മലയാളത്തിന്റെ മനഃപാഠം
Mail This Article
വർഷം 1944. എറണാകുളത്തു കവിസമ്മേളനത്തിൽ പങ്കെടുക്കാൻ പോയ ഒളപ്പമണ്ണയ്ക്ക് ഇഷ്ടകവിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയെ കണ്ടപ്പോൾ സന്തോഷം അടക്കാനായില്ല. താനും കവിതയെഴുതാറുണ്ടെന്നു പറഞ്ഞ് അദ്ദേഹം സ്വയം പരിചയപ്പെടുത്തി.
‘പൊരത്തറയുടെ മാഹാത്മ്യംകൊണ്ടു കാവ്യലോകത്തു പയറ്റാനൊരുങ്ങുകയാണോ’ എന്നു പരിഹാസത്തിൽ ചോദിച്ചു ചങ്ങമ്പുഴ. ‘പൊരത്തറ ഇനി അറിയപ്പെടുന്നത് എന്നിലൂടെയാവും’ എന്നായിരുന്നു ആത്മവിശ്വാസത്തോടെയുള്ള ഒളപ്പമണ്ണയുടെ മറുപടി. അതു തന്നെ സംഭവിച്ചു. ഇപ്പോൾ ഒളപ്പമണ്ണ ഒരു മനയുടെ പേരാണെന്നറിയുന്നവർ വള്ളുവനാട്ടുകാരും മറ്റിടങ്ങളിലെ ചരിത്രകുതുകികളും മാത്രം. അവർ പോലും മനയെ മറന്നു മഹാകവിയെ സ്മരിക്കുന്നു.
വിദ്യാർഥിയായിരുന്ന കാലത്തു ചങ്ങമ്പുഴക്കവിതയുടെ ലഹരിയിൽ ഉന്മത്തനായിരുന്നു ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്. ആദ്യമെഴുതിയതെല്ലാം ചങ്ങമ്പുഴയെ പിൻപറ്റി. ഒരു നോട്ടുപുസ്തകം നിറയെ ചങ്ങമ്പുഴ എന്നാണ് ഇതിനെപ്പറ്റി ‘എന്റെ കവിത’ എന്ന ലേഖനത്തിൽ ഒളപ്പമണ്ണ തന്നെ എഴുതിയത്. എന്നാൽ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഒരു വർഷം താമസിച്ച സംഗീതത്തറവാട്ടിൽനിന്നു കവിയായി മുതിർന്നപ്പോൾ ഗീതികളുടെ ലയലാവണ്യം വിട്ടു സ്വന്തം കവിതയെ കാച്ചിക്കുറുക്കി ജ്വലിപ്പിച്ചെടുത്തു സുബ്രഹ്മണ്യൻ. പാടി നീട്ടുകയും താളം പിടിപ്പിക്കുകയും ചെയ്യുന്ന പാട്ടുവൃത്തങ്ങളുപേക്ഷിച്ചാണ് അദ്ദേഹം രണ്ടും ഒന്നും മൂന്നായ ഗായത്രത്തിൽ ‘നങ്ങേമക്കുട്ടി’ രചിച്ചത്. അതു കവിതയിലെ വിപ്ലവം.
ആനകൾക്കൊപ്പം ബാല്യം, മഹാത്മജിക്കും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിക്കുമൊപ്പം നിന്നതിനാൽ പാതിയിൽ നിലച്ച വിദ്യാഭ്യാസം, കവിത കുറുക്കിയെടുത്തു വിളമ്പൽ, മനയിൽനിന്നു കർഷകനായി മണ്ണിലേക്ക്, മരക്കച്ചവടത്തിലേക്ക്... ഒറ്റവാക്കിൽ ‘മഹാകവി’; ഇങ്ങനെ സംഗ്രഹിക്കാം ഒളപ്പമണ്ണയുടെ ജീവിതം. മലയാളക്കരയിൽ ഇതുപോലൊരു ജീവിതം മറ്റൊരു കവിക്കുമില്ല.
