അയോഗ്യത വിധിക്കുമ്പോൾ
Mail This Article
ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിമാരാകാൻ താൽപര്യപ്പെടുന്നവർ ശ്രദ്ധിക്കണം: നിങ്ങൾ ലൈംഗിക ന്യൂനപക്ഷമായിരിക്കരുത്; നിങ്ങളുടെ ജീവിതപങ്കാളി വിദേശിയാകരുത്; നിങ്ങൾ പ്രധാനമന്ത്രിയെ വിമർശിക്കരുത്; അഭിപ്രായങ്ങൾ പരസ്യമായി പറയരുത്. ഹൈക്കോടതി ജഡ്ജിമാരായി തങ്ങൾ നിർദേശിച്ചതിൽ മൂന്നു പേരുകൾ മടക്കിയയച്ചതിനു കേന്ദ്രം പറഞ്ഞത് ഇക്കാരണങ്ങളാണെന്ന് സുപ്രീം കോടതിയുടെ കൊളീജിയം തന്നെ വ്യക്തമാക്കുന്നു.
അഭിഭാഷകരായ സൗരഭ് കൃപാൽ, സോമശേഖർ സുന്ദരേശൻ, ആർ.ജോൺ സത്യൻ എന്നിവരെ യഥാക്രമം ഡൽഹി, ബോംബെ, മദ്രാസ് ഹൈക്കോടതികളിൽ ജഡ്ജിമാരാക്കാനാണു കൊളീജിയം ശുപാർശ ചെയ്തത്. സൗരഭ് സ്വവർഗ തൽപരനായതിനാലും എൽജിബിടിക്യു വ്യക്തികളുടെ അവകാശങ്ങൾക്കായി ശക്തമായി വാദിക്കുന്നതിനാലും ജീവിതപങ്കാളി സ്വിസ് പൗരനായതിനാലും ജഡ്ജിയാകാൻ യോഗ്യനല്ലെന്നു കേന്ദ്രം വിധിയെഴുതി.
തീർത്തും പക്ഷപാത സ്വഭാവമുള്ള അഭിപ്രായങ്ങളുണ്ടെന്നതും സർക്കാരിനെയും അതിന്റെ നയങ്ങളെയും വിമർശിക്കുന്നു എന്നതുമാണ് സോമശേഖറിന്റെ അയോഗ്യത. പ്രധാനമന്ത്രിയെ വിമർശിക്കുന്ന ലേഖനം ഷെയർ ചെയ്തതും മെഡിക്കൽ സീറ്റ് ലഭിക്കാതിരുന്ന പെൺകുട്ടി ജീവനൊടുക്കിയതിനെ ‘രാഷ്ട്രീയ വഞ്ചന’ എന്നു വിളിച്ചതും ‘ഷെയിം ഓഫ് യു ഇന്ത്യ’ എന്നു ഹാഷ്ടാഗ് സൃഷ്ടിച്ചതുമാണ് ജോണിന്റെ പിഴവുകൾ. ഇപ്പറയുന്നതൊന്നും അയോഗ്യതകളല്ലെന്നു വ്യക്തമാക്കി മൂന്നു പേരുകളും കൊളീജിയം വീണ്ടും സർക്കാരിലേക്കു വിട്ടിരിക്കുകയാണ്. രണ്ടാമതും ശുപാർശ വന്നാൽ അത് അംഗീകരിക്കാൻ സർക്കാർ ബാധ്യസ്ഥമെന്നാണു വ്യവസ്ഥ. അതു പാലിക്കണമോയെന്നു സർക്കാർ തീരുമാനിക്കും.
സൗരഭിന്റേതാണ് പുതുമയുള്ള വിഷയം. കാരണം, എൽജിബിടിക്യു വ്യക്തികളും മനുഷ്യരാണെന്നും ജീവിക്കാൻ അവർക്കും തുല്യ അവകാശമുണ്ടെന്നും ഇന്ത്യയിലെ ഭൂരിപക്ഷമനസ്സ് അംഗീകരിച്ചുവരുന്നതേയുള്ളൂ. മറ്റു രണ്ടു പേരുടെ കാര്യത്തിൽ അടിസ്ഥാനപ്രശ്നം ലളിതമാണ്: തങ്ങളുടെ രാഷ്ട്രീയ ചിന്താഗതിയുള്ളവരല്ല സോമശേഖറും ജോണുമെന്നു സർക്കാർ വിലയിരുത്തുന്നു; അതിനാൽ, അവർ വാദം തുടർന്നോട്ടെ, കോടതിയിൽ വിധി പറയാൻ വരേണ്ടതില്ല.
