കലാസാഹിത്യ നായാട്ടുവെടി
Mail This Article
നായാട്ടും വെടിക്കലയും ഫ്യൂഡൽ ആൺപോരിമയുടെ അടയാളങ്ങളായിരുന്നു. കാടടച്ചു വെടിവയ്ക്കുക എന്ന ഹരിതസുന്ദര പ്രയോഗമുണ്ടായത് നായാട്ടുവെടി അനുഷ്ഠാനമായി കൊണ്ടുനടന്നവരെ ചുറ്റിപ്പറ്റിയാവണം. കാടടച്ചുവെടിയിൽ വെടിയൊച്ചയുണ്ടെങ്കിലും സംഗതി വെജിറ്റേറിയനാണ്; തത്വത്തിൽ അഹിംസയുള്ള നായാട്ട്.
വെടിക്കാരൻ തോക്കുമായി കാടിനെ സമീപിക്കുന്നു. സപ്പോസ് ദിസീസ് എ ടെസ്റ്റ്ട്യൂബ് എന്ന ശാസ്ത്ര സിദ്ധാന്തപ്രകാരം കാടിനുള്ളിൽ വന്യമൃഗങ്ങളുണ്ടെന്നു സങ്കൽപിക്കുന്നു. എന്നിട്ട്, ഉന്നമെടുത്ത് കാട്ടിലേക്കു തുരുതുരാ ആചാരവെടിയുതിർക്കുന്നു. കാടടച്ചുവെടിയെന്ന കല അന്യംനിന്നു പോകാതിരിക്കാനായി ത്യാഗിയായ ഏതെങ്കിലുമൊരു മൃഗം സ്വമേധയാ വെടി ഏറ്റുവാങ്ങിയിട്ടുണ്ടാവാം; അല്ലെങ്കിൽ സകലമാന വെടിയും പാഴായിപ്പോയിട്ടുണ്ടാവാം.
കാടടച്ചുവെടി ഭാഷയിലേക്കു കയറിവന്നത് തീർച്ചയായും തോക്കും വെടിയും കണ്ടുപിടിച്ചതിനു ശേഷമാണ്; നമുക്കു സ്വന്തമായി വനംവകുപ്പും മന്ത്രിയുമുണ്ടാകുന്നതിനു മുൻപ്. കാടടച്ചുവെടി ഭാഷയിലും നിഘണ്ടുവിലുമൊക്കെയുണ്ടെങ്കിലും കാട്ടിൽ കയറിയോ അടുത്തുചെന്നോ വെടിവയ്ക്കാൻ ഇപ്പോൾ അനുവാദമില്ല. കാടിനെ മനസ്സിൽ ധ്യാനിച്ച് ചില ഉപായ വെടികളാകാമെങ്കിലും അതിനുള്ള കുത്തകാവകാശം വനംമന്ത്രിക്കാണുള്ളത്. നമ്മുടെ കലാസാഹിത്യ പ്രവർത്തനങ്ങൾ വേണ്ടത്ര കാടുപിടിക്കുന്നില്ല എന്നു വനംമന്ത്രി എ.കെ. ശശീന്ദ്രൻ ഈയിടെ കണ്ടെത്തി.
അതുകൊണ്ട്, കലയിലും സാഹിത്യത്തിലും പെരുമാറുന്നവരെ വനത്തിലേക്കു കൊണ്ടുപോകാൻ മന്ത്രി പദ്ധതി തയാറാക്കുകയാണ്. സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, ചലച്ചിത്ര അക്കാദമി, നാടൻ കലാ അക്കാദമി എന്നിവയുമായി സഹകരിച്ചാണ് വനവാസം പ്ലാൻ ചെയ്യുന്നത്. ധൈര്യശാലികളായ കലാസാഹിത്യകാരർക്കു വന്യമൃഗങ്ങളെ പേടിയുണ്ടാവില്ല എന്നു മന്ത്രിക്കറിയാം.
ഏതെങ്കിലുമൊരു ആന ഇവരിലാരെയെങ്കിലും ഓടിച്ചാൽ അരിക്കൊമ്പൻ, ചക്കരക്കൊമ്പൻ സ്റ്റൈലിൽ കലക്കൊമ്പൻ, സാഹിത്യക്കൊമ്പൻ എന്നൊക്കെ പേരിടാം എന്നൊരു സൗകര്യം അപ്പുക്കുട്ടൻ കാണുന്നു. കലയും സാഹിത്യവും കാടുകയറുമ്പോൾ സാംസ്കാരിക മന്ത്രിയോടുകൂടി ആലോചിച്ചേ പദ്ധതി നടപ്പാക്കൂ എന്നു വനംമന്ത്രി പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പൊതുവായി സാംസ്കാരികക്കൊമ്പൻ എന്നു പറയാനും സാധ്യത തെളിയുന്നു.
കർഷകരുടെ പേടിസ്വപ്നമായ കാട്ടുപന്നികളെ നേരിടുന്ന ജോലികൂടി കാടുകയറുന്ന കലാസാഹിത്യ പ്രതിഭകളെ ഏൽപിച്ചാൽ ഒരു വെടിക്കു രണ്ടുപക്ഷിയായി. പക്ഷി എന്നതു പന്നി എന്നു തിരുത്തിയാലും കേസില്ല. സർഗപ്രതിഭകളുടെ വെടിയാസ്വദിക്കാൻ ഏതു പന്നിക്കാണ് കൊതിയില്ലാത്തത്!
English Summary: Tharanganagalil Column