വിദ്യാർഥിയായിരുന്ന കാലത്ത് അദ്ദേഹം താമസിച്ച ലോഡ്ജ് മുറിയിൽ കയറി ബ്രിട്ടിഷ് പൊലീസ് കവിതാപുസ്തകം പിടിച്ചെടുത്തിട്ടുണ്ട്. ഒറ്റപ്പാലം ഹൈസ്‌കൂളിൽ പഠിക്കുകയായിരുന്ന കവി അന്നു താമസിച്ചിരുന്നത് കെസിഎസ്പി ലോഡ്ജിലായിരുന്നു. 1940ലെ മൊറാഴ കലാപത്തെത്തുടർന്നു കൊലപാതകക്കുറ്റം ചുമത്തി കെ.പി.ആർ.ഗോപാലനെ പൊലീസ് അന്വേഷിക്കുന്ന സമയം. ഇ.എം.എസ്. നമ്പൂതിരിപ്പാടിനെയും അറസ്റ്റ് ചെയ്യാൻ പൊലീസിനു നിർദേശം കിട്ടി. വിദ്യാർഥിപ്രസ്ഥാനത്തിൽ സജീവമായിരുന്ന ഒളപ്പമണ്ണയുടെ മുറിയിൽ ഇഎംഎസിനെ അന്വേഷിച്ചാണു പൊലീസെത്തിയത്. പിടിച്ചെടുത്തതാകട്ടെ മഹാത്മജിയെക്കുറിച്ചും മറ്റും എഴുതിയ കവിതകൾ.
ഏതായാലും ആദ്യകവിതകൾ പ്രസിദ്ധീകരണത്തിനയച്ചു കാത്തിരിക്കേണ്ട ഗതികേട് ഒളപ്പമണ്ണയ്ക്കുണ്ടായില്ല. ‘തീവ്രവാദ സാഹിത്യ’മെന്നു സംശയിച്ച് അതു പൊലീസ് കൊണ്ടുപോയി. അങ്ങനെ ഒളപ്പമണ്ണ അപകടകാരിയായ കവിയാണെന്നു ബ്രിട്ടിഷുകാർ സാക്ഷ്യപ്പെടുത്തി. തീപാറുന്ന സ്വന്തം വിപ്ലവഗാനങ്ങൾ പാടി സ്വതന്ത്രതിരുവിതാംകൂർ വാദത്തിനെതിരെ വിദ്യാർഥിജാഥ നയിച്ചിട്ടുണ്ട് ഒളപ്പമണ്ണ.
പാലക്കാട് വിക്‌ടോറിയ കോളജിൽ ചേർന്നപ്പോൾ പുരോഗമന പ്രസ്ഥാനത്തിൽ സജീവമായി. ഉള്ളിൽ സമരവീര്യം ഇരമ്പിയതോടെ വിദ്യാഭ്യാസം നിലച്ചു. അക്കാദമിക് പഠനം തുടർന്നില്ലെങ്കിലും ഒളപ്പമണ്ണയുടെ കവിതകൾ പിന്നീടു ബിരുദ ക്ലാസുകളിലും ബിരുദാനന്തര ബിരുദ ക്ലാസുകളിലും പാഠപുസ്തകങ്ങളായി.
വിക്‌ടോറിയ കോളജിൽ ഇന്റർമീഡിയറ്റിനു പഠിക്കുമ്പോഴാണ് ആദ്യ കവിതാസമാഹാരമായ ‘വീണ’ പുറത്തിറങ്ങുന്നത്. തുടക്കത്തിൽ പടപ്പാട്ടുകളെഴുതിയിരുന്നെങ്കിലും വാളല്ല സമരായുധമെന്നു തിരിച്ചറിഞ്ഞു പെട്ടെന്നുതന്നെ ‘മണിപ്പൊൻവീണ’ വാങ്ങിയ കവിയാണ് ഒളപ്പമണ്ണ.
കലയും സാഹിത്യവും സംഗീതവും തലയെടുപ്പോടെ ചെവിയാട്ടി നിന്ന ഒളപ്പമണ്ണ മനയെ മലയാളിമനസ്സിൽ ഒരു കവിനാമമാക്കി മാറ്റിയത് സുബ്രഹ്മണ്യനാണ്. കഥകളി കണ്ടു വളർന്നയാൾ തേക്കിൻകാട്ടിൽ രാവുണ്ണി നായരുടെ ശിഷ്യനായി കളിമുദ്രയും സങ്കേതങ്ങളും പഠിച്ചു. കഥകളിയിലെ അതികായന്മാരെപ്പറ്റി ലേഖനങ്ങളെഴുതി. കഥകളിയുടെ രംഗശ്രീ എന്ന പേരിൽ പിന്നീടിതു പുസ്തകമായി. ഇട്ടിണ്ണാൻ പണിക്കരുടെ കല്ലടിക്കോടൻ ചിട്ടയും ഇട്ടിരാരിശ്ശമേനോന്റെ കല്ലുവഴി സമ്പ്രദായവും മുതൽ പട്ടിക്കാംതൊടി രാമുണ്ണിമേനോൻ കടഞ്ഞെടുത്ത കഥകളി സൗന്ദര്യത്തെപ്പറ്റിയും തന്റെ സമകാലികരായിരുന്ന കഥകളി കലാകാരന്മാരെപ്പറ്റിയുമെല്ലാം ഈ പുസ്തകത്തിൽ വിശദമായ ഓർമകളുണ്ട്. ‘അംബ’ എന്ന പേരിൽ ആട്ടക്കഥയുമെഴുതി ഒളപ്പമണ്ണ.
