ADVERTISEMENT

യുഡിഎഫായാലും എൽഡിഎഫായാലും, ഏതു മുന്നണി സർക്കാരും കൊട്ടിഘോഷിച്ചു കൊണ്ടുവരുന്ന പല പദ്ധതികളുടെയും പേരിൽ വൻതോതിൽ പണം പാഴാക്കുകയും ധൂർത്തടിക്കുകയും വെട്ടിക്കുകയും ചെയ്യുന്നതു ദശാബ്ദങ്ങളായി സഹിച്ചുപോരുകയാണു കേരളം. ചില ‘വികസന’ പ്രവർത്തനങ്ങളുടെ മറവിലെ വലിയ കൊള്ളയുടെ കണക്കുകൾ, പാഴ്ച്ചെലവിന്റെ ആ‘സൂത്ര’ണം എന്ന അന്വേഷണ പരമ്പരയിലൂടെ മലയാള മനോരമ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പെ‍‍ാതുസമൂഹത്തിനു മുൻപിൽ അവതരിപ്പിക്കുകയുണ്ടായി.

നികുതികൾ കൂട്ടിയും സെസുകൾ ഏർപ്പെടുത്തിയുമൊക്കെ സർക്കാരുകൾ ജനത്തെ ഞെക്കിപ്പിഴിയുമ്പോൾതന്നെയാണു കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും വ്യക്തമായ ഉദാഹരണങ്ങൾ നമ്മുടെ കൺമുന്നിൽ തെളിയുന്നത്. കാലാകാലങ്ങളായി സർക്കാരുകളുടെ പാഴ്ച്ചെലവുകളിലൂടെ സാധാരണ ജനത്തിന്റെ നികുതിപ്പണമാണു ചോർന്നുപോയിക്കൊണ്ടിരിക്കുന്നത്. വികസനപ്രവർത്തനങ്ങളുടെ പേരിൽ കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നു എന്നല്ലാതെ, അതു കൃത്യമായി നിരീക്ഷിക്കാനോ പദ്ധതി പാഴാകുന്നില്ലെന്ന് ഉറപ്പാക്കാനോ ഉദ്യോഗസ്ഥരോ ഭരണാധികാരികളോ തയാറാകുന്നില്ല. പദ്ധതികൾ വൈകുന്തോറും, അതു പൂർത്തിയാക്കാൻ ചെലവഴിക്കേണ്ട തുകയും വർധിച്ചുകൊണ്ടിരിക്കുന്നു. നിർമാണസാമഗ്രികളുടെ വിലക്കയറ്റവും ഇന്ധനവിലവർധനയും അടക്കമുള്ളവയും പദ്ധതിച്ചെലവു കുതിച്ചുയരാൻ കാരണമാകുന്നുണ്ട്.

മനോരമ അന്വേഷണ പരമ്പരയിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങളെല്ലാം അഴിമതിയുടെയോ അശ്രദ്ധയുടെയോ കെടുകാര്യസ്ഥതയുടെയോ ഉദാഹരണങ്ങളാണ്. 102 കോടി രൂപ പാഴായി വെള്ളത്തിനു മുകളിൽ കിടക്കുന്ന കൊല്ലം കപ്പലണ്ടിമുക്ക് – തോപ്പിൽക്കടവ് ലിങ്ക് റോഡ് പദ്ധതി മൂന്നാം ഘട്ടം, തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ‌ പുതിയ മെഡിക്കൽ കോളജിനു വേണ്ടി 35 കോടി രൂപ മുടക്കി നിർമിച്ച കെട്ടിടം, 30 വർഷത്തിനിടെ 43 കോടി രൂപ മുടക്കിയിട്ടും കാടുമൂടി കിടക്കുന്ന തൃശൂർ പുഴയ്ക്കലിലെ വ്യവസായ പാർക്ക്, 13.25 കോടി രൂപ മുടക്കി നിർമിച്ച് 13 വർഷമായിട്ടും തുറക്കാത്ത പാലക്കാട് ഇൻഡോർ സ്റ്റേഡിയം, ഒരു തകരാറുമില്ലാതിരുന്നിട്ടും കുത്തിപ്പൊളിച്ചു ‘നവീകരിക്കുന്ന’ കാസർകോട് കുമ്പള - ബദിയടുക്ക - മുള്ളേരിയ റോഡ്, 100 കോടിയിലധികം രൂപ മുടക്കി പാഴായിപ്പോയ ആലപ്പുഴ മെഗാ ടൂറിസം പദ്ധതി, 110 കോടി രൂപയോളം ബാധ്യതയുണ്ടാക്കി കോഴിക്കോട് കെഎസ്ആർടിസിയുടെ സ്ഥലത്തു നിർമിച്ച കെട്ടിടം തുടങ്ങിയവ ഇതിൽ ഇടംപിടിക്കുന്നു. 