ജഡ്ജിയുടെ രാഷ്ട്രീയ മനസ്സെവിടെ എന്നു നോക്കുന്നത് ആദ്യ സർക്കാരിന്റെ കാലം മുതലേയുള്ള രീതിയാണ്. രാഷ്ട്രത്തെ നിർമിച്ചുയർത്താൻ ജുഡീഷ്യറി ഉൾപ്പെടെയുള്ള മറ്റു തൂണുകളും തങ്ങൾക്കൊപ്പം നിൽക്കണമെന്നായിരുന്നു സർക്കാരിന്റെ അന്നത്തെ വാദം. ജഡ്ജിനിയമനത്തിൽ സാമുദായിക സന്തുലനം വേണമെന്ന നെഹ്റുവിന്റെ വാദത്തെ ആദ്യ ചീഫ് ജസ്റ്റിസ് എതിർത്തപ്പോൾ അത് ഏറ്റുമുട്ടലിന്റെ തുടക്കവുമായി. ജുഡീഷ്യറിയിൽ സർക്കാർ രാഷ്ട്രീയതാൽപര്യത്തോടെ ഇടപെടുന്നുവെന്ന ആരോപണവും അന്നു തുടങ്ങി. തീർപ്പാക്കപ്പെടാൻ സാധ്യതയില്ലാത്ത ഹർജിയായി അത് ഇപ്പോഴും തുടരുന്നു. ജഡ്ജിമാർക്കു രാഷ്ട്രീയ നിലപാടുകൾ പാടുണ്ടോയെന്ന ചോദ്യവും അന്നേയുണ്ട്.
ജമ്മു–കശ്മീർ പ്രധാനമന്ത്രിയും പഞ്ചാബിലെ പോസ്റ്റൽ യൂണിയൻ നേതാവും മംഗലാപുരത്തെ കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറിയുമൊക്കെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജഡ്ജിമാരായിട്ടുണ്ട്. അവരുടെ പ്രവർത്തനരീതി വിമർശിക്കപ്പെട്ടുമില്ല. മോഹൻ കുമാരമംഗലത്തെ മദ്രാസിൽ ജഡ്ജിയാക്കണമെന്ന ശുപാർശ അന്നത്തെ ചീഫ് ജസ്റ്റിസ് പി.ബി.സിൻഹ തള്ളിയത്, കുമാരമംഗലത്തിന്റെ കമ്യൂണിസ്റ്റ് അനുഭാവം ജുഡീഷ്യൽ സംശുദ്ധിയെയും നിഷ്പക്ഷതയെയും ബാധിക്കുമെന്നു പറഞ്ഞാണ്. മന്ത്രിയായിരുന്നശേഷം ഹൈക്കോടതിയിലൂടെ സുപ്രീം കോടതിയിലെത്തിയ ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ, സുപ്രീം കോടതിയിലെ ആദ്യ സോഷ്യലിസ്റ്റ് ജഡ്ജിയെന്ന വിശേഷണം ഇഷ്ടപ്പെട്ടു.
1980കളുടെ ആദ്യം, ബോംബെ ചീഫ് ജസ്റ്റിസ് എം.എൻ.ചന്ദുർക്കറിനെ സുപ്രീം കോടതി ജഡ്ജിയാക്കണമെന്ന ശുപാർശ സർക്കാർ തള്ളി. കാരണം, ചന്ദുർക്കർ ആർഎസ്എസ് നേതാവ് എം.എസ്.ഗോൾവാൾക്കറുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുകയും അദ്ദേഹത്തെ പ്രകീർത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് സർക്കാരിന് അറിയാമായിരുന്നു.
ഇന്ദിരാ ഗാന്ധിയുടെ കാലത്ത്, ജഡ്ജിസ്ഥാനത്തേക്കുള്ള പട്ടികയിലുള്ളവർക്ക് കോൺഗ്രസ് മനസ്സുണ്ടോയെന്നത് പ്രധാന പരിശോധനയായിരുന്നു. ശുപാർശ ചെയ്യപ്പെടുന്നവരുടെ രാഷ്ട്രീയ നിലപാടെന്തെന്ന് ചില കാലങ്ങളിൽ മന്ത്രിമാർ ചീഫ് ജസ്റ്റിസിനോടു നേരിട്ടു ചോദിച്ചു. സഹജഡ്ജിമാരാകുന്നവരുടെ രാഷ്ട്രീയച്ചായ്‌വുകൾ മനസ്സിലാക്കാൻ ശ്രമിക്കുന്ന ചീഫ് ജസ്റ്റിസുമാരുമുണ്ടായിരുന്നു. എന്നിട്ടും, ഭരണപക്ഷ ജഡ്ജിമാരെന്നു വിമർശിക്കപ്പെട്ടവരുടെ പട്ടിക ചെറുതായിരുന്നു.