കഥകളിയെക്കുറിച്ചെഴുതുമ്പോൾ ചില സരസസംശയങ്ങളും ഉന്നയിക്കുന്നുണ്ട് ഒളപ്പമണ്ണ. വള്ളത്തോളിനു കേൾവിക്കുറവുണ്ടായിരുന്നതുകൊണ്ടാണോ കഥകളിയിൽ ആട്ടത്തിനു പ്രാമുഖ്യം കൽപിച്ചിട്ടുള്ളതെന്നാണ് ഒരു സംശയം.
മകൻ സഞ്ജയ് ഗാന്ധി അപകടത്തിൽ മരിച്ചതിനെത്തുടർന്നുള്ള നാളുകളിലൊന്നിൽ ഇന്ദിരാഗാന്ധി കേരള കലാമണ്ഡലം ജൂബിലിക്കു ചെറുതുരുത്തിയിൽ വന്നപ്പോൾ ഒളപ്പമണ്ണയായിരുന്നു കലാമണ്ഡലം ചെയർമാൻ. ഇന്ദിരാഗാന്ധിക്കു കാണാൻ അദ്ദേഹം ലവണാസുരവധം കളിയൊരുക്കി. ലവനെയും കുശനെയും സീതയെയും അരങ്ങിൽ ഒന്നിച്ചു കണ്ട ഇന്ദിരയുടെ കണ്ണുനിറഞ്ഞു. അവർ ഒളപ്പമണ്ണയെ വണങ്ങി. 1991ൽ വീണ്ടും ചെയർമാനായെങ്കിലും കലാമണ്ഡലം കക്ഷിരാഷ്ട്രീയത്തിന്റെ പിടിയിലമരുന്നതിൽ സങ്കടപ്പെട്ടു രാജിനൽകുകയും ചെയ്തു.
റബർ വ്യാവസായികാവശ്യത്തിനു മാത്രമല്ല, കവിതയ്ക്കും അസംസ്‌കൃതവസ്തുവാണെന്നു തെളിയിച്ചതും ഒളപ്പമണ്ണയാണ്. വിശറിപ്പച്ചയാൽ അതു കവിയെ തണുപ്പിച്ചു, ജീവിതത്തണലായി. റബറിന്റെ മനം ക്ഷീരമധുരോദാര സാഗരമായി. റബറിനെ കാമധേനുവെന്നും മംഗളദേവതയെന്നും വിളിച്ചു കർഷകനായ കവി.
മറ്റു കുട്ടികൾ കളിപ്പാട്ടംകൊണ്ടു കളിച്ചപ്പോൾ ആനകളെ കുളിപ്പിച്ചും കളിപ്പിച്ചും ബാല്യം കഴിച്ചയാളാണ് ഒളപ്പമണ്ണ. നാട്ടാനകളെ കണ്ടുകണ്ടു രസം പിടിച്ച് ‘അകലെ കാട്ടുകുളത്തിൽ അതിഗംഭീരൻ കൊമ്പൻ നിൽപതു’ കാണാൻ വനാതിർത്തിയായ മണ്ണാർക്കാട്ടേക്ക് അദ്ദേഹം റബർ കൃഷിക്കു പോയി. കണ്ടമംഗലത്തെ കാട്ടിൽ കർഷകനായി ജീവിച്ച കാലത്തു പുതുമണ്ണിൽ പുതുകവിതകളും വിളഞ്ഞു. കോട്ടോപ്പാടം പഞ്ചായത്ത് രൂപീകൃതമായപ്പോൾ ആദ്യ പഞ്ചായത്ത് പ്രസിഡന്റായും ചുമതലയേറ്റു.
