ലാഭം 23,000 രൂപ, പ്രകൃതിസൗഹൃദം: കഷ്ട‘പ്പാഡ്’ മാറ്റും ആശ്വാസക്കപ്പ്
Mail This Article
മഹാപ്രളയം അതിജീവനത്തിനുള്ള എത്രയോ ആശയങ്ങളുടെയും പരീക്ഷണങ്ങളുടെയും കൂടി കാലമായിരുന്നു. ആർത്തവ കപ്പ് (മെൻസ്ട്രുവൽ കപ്പ്) പ്രോത്സാഹിപ്പിക്കുന്ന പദ്ധതി രൂപപ്പെട്ടതും അങ്ങനെ.
2018ലെ പ്രളയകാലത്തു ദുരിതാശ്വാസക്യാംപുകളിൽനിന്ന് ഉയർന്ന വലിയൊരു ആവശ്യമായിരുന്നു സാനിറ്ററി നാപ്കിനുകൾ. വൊളന്റിയർമാർ കെട്ടുകണക്കിനു നാപ്കിനുകൾ ക്യാംപുകളിൽ എത്തിച്ചുകൊണ്ടിരുന്നു. തൊട്ടുപിന്നാലെ അതിലും വലിയൊരു പ്രശ്നമുദിച്ചു; ഉപയോഗിച്ച നാപ്കിനുകൾ എന്തു ചെയ്യും? തോടുകളും കനാലുകളും നിറഞ്ഞ ആലപ്പുഴ ജില്ലയിൽ സ്ത്രീകൾ വലിയ വിഷമം നേരിട്ടു. ആർത്തവ കപ്പ് എന്തുകൊണ്ടു പകരം നൽകിക്കൂടാ എന്ന ആലോചന ഉണ്ടാകുന്നത് അങ്ങനെയാണ്. വലിയൊരു വിഭാഗം സ്ത്രീകൾക്കും ഇതിന്റെ ഉപയോഗം അറിയില്ല, ആശങ്കകളുമുണ്ട്. ബോംബെ ഐഐടിയിലെ പ്രഫസറും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനുമായ സതീഷ് അഗ്നിഹോത്രി സാങ്കേതിക ഉപദേശം നൽകി. ആലപ്പുഴ നഗരസഭ, മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം എന്നിവയെല്ലാം കൈകോർത്തു. അതാണു സംസ്ഥാനത്തിനുതന്നെ മാതൃകയായ ‘തിങ്കൾ’ പദ്ധതി.
തിങ്കൾ വഴി കുമ്പളങ്ങി
ആർത്തവ കപ്പ് ബോധവൽക്കരണത്തിലും വിതരണത്തിലും ഒരുപക്ഷേ രാജ്യാന്തരതലത്തിൽത്തന്നെ പ്രഥമ സർക്കാർ പദ്ധതിയാകണം ആലപ്പുഴയിൽ നടപ്പാക്കിയത്. ‘തിങ്കൾ’ പദ്ധതിയിലൂടെ 5000 സ്ത്രീകൾക്ക് ആർത്തവ കപ്പ് എച്ച്എൽഎൽ വിതരണം ചെയ്തു. അതു വലിയ വിജയവും അനുഭവപാഠവുമായിരുന്നു. പോരായ്മകൾ പരിഹരിച്ചും ആരോഗ്യരംഗത്തുള്ളവരുടെ പിന്തുണയോടെയും അടുത്ത ഘട്ടത്തിലേക്കു കടന്നു. കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലും തീരമേഖലയിലും പദ്ധതി നടപ്പിലാക്കി.
എറണാകുളം ജില്ലയിലെ കുമ്പളങ്ങി ഈ വഴിയിലൂടെ ഇന്ത്യയിലെ പ്രഥമ സാനിറ്ററി നാപ്കിൻമുക്ത ഗ്രാമമായി മാറി. 18നു മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകൾക്കും ആർത്തവ കപ്പ് നൽകിയും നിരന്തരം ബോധവൽക്കരണം നടത്തിയുമാണ് ഈ നേട്ടം കുമ്പളങ്ങി കൈവരിച്ചത്. ‘അവൾക്കായി’ എന്നു പേരിട്ട പദ്ധതി രാജ്യശ്രദ്ധ നേടി.
പഴത്തൊലി പഴങ്കഥ
ജാർഖണ്ഡ്, ബിഹാർ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ പദ്ധതി അവതരിപ്പിക്കുമ്പോൾ അമിത പ്രതീക്ഷ ഇല്ലായിരുന്നു. പക്ഷേ, അനുഭവം മറിച്ചായി. സാനിറ്ററി നാപ്കിൻ എന്നല്ല, തുണി പോലും ഇല്ലാതെ പഴത്തൊലിയിൽ മണ്ണും ചാരവും മറ്റും വച്ച് ആർത്തവസമയത്ത് ഉപയോഗിച്ചിരുന്ന സ്ത്രീകൾക്ക് കപ്പുകൾ എല്ലാ അർഥത്തിലും പുതിയ ജീവിതം നൽകി. ജാർഖണ്ഡിൽ വിദ്യാർഥികൾക്കിടയിലും ബോധവൽക്കരണവും കപ്പ് വിതരണവും നടത്താൻ സംസ്ഥാന സർക്കാർ നിർദേശിച്ചത് സ്വീകാര്യതയുടെ തെളിവായി.
