ADVERTISEMENT

മലയാളത്തിന് ഏറ്റവും പരിചിതവും പ്രിയങ്കരവുമായെ‍ാരു മുഖമാണു മായുന്നത്. ജീവിതത്തിലും സിനിമയിലും പ്രസാദാത്മകതയുടെ വിളംബരമായിരുന്നു ഇന്നസന്റ്. അതുകെ‍ാണ്ടുതന്നെ, ഓർമയിലേക്കു മറയുമ്പോൾ ചിരിയുടെ വലിയെ‍ാരു പൂന്തോട്ടം അദ്ദേഹം ബാക്കിയാക്കുന്നു; ജീവിതത്തിന്റെ ഏതു കഠിനപ്രതിസന്ധിയെയും ചിരികെ‍ാണ്ടു നേരിടാമെന്ന ലളിതവും സുന്ദരവുമായ ദർശനം കാത്തുവയ്ക്കുന്നു. 

ഇന്നസന്റിന്റെ സിനിമാജീവിതത്തിന് 50 വയസ്സായതു കഴിഞ്ഞ വർഷമാണ്. 1972 സെപ്റ്റംബർ ഒൻപതിനു റിലീസ് ചെയ്ത ‘നൃത്തശാല’യിൽ വേഷമിട്ടു തുടങ്ങിയ യാത്ര, ആദ്യകാലത്തെ ഇടവേളകളെ‍ാഴിച്ചാൽ ഏതാണ്ട് അവിരാമമായിരുന്നു. കാൻസറിന്റെ പിടിയിൽ അമർന്ന കാലത്തും സിനിമ വിളിച്ചപ്പോൾ ആ വിളി കേൾക്കാതിരുന്നിട്ടില്ല. സെറ്റിൽനിന്നു നേരെ ആശുപത്രിയിലേക്കു പോയി തിരിച്ചു സെറ്റിലെത്തിയിരുന്ന ആ ദിവസങ്ങൾക്ക് ആത്മവിശ്വാസത്തിന്റെയും അതിജീവനത്തിന്റെയും തെളിച്ചമുണ്ടാകുകയും ചെയ്തു. 

സിനിമയിൽ അവസരം കിട്ടാൻ അലഞ്ഞുനടന്ന കാലത്ത് അനുഭവിച്ച പ്രയാസങ്ങൾ കഠിനമായിരുന്നു. എന്നാൽ, ഏതു സങ്കടക്കടലിൽ മുങ്ങിച്ചാകാൻ പോകുമ്പോഴും ചിരിയുടെ ഒരു ചെറിയ മരപ്പലകയിൽ തനിക്കു പിടിത്തം കിട്ടാറുണ്ടെന്നും മരണത്തിനും ഭ്രാന്തിനും ഇടയിലെ കടലിടുക്കുകൾ കടന്നുപോന്നത് അങ്ങനെയാണെന്നും ഇന്നസന്റ് പിൽക്കാലത്ത് ഓർമിച്ചു. എഴുനൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരു കാലത്ത്, വർഷംതോറും 40 സിനിമകളിൽവരെ വേഷമിട്ടു. അവഗണനകളുടെ ആദ്യകാലത്തും വലിയ തിരക്കിന്റെ ആരവകാലത്തും നിലംതെ‍ാട്ടുതന്നെ നടന്നു; ഒരേ മനസ്സു സൂക്ഷിച്ചു. 

കാലം കവരാത്ത എത്രയോ വേഷങ്ങളിലൂടെ മലയാളിച്ചിരിയുടെ പര്യായം തന്നെയായി. റാംജിറാവ് സ്പീക്കിങ്, കാബൂളിവാല, കിലുക്കം, ദേവാസുരം, ഗോഡ്ഫാദർ തുടങ്ങി ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങൾ മലയാളികളുടെ ഓർമയിലെ നിത്യവാസക്കാരാണ്. ഹാസ്യ– സ്വഭാവ – വില്ലൻ കഥാപാത്രങ്ങളെല്ലാം ഇന്നസന്റിൽ ഭദ്രമായിരുന്നു. നാട്ടുമെ‍ാഴിവഴക്കത്തിന്റെ ആഘോഷമായിരുന്നു ആ ഇരിങ്ങാലക്കുടക്കാരന്റെ വേഷങ്ങൾ. 