മോദി ഗ്ലോബൽ കാഴ്ചപ്പാടുള്ള ജീനിയസ് ആണെന്ന് സുപ്രീം കോടതി ജഡ്ജിയായിരിക്കെയാണ് ജസ്റ്റിസ് അരുൺ മിശ്ര വിശേഷിപ്പിച്ചത്, മൂന്നു വർഷം മുൻപ്. അദ്ദേഹം തന്റെ അഭിപ്രായസ്വാതന്ത്ര്യം വിനിയോഗിച്ചു. എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും അതു ഭരണഘടനാപരമായ പദവിക്കു തടസ്സമല്ലെന്നുമാണ് സോമശേഖറിന്റെയും ജോണിന്റെയും കാര്യത്തിൽ ഇപ്പോൾ സുപ്രീം കോടതിയും സർക്കാരിനോടു പറയുന്നത്; കഴിവും സംശുദ്ധിയുമാണു പരിഗണിക്കേണ്ടതെന്നും.
സ്വവർഗ താൽപര്യം ഇപ്പോൾ ക്രിമിനൽ കുറ്റമല്ലെന്നു സർക്കാരും സമ്മതിക്കുന്നു. എന്നാൽ, സൗരഭ് സ്വവർഗവിഷയത്തിൽ തുടർന്നും പക്ഷപാതിയാകാനുള്ള സാധ്യത സർക്കാർ ഭയക്കുന്നു. ലൈംഗിക ന്യൂനപക്ഷത്തിനു മാത്രമുണ്ടാകാവുന്നതാണോ പക്ഷപാതം? ലൈംഗിക ഭൂരിപക്ഷത്തിനും മതഭൂരിപക്ഷത്തിനും മതന്യൂനപക്ഷത്തിനും പക്ഷപാതമുണ്ടാകില്ലേ? പ്രാദേശിക, ഭാഷാ പക്ഷപാതങ്ങളുണ്ടാകില്ലേ? അങ്ങനെ പക്ഷപാതം സംശയിച്ച് ഒഴിവാക്കാനാണെങ്കിൽ, കോടതികളിൽ വാദങ്ങൾ കേൾക്കാനും വിധിയെഴുതാനും നിർമിതബുദ്ധിയെ ആശ്രയിക്കാമെന്ന ആശയവും വൈകില്ല.
ഒരേ ലിംഗക്കാർ വിവാഹിതരാകുന്നത് ഇപ്പോഴും ഇവിടെ നിയമപരമല്ലെന്നതാണ് സൗരഭിനെതിരെ സർക്കാർ ഉയർത്തുന്ന മറ്റൊരു തടസ്സവാദം. വിദേശിയായ പങ്കാളിയെന്നത് രാജ്യസുരക്ഷയെ ബാധിക്കാമെന്ന ആശങ്കയും സർക്കാരിനുണ്ട്. ഫലത്തിലിത് സൗരഭിന്റെ കാര്യത്തിൽ മാത്രമായി സർക്കാർ ഉന്നയിക്കുന്ന പ്രശ്നമല്ല. ഭരണഘടനാപരമായ പദവികൾ വേണ്ടവർ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും ആത്മനിർഭരത പാലിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. ഇന്നിതു ഭരണഘടനാപരമായ പദവിക്കാണെങ്കിൽ നാളെ സർക്കാരിലെ തന്ത്രപ്രധാന വകുപ്പുകളിലും വ്യവസ്ഥയാകാം; തുടർന്ന് മറ്റുള്ളവർക്കും.
പങ്കാളി വിദേശിയെങ്കിൽ, അതു രാജ്യസുരക്ഷയ്ക്കു തടസ്സമാകും എന്നു സർക്കാർ പറഞ്ഞാൽ സമ്മതിക്കുകയേ നിവൃത്തിയുള്ളൂ. ജീവിതപങ്കാളിത്തത്തിന്റെ മറവിൽ രാജ്യസുരക്ഷയെ ഉന്നംവയ്ക്കാൻ വിദേശികൾ ശ്രമിക്കുന്നതായി സർക്കാർ വിലയിരുത്തുന്നുണ്ടാകാം. സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളവരാണ് രാജ്യസുരക്ഷയെക്കുറിച്ചു കൂടുതൽ പറയുകയെന്ന് എൽ.കെ.അഡ്വാനി പറഞ്ഞിരുന്നു; പണ്ടൊരു അടിയന്തരാവസ്ഥക്കാലത്ത്.
English Summary: The Center has returned the Collegium of the Supreme Court suggested names of judges to the High Courts