ADVERTISEMENT

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനത്തിൽ വരുത്തിയ വീഴ്ചകൾക്കു കൊച്ചി കോർപറേഷന്റെ മുഖത്തേറ്റ അടിയാണു ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ചുമത്തിയ 100 കോടി രൂപയുടെ പിഴ. 12 ദിവസം കൊച്ചി നഗരത്തെ മുഴുവൻ വിഷപ്പുകയിൽ മുക്കിയ കോർപറേഷന്റെ കെടുകാര്യസ്ഥത എണ്ണിയെണ്ണിപ്പറഞ്ഞാണു ട്രൈബ്യൂണൽ കടുത്ത നടപടിയെടുത്തത്. അതേസമയം, അധികൃതരുടെ അനാസ്ഥയ്ക്കും നിരുത്തരവാദിത്തത്തിനും ജനങ്ങളുടെ നികുതിപ്പണമാണോ ഒടുക്കേണ്ടതെന്ന ചോദ്യവും ഉയരുന്നു.

ആദ്യമായല്ല കോർപറേഷൻ ഹരിത ട്രൈബ്യൂണലിന്റെ ശിക്ഷാനടപടി നേരിടുന്നത്. 2016ലെ ഖരമാലിന്യ പരിപാലന നിയമത്തിലെ വ്യവസ്ഥകൾ ബ്രഹ്മപുരത്തു പാലിക്കാത്തതിനു പലവട്ടം കൊച്ചി കോർപറേഷനു പിഴയിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാൽ, തെറ്റുകൾ തിരുത്താനോ ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ സംവിധാനങ്ങൾ കാര്യക്ഷമമാക്കാനോ കോർ‌പറേഷൻ ഒന്നും ചെയ്തില്ല. പകരം, ട്രൈബ്യൂണലിന്റെ ശിക്ഷയെ കോടതിയിൽ ചോദ്യം ചെയ്യുകയും ഇടക്കാല സ്റ്റേ നേടുകയും ചെയ്യുന്നതായിരുന്നു പതിവു രീതി. ഇങ്ങനെ കുറുക്കുവഴികൾ തേടിയതിന്റെ അനന്തരഫലമാണ് ബ്രഹ്മപുരത്തു മാർച്ച് രണ്ടിന് ആളിപ്പടർന്ന തീ.

ബ്രഹ്മപുരത്തു കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യമലകളിലുണ്ടായ തീയണയ്ക്കാൻ ഒന്നും ചെയ്യാനാകാതെ നിസ്സഹായരായിനിന്ന കോർപറേഷൻ അധികൃതരുടെ ചിത്രം മലയാളികളുടെ മനസ്സിലുണ്ട്. കാലാകാലങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിരുന്നെങ്കിൽ ഇങ്ങനെ നാണംകെടേണ്ട അവസ്ഥയുണ്ടാകുമായിരുന്നില്ല. മാലിന്യം സംസ്കരിക്കാതെ ബ്രഹ്മപുരത്തു കൊണ്ടുവന്നു കൂട്ടിയതിന്റെ ഉത്തരവാദിത്തത്തിൽനിന്ന്, മാറിമാറി കോർപറേഷൻ ഭരിച്ച ഭരണാധികാരികൾക്ക് ഒഴിഞ്ഞുമാറാനാകില്ല. ലക്ഷക്കണക്കിനു ടൺ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂട്ടിയിട്ട സ്ഥലത്തു തീ നിയന്ത്രിക്കാനുള്ള പ്രാഥമിക അഗ്നിരക്ഷാ സംവിധാനങ്ങൾ പോലും പ്രവർത്തിച്ചില്ലെന്നത് അതീവ ഗുരുതര വീഴ്ചയാണ്. ഇതിന് ഉത്തരവാദികളായവർക്കെതിരെ ഇതുവരെയും കോർപറേഷൻ ചെറുവിരലനക്കിയിട്ടില്ല. പകരം ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന രാഷ്ട്രീയ വിഴുപ്പലക്കലാണു നടക്കുന്നത്.

