ADVERTISEMENT

മാലിന്യസംസ്കരണ രംഗത്തു കേരളം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനും നാളെയിലേക്കുള്ള ശുചിത്വവഴികൾ കണ്ടെത്താനും മലയാള മനോരമ സംഘടിപ്പിച്ച ‘ലെറ്റ്സ് ക്ലീൻ കേരള’ സെമിനാർ ഉറപ്പിച്ചുപറഞ്ഞു: കേരളത്തിലെ മാലിന്യസംസ്കരണ പ്ലാന്റുകളുടെ നടത്തിപ്പിനു വിമാനത്താവളങ്ങളുടേതുപോലെ പ്രത്യേക കമ്പനി (സ്പെഷൽ പർപ്പസ് വെഹിക്കിൾ) ഉണ്ടാകണം. ആയിരക്കണക്കിനു ടൺ മാലിന്യം കത്തിയമർന്നു ദിവസങ്ങളോളം വിഷപ്പുക പരത്തിയ ബ്രഹ്മപുരം ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കൊച്ചിയിൽ ഇങ്ങനെയെ‍ാരു സെമിനാർ സംഘടിപ്പിച്ചത്. 

ചുരുക്കം ചില നല്ല മാതൃകകൾ വിസ്മരിക്കാനാകില്ലെങ്കിലും, മാലിന്യസംസ്കരണം കേരളത്തിൽ എത്ര അശാസ്ത്രീയമാണെന്നു നമുക്കറിയാം. സർവത്ര അവ്യക്തതയും നയമില്ലായ്മയും അഴിമതിയും നിരുത്തരവാദിത്തവുമെ‍ാക്കെ നിറഞ്ഞതാണു കേരളത്തിലെ മാലിന്യസംസ്കരണ രംഗം. ഇന്നത്തെ ദുഃസ്ഥിതി പൂർണമായി മാറണമെന്നും പ്രായോഗിക– സുസ്ഥിര സമീപനങ്ങൾ ഈ രംഗത്തു വേണമെന്നുമാണു സെമിനാറിന്റെ നിർദേശം. 

വിമാനത്താവളം നടത്തുന്നതുപോലെയാകണം മാലിന്യസംസ്കരണ പദ്ധതികളെന്നു പറയുമ്പോൾ ശുചിത്വം, കാര്യപ്രാപ്തി, കൃത്യത, സാങ്കേതികവിദ്യ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു. തദ്ദേശസ്ഥാപനങ്ങൾക്കു മറ്റു ഭാരിച്ച ചുമതലകൾക്കിടെ ഫലപ്രദമായി നടത്താനാകുന്നതല്ല മാലിന്യസംസ്കരണ പ്ലാന്റ്. സർക്കാരും പ്ലാന്റ്കൊണ്ടു ഗുണമുള്ള തദ്ദേശ സ്ഥാപനങ്ങളും ചേർന്നു കമ്പനിക്കായി മുതൽമുടക്കണം. നടത്തിപ്പുചുമതല അതതു മേഖലകളിലെ വിദഗ്ധർക്കു കൈമാറണമെന്നും നിർദേശമുയർന്നു. കേരളത്തിന്റെ സവിശേഷ കാലാവസ്ഥയിൽ വൻകിട മാലിന്യസംസ്കരണ പദ്ധതികൾ ആശാസ്യമല്ലെന്നു ചൂണ്ടിക്കാട്ടിയ സെമിനാർ, വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിൽ ഉറച്ചുനിൽക്കണമെന്നു സർക്കാരിനെ ഓർമിപ്പിച്ചു. മാലിന്യസംസ്കരണം ബിസിനസ് മോഡൽ ആക്കണമെന്നാണു സെമിനാറിന്റെ മറ്റൊരു നിർദേശം. 