പാലക്കാട് നഗരത്തിൽ ശ്രീനാരായണ ഗുരു ചികിത്സയ്ക്കു വന്നു താമസിച്ചപ്പോൾ ഒപ്പം സഹായിയായി വന്ന കുമാരനാശാൻ വീണപൂവിന്റെ ആദ്യശ്ലോകമെഴുതിയ ജൈനിമേട്ടിലേക്കാണു പിന്നീട് ഒളപ്പമണ്ണ താമസം മാറ്റിയത്. ഗുരു താമസിച്ച ജൈനപണ്ഡിതന്റെ വീട്ടിലെ ഡയറിയിലാണ് ‘ഹാ പുഷ്പമേ...’ എന്നു തുടങ്ങുന്ന വരികൾ ആശാൻ കുറിച്ചിട്ടത്. ഈ ഡയറി താൻ കണ്ടിട്ടുണ്ടെന്ന് ഒളപ്പമണ്ണ പിന്നീടെഴുതി. ഇവിടെയെത്തിയ ശേഷമാണ് ഹരിശ്രീ ടിംബർ ഇൻഡസ്ട്രീസ് തുടങ്ങി മരക്കച്ചവടത്തിലേക്കു കടന്നത്. ആലുവയിൽ യൂണിയൻ ടൈൽ വർക്സ് എന്ന ഓട്ടുകമ്പനി നടത്തിയ ആശാൻ തന്നെ മുൻഗാമി. എന്നാൽ, ‘ചന്തയിലളന്നിട്ടു വിറ്റഴിച്ചതു മേന്മേലെന്നെയോ മരമോ ഞാൻ’ എന്നു ശങ്കിച്ചപ്പോൾ മരക്കച്ചവടം നിർത്തി.
1975ൽ വീട്ടിൽ വീണു കാലിനു പരുക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്ന ഒളപ്പമണ്ണയെ എൻ.വി.കൃഷ്ണവാരിയർ സന്ദർശിച്ചു. പതിവു സംസാരമോ ഉത്സാഹമോ ഇല്ലാത്ത കവിയോട് എന്തെങ്കിലും വായിക്കൂ സമാധാനം കിട്ടും എന്ന് എൻ.വി ഉപദേശിച്ചു.
‘വെറുതേ കിടക്കുമ്പോൾ കൃഷ്ണവാരിയരേ ഞാൻ
വരികൾക്കിടയിലെ ശൂന്യത വായിക്കുന്നേൻ...’
എന്നായിരുന്നു കവിതയിൽത്തന്നെ ഒളപ്പമണ്ണ എഴുതിയ മറുപടി. അദ്ദേഹത്തിന്റെ വരികളിലും വരികൾക്കിടയിലുമുള്ളതാകട്ടെ എത്ര കോരിയാലും വറ്റാത്ത കാവ്യതീർഥവും. ആസ്വാദകർ അതു നുകർന്നുകൊണ്ടേയിരിക്കുന്നു.
‘ചെറിയ കിളിവാതിൽ. അതിലൂടെ നോക്കിയാൽ പരന്ന ലോകം. ഓരോ വാക്കിലും അർഥവ്യാപ്തി’- ഇതായിരുന്നു കവിതയെപ്പറ്റി ഒളപ്പമണ്ണയുടെ നിർവചനം.
ഒളപ്പമണ്ണ സുബ്രഹ്‌മണ്യൻ നമ്പൂതിരി
∙ ജനനം: 1923 ജനുവരി 10
∙ പ്രധാന കൃതികൾ: ‘നങ്ങേമക്കുട്ടി’ (ഖണ്ഡകാവ്യം), ‘അംബ’ (ആട്ടക്കഥ)
∙ പ്രധാന കാവ്യസമാഹാരങ്ങൾ: വീണ, കൽപന, കുളമ്പടി, കിലുങ്ങുന്ന കയ്യാമം, അശരീരികൾ, ഇലത്താളം, തീത്തൈലം, പാഞ്ചാലി, ഒലിച്ചുപോകുന്ന ഞാൻ, ഏഹി സൂനരി, കഥാകവിതകൾ, ആനമുത്ത്, സുഫല, ദുഃഖമാവുക സുഖം, നിഴലാന, ജാലകപ്പക്ഷി, നിത്യകല്യാണി‘
∙ മരണം: 2000 ഏപ്രിൽ 10
Content Highlight: Poet Olappamanna’s birth centenary