ധനസ്ഥിതി ഉണ്ടായിരുന്നപ്പോൾ സൃഷ്ടിച്ച നിരക്കുകളാണ് ഇതൊക്കെ. 60 വയസ്സിലെത്തിയ ശരാശരി പെൻഷൻകാരുടെ യഥാർഥ ആവശ്യങ്ങൾ നിലവിൽ 50,000 രൂപയിൽ ഒട്ടും കൂടുന്നില്ല. കുറഞ്ഞ ക്ഷേമപെൻഷൻ 1600 രൂപ തീരെ കുറവുമാണ്. ഇതിൽ ശാസ്ത്രീയമായ താരതമ്യ പഠനം നടത്തുകയും പെൻഷനുകൾ പുനർനിർണയിക്കുകയും വേണം.
3.നഷ്ടസ്ഥാപനങ്ങൾ പൂട്ടണം
ആവശ്യത്തിലധികം ജീവനക്കാരെ പേറുന്ന വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ തുടങ്ങിയവയിൽ പുനഃക്രമീകരണം അത്യാവശ്യമാണ്. കാര്യമായ നേട്ടമില്ലാത്ത സ്ഥാപനങ്ങൾ നിർത്തലാക്കുകയോ സമാന സ്വഭാവമുള്ള സ്ഥാപനങ്ങളുമായി ലയിപ്പിക്കുകയോ വേണം.
കഴിഞ്ഞ പത്തു വർഷമായി ലാഭമുണ്ടാക്കാത്ത സ്ഥാപനങ്ങൾ നിർത്തലാക്കി, അവയുടെ ആസ്തി ലാഭകരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പൊതു ആവശ്യങ്ങൾക്കും കൈമാറണം. പുതിയ ആവശ്യങ്ങൾക്കു സ്ഥലം ഏറ്റെടുക്കുന്ന തുകയും ഇതുവഴി ലാഭിക്കാം.
4. പ്രവൃത്തിദിനങ്ങൾ ആകെ 5 മതി
ആശുപത്രി, പൊലീസ് എന്നിവപോലെ നേരിട്ടു സേവനം നൽകുന്നവ ഒഴികെയുള്ള ഓഫിസുകളിലെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ആക്കി കുറയ്ക്കണം. ജോലിസമയം ദിവസേന ഒന്നര മണിക്കൂർ കൂട്ടുകയും ചെയ്യാം. വലിയ തോതിൽ വൈദ്യുതി, ഇതര സേവന ചെലവും ഉദ്യോഗസ്ഥരുടെ ആഴ്ചയിലെ ഒരു ദിവസത്തെ യാത്രാച്ചെലവും ക്ലേശവും ഒഴിവാക്കാം.
മിച്ച ദിവസം ഇ–ഓഫിസ് വഴി വീട്ടിലിരുന്നു രേഖകൾ പരിശോധിക്കാം. വിഡിയോ/ വോയ്സ് കോളിൽ വേണ്ട വിവരങ്ങൾ മേലുദ്യോഗസ്ഥനു ലഭ്യമാക്കണമെന്ന വ്യവസ്ഥയും വയ്ക്കാം. ശനിയാഴ്ച അവധി ലഭിക്കുന്നതു ജീവനക്കാർക്കു വ്യക്തിഗത കാര്യങ്ങൾ കൂടുതൽ ഫലപ്രദമായി ചെയ്യാനും ഓൺലൈൻ പരിശീലനം, ഉന്നത വിദ്യാഭ്യാസം, യാത്രകൾ എന്നിവയൊക്കെ ഫലപ്രദമാക്കാനും തൊഴിലിലെ പിരിമുറുക്കം കുറയ്ക്കാനും ഉപകരിക്കും.
5.ശമ്പളവർധന പത്താംവർഷം മതി
ആശുപത്രി, പൊലീസ് എന്നിവപോലെ നേരിട്ടു സേവനം നൽകുന്നവ ഒഴികെയുള്ള ഓഫിസുകളിലെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ആക്കി കുറയ്ക്കണം. ജോലിസമയം ദിവസേന ഒന്നര മണിക്കൂർ കൂട്ടുകയും ചെയ്യാം. വലിയ തോതിൽ വൈദ്യുതി, ഇതര സേവന ചെലവും ഉദ്യോഗസ്ഥരുടെ ആഴ്ചയിലെ ഒരു ദിവസത്തെ യാത്രാച്ചെലവും ക്ലേശവും ഒഴിവാക്കാം.