റീ സൈക്കിൾഡ് പ്ലാസ്റ്റിക് ഉപയോഗിച്ചു നിർമിക്കുന്ന ഉൽപന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ അവയ്ക്കു നികുതിയിളവു നൽകേണ്ടതുണ്ട്. പ്ലാസ്റ്റിക് പൊടിച്ചെടുക്കുന്ന ചെറുതരികൾ റോഡ് നിർമാണത്തിന് ഉപയോഗിക്കാമെന്നു മരാമത്തു വകുപ്പ് റോഡ് മാന്വലിൽ ഭേദഗതി വരുത്തിയിട്ടും വേണ്ടത്ര പുരോഗതിയില്ല. പ്ലാസ്റ്റിക് തരി ഉപയോഗിക്കാൻ തയാറുള്ള കരാറുകാരേ ടെൻഡർ നടപടികളിൽ പങ്കെടുക്കാവൂ എന്ന മട്ടിൽ നിലപാട് കർശനമാക്കേണ്ടതുണ്ടെന്നു സെമിനാറിൽ നിർദേശിക്കപ്പെട്ടു. 

മാലിന്യം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിൽ ഒരു ജനതയുടെ സംസ്കാരം പ്രതിഫലിക്കുന്നുണ്ട്. ‘എന്റെ മാലിന്യം, എന്റെ ഉത്തരവാദിത്തം’ എന്ന് ഓരോരുത്തരും തീരുമാനിച്ചാൽതന്നെ മാലിന്യസംസ്കരണ രംഗം മെച്ചപ്പെടും. പല തദ്ദേശസ്ഥാപനങ്ങളിലും ഹരിതകർമസേനയോ മാലിന്യശേഖരണ തൊഴിലാളികളോ വീടുകളിലെത്തി മാലിന്യമെടുക്കുന്നുണ്ട്. എന്നാൽ, പലരും മാലിന്യം പൊതുസ്ഥലങ്ങളിലേക്കു വലിച്ചെറിയുന്ന ശീലം തുടരുന്നു. അതു മാറിയേ തീരൂ. ‘ക്ലീൻ, ഗ്രീൻ, ഹെൽത്തി ഡെസ്റ്റിനേഷൻ’ ആണു കേരളമെന്നു ടൂറിസ്റ്റുകളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. 

എത്ര ചെറിയ മാലിന്യസംസ്കരണ കേന്ദ്രമാണെങ്കിലും അതിനാവശ്യമായ അഗ്നിനിയന്ത്രണ സംവിധാനം ഉണ്ടായേതീരൂ. മാലിന്യസംസ്കരണ കേന്ദ്രങ്ങൾക്കു ചുറ്റും ‘ഗ്രീൻ െബൽറ്റ്’ വേണമെന്ന നിയമം പാലിക്കേണ്ടതുണ്ട്. മാലിന്യം സംസ്കരിക്കാനുള്ള ബാധ്യത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ളതുപോലെ മാലിന്യത്തിന്റെ അളവു കുറയ്ക്കാൻ ജനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. തദ്ദേശസ്ഥാപനങ്ങളും വ്യക്തികളും സ്ഥാപനങ്ങളും മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്താൽ കനത്ത പിഴ ചുമത്തുകതന്നെ വേണം. അതേസമയം, ചെറിയ കാര്യങ്ങളിൽപോലും സർക്കാർ തീരുമാനം കാത്ത് വർഷങ്ങളോളം കഴിയേണ്ട അവസ്ഥ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുണ്ട്. മാലിന്യസംസ്കരണംപോലെ അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങളിൽ ഇൗ അലംഭാവം ഒഴിവാക്കുകയോ തീരുമാനമെടുക്കാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങൾക്കു നൽകുകയോ വേണമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. 

മണ്ണിനെയും വായുവിനെയും ജലത്തെയും ഒരുപോലെ ബാധിക്കുന്നതാണു മാലിന്യവിപത്ത് എന്ന തിരിച്ചറിവ് ബ്രഹ്മപുരം ദുരന്തം നമുക്കു നൽകിക്കഴിഞ്ഞു. ബ്രഹ്മപുരത്തു തീയണഞ്ഞെങ്കിലും കത്താൻ പാകത്തിന് ഒട്ടേറെ പ്ലാസ്റ്റിക് മലകൾ കേരളത്തിലുണ്ടെന്നതു നമ്മുടെ സമാധാനം കെടുത്തുകതന്നെ വേണം. ബ്രഹ്മപുരം ഒരു പാഠമാണ്; സമ്പൂർണ ശുചിത്വ കേരളത്തിലേക്കുള്ള സഞ്ചാരപാത ഇവിടെ തുടങ്ങാം.

English Summary : Editorial about lessons from brahmapuram waste plant fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com