നമ്മുടെ കർഷകരെ തോൽക്കാൻ വിടരുത്
Mail This Article
പ്രതികൂല സാഹചര്യങ്ങളിലും മണ്ണിൽ കൃഷിയിറക്കുന്നവർ, വിള വിൽക്കാനിടമില്ലാതെയും വില കിട്ടാതെയും ദുരിതമനുഭവിക്കേണ്ടി വരുന്നതു ശുഭകരമല്ല. മികച്ച വിള, അതിനു ന്യായവില, സമയബന്ധിതമായ സംഭരണം, സ്വന്തം ഭൂമിയിൽ സുരക്ഷിതമായി കൃഷി ചെയ്യാനുള്ള അവകാശം... ഇതൊക്കെയാണു കർഷകർ ആഗ്രഹിക്കുന്നതെങ്കിലും ഈ ആവശ്യങ്ങൾക്കു വിയർപ്പിന്റെ വില കിട്ടാതെ പോകുന്നു. പെരുകിവരുന്ന കടഭാരം ഇവരെ ശ്വാസം മുട്ടിക്കുകയാണ്. ബജറ്റിന്റെ പൊലിമയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കാണാതെപോകുന്ന സങ്കടങ്ങളിൽ പ്രധാനം കർഷകരുടേതുതന്നെ. തലമുറകളായി മണ്ണിൽ പൊന്നുവിളയിക്കുന്നവരെ കേൾക്കാതെ, അവർക്കു വേണ്ടി പറയാതെ സർക്കാരുകൾക്കു മുന്നോട്ടുപോകാനാവുന്നതെങ്ങനെ?
നഷ്ടത്തിന്റെയും കഷ്ടത്തിന്റെയും അടുത്ത അധ്യായത്തിലാണു നമ്മുടെ കർഷകർ. തുടർപ്രളയങ്ങളിലുണ്ടായ കനത്ത നാശത്തിനും കോവിഡ്കാല സ്തംഭനത്തിനും ശേഷം അത്യധികം ക്ലേശിച്ചു പുതുജീവിതത്തിലേക്കു തിരിച്ചുവരവിനൊരുങ്ങിയ കർഷകരിൽ ഒട്ടേറെപ്പേർക്കും ഇപ്പോഴും ആത്മവിശ്വാസം തിരിച്ചുകിട്ടിയിട്ടില്ല. ജീവിതവും കൃഷിയും എങ്ങനെ തിരിച്ചുപിടിക്കണമെന്നറിയാതെ അന്തിച്ചുനിൽക്കുമ്പോഴാണ് ബജറ്റുകളും വേണ്ടവിധം തുണയാകാതെപോയത്. കടത്തിനുമേൽ കടം വിളയുന്ന കൃഷിമേഖലയെ സഹായിക്കാൻ കാര്യമായ ബജറ്റ് നിർദേശങ്ങളില്ലാതെപോയതു വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. കർഷകരുടെ ആളോഹരി കടത്തെക്കുറിച്ചുള്ള പഠനങ്ങൾ പുറത്തുകൊണ്ടുവരുന്നത് ആശങ്കയുണർത്തുന്ന കണക്കുകളാണെങ്കിലും ബജറ്റുകൾ അതു കാര്യമായെടുക്കുന്നില്ല.
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഇമെരിറ്റസ് പ്രഫസറും കേരള കാർഷിക സർവകലാശാല ഗവേഷണവിഭാഗം മുൻ മേധാവിയുമായ ഡോ. പി.ഇന്ദിരാദേവി നമ്മുടെ കർഷകരുടെ കടഭാരത്തെക്കുറിച്ച് മലയാള മനോരമയിൽ എഴുതുകയുണ്ടായി. വിവിധ സർവേകൾപ്രകാരം, കേരളത്തിലെ കർഷകകുടുംബങ്ങളുടെ കടബാധ്യത ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. കേരളത്തിലെ 72% കർഷകരും കടക്കെണിയിൽ ഞെരുങ്ങുന്നു. രണ്ടുവർഷത്തിനിടെ കടം ഇരട്ടിയായി. കേരളത്തിലെ കർഷകകുടുംബത്തിന് കൃഷിയിൽനിന്നു കിട്ടുന്നതിന്റെ മൂന്നിരട്ടിത്തുക കൂലിപ്പണിയിൽനിന്നു കിട്ടുമെന്നും ഇടുക്കി, വയനാട്, പാലക്കാട് പോലുള്ള കാർഷികാശ്രിത ജില്ലകളിലെ ഭൂരിഭാഗം കർഷകരും മറ്റുള്ളവരുടെ പറമ്പിൽ കൂലിപ്പണിക്കു പോകുന്നതിനു വേറെ കാരണം അന്വേഷിക്കേണ്ടതില്ലെന്നും ലേഖനത്തിൽ നിരീക്ഷിക്കുന്നുണ്ട്.