മിച്ച ദിവസം ഇ–ഓഫിസ് വഴി വീട്ടിലിരുന്നു രേഖകൾ പരിശോധിക്കാം. വിഡിയോ/ വോയ്സ് കോളിൽ വേണ്ട വിവരങ്ങൾ മേലുദ്യോഗസ്ഥനു ലഭ്യമാക്കണമെന്ന വ്യവസ്ഥയും വയ്ക്കാം. ശനിയാഴ്ച അവധി ലഭിക്കുന്നതു ജീവനക്കാർക്കു വ്യക്തിഗത കാര്യങ്ങൾ കൂടുതൽ ഫലപ്രദമായി ചെയ്യാനും ഓൺലൈൻ പരിശീലനം, ഉന്നത വിദ്യാഭ്യാസം, യാത്രകൾ എന്നിവയൊക്കെ ഫലപ്രദമാക്കാനും തൊഴിലിലെ പിരിമുറുക്കം കുറയ്ക്കാനും ഉപകരിക്കും.
6.വെറുതേ ഓടേണ്ട സർക്കാർ വണ്ടികൾ
സർക്കാർ സ്ഥാപനങ്ങളുടെ ഒഴിവാക്കാവുന്ന അമിതവ്യയത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വകുപ്പുകളുടെ അമിത വാഹന ഉപയോഗം. വാഹന വിവരങ്ങൾ രേഖപ്പെടുത്താൻ തുടങ്ങിയ വീൽസ് പോർട്ടലിൽ 12,000 സർക്കാർ വാഹനങ്ങൾ മാത്രമാണ് ഇതുവരെ റജിസ്റ്റർ ചെയ്തത്. യഥാർഥത്തിൽ 30,000 വാഹനങ്ങളെങ്കിലും സർക്കാരിനു കീഴിൽ ഉണ്ടാകണം. ഗതാഗത, ഊർജ രംഗത്തെ കാലിക മാറ്റം ഉൾക്കൊണ്ട്, നിശ്ചിതതലത്തിൽ താഴെയുള്ളവർക്കു വാഹന ഉപയോഗം വിലക്കണം. ഉദ്യോഗസ്ഥ– ഭരണഘടനാ തലങ്ങളിൽ ഏറ്റവും ഉയർന്ന പദവിയുള്ള 100–150 പേർക്കായി വാഹനം നൽകൽ പരിമിതപ്പെടുത്തണം. ഇതിൽപോലും സ്വന്തം വാഹനം ഉപയോഗിച്ച്, കിലോമീറ്ററിന് മൈലേജ് ചാർജ് പണമായി നൽകാനുള്ള സൗകര്യം ഏർപ്പെടുത്തണം. ഉദ്യോഗസ്ഥർക്ക് ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പലിശയിൽ സബ്സിഡിയുള്ള വായ്പ നൽകണം.
7.താഴെത്തട്ടിൽ മാറ്റം വേണം
ഇ–ഓഫിസ് വിപുലമായ ശേഷം ക്ലാസ്–ഫോർ തസ്തികകളുടെ കാര്യത്തിലും പുനരാലോചന വേണ്ടതാണ്. തപാലും കടലാസ് ഫയലും തീരെ ഇല്ലാത്ത ഭാവിയിൽ ക്ലാസ് ഫോർ ജീവനക്കാർ സത്യത്തിൽ എന്താണ് ചെയ്യേണ്ടത്? ബഹുമുഖ ജോലിചെയ്യുന്ന തസ്തികയായി മാറ്റി ഡ്രൈവിങ്/ റിപ്രോഗ്രഫി /കംപ്യൂട്ടർ ടൈപ്പിങ് സിദ്ധികളുള്ള താരതമ്യേന ചെറിയ കേഡറായി സർക്കാരിലെ ഏറ്റവും താഴ്ന്ന തസ്തികയെ മാറ്റേണ്ടിയിരിക്കുന്നു. ഇപ്പോഴുള്ളതിന്റെ മൂന്നിലൊന്നായെങ്കിലും ഇതു ചുരുക്കാം. ഓഫിസ് വൃത്തിയാക്കൽ/ഇതര ഓഫിസ് സേവനങ്ങൾ എന്നിവ പുറംകരാറായും നൽകാം. ഈ മേഖലയിൽ സ്ഥിരം തസ്തിക ഇന്ത്യയിൽ തന്നെ പലസംസ്ഥാനങ്ങളിലും ഇപ്പോഴില്ല.
8.പെൻഷൻപ്രായം കൂട്ടണം
പെൻഷൻ പ്രായം കേരളത്തിൽ കൈപൊള്ളുന്ന വിഷയമാണ്. കേരളത്തിലെ 56 വയസ്സ് ഇന്ത്യയിൽ അപൂർവമായ വിരമിക്കൽ പ്രായമാണ്. ധാരാളംപേർ വിരമിക്കുന്ന വർഷങ്ങളിൽ ഇതു വലിയ ബാധ്യതയാണ് ഖജനാവിനുണ്ടാക്കുന്നത്. പെൻഷൻ പ്രായം വർധിപ്പിക്കുന്ന കാര്യത്തിൽ യോജിച്ച തീരുമാനം വേണം.