സ്ത്രീമുന്നേറ്റം
2019–22 കാലയളവിൽ രാജ്യത്തു 2 ലക്ഷം ആർത്തവ കപ്പുകളാണു ഞങ്ങൾ വിതരണം ചെയ്തത്. ഇത് ഉപയോഗിക്കാൻ തുടങ്ങിയതോടെ കൂടുതൽ സ്ത്രീകൾ തൊഴിലിടങ്ങളിൽ എത്തുന്നതായാണു ലഭിക്കുന്ന വിവരം. സെയിൽസ് ഗേൾസിനും ഫാക്ടറിയിലും ചന്തയിലുമൊക്കെ ജോലി ചെയ്യുന്നവർക്കും നിരന്തരം യാത്ര ചെയ്യേണ്ടവർക്കും ആർത്തവ കപ്പ് പ്രയോജനപ്പെടും. ശാരീരിക വെല്ലുവിളി നേരിടുന്നവർ, കിടപ്പുരോഗികൾ എന്നിവർക്കും ഇതാകും കൂടുതൽ പ്രയോജനപ്പെടുക. പേടി, പരിചയക്കുറവ്, തെറ്റിദ്ധാരണ എന്നിവ മൂലം വിമുഖത കാണിക്കുന്നവർ ഒരുവട്ടം ഇത് ഉപയോഗിച്ചു നോക്കൂ എന്നാണ് അഭ്യർഥിക്കാനുള്ളത്.
(എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡ് ടെക്നിക്കൽ & ഓപ്പറേഷൻസ് ഡയറക്ടറും കവിയുമാണു ലേഖിക)
ആർത്തവ കപ്പ് എന്തുകൊണ്ട്
1 പ്രകൃതിസൗഹൃദം
5000 സ്ത്രീകൾ 5 വർഷം ഉപയോഗിക്കുന്ന നാപ്കിൻ ഏതാണ്ട് 100 ടൺ മാലിന്യം ഉണ്ടാക്കുന്നു. ഇവ എങ്ങനെ സംസ്കരിക്കും? കത്തിച്ചാൽ ആരോഗ്യത്തിനു ഹാനികരം; കുഴിച്ചിട്ടാലോ കുറെ ഭാഗങ്ങൾ ദ്രവിക്കില്ല. അതേസമയം, ഒരു കപ്പ് വൃത്തിയായും ശാസ്ത്രീയമായും സൂക്ഷിച്ചാൽ 5 വർഷം വരെ ഉപയോഗിക്കാം.
2 ആരോഗ്യകരം
മെഡിക്കൽ ഗ്രേഡ് സിലിക്കൺ കൊണ്ടു നിർമിച്ച ആർത്തവ കപ്പ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. സാനിറ്ററി പാഡ് ഉപയോഗിക്കുമ്പോഴുള്ള അണുബാധയോ അലർജി പോലുള്ള പ്രശ്നങ്ങളോ ഇവിടെ ഉണ്ടാകില്ല. നിശ്ചിത ഇടവേളകളിൽ പാഡ് മാറ്റാനും സംസ്കരണത്തിനായി ഇടാനുമുള്ള സൗകര്യം മിക്ക തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇല്ല. അതിനാൽ മണിക്കൂറുകളോളം അതു മാറ്റാതിരിക്കുന്നതു ഗർഭാശയരോഗങ്ങൾക്കും അണുബാധയ്ക്കും കാരണമാകുന്നു. ശാരീരിക, മാനസിക അസ്വസ്ഥതകൾ വേറെ. കപ്പ് അതിനെല്ലാം പരിഹാരമാണ്. കായികരംഗത്തുള്ളവരും ദിവസം മുഴുവൻ ഫീൽഡിൽ ജോലി ചെയ്യുന്നവരും കപ്പാണ് ഇപ്പോൾ കൂടുതലായി തിരഞ്ഞെടുക്കുന്നത്.
3 ആദായകരം
ഭേദപ്പെട്ട സാനിറ്ററി നാപ്കിൻ വാങ്ങാൻ സ്ത്രീകൾ പ്രതിമാസം ശരാശരി 200 രൂപ ചെലവിടുന്നു; ഒരു വർഷം 2400 രൂപ. വീട്ടിൽ 2 പേർ ഉപയോഗിക്കുന്നുണ്ടെങ്കിൽ വാർഷികച്ചെലവ് 4800 രൂപ. 5 വർഷത്തേക്ക് 24,000 രൂപ. കപ്പ് ആണെങ്കിൽ ഒന്നിന് 500 രൂപയിൽ താഴെ വിലയാണു വില. 5 വർഷത്തേക്ക് ഇരുവർക്കും കൂടി രണ്ടെണ്ണം. ചെലവ് 1000 രൂപ. ലാഭം 23,000 രൂപ.
ഉപയോഗിക്കേണ്ടത് ഇങ്ങനെ
ആർത്തവ കപ്പ് 12 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാം. അമിത രക്തസ്രാവം ഉണ്ടെങ്കിൽ 4–5 മണിക്കൂറിനിടെ കപ്പ് വൃത്തിയാക്കേണ്ടി വരും. ഒരു ആർത്തവചക്രം പൂർത്തിയാകുമ്പോൾ വൃത്തിയാക്കി, തിളച്ച വെള്ളത്തിൽ കഴുകിയ ശേഷം ഉണക്കി അടുത്ത ആർത്തവകാലത്തേക്കു സൂക്ഷിച്ചുവയ്ക്കാം. കപ്പ് പുറത്തെടുക്കുന്ന ഓരോ അവസരത്തിലും സോപ്പ് ഉപയോഗിച്ചു കൈകൾ വൃത്തിയാക്കണം. നിലവാരമുള്ള കപ്പുകൾ വാങ്ങാൻ ശ്രദ്ധിക്കണം.
English Summary : Writeup on Menstrual cup on Kerala budget 2023