രാജ്യത്തു തൊഴിലെടുക്കുന്നവരിൽ 50% പേരും ആശ്രയിക്കുന്ന കൃഷിമേഖലയിൽ കാര്യമായ നിക്ഷേപം കേന്ദ്ര ബജറ്റ് വിഭാവനം ചെയ്യുന്നില്ലെന്ന് മലയാള മനോരമയുടെ ആഭിമുഖ്യത്തിലുള്ള ബജറ്റ് പ്രഭാഷണം നടത്തിയ ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ സെന്റർ ഫോർ ഇക്കണോമിക് സ്‌റ്റഡീസ് ആൻഡ് പ്ലാനിങ് പ്രഫസർ ഡോ. ബിശ്വജിത് ധർ ചൂണ്ടിക്കാണിക്കുകയുണ്ടായി. സ്വകാര്യ നിക്ഷേപവും കൃഷിമേഖലയിൽ കാര്യമായി വരുന്നില്ല. ബാങ്കുകൾ വഴി കൃഷി വായ്പ അനുവദിക്കുന്നതിനുള്ള പരിധി 20 ലക്ഷം കോടി രൂപയാക്കി ബജറ്റ് പ്രഖ്യാപനമുണ്ടെങ്കിലും അതിന്റെ പ്രയോജനം എത്ര കർഷകർക്കു ലഭിക്കും? നിർധനർക്കു ബാങ്കുകൾ വായ്പ നൽകുമോ? മതിയായ ഈടു നൽകാനില്ലാതെ ചെറുകിട കർഷകർക്ക് എങ്ങനെയാണു വായ്പ ലഭിക്കുകയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.
കേന്ദ്ര ബജറ്റിൽ മൂലധന നിക്ഷേപ പദ്ധതികൾക്കായി 10 ലക്ഷം കോടി രൂപ വകയിരുത്തിയതിൽനിന്ന് കർഷകർക്കു സഹായകമാകുന്ന പദ്ധതികൾ കണ്ടെത്തി നടപ്പാക്കണമെന്നാണു വിദഗ്ധാഭിപ്രായം. വിപണി, സംഭരണം, സംസ്കരണം, മൂല്യവർധന എന്നിവയിലൂടെ ഉൽപന്നങ്ങൾക്കു പരമാവധി വില ഉറപ്പാക്കാൻ സർക്കാരും സ്വകാര്യ സംരംഭകരും ഇടപെടേണ്ടതുണ്ട്. കിസാൻ ക്രെഡിറ്റ് കാർഡ് സൗകര്യം പരമാവധി ഉപയോഗിക്കാൻ കർഷകരെ പരിശീലിപ്പിക്കേണ്ടതും പ്രധാനം.
ഏതു പ്രതികൂല സാഹചര്യത്തിലും നമ്മുടെ കർഷകർ തോൽക്കാതിരിക്കാൻ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശക്തമായ കൈത്താങ്ങ് ഉണ്ടായേതീരൂ. കർഷകമനസ്സ് അനുഭവിക്കുന്ന വേവും വേവലാതികളും തിരിച്ചറിഞ്ഞുള്ള ആത്മാർഥമായ ഇടപെടൽ കേരളത്തിന്റെ അടിയന്തരാവശ്യമാകുന്നു. നിസ്സഹായതയോടെ പേറേണ്ടിവരുന്ന വലിയ കടഭാരം ലഘൂകരിക്കാൻ ഇവർ വഴി തേടുമ്പോൾ ഒപ്പംനിൽക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തംതന്നെയാണ്.
English Summary : Editorial about Agriculture analysis, in Kerala and Union budget 2023