9. അനാവശ്യ പദ്ധതികൾ വേണ്ട
അനാവശ്യമായതും കാലക്രമേണ വികസനഫലം കുറഞ്ഞതുമായ പദ്ധതികൾ പുനഃക്രമീകരിക്കണം. ഒഴിവാക്കാവുന്നവ ഉപേക്ഷിക്കണം. ഒരിക്കൽ ഒരു പദ്ധതി നടപ്പാക്കിത്തുടങ്ങിയാൽ പിന്നെ നമുക്കതിനെ ഉപേക്ഷിക്കാൻ എന്തോ വലിയ മനഃപ്രയാസമാണ്. ഇതിൽ ധന, പ്ലാനിങ് വകുപ്പുകൾ ഭരണവകുപ്പുകളെ വിശ്വാസത്തിലെടുത്തു കൂടുതൽ അച്ചടക്കം പുലർത്തിയാൽ 5000– 6000 കോടി രൂപ വരെ വാർഷികപദ്ധതിയിൽ ലാഭിക്കാൻ സാധിക്കും. ജപ്പാനിൽ മന്ത്രാലയങ്ങൾക്കൊന്നും വാർഷികമായി അധിക വിഹിതം ബജറ്റിൽ നൽകാറില്ല. പുതിയ പദ്ധതികൾ കൊണ്ടുവരാൻ പഴയവ പിൻവലിക്കേണ്ടിവരും. അതിനാൽ ഏറ്റവും ഫലസിദ്ധി കൂടിയ പദ്ധതികൾ മാത്രമാകും ഒരു സമയം നടത്തിപ്പിലുണ്ടാവുക.
10. വികസനത്തിൽ മതി നിക്ഷേപം
ആരോഗ്യം, വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം എന്നീ മേഖലകളിലൊക്കെ സർക്കാർ ധാരാളം പണം നിക്ഷേപിച്ചിട്ടുണ്ട്. ഇൗ മേഖലകളിലെ നിലവാരസൂചികകളിൽ കേരളം വളരെ മുന്നിലുമാണ്. വലിയ കടം സ്വീകരിച്ച് വികസിപ്പിക്കാനുള്ള പശ്ചാത്തല മേഖലകളും പദ്ധതികളും കൂടുതൽ നിർവഹിക്കുകയും അവയുടെ സാമ്പത്തികനേട്ടം സമ്പദ്ഘടനയിലാകെ വ്യാപിപ്പിക്കുകയുമാണു ചെയ്യേണ്ടത്. പദ്ധതി നിക്ഷേപം അന്തിമമായി രാഷ്ട്രീയ തീരുമാനമാണെങ്കിലും അതിന് ഒരു താരതമ്യ സാമ്പത്തിക മൂല്യനിർണയം ആവശ്യമാണ്.
പരിഹാര നടപടികൾ കൈക്കൊള്ളാതെ, കടംപെരുകി വികസനത്തിന്റെ കഴുത്തു ഞെരിച്ച് സാധാരണ പ്രവർത്തനങ്ങളും ജീവനക്കാരുടെ അടിസ്ഥാന ക്ഷേമവും ജനങ്ങൾക്കുള്ള ഒഴിച്ചുകൂടാനാകാത്ത സേവനങ്ങളും സമ്മർദത്തിലാകുന്ന സ്ഥിതി ഒഴിവാക്കേണ്ടതുണ്ട്. പൂച്ചയ്ക്കുള്ള വിവിധതരം മണികൾ താമസംവിനാ ഫലപ്രദമായി ഇപ്രകാരം കൂട്ടിക്കെട്ടിയാൽ പമ്മി പമ്മി പാൽ കുടിക്കുന്ന പൂച്ചകളെ കുറെയൊക്കെ നിയന്ത്രിക്കാം, തുരത്താം. ജനത്തിന് ആ വികസന–പരിരക്ഷാ–പാൽപായസം കുടിക്കാം. ആര് എപ്പോൾ എങ്ങനെ ധനക്കമ്മിപൂച്ചയ്ക്കു മണി കെട്ടും എന്നതിന്റെ ഉത്തരം, പാൽ കിട്ടാതാവുമ്പോൾ ശക്തിയായി കരയുന്നവരാണ് സത്യത്തിൽ തീരുമാനിക്കുന്നത്.
(സംസ്ഥാന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ലേഖകൻ. അഭിപ്രായം വ്യക്തിപരം)
English Summary: 10 tips to get out of financial crisis of Kerala Government