വാചകമേള
Mail This Article
∙ യേശുദാസ് : പാടുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് വരുത്തുന്ന ഭക്ഷണമാണെങ്കിൽ ഞാനതു കഴിക്കില്ല. അങ്ങനെ പോയിപ്പോയി ഒരേ തരത്തിലുള്ള ഭക്ഷണരീതിയിൽ വന്നു നിൽക്കുകയാണ്. എനിക്കു കിട്ടുന്നൊരു സുഖം എന്താണെന്നു വച്ചാൽ എന്റെ പാട്ടുകേട്ട് മറ്റുള്ളവർ മനസ്സ് നിറഞ്ഞ് ആസ്വദിക്കുന്ന കാഴ്ചയാണ്. ഭക്ഷണം കഴിച്ചതിനെക്കാളും സന്തോഷമാണ് ആ ഫീലിങ്.
∙ കെ. ജയകുമാർ: ചില മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർ എന്റെ പാട്ട് എഴുത്ത് ‘ചീപ്പ്’ ആണെന്ന് അഭിപ്രായപ്പെടാതിരുന്നില്ല. സ്ഥിരമായി പരിഹസിച്ചിരുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ‘‘ജയകുമാർ ആ കോടമ്പാക്കത്തെവിടെയോ അലയുകയായിരിക്കും, പാട്ടെഴുതാനുണ്ടോ പാട്ടെഴുതാൻ എന്നു ചോദിച്ചുകൊണ്ട്’’. ‘കോടമ്പാക്കം എനിക്കു തീർഥാടനകേന്ദ്രമാണ് സാർ, എന്റെ അച്ഛൻ പത്തു മുപ്പതു വർഷം കഷ്ടപ്പെട്ട് കോടമ്പാക്കത്തുനിന്നുണ്ടാക്കിയ വരുമാനം കൊണ്ടാണ് ഞങ്ങൾ വളർന്നത്’ എന്ന് മറ്റൊരു അവസരത്തിൽ മറുപടി പറയാനും എനിക്കു സാധിച്ചു.
∙ കെ.ബി. ഗണേഷ്കുമാർ: ചില സിനിമകളെ പ്രോത്സാഹിപ്പിക്കാനും മറ്റു ചില സിനിമകളെ തകർക്കാനും മലയാളത്തിൽ മാഫിയ പ്രവർത്തിക്കുന്നുണ്ട്. ഒരു കോടി രൂപ കൊടുത്താൽ സിനിമ നല്ലതാണെന്നു യൂട്യൂബർമാർ പറയും. പണം കൊടുത്തില്ലെങ്കിൽ എത്ര നല്ല സിനിമയെയും മോശമെന്ന് അവർ വിമർശിക്കും. അടുത്ത നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം ഉന്നയിക്കും.
∙ സി.ആർ.പരമേശ്വരൻ: ഇന്ത്യയിൽ അഭ്യസ്തവിദ്യരിൽപോലും ജനാധിപത്യമൂല്യങ്ങൾ പാർട്ടി അധിഷ്ഠിതവും അവസരവാദപരവും ആണ്; തൊലിപ്പുറമേ മാത്രമാണ്. അതുകൊണ്ട് യഥാർഥ ജനാധിപത്യം ഈ നാട്ടിൽ ഒരിക്കലും, ഒരിക്കലും വേരുറയ്ക്കില്ല.
∙ ഷീല: നിത്യഹരിത നായിക എന്ന് എല്ലാവരും പറയുമായിരുന്നു. അഭിനയസരസ്വതി എന്ന പേരും കിട്ടി. കാലം പോയപ്പോൾ അതെല്ലാം മാറി. ഇപ്പോൾ വെറും ഷീലയാണ്.
∙ ഭാവന: കഴിഞ്ഞ കുറെ വർഷങ്ങളായി എന്റെ മാനസികമായ ആരോഗ്യത്തിനാണ് കൂടുതൽ പ്രാധാന്യം നൽകിയത്. അതുകൊണ്ടാണ് മലയാളത്തിൽനിന്ന് കുറെക്കാലത്തേക്കു മാറിനിന്നത്. എന്റെ കരിയറിലെ മികച്ച സമയമായിരിക്കാം ചിലപ്പോൾ നഷ്ടമായത്. പക്ഷേ, അതിനെക്കാളൊക്കെ വലുതല്ലേ മനസ്സിന്റെ ആരോഗ്യം?
English Summary: Vachakamela