ജീവിതം കവരാൻ കാൻസർ ശ്രമിച്ചപ്പോഴും അദ്ദേഹം ചിരിക്കാൻ മറന്നില്ല. ഭാര്യ ആലീസിനുകൂടി കാൻസർ വന്നപ്പോൾ ‘അവൾ എന്നോടുള്ള സ്നേഹം കൊണ്ടതു പ്രാർഥിച്ചുനേടി’ എന്നാണു പറഞ്ഞത്. ചിരിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതപ്പോരാട്ടത്തിലെ ആയുധവും കവചവും. ചിരിയുടെ മറയ്ക്കുള്ളിൽ സങ്കടങ്ങളും മുറിവുകളും ഭദ്രമായി സൂക്ഷിക്കാൻ അറിയാമായിരുന്നു. ‘എനിക്കു മഴയത്തു നടക്കാനാണിഷ്ടം, അതാവുമ്പോൾ കരയുന്നത് ആരും അറിയില്ലല്ലോ’ എന്നു പറഞ്ഞ ചാർലി ചാപ്ലിന്റെ ദുഃഖദർശനമാവണം ഇന്നസന്റിന്റേത്.   

‘ചിരിക്കു പിന്നിൽ’ എന്ന ആത്മകഥയിൽ അദ്ദേഹം എഴുതിയിട്ടുണ്ട്: ‘റാംജിറാവ് സ്പീക്കിങ്’ എന്ന സിനിമ റിലീസായ കാലം. ഞാനും ആലീസും മോനും കൂടി തൃശൂരിൽ സിനിമയ്ക്കു കയറി. സിനിമ കണ്ട് ആളുകൾ കസേരയിൽ കയറിനിന്നു ചിരിക്കുകയാണ്. ചിരിയുടെ തിരമാലകൾക്കു നടുവിൽ ഒരാൾ മാത്രം ചിരിക്കാതെ ഇരിക്കുന്നുണ്ടായിരുന്നു– ഞാൻ. ചിരിക്കുപകരം എന്റെ കണ്ണിൽനിന്നു കണ്ണീർ ഒഴുകിക്കൊണ്ടേയിരുന്നു. ഇതിനാണല്ലോ ദൈവമേ, ഞാൻ ഇത്രനാൾ അലഞ്ഞത്, പട്ടിണികിടന്നത്, പരിഹസിക്കപ്പെട്ടത്, ഉടുതുണിക്കു മറുതുണിയില്ലാതെ ഒളിച്ചിരുന്നത്, ഭ്രാന്തിന്റെ വക്കോളം ചെന്നെത്തിയത്...? അതോർത്തപ്പോൾ ആ ഇരുട്ടിൽ, ചിരികൾക്കു നടുവിലിരുന്നു ഞാൻ തേങ്ങിക്കരഞ്ഞുപോയി. ആഘോഷത്തിനിടയിൽ പക്ഷേ, ആരും അതു കണ്ടില്ല.’ 

ജീവിതത്തിലും പല വ്യത്യസ്ത വേഷങ്ങൾ കെട്ടിയിട്ടുണ്ട്. സൈക്കിളിൽ സഞ്ചരിച്ചു ചീപ്പ്, സോപ്പ്, കണ്ണാടി വിൽക്കുന്ന കച്ചവടക്കാരൻ, തീപ്പെട്ടിക്കമ്പനി നടത്തിപ്പുകാരൻ, കോടമ്പാക്കത്ത് അലഞ്ഞുനടന്ന ഭാഗ്യാന്വേഷി തുടങ്ങി പല റോളുകളും ഒരിക്കൽ ജീവിത അരങ്ങിൽ അഭിനയിച്ച ഇന്നസന്റ് തന്നെയാണ് നഗരസഭാ കൗൺസിലറും ചലച്ചിത്ര നിർമാതാവുമെ‍ാക്കെയായത്. അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ അമരക്കാരനായും എഴുത്തുകാരനായും പാർ‌ലമെന്റ് അംഗമായും നാം അദ്ദേഹത്തെ കണ്ടു. പക്ഷേ, പുറത്ത് ഏതു വേഷമാടുമ്പോഴും ആ അസ്സൽ ഇരിങ്ങാലക്കുടക്കാരനെ ഇന്നസന്റ് ഉള്ളിൽ കാത്തുവച്ചു. അതുകെ‍ാണ്ടാണ് ഏതു പ്രതിസന്ധിയിലും കീഴടങ്ങാൻ കൂട്ടാക്കാതിരുന്നത്; കാൻസർ വാർഡിലും ചിരിക്കാനും ചിരിപ്പിക്കാനുമായത്.   

ഒരുകാലത്തും മലയാളം മറക്കാത്ത ആ ചിരിയുടെ ഉടമയ്ക്ക്, പ്രിയപ്പെട്ട ഇന്നസന്റിന് മലയാള മനോരമയുടെ ആദരാഞ്ജലി.

English Summary: Tribute to Innocent

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com