ട്രൈബ്യൂണലിന്റെ മുൻ ഉത്തരവുകൾ കൃത്യമായി നടപ്പാക്കാനുള്ള ആർജവം കോർപറേഷൻ ഭരണാധികാരികൾ കാണിച്ചിരുന്നെങ്കിൽ ബ്രഹ്മപുരം ഇങ്ങനെ വിഷപ്പുകയും വമിപ്പിച്ചുകൊണ്ടു ദിവസങ്ങളോളം നിന്നു കത്തുമായിരുന്നില്ല. ട്രൈബ്യൂണലിന്റെ ശിക്ഷയെ പതിവുപോലെ നിയമനടപടികളിലൂടെ നേരിടാമെന്ന ചിന്ത മാത്രമാണു കോർപറേഷന് ഇപ്പോഴുമുള്ളത്. തങ്ങളുടെ മറുപടി കേൾക്കാതെയാണു ട്രൈബ്യൂണലിന്റെ ഉത്തരവെന്നാണു കോർപറേഷന്റെ വാദം. എന്നാൽ, ഇതിനു മുൻപെല്ലാം കോർപറേഷന്റെ വാദങ്ങൾ പലവട്ടം കേട്ടിട്ടും ബ്രഹ്മപുരത്ത് എന്തു മാറ്റമാണുണ്ടായതെന്ന ചോദ്യത്തിനുള്ള അധികൃതരുടെ മറുപടി മൗനമാകരുത്.

സ്വന്തം വീഴ്ചകൾക്കു പൊതുജനങ്ങളുടെ നികുതിപ്പണമെടുത്തു പിഴയടയ്ക്കാനും കേസ് നടത്താനും സാധിക്കുമെന്നതു തന്നെയാണ് തെറ്റുകൾ ആവർത്തിക്കാൻ കോർപറേഷൻ അധികൃതർക്കു വളമാകുന്നത്. അത് ഇനിയും സംഭവിച്ചുകൂടാ. തീപിടിത്തത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും അവരിൽനിന്നു പിഴത്തുക ഈടാക്കാനും നടപടിയുണ്ടാകണമെന്നാണു ജനങ്ങളുടെ ആവശ്യം. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ 2 മാസത്തിനുള്ളിൽ ക്രിമിനൽ നിയമപ്രകാരമുള്ള നടപടിയും വകുപ്പുതല നടപടിയും സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറിയോട് എൻജിടി നിർദേശിച്ചിട്ടുണ്ട്. മലിനീകരണം മൂലം ജനങ്ങൾക്കുണ്ടായ ആരോഗ്യപ്രശ്നങ്ങൾ ഉൾപ്പെടെ പരിഹരിക്കുന്നതിനായി പിഴത്തുക വിനിയോഗിക്കണമെന്നു വ്യക്തമാക്കിയിട്ടുമുണ്ട്.

കൊച്ചിക്കാരെയാകെ ദിവസങ്ങളോളം വിഷപ്പുക ശ്വസിപ്പിച്ച ദുരന്തത്തെ ‘കോർപറേഷൻ സംവിധാനങ്ങളുടെ പരാജയം’ എന്ന ലളിത വാചകം കൊണ്ടു നിസ്സാരവൽക്കരിക്കാൻ അധികാരികൾ ശ്രമിക്കരുത്. മലിനീകരണ നിയന്ത്രണ ബോർഡും ദേശീയ ഹരിത ട്രൈബ്യൂണലും ബ്രഹ്മപുരത്ത് ഉണ്ടാകാനിടയുള്ള വിപത്തുകളെക്കുറിച്ചു പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും നടപടിയെടുക്കാത്ത സർക്കാരിന്റെ വീഴ്ചയും കാണാതെ പോകരുത്. കൊച്ചിയിലെ മാലിന്യസംസ്കരണം അഴിമതിയിലും ഗുരുതര ക്രമക്കേടുകളിലും മുങ്ങിയതിന്റെ അനന്തരഫലം കൂടിയാണ് അവിടെനിന്നുയർന്ന വിഷപ്പുക. മേലിൽ ഇത് ആവർത്തിക്കാതിരിക്കാൻ കാരണക്കാർക്കെതിരെ ശക്തനടപടികൾ ഉണ്ടായേതീരൂ.

English Summary: Editorial about Brahmapuram plant; Penal action by Green Tribunal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com