അഴീക്കൽ തുറമുഖത്ത് 45 കോടി രൂപ മുടക്കി വാങ്ങി ഉപയോഗിക്കാതെ നശിക്കുന്ന ഉപകരണങ്ങൾ, 60 കോടി രൂപ മുടക്കിയിട്ടും എങ്ങുമെത്താത്ത ഇടുക്കി പട്ടിശ്ശേരി അണക്കെട്ട്, ഒരേ ഓഫിസിനായി രണ്ടു കെട്ടിടങ്ങൾ ഒന്നര കിലോമീറ്ററിനുള്ളിൽ പണിത കോട്ടയത്തെ ‘ആസൂത്രണ മികവ്’, ഭാരതപ്പുഴയിലെ വെള്ളവും സർക്കാർ ഖജനാവിലെ പണവും ഒരുപോലെ ചോരുന്ന മലപ്പുറം ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ്, 16 കോടി വിഴുങ്ങിയിട്ടും പണിതീരാത്ത വയനാട് ബത്തേരിയിലെ അതിഥിമന്ദിരം, പണി പൂർത്തിയായി ഏഴു കൊല്ലമായിട്ടും ഒരു ഭാഗത്തെ അപ്രോച്ച് റോഡ് പൂർത്തിയാകാത്തതിനാൽ പാഴായ മൂവാറ്റുപുഴ മുറിക്കല്ലു പാലം, കോടികൾ പാഴാക്കിയ അട്ടപ്പാടിയിലെ അപ്പാരൽ പാർക്ക്... മനോരമ പരമ്പരയിൽ ചൂണ്ടിക്കാട്ടിയ ഈ പാഴ്പദ്ധതികൾ മാത്രം മതി, ആർക്കും ഉപകാരമില്ലാതെ പോകുന്ന നികുതിപ്പണത്തിന്റെ ഞെട്ടിക്കുന്ന വഴിയറിയാൻ. 

പല പദ്ധതികളും പാഴ്ച്ചെലവാകുന്നതിന് ആസൂത്രണത്തിലെ പാളിച്ചകൾ മുതൽ നടത്തിപ്പിലെ അനാസ്ഥ വരെ ഒട്ടേറെ കാരണങ്ങളുണ്ട്. മിക്കതിലും കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുകയോ പദ്ധതി പൂർത്തിയാക്കാൻ ശ്രമമുണ്ടാകുകയോ ചെയ്യുന്നില്ല. വികസന പദ്ധതികൾ പൂർണമായും ഫലപ്രദമാക്കാനും ചെലവാക്കുന്ന തുക ഒട്ടും പാഴാകാതിരിക്കാനുമുള്ള ശ്രമമാണു വേണ്ടത്. ഓരോ പദ്ധതിയും നിലച്ചുപോകാനോ പാഴായിപ്പോകാനോ കാരണമെന്തെന്നു പഠനം നടത്തേണ്ടതുണ്ട്. ഒരു കാര്യവുമില്ലെന്നു വ്യക്തമായ പദ്ധതികൾക്കു തുക വകയിരുത്തുന്നത് അവസാനിപ്പിക്കണം. കുറച്ചുകൂടി തുക മുടക്കിയാൽ തീർക്കാവുന്ന പദ്ധതികൾ കാലതാമസമില്ലാതെ പൂർത്തിയാക്കുകയും വേണം. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സർക്കാരും ഉദ്ദേശ്യശുദ്ധിയോടെ ഒത്തെ‍ാരുമിച്ചു പ്രവർത്തിച്ചാലേ ധൂർത്തിനും പാഴാക്കലിനും അവസാനമാവൂ.

English Summary: Editorial about Corruption through wasteful spending by governments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com